ഋ
ഋ
- ഒരു സ്വരാക്ഷരം
- (ഒരുമൂർദ്ധന്യം) ഇരു, ഇരി (തത്ഭവം). വൃത്തി = വിരുത്തി. ഗൃഹം = കിരിയം. [ഋ - ഌ. എന്ന രണ്ടു സ്വരം ദ്രാവിഡത്തിലില്ലാത്ത സംസ്കൃതങ്ങളാകുന്നു. ദ്രാവിഡത്തിലില്ലാത്ത സ്വരമാകയാൽ ശുദ്ധമലയാളപദങ്ങളിൽ ഋകാരം കാണാൻ ഇടയില്ല. എന്നാൽ സംസ്കൃതപദങ്ങളിലേ ആവശ്യത്തിനു വേണ്ടി ഋകാരം സ്വീകരിച്ചതിന്റെ ശേഷം അതിനെ ചില മലയാളപദത്തിലും ഉപയോഗിച്ചു കാണുന്നുണ്ടു്. തൃപ്പാദം, തൃക്കേട്ട, അതൃത്തി, മുതൃന്നു. ഇതിൽ തൃപ്പാദം ഇത്യാദികളിലേ ‘തൃ’മാത്രം സമ്മതിക്കാം. അതൃത്തി, മുതൃന്നു ഇത്യാദികളെ ‘അതിർത്തി, മുതിർന്നു’ ഇത്യാദിയായിത്തന്നെ എഴുതേണ്ടതാണു്] (കേരള പാണിനീയം.)
ഋകാരം
- ഋ എന്ന അക്ഷരം
ഋക്ക്
- വേദങ്ങളിൽ ഒന്നു്
- ദേവന്മാർ ഇതുകൊണ്ടു സ്തുതിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
- അഗ്നിയെ ജ്വലിപ്പിക്കാൻ ചൊല്ലുന്ന ഋക്ക്
ഋക്ണ്
- വിശേഷണം:
- മുറിവുപെട്ട
- ഉപദ്രവപ്പെട്ട
ഋൿഥം
- ധനം
- പ്രസിദ്ധിയെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
- പൊന്നു്
ഋൿഥാദാനൻ
- അവകാശി
ഋക്ഷഗന്ധാ
- മറിക്കുന്നി
- ഋക്ഷത്തിന്റെ (കരടിക്കുരങ്ങിന്റെ) ഗന്ധത്തിനു തുല്യമായ ഗന്ധമുള്ളതു് എന്നർത്ഥം. പൊത്തിച്ചീര എന്നും അഭിപ്രായമുണ്ടു്. ഋശ്യഗന്ധം, ഋഷ്യഗന്ധാ ഇങ്ങിനെ പാഠാന്തരം.
ഋക്ഷഗന്ധികാ
- വെളുത്ത മുത(തു)ക്കു് (പാൽമുത(തു)ക്കു്)
- കരടിയെപ്പോലെ ക്രൂരങ്ങളായ പിത്താദിരോഗങ്ങളെ ശമിപ്പിക്കുന്നതു് എന്നർത്ഥം.
ഋക്ഷചക്രം
- നക്ഷത്രങ്ങൾ വൃത്താകാരത്തിൽ നില്ക്കുക
ഋക്ഷൻ
- ചന്ദ്രവംശത്തിൽ നൃപൻ എന്ന രാജാവിനു വാമാദേവിയിൽ ഉണ്ടായ പുത്രൻ
ഋക്ഷനാഥൻ
- ചന്ദ്രൻ
- ഈശ്വരൻ
- ജാംബവാൻ
ഋക്ഷനേമി
- വിഷ്ണു
ഋക്ഷാ
- വടക്കു്
ഋക്ഷം
- നക്ഷത്രം
- സഞ്ചരിക്കുന്നതു്, ഇരുട്ടിനെ കളയുന്നതു്.
- പലകപ്പയ്യാന, ഗമനശീലം എന്നർത്ഥം
- കരടി
- ഹിംസിക്കുന്നതു് എന്നർത്ഥം.
