ലെക്സോണമി: നിഘണ്ടു പ്രസിദ്ധീകരണ സ്വതന്ത്ര സോഫ്റ്റ്‌‌വെയർ

ശബ്ദതാരാവലിയുടെ ലെക്സോണമി സെർവറിലേയ്ക്ക് പോവുക →
നിഘണ്ടു നിൎമ്മാണം എന്നതു് ഏറെ ക്ലേശം പിടിച്ച ഒരു യത്നമാണെന്ന് അതിന്നു പരിശ്രമിക്കുകയോ, ചുരുങ്ങിയതു് ശബ്ദതാരാവലിയുടെ ആമുഖത്തിൽ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള എഴുതിയതു വായിക്കുകയോ ചെയ്താൽ ഗ്രഹിക്കാവുന്നതാണു്. ഏക/വിവിധഭാഷാ നിഘണ്ടുക്കളുടെ നിൎമ്മാണവും പിശകു പരിശോധനകളും തെറ്റുതിരുത്തലും വൎഷങ്ങളെടുക്കുന്ന ഉദ്യമമാണ്. അതിന്റെ പ്രയത്നം ഒരുവേള ലഘൂകരിക്കാനും, ഇതര രൂപങ്ങളിലേക്ക് മനുഷ്യപ്രയത്നം കൂടാതെ മാറ്റുവാനും വേണ്ടി എക്സ്എംഎൽ (xml)എന്ന വിവരശേഖര മാദ്ധ്യമമാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ലോകത്തെ മികച്ച സൎവ്വകലാശാലകളും ഭാഷാശാസ്ത്രജ്ഞരും പിന്തുടരുന്നത്. റ്റെക്സ്റ്റ് എന്‍കോഡിങ് ഇനിഷ്യേറ്റിവ് (tei)പദകോശങ്ങള്‍ നിൎമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ബൃഹത്തായ ഒരു മാനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ വിവിധ കംപ്യൂട്ടർ നിഘണ്ടു രൂപങ്ങളും നിലവിലുണ്ട്, അവയിൽ മിക്ക തുറന്ന (open) നിഘണ്ടുരൂപങ്ങളെയും യോജിപ്പിക്കാവുന്ന മറ്റൊരു എക്സ്എംഎൽ മാനകമാണ് xdxf(xmlDictionary Exchange Format).

സായാഹ്ന പ്രസിദ്ധീകരിക്കുന്ന “ശബ്ദതാരാവലി”യുടെ ഉള്ളടക്കം മുഴുവനായും തുടർ പ്രക്രിയകള്‍ക്കും ഭാവിയിലേക്കു ശരിയാം വിധം സൂക്ഷിക്കുന്നതിനുമായി xdxf xmlരൂപത്തിലാണു് സംരക്ഷിച്ചിരിക്കുന്നത്. പദകോശം എക്സ്എംഎൽ രൂപത്തില്‍ നേരിട്ട് തിരുത്തുന്നതോ നിവേശിക്കുന്നതോ ബുദ്ധിമുട്ടേറിയ ജോലിയാണ്, കാരണം അതിന്റെ രൂപഘടനയെപ്പറ്റി (dtd: Document Type Definition) നല്ല ഗ്രാഹ്യം ആവശ്യമാണ്. ഭാഷാശാസ്ത്രജ്ഞർക്കും സാങ്കേതികപ്രവർത്തകർക്കും ഗവേഷകർക്കും മറ്റുള്ളവർക്കും ഈ എക്സ്എംഎൽ വിവരശേഖരം ലളിതമായി നിവേശിപ്പിക്കുവാനും തിരുത്തുവാനും, അതിൽ നിന്നു തന്നെ പ്രസിദ്ധീകരിക്കുവാനും, പദ നിര്‍വ്വചനങ്ങൾ കാണുവാനും തിരയുവാനും എല്ലാമുള്ള സൗകര്യം നല്കുന്ന ഒരു സ്വന്തന്ത്ര സോഫ്റ്റ്‌‌വെയർ ആണ് ലെക്സോണമി. “ശബ്ദതാരാവലി”യുടെ ഉള്ളടക്കം ഒരു ലെക്സോണമി സെര്‍വ്വറിൽ ലഭ്യമാക്കിയിട്ടുണ്ട്.

ലെക്സോണമി സോഫ്റ്റ്‌‌വെയറിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ലഭ്യമാണ്:

ലെക്സോണമിയിൽ ഒരു പുതിയ നിഘണ്ടു നിൎമ്മിക്കാൻ തുടങ്ങുമ്പോൾ മുന്‍കൂർ ലഭ്യമായ ഒരു (ഏക/വിവിധ ഭാഷാ) മാതൃക ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപയോക്താവിനു സൗകര്യപ്പെട്ട മറ്റൊരു എക്സ്എംഎൽ രൂപഘടന ഉപയോഗിക്കുകയോ ചെയ്യാം. രണ്ടാമത്തെ വഴിയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ കൃത്യമായ dtdനിൎദ്ദേശിക്കാനുള്ള സൗകര്യമുണ്ട്. ഇതിന്റെ കൂടെ, നിഘണ്ടു പ്രസിദ്ധീകരിച്ച് html ആയി പ്രദൎശിപ്പിക്കാനുള്ള സൗകര്യത്തിനു് ഒരു xsl(eXstensible Stylesheet Language), css(Cascading Style Sheet) എന്നിവ നിൎദ്ദേശിക്കുവാനും സാധിക്കും. മറ്റു മാൎഗ്ഗങ്ങളുപയോഗിച്ചു നിൎമ്മിച്ച പദകോശം — മുന്‍നിശ്ചയിച്ച dtdപ്രകാരമുള്ളത് — ലെക്സോണമിയിലേക്ക് ഒറ്റയടിക്ക് ഇറക്കുമതി ചെയ്യാനും; ലെക്സോണമിയിൽ നിൎമ്മിക്കുകയോ തിരുത്തുകയോ ചെയ്ത പദകോശം എക്സ്എംഎൽ രൂപത്തിൽ പുറത്തെടുക്കുവാനും സാധിക്കും.

ലെക്സോണമി ഒന്നാന്തരം ഒരു എക്സ്എംഎൽ എഡിറ്റർ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. താരതമ്യേന ലളിതമായി, തെറ്റുകൂടാതെ എക്സ്എംഎൽ രൂപഘടന പാലിച്ചു കൊണ്ട് ഒരു പദം ചേൎക്കുവാനും തിരുത്തുവാനും ഘടകങ്ങൾ (ഉദാഹരണങ്ങൾ, നിൎവ്വചനങ്ങൾ, …) ചേൎക്കുവാനും സാധിക്കും എന്നുള്ളത് ഈ സ്വതന്ത്ര സോഫ്റ്റ്‌‌വെയറിന്റെ ഒരു മേന്മയാണ്.

ലെക്സോണമിയിൽ സൂക്ഷിച്ച നിഘണ്ടൂ ഒരു വെബ്സെര്‍വ്വർ വഴി പരസ്യമായി ലഭ്യമാക്കുവാനും, പ്രദൎശിപ്പിക്കുവാനും, പദങ്ങളുടെ അൎത്ഥ ം തിരയുവാനും സാധിക്കും.

കൂടുതൽ വിവരങ്ങള്‍ക്കും ഗവേഷണപ്രബന്ധത്തിനും അവലംബങ്ങള്‍ കാണുക.

അവലംബങ്ങൾ