• ഹല്ലുകളിൽ പത്തൊൻപതാം അക്ഷരം
  • ദന്ത്യങ്ങളിൽ ഒന്നു്. ഒരു ഘോഷാക്ഷരം. സപ്തസ്വരങ്ങളിൽ ഒന്നു്.
ധടം
  • തുലാസ്സ്
  • ത്രാസ്സ്
ധടി, ധടികാ
  • പഴയ വസ്ത്രം (ഉടുപ്പു്)
ധത്തൂരം
  • ഒരു ചെടി
  • ഉമ്മത്തു്
  • രസാദിസപ്തധാതുക്കളെ ക്ഷയിപ്പിക്കുന്നതെന്നർത്ഥം.
ധൻ
  • ബ്രഹ്മാവു്
  • കുബേരൻ
ധനകേളി
  • കുബേരൻ
ധനക്ഷയം
  • ദ്രവ്യനാശം
ധനച്ഛു
  • വരണ്ട
ധനഞ്ജയൻ
  • അഗ്നി
  • ധനത്തേ ജയിക്കുന്നവനെന്നർത്ഥം. യാഗം മുതലായവകൊണ്ടു ധനവാന്മാർക്കു ധനവ്യയമുണ്ടാക്കിത്തീർക്കുന്നവൻ എന്നു താൽപര്യം.
  • അർജ്ജുനൻ
  • രാജസൂയയാഗത്തിനു വേണ്ടി അനേകം ധനം സമ്പാദിക്കയാലും ധനത്തിങ്കൽ ആഗ്രഹമില്ലായ്കയാലും അർജ്ജുനനു് ഈ പേർ വന്നു എന്നും കാണുന്നു.
  • പ്രാണാദിവായുക്കളുടെ അവാന്തരഭേദങ്ങളിൽ ഒന്നു്
  • ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണു്. മരിച്ചാൽപോലും ദേഹത്തെ വിട്ടുപിരികയില്ല. ശരീരം മണ്ണോടു ചേർന്നോ അഗ്നിയിൽ ദഹിച്ചോ മറ്റോ നശിക്കുന്നതായാൽ അതിനും നാശം വരും.
  • നീർമരുതു്
  • കൊടുവേലി
  • വിഷ്ണു
ധനഞ്ജയവിജയ
  • ഒരു ചെറിയ നാടകം
  • വിരാടദേശത്തുവച്ചു് അർജ്ജുനൻ ചെയ്ത പ്രവൃത്തികൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ധനദ
  • വിശേഷണം:
  • ദ്രവ്യത്തേ കൊടുക്കുന്ന
ധനദൻ
  • വൈശ്രവണൻ
  • ധനത്തെ രക്ഷിക്കുന്നവൻ എന്നർത്ഥം. (ദേങ്പാലനേ).
  • ധനത്തേ ദാനംചെയ്യുന്നവൻ എന്നുള്ള വാസ്തവവിരുദ്ധമായ വ്യാഖ്യാനത്തെ ഞാൻ സ്വീകരിക്കുന്നില്ല.
ധനദം
  • നീർക്കടമ്പു്
ധനധാനി
  • ഖജനാവു്
  • ഭണ്ഡാരപ്പുര
ധനനാശചതുഷ്ടയം
  • ദേവന്മാർക്കും ബ്രാഹ്മണർക്കും ബന്ധുക്കൾക്കും തനിക്കും വേണ്ടി ചെലവാക്കാതെ നേടിവച്ച ധനത്തേ ജലവും ശത്രുവും രാജാവും കള്ളനും കൊണ്ടുപോവുക
ധനപതി
  • വൈശ്രവണൻ
  • സ്രാപ്പു്, ഖജാൻജി, ഭണ്ഡാരവിചാരകൻ
ധനപ്രിയ
  • വിശേഷണം:
  • ധനത്തിൽ ആഗ്രഹമുള്ള
ധനപ്രിയ
  • ഒരുവക ചീര
ധനം
  • ദ്രവ്യം
  • സമ്പത്തു്
  • ധനം എന്നു സാധാരണ പറയുന്നതിന്റെ അർത്ഥം അനുഭവത്തിനു സ്വാധീനമുള്ള മുതൽ, നിത്യോപയോഗത്തിനു സൗകര്യപ്പെടുന്ന സാധനം, പണം ഉണ്ടാക്കുന്നതിനു ഉപകരിക്കുന്ന സാധനം എന്നൊക്കെയാകുന്നു. ധനാദിസമൃദ്ധിയുടെ പേർ = സംപത്, സംപത്തി, ശ്രീ, ലക്ഷ്മി. ദാനംചെയ്യാതിരിക്ക, അനുഭവിക്കാതിരിക്ക ഇവ രണ്ടുമത്രേ ധനനാശകാരണദ്വയം.
  • പര്യായപദങ്ങൾ:
    • ദ്രവ്യം
    • വിത്തം
    • സ്വാപതേയം
    • രിക്ഥം
    • ധനം
    • വസു
    • ഋക്ഥം
    • ഹിരണ്യം
    • ദ്രവിണം
    • ദ്യുമ്നം
    • അർത്ഥം
    • വിഭവം.
ധനവൽ
  • വിശേഷണം:
  • സമ്പത്തുള്ള
ധനവാൻ
  • വളരെ ധനമുള്ളവൻ
  • പര്യായപദങ്ങൾ:
    • ഇഭ്യൻ
    • ആഢ്യൻ
    • ധനി.
ധനവൃദ്ധി
  • ദ്രവ്യപുഷ്ടി
ധനസ്ഥാനം
  • രണ്ടാമിടം
  • ഖജനാവു്, ഭണ്ഡാരപ്പുര
ധനസ്യകം
  • ചെറിയ ഞെരിഞ്ഞിൽ
ധനഹര
  • വിശേഷണം:
  • മോഷ്ടിക്കുന്ന
ധനഹരൻ
  • കള്ളൻ
ധനഹരം
  • അടവിക്കച്ചോലം
ധനഹരി
  • ഒരു തൈ
  • കാട്ടുകച്ചോലം
  • തമിഴിൽ – കരുങ്കച്ചോലം, ചെറുകച്ചോലം എന്നും പറയുന്നുണ്ടു്. അധികം വിലയുള്ളതിനാൽ ധനത്തെ ഹരിക്കുന്നതെന്നർത്ഥം.
ധനഹാരി, ധനഹരി
  • വിശേഷണം:
  • കൈക്കലാക്കുന്ന ധനത്തിന്നവകാശമുള്ള
ധനഹൃൽ
  • പറയൻകിഴങ്ങു്
ധനാഗമം
  • ദ്രവ്യലാഭം
ധനാഢ്യൻ
  • ധനവാൻ
  • വൈശ്രവണൻ
ധനാധാരം
  • ഖജനാവു്
  • ഭണ്ഡാരപ്പുര
ധനാധിപൻ
  • വൈശ്രവണൻ
ധനാശി
  • ഒരു രാഗം
ധനാശിപാടുക
  • അവസാനിക്ക
  • (ശൈലി).