- ഒരു മരം
ഋക്ഷരൻ
- ഋത്വിക്കു്
ഋക്ഷരാജൻ
- ചന്ദ്രൻ
- ജാംബവാൻ
ഋക്ഷരാ, ഋക്ഷരം
- ഒഴുക്കു്
ഋക്ഷി
- പെൺകരടി
ഋക്ഷികാ
- ദേവി
ഋക്ഷേശൻ
- ചന്ദ്രൻ
- കർപ്പൂരം
ഋഗ്വേദം
- ഒന്നാമത്തെ വേദം
- ഇതു് പ്രധാനവേദമാണു്. അഷ്ടകങ്ങൾ 8. ഓരോന്നിൽ 8 അധ്യായം വീതം. സായനാചാര്യൻ മുതലായവർ ഇതിനു വിശേഷമായ ഓരോ വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ഋഗ്വേദം ലോകത്തിൽ അത്യധികം പഴക്കമുള്ളതാണു്. ഋഗ്വേദം അഗ്നിയിൽ നിന്നു ഉണ്ടായി എന്നു പറയപ്പെടുന്നു.
ഋഗ്വേദസംഹിത
- ഒരു ഗ്രന്ഥം
- സിന്ധുനദി കടന്നു പഞ്ചനദത്തെ ആര്യന്മാർ അധിവസിച്ചതായ വൈദികകാലത്തേ കൃതികളിൽ ഒന്നാണു് ‘ഋഗ്വേദസംഹിത’. ഇതു വൈദികകാലത്തുണ്ടായിരുന്ന പരിഷ്കാരത്തെ തെളിയിക്കുന്നു.
ഋഗ്വേദി
- ഋഗ്വേദം പഠിച്ചവൻ
ഋചീകൻ
- ഒരു ഋഷി
- ജമദഗ്നിയുടെ അച്ഛൻ, വിശ്വാമിത്രന്റെ സഹോദരിയായ സത്യവതിയുടെ ഭർത്താവു്, ഊർവന്റെ പുത്രൻ. സത്യവതി എന്ന ഒരു ക്ഷത്രിയയുവതിയെ ഋചീകൻ എന്ന ബ്രാഹ്മണൻ കല്യാണം കഴിച്ചു. ബ്രാഹ്മണഗുണങ്ങളോടുകൂടിയ പുത്രനെ ഉല്പാദനം ചെയ്യുന്നതായ ഒരു ആഹാരവിശേഷം തന്റെ ഭാര്യക്കും, ക്ഷാത്രഗുണങ്ങളോടുകൂടിയ പുത്രനെ ജനിപ്പിക്കുന്നതായ ഭോജനം ഒരു ക്ഷത്രിയന്റെ പത്നിയായ തന്റെ ശ്വശ്രുവിനും ഋചീകൻ പാകം ചെയ്തു കൊടുത്തു. പക്ഷെ ഭക്ഷണദ്രവ്യങ്ങൾ ഇവരറിയാതെ മാറിയതിനാൽ ക്ഷത്രിയഭാര്യയ്ക്കു് ഗർഭം ധരിച്ചു ബ്രാഹ്മണശീലത്തോടുകൂടിയ വിശ്വാമിത്രനേയും സത്യവതി ക്ഷാത്രവീര്യത്തോടുകൂടിയ ജമദഗ്നിയേയും പ്രസവിച്ചു. ഈ ജമദഗ്നിയുടെ പുത്രനായ പരശുരാമൻ ബ്രാഹ്മണനായിരുന്നുവെങ്കിലും വിശ്രുതനും വിനാശകാരിയുമായ ഒരു യോദ്ധാവായിത്തീർന്നു. ഈവക കഥകൾ വൈദികഋഷികളുടെ ഇടയിൽ ജാതിഭേദം ഉണ്ടായിരുന്നു എന്നതിനെ സാധുവാക്കാൻ വേണ്ടി നവീനകവികൾ ഉണ്ടാക്കീട്ടുള്ളവയാകുന്നു. “പ്രാചീനാര്യാവർത്തം”.