ധനി
  • വിശേഷണം:
  • ധനമുള്ള
  • സമ്പത്തുള്ള
ധനിക
  • വിശേഷണം:
  • ധനമുള്ള
ധനികൻ
  • ധനവാൻ
  • ഒരു സംസ്കൃതകവി, വിഷ്ണുപുത്രൻ, കാവ്യനിർണ്ണയം, ദശരൂപാവലോകം ഇവ നിർമ്മിച്ചു
ധനികം
  • കൊത്തമ്പാലയരി
ധനികാ
  • യൗവ്വനമുള്ളവൾ
  • ഞാഴൽ
ധനിഷ്ഠ
  • അവിട്ടം
  • ഈ നക്ഷത്രത്തിൽ ജനിച്ചവർ ധനവാന്മാരായിത്തീരുന്നതിനാൽ ഈ പേരുണ്ടായി. ഇതിനെ സേവിക്കുന്നവർ ധനവാന്മാരും പ്രസിദ്ധന്മാരുമായിത്തീരും എന്നുമാവാം.
ധനിഷ്ഠ
  • വിശേഷണം:
  • വളരെ ധനമുള്ള
ധനീ
  • ധനവാൻ, ധാരാളം ധനമുള്ളവൻ
  • കൊത്തമ്പാലയരി
  • പര്യായപദങ്ങൾ:
    • ഇഭ്യൻ
    • ആഢ്യൻ.
ധനീ, ധനീകാ
  • ചെറുപ്പക്കാരി
ധനീയകം
  • കൊത്തമ്പാലരി
ധനു
  • ധനുരാശി
  • ധനുമാസം
  • മുരൾമരം
  • മണൽക്കര
ധനുക്കൂറു്
  • മൂലവും പൂരാടവും ഉത്രാടത്തിൽ കാലും
ധനുഗ്രഹൻ, ധനുഗ്രാഹൻ
  • വില്ലാളി
ധനുഞായർ
  • ധനുമാസം
ധനുദ്രുമം
  • മുള
ധനുധരൻ
  • വില്ലാളി
ധനുമാസം
  • മാർകഴിമാസം
ധനുരാശി
  • ഒൻപതാമത്തേ രാശി
ധനുർഗ്ഘോഷം
  • ചെറുഞാണൊലി
ധനുർദ്ധരൻ, ധനുഭൃത്തു്
  • വില്ലെടുത്തവൻ
  • വില്ലാളി
ധനുര്യാസം
  • കൊടുത്തൂവ
ധനുർവൃക്ഷം
  • മുള
ധനുർവ്വേദം
  • വില്ലഭ്യാസത്തിനുള്ള വിദ്യ
  • ആയുധശാസ്ത്രം
  • യജുർവേദത്തിന്റെ ഉപവേദം
ധനുർവ്വേദി
  • ധനുർവേദം അറിയാവുന്ന ആൾ
  • ശിവൻ
ധനുഷ്കൻ
  • വില്ലാളി
  • ധനുസ്സു പ്രഹരണമായിട്ടുള്ളവൻ എന്നർത്ഥം.
ധനുഷ്പടം
  • മുരൾവൃക്ഷം
  • ഒരു വില്പാടു വിസ്താരമുള്ളതെന്നർത്ഥം.
ധനുഷ്പാണി
  • കൈയിൽ വില്ലു ധരിച്ചവൻ
ധനുഷ്മാൻ
  • വില്ലാളി
  • ധനുസ്സുള്ളവനെന്നർത്ഥം.
ധനുസ്സ്
  • വില്ലു്
  • ധനുരാശി
ധനൂ
  • വില്ലു്
ധനേയകം
  • കൊത്തമ്പാലയരി
ധനേശൻ
  • വൈശ്രവണൻ
ധന്യ
  • വിശേഷണം:
  • ഭാഗ്യമുള്ള
  • ധനമുള്ള
  • മഹത്വമുള്ള
ധന്യൻ
  • സുകൃതമുള്ളവൻ
  • ഭാഗ്യവാൻ
  • ഉത്തമൻ
  • അനുഗ്രഹീതൻ (ധനം ലഭിച്ചവൻ)
ധന്യം
  • കൊത്തമ്പാലയരി
  • പെരുമരുതു്
ധന്യശീല
  • വിശേഷണം:
  • സുകൃതമുള്ള
  • നല്ല ശീലമുള്ള
ധന്യാ
  • കൊത്തമ്പാലയരി
  • നെല്ലി
  • തുവരമ്പയറു്
ധന്യാകം
  • കൊത്തമ്പാലയരി
  • ഭക്ഷ്യാർത്ഥികൾ നല്ലതെന്ന് പറയുന്നതെന്നർത്ഥം.
ധന്വന്തരി
  • വിഷ്ണുവിന്റെ ഒരവതാര സ്വരൂപം, സ്വർഗ്ഗത്തിലേ വൈദ്യൻ
  • പാലാഴിയിൽ നിന്നുണ്ടായി. പാലാഴി കടഞ്ഞപ്പോൾ ധന്വന്തരി കൈയിൽ അമൃതവുംകൊണ്ടു ജലത്തിൽ നിന്നു കയറി. അതിനാലാണു ‘സുധാപാണി’ എന്ന പേരുണ്ടായതു്. ‘അമൃതൻ’ എന്ന പേരും കാണുന്നുണ്ടു്.
  • വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒരാളായ ഒരു വൈദ്യൻ
ധന്വന്തരം
  • തൊണ്ണൂറ്റാറംഗുലം നീളം
ധന്വനം
  • ഒരു വൃക്ഷം
  • ഈ വൃക്ഷം ഏറെ വലുതും നീളമുള്ളതുമാണു്. ഇലന്തയിലപോലെ കുറച്ചു വലുതായിരിക്കും. തടി വീടുപണിക്കു നന്ന്. ഇതിന്റെ പഴുത്ത കായ് മലത്തേ തടുക്കും. കഫവാതങ്ങളെ ശമിപ്പിക്കും.
ധന്വം
  • വില്ല്
  • ശബ്ദിക്കുന്നതെന്നർത്ഥം.
ധന്വയാഷം, ധന്വയാസം
  • ഒരു മരുന്നു്
  • കൊടുത്തൂവ
ധന്വാവു്
  • മരുഭൂമി, നിർജ്ജലഭൂമി
  • പിപാസമൂലം ഇതിൽനിന്ന് ഓടുന്നു എന്നർത്ഥം.
  • വില്ല്
ധന്വിനം
  • പന്നി
ധന്വീ
  • വില്ലാളി
  • വില്ലുള്ളവൻ എന്നർത്ഥം.
  • ചെങ്കൊടിത്തൂവ
  • ഇലഞ്ഞി
  • നീർമരുതു്
  • ശിവൻ
  • വിഷ്ണു
  • അർജ്ജുനൻ
ധം
  • ധനം
ധമകൻ
  • കൊല്ലൻ
ധമൻ
  • ചന്ദ്രൻ
  • കൃഷ്ണൻ
  • യമൻ
  • ബ്രഹ്മാവ്
ധമന
  • വിശേഷണം:
  • ഊതുന്ന, വീർക്കുന്ന
  • ക്രൂരമായ
ധമനം
  • വേഴം, വേഴൽപുല്ല്
  • ശബ്ദിക്കുന്നതെന്നർത്ഥം.
  • ഊതുക, ഊത്തു്
ധമനി
  • ഞരമ്പു്
  • കുഴൽപോലെയുള്ളതെന്നർത്ഥം.
  • ‘ധമനീസമുദായസതതഗാത്രന്മാരായ്’
    — ഭാരതം
    .
  • കുഴൽ
  • പവിഴക്കൊടി
  • സുഷിരങ്ങൾ ഉള്ളതിനാൽ കാറ്റ് തട്ടുന്ന സമയം ഊതുന്നതു് (ശബ്ദിക്കുന്നതു്) എന്നർത്ഥം.
  • നളി എന്ന ഗന്ധദ്രവ്യം
  • മഞ്ഞൾ
  • ഓരില
  • തൊണ്ട
  • കഴുത്തു്
ധമിക്കുന്നു
  • ഊതുന്നു
ധമ്മില്ലം
  • കൊണ്ടകെട്ടു്
  • കെട്ടിവച്ച തലമുടി
  • മുത്തുമാല മുതലായതുകൊണ്ടു കൂട്ടിക്കെട്ടിയ തലമുടി
  • മാല മുതലായവയുടെ സംയോജനത്തിലുണ്ടാകുന്ന ശബ്ദത്തോടെ കൂടിച്ചേരുന്നതെന്നർത്ഥം. ധമ്മലം, ധമ്മിലം എന്ന പാഠങ്ങളും കാണുന്നു.
  • ‘മുല്ലായുധൻ തഴയ്ക്കല്ലൽനൽകുന്ന ധ
    മ്മില്ലവും ചന്ദ്രനേവെല്ലും മുഖാബ്ജവും’
    — കല്യാണസൗഗന്ധികം തുള്ളൽ
ധയ
  • (പദാന്തത്തിൽ) കുടിക്കുന്ന
  • വലിച്ചു കുടിക്കുന്ന
  • ഉദാ:സ്തനംധയ.
ധര
  • വിശേഷണം:
  • ധരിച്ച
ധരണ
  • വിശേഷണം:
  • വഹിക്കുന്ന
  • എടുക്കുന്ന
ധരണൻ
  • സൂര്യൻ
ധരണം
  • എടുക്കുക
  • എരിക്കു്
  • പർവ്വതത്തിന്റെ അരികു്
  • ഭൂമി
  • സ്ത്രീകളുടെ നെഞ്ച്
  • അരി, ധാന്യം
  • ഹിമാലയ പർവ്വതം
ധരണി, ധരണീ
  • ഭൂമി
  • വിശ്വത്തെ ധരിക്കുന്നതു്, പർവ്വതങ്ങൾ ഉള്ളതു്, അനന്താദി കൂർമ്മാദികളാൽ ധരിക്കപ്പെടുന്നതു് ഇങ്ങിനെ അർത്ഥം.
  • നിലം
  • ഇലവു്
  • പരശുരാമന്റെ ഭാര്യ
ധരണിജൻ
  • ചൊവ്വാഗ്രഹം
  • നരകാസുരൻ
ധരണിജാ
  • സീത
ധരണിധരൻ
  • വിഷ്ണു
  • ശേഷൻ
ധരണിധരം
  • പർവ്വതം
  • ആമ
ധരണിസുതൻ
  • നരകാസുരൻ
  • ചൊവ്വാഗ്രഹം
ധരണിസുതാ
  • സീതാ
ധരണീകന്ദം
  • വെങ്കായം
  • നിലക്കിഴങ്ങു്
ധരണീകീലകം
  • പർവ്വതം
  • ആമ
ധരണീതലം
  • ഭൂമി
ദരണീധരൻ
  • ശേഷൻ
  • വിഷ്ണു
  • രാജാവു്
ധരണീധരം
  • പർവ്വതം
  • ആമ
ധരണീനിർജ്ജരൻ
  • ബ്രാഹ്മണൻ
  • ഭൂമി എന്നതിന്റെ പര്യായങ്ങളോടു് ദേവൻ എന്നർത്ഥം വരുന്ന ശബ്ദങ്ങൾ ചേർത്താൽ ബ്രാഹ്മണൻ എന്ന അർത്ഥമുണ്ടാകും.
ധരണീപതി
  • രാജാവു്
  • വിഷ്ണു
ധരണീപൂരം
  • സമുദ്രം
ധരണീപ്ലവം
  • കടൽ
ധരണീഭൃത്ത്
  • പർവ്വതം
  • രാജാവു്
  • വിഷ്ണു
  • ശേഷൻ
ധരണീമണ്ഡലം
  • ഭൂഗോളം
ധരണീയ
  • വിശേഷണം:
  • ധരിക്കത്തക്ക
  • വഹിക്കത്തക്ക
  • രക്ഷിക്കത്തക്ക
ധരണീരമണൻ
  • രാജാവു്
  • ഭൂമിയുടെ പര്യായങ്ങളിൽ ഏതിലെങ്കിലും ഭർത്താവു് എന്നുള്ള പദംകൂടി (പിന്നാലെ) ചേർത്താൽ രാജാവു് എന്നുള്ള അർത്ഥം വരും.
ധരണീശ്വരൻ
  • രാജാവു്
  • വിഷ്ണു
ധരണീസുത
  • സീത
ധരണീസുതൻ
  • നരകാസുരൻ
  • ചൊവ്വാഗ്രഹം
ധരം
  • പർവ്വതം
  • ഭൂമിയെ ധരിക്കുന്നതെന്നർത്ഥം.
ധരാ
  • ഭൂമി
  • (ശബ്ദാർത്ഥത്തിനു ധരണി എന്നതു നോക്കുക).
  • മജ്ജ
  • ഗർഭപാത്രം
  • മേദാ
ധരാതലം
  • ഭൂമി
ധരാത്മജാ
  • സീത
ധരാത്മജൻ
  • നരകാസുരൻ
  • ചൊവ്വാഗ്രഹം
ധരാദേവൻ
  • ബ്രാഹ്മണൻ
ധരാധരൻ
  • വിഷ്ണു, കൃഷ്ണൻ
  • ശേഷൻ
ധരാധരം
  • പർവതം
  • ‘അയിശൃണുധരാധരാധീശ! രാമാജ്ഞയാ’
    — ലങ്കാമർദ്ദനം തുള്ളൽ
    .
ധരാപതി
  • രാജാവു്
  • വിഷ്ണു
ധരാപുത്രൻ
  • ചൊവ്വാ
  • നരകാസുരൻ
ധരാഭൃത്തു്
  • രാജാവു്
  • പർവതം
ധരാമരൻ
  • ബ്രാഹ്മണൻ
ധരാസുതൻ
  • നരകാസുരൻ
  • ചൊവ്വാഗ്രഹം
ധരാസുരൻ
  • ബ്രാഹ്മണൻ
ധരാസൂനു
  • നരകാസുരൻ
  • ചൊവ്വാഗ്രഹം
ധരിക്കുന്നു
  • വഹിക്കുന്നു, എടുക്കുന്നു
  • അറിയുന്നു
  • (കാരണക്രിയ:ധരിപ്പിക്കുന്നു).
ധരിത്രി
  • ഭൂമി
  • (ശബ്ദാർത്ഥത്തിനു ധരണി എന്നതു നോക്കുക).