ഋചീകം
- അട വറക്കുന്ന കലം
- ഒരു രാജ്യം
ഋച്ഛകാ
- ആഗ്രഹം
ഋച്ഛരാ
- വിലങ്ങു്
- വ്യഭിചാരിണി
- വേദത്തിൽ പ്രയോഗം.
ഋജീക
- വിശേഷണം:
- നാനാവർണ്ണമായ
ഋജീകൻ
- ഇന്ദ്രൻ
ഋജീകം
- പുക
- ഒരു പർവതം
ഋജീഷം, ഋചീഷം
- അടവറക്കുന്ന കലം (പാത്രം)
- അപൂപാദിയെ സമ്പാദിക്കുന്നതു് എന്നർത്ഥം.
- നരകം
ഋജു
- വിശേഷണം:
- ചൊവ്വുളള, വളവോടു കൂടാത്ത
- ആദരേണ സമ്പാദിക്കപ്പെടുന്ന എന്നർത്ഥം.
- സത്യമുളള
ഋജുകണ്ടകം
- ഇലന്ത
ഋജുഗതി
- നേരെയുളള പോക്കു്
ഋജുത
- ചൊവ്വു്
- സത്യം
- ഋജുത × വക്രത.
ഋജുപ്രായം
- ചൊവ്വുളളതു്
ഋജുലംബി
- തോൾമാല
ഋണഗ്രഹം
- കടം വാങ്ങുക
ഋണത്രയം
- ഋഷികൾക്കുളള കടം
- സുരന്മാർക്കുളള കടം
- പിതൃക്കൾക്കുളള കടം ഇവ 3-ം. ഒന്നാമത്തെകടം ബ്രഹ്മചര്യം കൊണ്ടും
- രണ്ടാമത്തേതു യാഗം കൊണ്ടും
- മൂന്നാമത്തേതു പുത്രത്വം കൊണ്ടും തീർക്കണം
ഋണദാതാവു്
- കടം കൊടുക്കുന്നവൻ
ഋണപ്പെടുക
- കടം പെടുക
ഋണപ്പെടുത്തുക
- കടപ്പെടുത്തുക
ഋണം
- കടം
- കാലാന്തരത്തിൽ മടങ്ങിവരുന്നതു്.
- കോട്ട
- ജലം
- ഭൂമി
- പര്യായപദങ്ങൾ:
- പര്യുദഞ്ചനം
- ഉദ്ധാരം.
ഋണമുക്തി, ഋണമോചനം
- കടം വീട്ടുക
ഋണവത്തു്
- വിശേഷണം:
- കടംപെട്ട
- പു:വാൻ. സ്ത്രീ:വതി
ഋണാനുബന്ധം
- കടംകൊണ്ടുളള സംബന്ധം
ഋണാദാനം
- കടംകൊടുത്തതു തിരിയെ വാങ്ങുക
ഋണികൻ
- കടം കൊണ്ടവൻ
ഋണീയാ
- കൃപ
ഋത
- വിശേഷണം:
- പോയ
- പ്രകാശമുളള
- വന്ദിക്കപ്പെട്ട
ഋതം
- സത്യം
- ജനങ്ങൾ പ്രശംസിക്ക നിമിത്തം ലോകത്തിൽ പ്രസിദ്ധമായിത്തീരുന്നതു് എന്നർത്ഥം.
- ഇരുമണി പെറുക്കുക
- ഉഞ്ഛം എന്നതു നോക്കുക.
- വെളളം
- ഇരുവേലി
ഋതംഭരൻ
- ഈശ്വരൻ
- സത്യം ഭരിക്കുന്നവൻ
ഋതി
- ഭാഗ്യം
- ഗമനം
- വഴി
- സേന
- ശകാരം, കലശൽ
- ഓർമ്മ
- ഭാഗ്യക്കേടു്
- രക്ഷ
ഋതീയാ
- ലജ്ജ
- രോഷം
- കൃപ
- ഭയം
ഋതു
- മാഘാദികളായ മാസങ്ങളിൽ ഈരണ്ടു കൂടിയാൽ വരുന്ന കാലം, ഗമിക്കുന്നതു്
- ദ്വൗദ്വൗമാഘാദിമാസൗഋതുരിത്യുച്യതെ = മാഘം മുതലായ ഈ രണ്ടു മാസങ്ങൾ കൂടിയ കാലം ‘ഋതു’ എന്നു പറയപ്പെടുന്നു.