ധരിമ
  • ആകൃതി
ധരേന്ദ്രൻ
  • ഹിമവാൻ
  • പർവതശ്രേഷ്ഠൻ
ധർത്തൂരം
  • ഉമ്മത്തു്
ധർമ്മകർത്താവു്
  • ധർമ്മം ചെയ്യുന്നവൻ
ധർമ്മകാര്യം
  • ഗുണത്തേ സംബന്ധിച്ചുള്ള പ്രവൃത്തി
ധർമ്മകീലം
  • ഒരു ധർമ്മാസനത്തിനു കീഴുള്ള രാജ്യം
  • ഒരു ന്യായവിചാരസ്ഥലത്തിന്റെ കീഴിലുള്ള ദിക്കു്
ധർമ്മകൃത്ത്
  • ധർമ്മം ചെയ്യുന്നവൻ
ധർമ്മക്കഞ്ഞി
  • കഞ്ഞിവച്ചു ധർമ്മമായിട്ടു കൊടുക്കുക
ധർമ്മക്കാരൻ
  • ഭിക്ഷതെണ്ടി നടക്കുന്നവൻ
ധർമ്മക്കാരി
  • ഭിക്ഷതെണ്ടി നടക്കുന്നവൾ
ധർമ്മക്കൊള്ളി
  • ശേഷക്കാരില്ലാത്തവൻ മരിച്ചാൽ മറ്റു വല്ലവരും ശവത്തേ ദഹിപ്പിക്കുക
ധർമ്മക്ഷേത്രം
  • ഭാരതഭൂമി
  • പുണ്യസ്ഥലം
ധർമ്മഗുപ്തൻ
  • വിഷ്ണു
ധർമ്മഘ്ന
  • താന്നി
ധർമ്മചാരി
  • വിശേഷണം:
  • ധർമ്മത്തേ ചെയ്യുന്ന
ധർമ്മചാരിണി
  • നല്ല മര്യാദപ്രകാരം ഇരിക്കുന്നവൾ
  • ഭാര്യ, പതിവ്രതയായ ഭാര്യ
ധർമ്മചിന്ത, ധർമ്മചിന്തനം
  • ധർമ്മത്തെക്കുറിച്ചുള്ള വിചാരം
  • ദുഃഖമുള്ളവനേ വാസ്തവമായി ധർമ്മചിന്ത ഉണ്ടാവുകയുള്ളു.
  • പര്യായപദങ്ങൾ:
    • ഉപാധി.
ധർമ്മജ്ഞ
  • വിശേഷണം:
  • ധർമ്മത്തെ അറിയുന്ന
ധർമ്മണം
  • പാമ്പു്
ധർമ്മതത്വം
  • ആചാരാദികളുടെ പരമാർത്ഥം
ധർമ്മത്തോണി
  • പരോപകാരത്തിനായിട്ടു് ഇട്ടിരിക്കുന്ന കടവുവള്ളം
ധർമ്മദാരങ്ങൾ
  • വിവാഹം ചെയ്തുണ്ടായ ഭാര്യ
ധർമ്മദൈവം
  • വംശപാരമ്പര്യമായിട്ടു സേവിക്കപ്പെട്ടുവരുന്ന ഈശ്വരൻ
ധർമ്മദ്രോഹി
  • ധർമ്മത്തെ ദ്രോഹിക്കുന്നവൻ
  • അസുരൻ
  • രാക്ഷസൻ
ധർമ്മദ്വയം
  • പ്രവൃത്തി
  • നിവൃത്തി ഇവ രണ്ടും
ധർമ്മദ്വേഷം
  • ആചാരം മുതലായ ധർമ്മങ്ങളെ നിന്ദിക്കുക
ധർമ്മദ്വേഷി
  • താന്നി
ധർമ്മദ്ധ്വജൻ
  • സൂര്യൻ
ധർമ്മദ്ധ്വജി
  • കപടഭക്തിക്കാരൻ
  • ധർമ്മ ചിഹ്നം മാത്രമുള്ളവനെന്നർത്ഥം.
ധർമ്മൻ
  • യമൻ, ധർമ്മരാജാവു്
  • സോമയാഗം ചെയ്തവൻ (ചോമാതിരി)
  • ഒരു ഋഷി
  • ഈ ഋഷി പ്രജാപതികളിൽ ഒരുവനാണെന്നു് അഭിപ്രായം കാണുന്നു. ദക്ഷന്റെ 13 പുത്രിമാരെ വേളികഴിച്ചു. അവരിൽ അനേകം മക്കളുമുണ്ടായിട്ടുണ്ടു്.
  • ധർമ്മപുത്രൻ
ധർമ്മനന്ദനൻ
  • ധർമ്മരാജാവിന്റെമകൻ
ധർമ്മനിഷ്ഠ
  • ധർമ്മത്തിങ്കലേ ഉറപ്പു്
  • ധർമ്മത്തിലുള്ള താൽപര്യം
ധർമ്മനേത്രൻ
  • ഹേഹയരാജാവു്
ധർമ്മന്യായം
  • ധർമ്മാചാരത്തോടു കൂടിയുള്ള മര്യാദ
ധർമ്മപത്നി
  • പ്രധാനഭാര്യ
  • അഗ്നിസാക്ഷികമായ് വേൾക്കപ്പെട്ട ഭാര്യ
  • ഭാര്യ
  • അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഭാര്യയുടെ പേർ = പത്നി, പാണിഗൃഹീതി, ദ്വിതീയ, സഹധർമ്മിണി, ഭാര്യ, ജായ, ദാരങ്ങൾ.
ധർമ്മപത്തനം
  • യമന്റെ ഗൃഹം
  • കുരുമുളകു്
  • ധർമപത്തന (മലയാളദേശ) ത്തിലുണ്ടായതെന്നർത്ഥം.
ധർമ്മപഥം
  • സദാചാരത്തോടുകൂടിയ ജീവിതമാർഗം
ധർമ്മപാലനം
  • ആചാരമര്യാദകളെ രക്ഷിക്കുക
ധർമ്മപുത്രൻ
  • ധർമ്മരാജാവിന്റെ മകൻ, യുധിഷ്ഠിരൻ
  • ധർമ്മപുത്രർ — ശ്രീമഹാഭാരതത്തിലെ കഥാനായകനാണു്. പാണ്ഡുവായ അച്ഛൻ മരിച്ചതിന്റെശേഷം ശതശൃംഗ പർവതത്തിൽനിന്നു ഇദ്ദേഹം ഹസ്തിനാപുരിയിലെത്തി. അനന്തരം വലിയച്ഛനായ ധൃതരാഷ്ട്രർ തന്റെ പുത്രരോടൊന്നിച്ചു ധർമ്മപുത്രാദികളേയും കൃപാചാര്യരുടെ അടുക്കൽ വിദ്യാഭ്യാസംചെയ്യിച്ചു മാതുലപുത്രനായ ശ്രീകൃഷ്ണന്റെ സഹായത്തോടുകൂടി രാജസൂയയാഗം ചെയ്തു ചൂതുകളിയിൽ ഇദ്ദേഹം തന്റെ സർവസ്വവും അനുജന്മാരേയും തന്നേയും ഭാര്യയേയും കൂടി പണയംവച്ചു കാടുകേറി. ഇദ്ദേഹത്തിന്റെ ക്ഷമ, ധർമബുദ്ധി, നീതിനൈപുണ്യം സത്യനിഷ്ഠ, വാഗ്മിത്വം, ഔദാര്യം, ദയാലുത്വം, ഭരണശക്തി, പ്രജാവാത്സല്യം, വംശസ്നേഹം, ലോകമര്യാദ മുതലായവ ഓരോന്നും ഓരോ പ്രവൃത്തികൾകൊണ്ടു വെളിപ്പെടുന്നുണ്ടു്. വസ്ത്രാക്ഷേപസന്ദർഭത്തിൽ മൗനംദീക്ഷിച്ചതിനെക്കാളും കീചകൻ ഹേതുവായിട്ടു പാഞ്ചാലി സങ്കടം അനുഭവിച്ച അവസരത്തിൽ ഇദ്ദേഹം ക്ഷമിച്ചതു നോക്കുമ്പോൾ ഇദ്ദേഹത്തിന്റെ സഹനശക്തി വെളിപ്പെടുന്നു. ധർമ്മവിരോധങ്ങളായ ആലോചനകൾ കൊണ്ടു താൻ വരുത്തികൂട്ടിയ ഏതാനും സംഗതികൾ മഹാപാപകരങ്ങളെന്നു ഓർത്തു ധർമ്മപുത്രർ തന്നെ പശ്ചാത്തപിച്ചിട്ടുണ്ടു്. അശ്വമേധയാഗം സംബന്ധിച്ച അസിധാരാവ്രതാനുഷ്ഠാനം കൊണ്ടു ഇദ്ദേഹത്തിന്റെ ഇന്ദ്രിയനിഗ്രഹം, ധൈര്യം, കർമ്മത്തിലുള്ള ശ്രദ്ധ ഇവ സ്പഷ്ടമാകുന്നു. ഇദ്ദേഹം മുപ്പത്താറുവർഷം രാജ്യം ഭരിച്ചു. ഭീമസേനന്റെ മുള്ളുവാക്കു നിമിത്തം താൻ വാനപ്രസ്ഥവൃത്തിയിൽ ഇരുന്നു. വീണ്ടും ഹസ്തിനാപുരിയിൽ വന്നു. കുറച്ചുകഴിഞ്ഞു പരീക്ഷിത്തിനെ രാജാവാക്കീട്ടു അനുജന്മാരോടും പാഞ്ചാലിയോടും മഹാപ്രസ്ഥാനം ചെയ്തു. ഇവിടെ മറ്റുള്ളവർ ഓരോരുത്തരായി മരിച്ചുവീണു. ധർമ്മപുത്രർ ദേവദൂതൻ കൊണ്ടുവന്ന വിമാനത്തിൽ കയറി. ഉടലോടെ സ്വർഗ്ഗം പ്രാപിച്ചു.