- മകം നക്ഷത്രത്തോടുകൂടിയ വെളുത്തവാവു യാതൊരു മാസത്തിങ്കൽ വരുന്നുവോ അതിനെ മാഘമാസം എന്നറിക. മേൽവിവരിച്ചപ്രകാരമുണ്ടാകുന്ന ഋതുക്കൾക്കു ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്തു്, ഹേമന്തം ഇങ്ങിനെ പേർ പറയപ്പെടുന്നു.
- സ്ത്രീരജസ്സ്, തീണ്ടായിരി
- ഗമിക്കുന്നതു് എന്നർത്ഥം.
- ആറു് എന്ന സംഖ്യ
- പ്രകാശം
- സന്തോഷം
- മാസം
- വിഷ്ണു
- ഒരുമാതിരി അഞ്ജനം, മഷി
ഋതുകാലം
- മേടമാസം മുതൽ ഈരണ്ടുമാസം കൂടുന്ന സമയം
- തീണ്ടായിരിക്കുന്ന (തിരളുന്ന) സമയം
ഋതുപർണ്ണൻ
- ഒരു അയോദ്ധ്യാരാജാവു്
- സർവകാമന്റെ പുത്രൻ
- ചതുരംഗക്കളിയിൽ സമർത്ഥനാണു്. [നളൻ വേഷംമാറി ഇദ്ദേഹത്തിന്റെ പുരിയിൽ (കോസലത്തിൽ) ആണു താമസിച്ചതു്. മറ്റൊക്കെ നളചരിതം കൊണ്ടു ഗ്രഹിക്കാം. ഋതുപർണ്ണരാജശബ്ദത്തിനു ഋതുക്കളുടെ ജാതിയിൽ പ്രധാനിയായ വസന്തമെന്നും അർത്ഥമുണ്ടു്. ഭാഷയിലൊക്കെയും ഋതുവർണ്ണൻ എന്നുതന്നെയാണു കാണുന്നതു്. ഭാഗവതത്തിൽ ‘ദ്വിവിദൻ’ വിവിദനും, ‘ഊഷ’ ഉഷയും ആയിപ്പോയതുപോലെ ഋതുപർണ്ണൻ ഋതുവർണ്ണനാകുന്നതിനു വിരോധം കാണുന്നില്ല.
ഋതുപ്രാപ്ത
- വിശേഷണം:
- ഫലംവരുന്ന
- ഫലമുള്ള
ഋതുമതി
- തീണ്ടായിരിക്കുന്നവൾ
- ഋതുവുള്ളവൾ എന്നർത്ഥം.
- പര്യായപദങ്ങൾ:
- രജസ്വല
- സ്ത്രീധർമ്മിണി
- അവി
- ആത്രേയി
- മലിനി
- പുഷ്പവതി
- ഉദക്യ.
ഋതുവേല
- മേടം മുതൽ ഈരണ്ടുമാസം കൂടുന്ന സമയം
- തീണ്ടായിരിക്കുന്ന സമയം
ഋതുസമയം
- ഋതുകാലം
ഋതുസംഹാരം
- കാളിദാസന്റെ ഒരു കൃതി
- ഋതുക്കളെ സംബന്ധിച്ചുള്ളതാണു്.