  • ദാനശീലമുള്ളവൻ
  • (ശൈലി).
ധർമ്മഫലം
  • പുണ്യം ചെയ്താലുണ്ടാകുന്ന ഫലം
ധർമ്മബുദ്ധി
  • ധർമ്മത്തിങ്കലേ മനസ്സ്
  • ധർമ്മത്തിൽ മനസ്സുള്ളവൻ
ധർമ്മഭഗിനി
  • നേരെയുള്ള സഹോദരി
ധർമ്മഭണകൻ
  • ഭാരതം ഭാഗവതം മുതലായ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കയോ അവ സംബന്ധിച്ചു പ്രസംഗം ചെയ്കയോ ചെയ്യുന്നവൻ
ധർമ്മഭാഗിനി
  • സൽഗുണമുള്ള ഭാര്യ
ധർമ്മം
  • പുണ്യം
  • ന്യായം
  • ആചാരം
  • നീതി
  • സ്വഭാവം
  • ക്ഷേമം
  • വേദത്താൽ വിധിക്കപ്പെട്ട യാഗാദികൾ
  • ദാനം
  • ചെയ്യേണ്ടും മുറ
  • കല്പങ്ങളിൽ മൂന്നുഭാഗങ്ങൾ ഉള്ളതിൽ ഒന്നു്
  • ഇതിൽ ലോകനീതികളെപ്പറ്റി പറയുന്നു. മറ്റേവ – ശ്രൗതം, ഗൃഹ്യം.
  • പര്യായപദങ്ങൾ:
    • പുണ്യം
    • ശ്രേയസ്സ്
    • സുകൃതം
    • വൃഷം.
ധർമ്മയുഗം
  • കൃതയുഗം
ധർമ്മയുദ്ധം
  • ചതിവു കൂടാതെ പറഞ്ഞു സമ്മതിച്ചു നേരേ ചെന്നു യുദ്ധം ചെയ്ക
ധർമ്മയൂപൻ
  • വിഷ്ണു
ധർമ്മരഹസ്യം
  • ധർമ്മശാസ്ത്രങ്ങളുടെ സാരമായ അർത്ഥം
ധർമ്മരാജൻ
  • യമൻ
  • ബുദ്ധമുനി
  • ജിനദേവൻ
  • യുധിഷ്ഠിരൻ
  • ധർമ്മംകൊണ്ടു ശോഭിക്കുന്നവൻ, ധർമ്മിഷ്ഠരല്ലാത്തവരെ ശാസിച്ചു ധർമ്മസംരക്ഷണം ചെയ്യുന്നവൻ ഇങ്ങനെ ശബ്ദാർത്ഥം.
ധർമ്മലക്ഷണം
  • നാലുവിധം. വേദം
  • സ്മൃതി
  • സദാചാരം
  • ആത്മഹിതം
  • ‘വേദസ്മൃതിസ്സദാചാരഃ
    സ്വസ്യചപ്രിയമാത്മനഃ’
ധർമ്മവൽ
  • വിശേഷണം:
  • ധർമ്മമുള്ള
ധർമ്മവാസരം
  • വെളുത്തവാവു്
ധർമ്മവാഹനൻ
  • ശിവൻ
ധർമ്മവാഹനം
  • പോത്തു്
  • (യമന്റെ വാഹനം).
ധർമ്മവിചാരം
  • ഗുണമായതിനേ കുറിച്ചുള്ള വിചാരം
ധർമ്മവിൽ
  • ധർമ്മത്തെ അറിയുന്നവൻ
ധർമ്മവിരുദ്ധ
  • വിശേഷണം:
  • ന്യായമല്ലാതുള്ള
ധർമ്മവൃക്ഷം
  • അരയാൽ
ധർമ്മവ്യാധൻ
  • പന്നിയുടെയും പോത്തിന്റെയും മാംസം വിറ്റുനടന്ന ഒരു വേടൻ
  • ബ്രാഹ്മണർക്കു ആവശ്യമുള്ള ജ്ഞാനവും വേദത്തിൽ നല്ല പരിജ്ഞാനവും ഉണ്ടായിരുന്നു. കാരണം കഴിഞ്ഞ ജന്മത്തിൽ ബ്രാഹ്മണനായിരുന്നതാണത്രേ.
ധർമ്മശാല
  • വഴിയൂട്ടുപുര
  • വഴിയമ്പലം
ധർമ്മശാലി
  • വിശേഷണം:
  • ധർമ്മമുള്ള
ധർമ്മശാസ്ത്രം, ധർമ്മശാസനം
  • മര്യാദയും ആചാരവും മറ്റും അറിയുന്നതിനുള്ള ശാസ്ത്രം
  • (രാജനീതി.) മനുഷ്യരുടെ നടത്തയുടെ ഗുണദോഷങ്ങളെക്കുറിച്ചു വിവരിക്കുന്ന ശാസ്ത്രമാകുന്നു.ചിലതെല്ലാം നല്ലതു് മറ്റുചിലതെല്ലാം ചീത്ത എന്നുമാത്രം പറഞ്ഞാൽ അതു ശാസ്ത്രമായില്ല. സൽപ്രവൃത്തികളിൽ അന്തർഭവിച്ചിരിക്കുന്ന നിയമങ്ങളെ വിശദീകരിക്കയാണു് ധർമ്മശാസ്ത്രത്തിന്റെ കൃത്യം.