ഋതേ
- കൂടാതെ
- ഒഴികെ
ഋത്വിക്കു്
- യാഗത്തിൽ ക്രിയചെയ്യുന്ന ആചാര്യൻ
- ഋത്വിക്കുകൾ പതിനാറു്. 1. അഗ്നീദ്ധ്രൻ. 2. ബ്രാഹ്മണാർച്ഛംസി. 3. മൈത്രാവരുണൻ. 4. ഹോതാവു്. 5. പോതാവു്. 6. പ്രശാസ്താവു്. 7. അദ്ധ്വര്യു. 8. ഗ്രാവസ്തുത്തു്. 9. ബ്രഹ്മൻ. 1൦. പ്രതിഹർത്താവു്. 11. സുബ്രഹ്മണ്യൻ. 12. ഉൽഗാതാവു്. 13. പ്രതിപ്രസ്ഥാതാവു്. 14. നേഷ്ടാവു്. 15. നേതാവു്. 16. അച്ഛാവാകൻ.
‘അഗ്നീധ്രോബ്രാഹ്മണാർച്ഛംസി
മൈത്രാവരുണ ഏവ ച
ഹോതൃപോതൃപ്രശാസ്താരോ
ദ്ധ്വര്യുഗ്രാവസ്തുതൗതഥാ
ബ്രഹ്മാഥപ്രതിഹർത്താസു
ബ്രഹ്മണ്യോദ്ഗാതൃനാമകൗ
പ്രതിപ്രസ്ഥാതൃനേഷ്ടാരാ
വൃത്വിജോനേതൃസംജ്ഞകഃ
അർച്ഛാവാകശ്ചയേനിത്യം
യജമാനഹിതൈഷിണഃ’
മൈത്രാവരുണ ഏവ ച
ഹോതൃപോതൃപ്രശാസ്താരോ
ദ്ധ്വര്യുഗ്രാവസ്തുതൗതഥാ
ബ്രഹ്മാഥപ്രതിഹർത്താസു
ബ്രഹ്മണ്യോദ്ഗാതൃനാമകൗ
പ്രതിപ്രസ്ഥാതൃനേഷ്ടാരാ
വൃത്വിജോനേതൃസംജ്ഞകഃ
അർച്ഛാവാകശ്ചയേനിത്യം
യജമാനഹിതൈഷിണഃ’
ഋദ്ധ
- വിശേഷണം:
- വർദ്ധിച്ച
ഋദ്ധം
- പൊലി
- മെതിച്ചു വയ്ക്കോൽനീക്കി ചേറുവാൻ തയാറാക്കിവെച്ച നെല്ലു്
ഋദ്ധി
- ഇരുത്തി
- ഇരുത്തി എന്ന ശബ്ദം നോക്കുക.
- വർദ്ധന
- പാർവതി
- സമ്പത്തു്
- കുബേരന്റെ ഭാര്യ
- ലക്ഷ്മി
- ചെറുവിടക്കോൽ
ഋഭു
- നാലുകുമാരന്മാരിൽ ഒരുവൻ
- നിദാഘനു (പുലസ്ത്യന്റെ പുത്രനു) ജ്ഞാനോപദേശംചെയ്തു. ഈ ഋഭുവിനു ബ്രഹ്മാവു വിഷ്ണുപുരാണം ഉപദേശിച്ചിട്ടുണ്ടു്.
- ചിത്രമെഴുത്തുകാരൻ
- കൊല്ലൻ
- രഥകാരൻ
ഋഭുക്കൾ
- ദേവന്മാർ
- ഭൂ = ഭവിക്ക. ആദിയിൽ ഭവിച്ചവർ, സത്യത്തോടുപിറന്നവർ എന്നർത്ഥം.
- സുധന്വാന്റെ ഋഭു, വിഭവൻ, വാജൻ എന്ന മൂന്നു പുത്രന്മാർ
- സുധന്വാൻ അംഗിരസ്സിന്റെ വംശജനാണു്. നന്മചെയ്ക ഹേതുവായിട്ടു അമാനുഷശക്തികളും ദിവ്യത്വവും ലഭിച്ചു. ഇവരത്രേ ഇന്ദ്രന്റെ കുതിരകളെയും അശ്വനികളുടെ രഥത്തെയും ബൃഹസ്പതിയുടെ വിശേഷപ്പെട്ട പശുവിനേയും നിർമ്മിച്ചതു്. ഇവർ വൃദ്ധരായ മാതാപിതാക്കന്മാർക്കു യൗവ്വനം നല്കി. ത്വ ഷ്ടിയുടെ ഒരു പാത്രത്തിൽനിന്നു് നാലുപാത്രങ്ങൾ ഉണ്ടാക്കി.
ഋഭു
- വിശേഷണം:
- ബുദ്ധിശക്തിയുള്ള
- സാമർത്ഥ്യമുള്ള
ഋഭുക്ഷൻ
- ഇന്ദ്രൻ
ഋഭുക്ഷം
- ശിവന്റെ വജ്രം
ഋഭുക്ഷാവു്
- ദേവേന്ദ്രൻ
- ദേവകളെ ചൊല്ലിനടത്തുന്നവൻ എന്നർത്ഥം. ദേവകൾ സമീപത്തിലുള്ളവൻ എന്നും പറയാം. ഋഭുക്ഷി എന്നുമാകാം.
ഋല്ലകൻ
- വാദ്യക്കാരൻ
ഋല്ലരി
- ഒരു വാദ്യം
ഋശ്യകേതനൻ, ഋശ്യകേതു
- അനിരുദ്ധൻ, പ്രദ്യുമ്നന്റെ പുത്രൻ
- കാമദേവൻ
ഋശ്യഗന്ധം
- ആനക്കുറുന്തോട്ടി
ഋശ്യഗന്ധാ
- മറിക്കുന്നി
- ഋക്ഷഗന്ധ ശബ്ദം നോക്കുക.
ഋശ്യദം
- മരമാനിനെ പിടിക്കുന്ന കുഴി
ഋശ്യ(ഷ്യ)പ്രോക്താ
- നായ്ക്കുരണ
- ഋഷികളാൽ പറയപ്പെടാത്തതു്, ഇതിന്റെ പൊടി പറ്റി ചൊറിപൊറുപ്പാൻ വയ്യാതെ ഉഴലുന്ന മൃഗങ്ങളെക്കാണുമ്പോൾ ആ ദിക്കിൽ നായ്ക്കുരണ ഉണ്ടെന്നു നമുക്കറിയാവുന്നതുകൊണ്ടു ഈ പേരുണ്ടായി.
- ശതാവരി
- വ്യാൎഘ്രവിരോധിയാകകൊണ്ടു മൃഗങ്ങൾ ആശ്രയിക്ക ഹേതുവായിട്ടു് ഈ പേരു സിദ്ധിച്ചു.
- ആനക്കുറുന്തോട്ടി
ഋശ്യം
- മരമാൻ
- ഗമനശീലം എന്നർത്ഥം.
ഋശ്യമൂകം
- ഒരു പർവതം
ഋശ്യശൃംഗൻ
- ഒരു ഋഷി
ഋഷഭദ്ധ്വജൻ
- ശിവൻ
ഋഷഭൻ
- നാഭിയുടെയും മേരുവിന്റെയും പുത്രൻ
- ഇദ്ദേഹത്തിനു നൂറു പുത്രന്മാരുണ്ടായിരുന്നു. അവരിൽ മൂത്തവൻ ഭരതൻ. രാജ്യം ഭരതനെ ഏൽപ്പിച്ചു് വനത്തിൽ ചെന്നു തപസ്സുചെയ്തു.
- ശ്രേഷ്ഠൻ
- ഋഷഭൻ എന്നതു് ഒരു പദത്തിന്റെ പിന്നാലെ ചേരുമ്പോൾ അർത്ഥം ഉണ്ടാകുന്നു. ഉദാ:മനുജർഷഭൻ = മനുജശ്രേഷ്ഠൻ.
- വിഷ്ണുവിന്റെ ഒരവതാരം
ഋഷഭം
- കാള
- ഓടുന്നതു് എന്നർത്ഥം.
- ഇടവകം (ഇടമ്പിരി)
- രോഗത്തെ പിൻതുടർന്നു ചെല്ലുന്നതു് എന്നർത്ഥം.