ധർമ്മശീല
  • വിശേഷണം:
  • ധർമ്മമുറകളെ പരിചയിച്ചിട്ടുള്ള
  • ധർമ്മം കൊടുക്കുന്ന സ്വഭാവമുള്ള
ധർമ്മശീലം
  • ധർമ്മസ്വഭാവം
ധർമ്മസഭ
  • ആസ്ഥാനമണ്ഡപം
  • രാജാവിന്റെ ന്യായം വിചാരിക്കുന്ന സ്ഥലം
ധർമ്മസംഗീതി
  • ആലോചനസഭ
ധർമ്മസംസ്കാരം
  • ശേഷക്കാരില്ലാത്തവരുടെ ശവം ദഹിപ്പിക്ക
ധർമ്മസംഹിത
  • മനു പരാശരൻ മുതലായവർ ഉണ്ടാക്കിയിട്ടുള്ള സ്മൃതിഗ്രന്ധങ്ങൾ പതിനെട്ടും
  • മനുസ്മൃതി മുതലായ ധർമ്മശാസ്ത്രങ്ങൾ ധർമ്മബോധാർത്ഥം രചിക്കപ്പെട്ട സംഹിത എന്നർത്ഥം
ധർമ്മസാക്ഷി
  • വിസ്താരങ്ങളിൽ നേരുള്ള സാക്ഷിക്കാരൻ
ധർമ്മസാവർണ്ണി
  • പതിനൊന്നാമത്തേ മനു
ധർമ്മസുതൻ
  • ധർമ്മപുത്രൻ
ധർമ്മസൂ
  • കുടുമച്ചാത്തൻ
ധർമ്മസൂക്ഷ്മം
  • ധർമ്മശാസ്ത്രങ്ങളിൽ പറയുന്നതിന്റെ ചുരുക്കമായിട്ടുള്ള സാരം
ധർമ്മസ്ഥൻ
  • ധർമ്മമുള്ളവൻ
  • ന്യായാധിപതി
ധർമ്മസ്ഥാപനം
  • ധർമ്മത്തെ ഉറപ്പിക്കുക
ധർമ്മസ്ഥിതി
  • ധർമ്മത്തിന്റെ ഉറപ്പു്
ധർമ്മാത്മജൻ
  • ധർമ്മപുത്രൻ
ധർമ്മാത്മാവു്
  • ധർമ്മബുദ്ധിയുള്ളവൻ
  • ധർമ്മസ്വഭാവം
ധർമ്മാദ്ധ്യക്ഷൻ
  • ന്യായാധിപതി
  • ജഡ്ജി
ധർമ്മാധർമ്മങ്ങൾ
  • ധർമ്മവും അധർമ്മവും
ധർമ്മാധികരണം
  • നീതിന്യായക്കോടതി
ധർമ്മാധികരണികൻ
  • ജഡ്ജി
  • മജിസ്ട്രേട്ടു്
ധർമ്മാധികാരി
  • ധർമ്മം നടത്തേണ്ടവൻ
  • ന്യായാധിപതി
  • ജഡ്ജി
  • മജിസ്ട്രേട്ടു്
ധർമ്മാധിഷ്ഠാനം
  • ന്യായം കേൾക്കുന്ന സ്ഥലം
  • കോടതി
ധർമ്മാംഗം
  • കൊക്കു്
ധർമ്മാസനം
  • ന്യായസ്ഥലം
ധർമ്മാനുഷ്ഠാനം
  • ധർമ്മത്തേ ചെയ്യുക
ധർമ്മി
  • വിശേഷണം:
  • ധർമ്മത്തേ അറിയുന്ന
  • ധർമ്മം ചെയ്യുന്ന
ധർമ്മിണി
  • ധർമ്മം ചെയ്യുന്നവൾ
  • അരേണുകം
ധർമ്മിഷ്ഠ
  • വിശേഷണം:
  • ധർമ്മമുള്ള
  • സുകൃതവും മറ്റുമുള്ള
ധർമ്മിഷ്ഠ
  • ധർമ്മമുള്ളവൾ
  • സുകൃതവും മറ്റുമുള്ളവൾ
ധർമ്മേശൻ
  • യമൻ
ധർമ്മോപദേശകൻ, ധർമ്മോപദേഷ്ടാവു്
  • അചാരാദികളെ ഗ്രഹിപ്പിക്കുന്നവൻ
ധർമ്മോൽപ്രേക്ഷ
  • ഉൽപ്രേക്ഷാലങ്കാരങ്ങളിൽ ഒരിനം
ധർമ്മ്യ
  • വിശേഷണം:
  • ധർമ്മസംബന്ധമായുള്ള
  • ധർമ്മമായുള്ള
  • ഉത്തമമായുള്ള
ധർമ്മ്യുൽപ്രേക്ഷ
  • ഉൽപ്രേക്ഷാലങ്കാരങ്ങളിൽ ഒരിനം
ധർഷ
  • വിശേഷണം:
  • നിഗളമുള്ള
  • അഹംഭാവമുള്ള
ധർഷകൻ
  • വശീകരക്കാരൻ
  • പരസ്ത്രീസംഗക്കാരൻ
  • ആട്ടക്കാരൻ
ധർഷണം, ധർഷണാ
  • പരിഭവം
  • അഹങ്കാരം
  • വിരോധം
  • അതിക്രമം
  • ധൈര്യം
ധർഷണീ
  • കാമചാരിണി
  • ദുർന്നടത്തക്കാരി
  • വ്യഭിചാരിണി
ധർഷൻ
  • നപുംസകൻ
  • അഹമ്മതിക്കാരൻ
ധർഷം
  • ഡംഭം
  • പരിഭവം
  • ധൈര്യം
  • അധിക്ഷേപം
  • വശീകരണം
  • ഉപദ്രവം
  • നിരോധം
ധർഷിക്കുന്നു
  • തന്റെ ധൈര്യമോ ബുദ്ധിയോ കൊണ്ടു അന്യന്റെ ധൈര്യത്തെ അല്പമാക്കുന്നു
  • തന്റെ ധൈര്യംകൊണ്ടു ഒരു അതിഗംഭീരനെ സമീപിക്കയൊ വല്ലതും ചെയ്കയൊ സ്വാധീനമാക്കുകയൊ ചെയ്യുന്നു
ധർഷിണി
  • വ്യഭിചാരിണി
  • സാമർത്ഥ്യമുള്ളവൾ, പുരുഷന്റെ മര്യാദയെ കളയിക്കുന്നവൾ എന്നർത്ഥം.
ധർഷിത
  • വിശേഷണം:
  • ധർഷിക്കപ്പെട്ട
ധവൻ
  • ഭർത്താവു്
  • സ്ത്രീയെ ഇളക്കിത്തീർക്കുന്നവൻ. സ്ത്രീകൾക്കു ഭർത്താവു വന്നുകഴിഞ്ഞാൽ അതുവരെയുള്ള നിലയിൽനിന്നു ഒരിളക്കമുണ്ടാകുന്നതു പതിവാണല്ലൊ.
  • മനുഷ്യൻ
  • വഞ്ചകൻ, കള്ളൻ
ധവം
  • വൃക്ഷവിശേഷം, ഞമ
  • ഇളക്കം, ചലനം
ധവള
  • വിശേഷണം:
  • വെളുത്ത
ധവള
  • വെളുത്ത നിറമുള്ളവൾ
  • വെളുത്ത നിറമുള്ള പശു
ധവളഗിരി
  • ഹിമവാന്റെ ഒരു കൊടുമുടി
ധവളപക്ഷം
  • അരയന്നം
ധവളം
  • വെളുപ്പുനിറം
  • ശുദ്ധമാക്കുന്നതു് എന്നർത്ഥം. ധവത്തെ (ഇളക്കത്തെ – ചലനത്തെ) ദാനം ചെയ്യുന്നതു് എന്നുമാകാം.
  • ചീനക്കർപ്പൂരം
  • വെളുത്ത മുളകു്
  • ശംഖ്
  • നീർമരുതു്
  • ഞമ
ധവളാപാംഗി
  • പെണ്മയിൽ
  • മയിലിന്റെ കണ്ണിന്റെ അറ്റം വെളുത്തിരിക്കുന്നതിനാൽ ഈ പേർ വന്നു.