- സപ്തസ്വരങ്ങളിൽ രണ്ടാമത്തേതു്
- ഹൃദയത്തെ (മനസ്സിനെ) പ്രവേശിക്കുന്നതു്, കാളയുടെ ശബ്ദത്തിനു തുല്യമായതു്. പശുക്കളുടെ കൂട്ടത്തിൽ ഋഷഭം (കാള) എന്നതുപോലെ മറ്റു സ്വരങ്ങളുടെ ഇടയിൽ ശോഭിക്കുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം.
- ഇടവംരാശി
ഋഷി
- മഹർഷി
- വേദം
ഋഷികൾ
- മഹർഷി ദേവർഷി ബ്രഹ്മർഷി തുടങ്ങിയ ഭേദഭിന്നന്മാരായ ഋഷികൾ
- ജ്ഞാനത്തിന്റെ മറുകരയിലെത്തിയവർ.
- ജ്ഞാനികൾ
- ഗൗതമൻ, ഭരദ്വാജൻ, വിശ്വാമിത്രൻ, ജമദഗ്നി, വസിഷ്ഠൻ, നാരദൻ, കശ്യപൻ, അത്രി, മരീചി, അംഗിരസ്സ്, പുലഹൻ, ക്രതു, പുലസ്ത്യൻ, വസിഷ്ഠൻ, ഭൃഗു, വാല്മീകി, വ്യാസൻ, വിഭണ്ഡകൻ മുതലായി അനേകം മഹർഷികളുണ്ടു്. (സപ്തർഷികളെ അറിയുന്നതിനു ‘സപ്തർഷികൾ’ എന്ന പദം നോക്കുക). വിശ്വാമിത്രഗോത്രക്കാരും വസിഷ്ഠഗോത്രക്കാരും വൈദികഋഷിഗോത്രക്കാരിൽ പ്രധാനികളായിരുന്നു. ഇവർ പരസ്പരം കലഹിക്കയും ശപിക്കയും പതിവുണ്ടായിരുന്നു. വസിഷ്ഠൻ ബ്രാഹ്മണനെന്നും വിശ്വാമിത്രൻ ക്ഷത്രിയനെന്നും ഋഗ്വേദം തെളിയിക്കുന്നു. ഇപ്പോൾ ബ്രാഹ്മണർ ജപിക്കുന്ന ഗായത്രി മുതലായ ചില മന്ത്രങ്ങൾ വിശ്വാമിത്രൻ ഉണ്ടാക്കിയവയാകുന്നു. ജമദഗ്നിയുടെ പേർ ഋഗ്വേദത്തിൽ കാണുന്നു. പരശുരാമന്റെ പേർ കാണുന്നില്ല, ഭൃഗു, കണ്വൻ, ഭരദ്വാജൻ, അംഗിരസ്സ് മുതലായവർ വൈദികഋഷികളാണു്. ഇവരും വേദത്തെ എഴുതീട്ടുണ്ടു്. ഇക്കാലത്തെ ഗ്രന്ഥകാരന്മാർ ഋഷികളെ ദേവർഷികളെന്നും ബ്രഹ്മർഷികളെന്നും രാജർഷികളെന്നും തരംതിരിച്ചിരിക്കുന്നു. വൈദികകാലത്തുള്ള ഋഷികൾ ഇവയിൽ മൂന്നിലും ചേർന്നുകാണുന്നില്ല.
ഋഷികുല്യാ
- പരിശുദ്ധനദി
- മഹാനദിയുടെ പേർ
ഋഷിഗിരി
- മഗധരാജ്യത്തിലെ ഒരു പർവതത്തിന്റെ പേർ
ഋഷിജാംഗലം, ഋഷിജാംഗലികാ
- മറിക്കുന്നി
ഋഷിപഞ്ചമി
- സ്ത്രീകൾക്കുള്ള ഒരു വിശേഷദിവസം
- ഇതു ഭാദ്രപദത്തിന്റെ ശുക്ലപഞ്ചമിദിവസം സ്ത്രീകൾ രജോദോഷപ്രായശ്ചിത്താർത്ഥം ആചരിക്കപ്പെടുന്ന ഒരു വ്രതം.