  • ‘കാട്ടിൽപ്പോകുന്നളവുധവളാപാംഗിമാർ കണ്ടുകൂടി’
    — മയൂരസന്ദേശം
    .
ധവളി
  • വെളുത്ത പശു
  • വെളുത്തവൾ
ധവളിമ
  • വെണ്മ
ധവാണകൻ
  • വായു
ധവിത്രം
  • വിശറി, ആലവട്ടം
  • യാഗത്തിൽ അഗ്നിയെ വീശിക്കത്തിക്കുന്നതിനു മാൻതോലുകൊണ്ടുണ്ടാക്കി മുളകൊണ്ടു തണ്ടിട്ട വിശറി
  • ഇതുകൊണ്ടു വീശുന്നതിനാൽ ഈ പേർ വന്നു.
ധാ
ധാകം
  • കാള
  • കലവറ
  • ചോറു
  • തൂണു്
ധാടി
  • ഭയംകൂടാതെ ശത്രുവിന്റെ നേരെ ചെല്ലുക
  • പ്രൗഢി
  • സാമർത്ഥ്യം
ധാതകം
  • ഒരു മരുന്നു
ധാതകി
  • ഒരു മരുന്നു്
  • താതിരി
  • പുഷ്പങ്ങളെ ധരിക്കുന്നതു എന്നർത്ഥം.
ധാതാവു്
  • ബ്രഹ്മാവു്
  • സകലത്തേയും ധരിക്കുന്നവൻ, പോഷിപ്പിക്കുന്നവൻ, ലോകസൃഷ്ടാവു് ഇങ്ങിനെ ശബ്ദാർത്ഥം.
  • ദൈവം
ധാതു
  • മനോല മുതലായി പർവതത്തിൽ നിന്നുണ്ടാകുന്നവ
  • ‘സുവർണ്ണരൗപ്യതാമ്രാണി
    ഹരിതാലം മനശ്ശിലാ
    ഗൈരികാഞ്ജനകാസീസ
    സീസലോഹാസ്സഹിംഗുളാഃ
    ഗന്ധകോഭ്രകഇത്യാദ്യാ
    ധാതവോഗിരിസംഭവാഃ’
  • സ്വർണ്ണം, വെള്ളി, ചെമ്പു്, അരിതാരം, മനോല, കാവിമണ്ണു, അഞ്ജനം, കാരിയ്യം, ഇയ്യം, ഇരിമ്പു്, ചായില്യം, ഗന്ധകം, അഭ്രം മുതലായവ പർവതത്തിൽനിന്നുണ്ടാകുന്ന ധാതുക്കളാകുന്നു.
  • ധാതുദ്രവ്യങ്ങൾ വിളയുന്ന സ്ഥലം
  • ക്രിയാപദങ്ങളുടെ മൂലം
  • ധാതു എന്നാൽ ക്രിയയെ കുറിക്കുന്ന ശബ്ദം അല്ലെങ്കിൽ പ്രകൃതി.
  • ത്രിദോഷങ്ങൾ (വാതം, പിത്തം, കഫം)
  • സപ്തധാതുക്കൾ (രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം)
  • പഞ്ചഭൂതങ്ങൾ (ഭൂമി, ജലം, അഗ്നി, വായു, ആകാശം)
  • കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും (ശബ്ദം, രസം, രൂപം, സ്പർശം, ഗന്ധം, കണ്ണു, മൂക്കു, ചെവി, നാവു, തൊലി)
  • കാവിമണ്ണു്
  • സ്വർണ്ണം
  • ഇരിമ്പ്
  • ചെമ്പു്
  • ഉത്ഭവസ്വഭാവം (മൂലം)
ധാതുകാസീസം
  • കാതീതം
  • അന്നവേതി
  • അന്നഭേദി
  • വാതം, കഫം, ചൊറി, അശ്മരി, മൂത്രകൃഛ്റം, നേത്രരോഗം, ശ്വിത്രം മുതലായവക്കു നന്നു. ക്ഷയത്തെ ശമിപ്പിക്കും. വ്രണത്തെ വറട്ടും. ദേഹകാന്തിയെ ഉണ്ടാക്കും. ജോനകനാരങ്ങനീരിൽ സ്വേദനയന്ത്രത്തിൽ പചിച്ചു ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയാൽ ശുദ്ധമാകും. സംസ്കൃതം: കാസീസം.ഇംഗ്ലീഷ്: Sulphate of iron, Green vitriol സൽഫേറ്റ് ആഫ് അയേൺ, ഗ്രീൻവിട്രിയൽ.
ധാതുഘ്നം
  • കാടി
ധാതുജം
  • ധാതുവിൽ ജനിക്കുന്നതു്
  • വ്യാകരണപ്രകാരം അവ്യയങ്ങളെ ഉല്പത്തി പ്രമാണിച്ചു നാലായി പിരിച്ചതിൽ ഒന്നു്
  • ഉദാ:‘ഉറച്ചു്’ സംസാരിക്കുന്നു.
ധാതുദ്രവ്യം
  • സ്വർണ്ണം മുതലായതു്
ധാതുപുഷ്പിക
  • താതിരിമരം
  • കാവിമണ്ണിനോടു് തുല്യനിറമുള്ള പൂവുള്ളതു് എന്നർത്ഥം.
ധാതുമലം
  • കാരീയം
ധാതുമാരിണി
  • പൊൻകാരം
ധാതുവാദി
  • രസവാദി
ധാതുവൈരി
  • ഗന്ധകം
ധാതൃപുഷ്പികാ
  • താതിരി
  • ശോഭയെ ധരിക്കുന്നതായ പൂവുള്ളതു് എന്നർത്ഥം.
ധാത്രികാ
  • നെല്ലി
ധാത്രീ
  • ഭൂമി
  • വളർത്തമ്മ
  • ‘എൻബാഹുക്കൾക്കു ധാത്രീഗളതലമതു’
    — അമരുകശതകം
    .
  • നെല്ലി, നെല്ലിക്ക
  • പാനം ചെയ്യപ്പെടുന്നവൾ, അനുഭവിക്കപ്പെടുന്നവൾ, അനുഭവിക്കപ്പെടുന്നതു ഇങ്ങിനെ ശബ്ദാർത്ഥം.
ധാത്രീകഥ
  • അതിബാല്യത്തിൽ ശിശുക്കൾക്കു കേട്ടു രസിക്കാനുള്ള കഥ
ധാത്രീദേവൻ
  • ബ്രാഹ്മണൻ
ധാത്രീപതി
  • രാജാവു്
ധാത്രീപത്രം
  • താലീസപത്രം
ധാത്രീഫലം
  • നെല്ലി
ധാത്രേയിക
  • വളർത്തമ്മയുടെ പുത്രി
  • ‘ഓർത്തുധാത്രേയികയാംശൂദ്രയുമതുനേരം’
    — ഭാരതം
    .
ധാത്വക്ഷരങ്ങൾ
ധാന
  • ഊമൻ മലർ
  • യവം വറുത്തുപൊടിച്ചതു്
  • അരി മുതലായതു വറുത്തുപൊടിച്ചതു
  • കൊത്തമ്പാലയരി
  • ധനധാന്യങ്ങളെ പോഷിപ്പിക്കുന്നതു എന്നർത്ഥം.
ധാനകം
  • കൊത്തമ്പാലയരി
ധാനി
  • ഇരിപ്പിടം
ധാനുഷ്കൻ
  • വില്ലാളി
  • ധനുസ്സുപ്രഹരണമായിട്ടുള്ളവൻ എന്നർത്ഥം.