ഋഷിപത്നി
- ഋഷിയുടെ ഭാര്യ
ഋഷിപ്രോക്ത
- വിശേഷണം:
- ഋഷിമാരാൽ പറയപ്പെട്ട
ഋഷിവാടം
- മഹർഷിമാരുടെ കുടിയിരിപ്പു്
ഋഷ്ടി
- വാൾ
ഋഷ്യം
- മരമാൻ
- ഋശ്യം എന്നതിന്റെ പാഠം.
ഋഷ്യകേതു
- ഋശ്യകേതനൻ എന്നശബ്ദം നോക്കുക
ഋഷ്യഗന്ധം
- മറിക്കുന്നി
ഋഷ്യപ്രോക്താ
- നായ്ക്കുരണ
- ശതാവരി
- ഋശ്യപ്രോക്താ എന്നതു നോക്കുക.
ഋഷ്യമൂകം
- ഒരു പർവതം
- ഇതു പമ്പാതീരത്തിലാണ്. ഇവിടെ വച്ചാണു് രാമസുഗ്രീവന്മാർ അന്യോന്യം അവരവരുടെ കാര്യലാഭത്തിനായ് മൈത്ര്യത്തെ പ്രാപിച്ചതും മറ്റും.
ഋഷ്യശൃംഗൻ
- ഒരു ഋഷി
- വിഭണ്ഡകന്റെ പുത്രൻ. അതിനാൽ വൈഭണ്ഡകൻ എന്നും വിളിക്കാറുണ്ടു്. ഇദ്ദേഹം ഒരു മാനിന്റെ കുട്ടിയായിരുന്നു. നെറ്റിയിൽ ഒരു കൊമ്പുണ്ടായിരുന്നതിനാലാണു് ഋശ്യശൃംഗൻ എന്നു വിളിക്കാനിടയായതു്. വനത്തിൽ ഇദ്ദേഹം പിതാവിനാൽ വളർത്തപ്പെട്ടു. പുരുഷത്വം പ്രാപിക്കുന്നതുവരെ മനുഷ്യരെ കാണാതെ പാർത്തു. അംഗരാജ്യത്തിൽ ഒരിക്കൽമഴയില്ലാതിരുന്നതുനിമിത്തം അവിടത്തെ രാജാവായ ലോമപാദൻ ചില ബ്രാഹ്മണരുമായി ആലോചിച്ചു് ഏതാനും യുവതികളെ അയച്ചു് ഇദ്ദേഹത്തെ വശീകരിച്ചുകൊണ്ടുവന്നു ശാന്തയെ ഭാര്യയാക്കി നൽകി. ശാന്ത ലോമപാദന്റെ ദത്തുപുത്രിയും ദശരഥന്റെ പുത്രിയും ആയിരുന്നു. അനന്തരം ഋഷ്യശൃംഗൻ സന്തോഷിച്ചു മഴപെയ്യിച്ചു. ദശരഥനു പുത്രലാഭാർത്ഥം പുത്രകാമേഷ്ടി ചെയ്തതു ഈ ഋശ്യശൃംഗനാണത്രേ.
ൠ
ൠ
- ഓർമ്മ
- ഭയം
- ആക്ഷേപം
- കരുണ
- (ദീർഘമായ ഒരു മൂർദ്ധന്യം).
ൠ
- ഭൈരവൻ
- ഒരു മാനവൻ
ൠകാരം
- ഋ എന്നുള്ള അക്ഷരം
ഌ
ഌ
- ഭൂമി
- പർവതം
- ദേവി
- സ്ത്രീസ്വഭാവം
- (ദന്ത്യസ്വരം).
ഌകാരം
- ഌ എന്ന അക്ഷരം
ൡ
ൡ
- അമ്മ
- ദിവ്യസ്ത്രീ
- ശിവൻ
- ദീർഘമായ ദന്ത്യം. [ഋ, ഌ ഈ സ്വരങ്ങൾ ആദിയായിട്ടുള്ള ശബ്ദങ്ങൾ അപൂർവം.]