ധാനുഷ്യം
  • മുള
ധാന്യകം
  • കൊത്തമ്പാലയരി
ധാന്യകോഷ്ഠം
  • കളപ്പുര
  • വല്ലം
ധാന്യത്വക്കു്
  • ധാന്യങ്ങളുടെ തൊലി
  • ഉമി
ധാന്യം
  • നെല്ലു് ചാമ പയറു മുതലായവ
  • കൊത്തമ്പാലയരി
  • ധനത്തിൽ സാധു എന്നർത്ഥം. [നെല്ലു് യവം മുതലായ ധാന്യസാമാന്യത്തിന്റെ പേർ = ധാന്യം, വ്രീഹി, സ്തംബകരി.
ധാന്യരാജൻ
  • യവം
ധാന്യവർദ്ധനം
  • പൊലികടം
ധാന്യവീരം
  • ഉഴുന്നു്
ധാന്യവൃത്തി
  • നിറം
  • പൊലികടം
ധാന്യശൂകം
  • നെല്ലിന്റെ ഓകു്
ധാന്യസാര
  • മെതിച്ചെടുത്ത നെല്ലു്
ധാന്യകം
  • കൊത്തമ്പാലയരി
ധാന്യാമ്ലം
  • വെപ്പുകാടി
  • ചെന്നെല്ലും മറ്റും കൊണ്ടുണ്ടാക്കിയ കാടി
ധാന്യാരി
  • എലി
ധാന്യാർത്ഥം
  • ധാന്യസമ്പത്തു്
ധാന്യോൽക്ഷേപണം
  • നെല്ലു് കാറ്റത്തിടുക
ധാന്യോത്തമം
  • ചെന്നെല്ലു്
ധാമനിധി
  • സൂര്യൻ
  • തേജസ്സിന്നിരിപ്പിടം എന്നർത്ഥം.
ധാമം
  • ഗൃഹം, ഇരിപ്പിടം, വാസസ്ഥാനം
  • ദേഹം
  • ശോഭ, തേജസ്സു്
  • പ്രഭാവം, കീർത്തി
  • ‘സമമുടനുൽഗിരന്തിപരധാമസമാക്രമണേ’
    — അഭിജ്ഞാനശാകുന്തളം
    .
  • സ്ഥലം
  • ജനനം
  • ധരിക്കുന്നതു്, ധരിക്കപ്പെടുന്നതെന്നർത്ഥം.
ധാമാർഗ്ഗവം
  • വലിയ കടലാടി, ഗൃഹത്തെ ശുദ്ധിവരുത്തുന്നതു്
  • (ഇതുകൊണ്ടു ചൂൽ കെട്ടിയുണ്ടാക്കി ഭവനം അടിച്ചുനന്നാക്കുന്നു).
  • പീരകം
  • വരിപ്പീച്ചിൽ
  • ആനപ്പീച്ചിൽ
  • വഴിയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതെന്നർത്ഥം. തേജസ്സുള്ളതു് എന്നുമാവാം.
  • ചെറിയ കടലാടി
  • ദേവതാളി
ധായ
  • വിശേഷണം:
  • തനിക്കുള്ള
  • അവകാശമുള്ള
ധാർയ്യാ
  • അഗ്നിയെ പ്രജ്വലിപ്പിക്കുവാനുള്ള ഋക്കുമന്ത്രം
  • അഗ്നി ഇതുകൊണ്ടു പുഷ്ടിയെ പ്രാപിക്കുന്നു എന്നർത്ഥം. ‘ഉൽബുധ്യസ്വാഗ്നേ........’ ഇത്യാദിയത്രേ മന്ത്രം.
ധാര
  • ഇടവിടാതെയുള്ള മഴ
  • ഒരു ദ്വാരത്തിലോ മറ്റൊ കൂടി വണ്ണംകുറഞ്ഞു ഇടവിടാതെ ചോരുക
  • ചില ദീനക്കാർക്കു എണ്ണ മുതലായതുകൊണ്ടു ധാരചെയ്ക
  • വാളിന്റെ മൂർച്ച
  • കുതിരയുടെ നടപ്പു്
  • ആസ്കന്ദിതാദികളായ അഞ്ചു് അശ്വഗതി വിശേഷങ്ങൾക്കു പൊതുവിലുള്ള പേർ.
  • കടം
  • ജലം
  • ജലധാര, അവിച്ഛിന്നമായ ജലപ്രവാഹം
ധാരകം
  • പാത്രം
  • പെട്ടി
  • ജലപാത്രം
ധാരക്കിടാരം
  • ധാരചെയ്യുന്നതിനുള്ള ചെമ്പുപാത്രം
ധാരച്ചട്ടി
  • ധാരവീഴ്ത്തുന്നതിനുള്ള പാത്രം
  • ധാരക്കിടാരം
ധാരണ
  • നിലനില്പു്, മര്യാദ, ന്യായമാർഗ്ഗത്തിൽനിന്നു തെറ്റായ്ക
  • ധർമ്മത്തെ ധരിക്കുന്നതെന്നർത്ഥം.
  • ധാരണാശക്തി, ധീരത
  • യോഗവിദ്യയുടെ ഒരു സമ്പ്രദായഭേദം. അഷ്ടാംഗയോഗത്തിൽ ഒന്നു്
  • നാഭിചക്രം, നാസാഗ്രം മുതലായ ചില സ്ഥലങ്ങളിൽ മനസ്സിനെ നിറുത്തുന്നതാകുന്നു ധാരണ. ധേയ വസ്തുവിൽതന്നെ ചിത്തത്തേ സ്ഥിരമായി ബന്ധിച്ചുവെച്ചുകൊണ്ടിരിക്കുന്ന അവസ്ഥ.
  • ഓർമ്മ
  • കടം
  • ബുദ്ധിക്കു മൂന്നു ശക്തികൾ ഉണ്ടു്. അവ താഴെ വിവരിക്കുന്നു. 1. ഗ്രഹണം – പറയുന്നതു കേട്ടമാത്രയിൽ മനസ്സിലാക്കുന്നതു്. 2. ധാരണ – മനസ്സിലാക്കിയതിനെ ഉറപ്പായി വച്ചു് ആവശ്യംപോലെ അനുമാനാദികളെ ഉപയോഗിച്ചു കാര്യങ്ങളെ അറിയുന്നതു്. 3. സ്മരണ – പഠിച്ചതുമാത്രം ഓർമ്മിക്കുന്നതു്.
ധാരണകൻ
  • കടക്കാരൻ
  • കടമുള്ളവൻ
ധാരണത്തോണി
  • ധാരചെയ്യുന്നതിന്നു കിടപ്പാനുള്ള തോണി
ധാരണം
  • ധരിക്കുക
  • എടുക്കുക
ധാരണാവൽ
  • വിശേഷണം:
  • ധാരണയുള്ള
ധാരണാവതി
  • ബുദ്ധി
ധാരണാശക്തി
  • മനസ്സിലാക്കിയതൊന്നും മറക്കാതിരിക്കുന്ന ശക്തി
ധാരൻ
  • വിഷ്ണു
ധാരപ്പാത്തി
  • ധാരത്തോണി
ധാരം
  • മഴവെള്ളം
  • താണ സ്ഥലം
  • അതിരു്
  • ഒരുവക കല്ലു്
  • ആലിപ്പഴം
ധാരയിടുന്നു
  • ധാരകോരുന്നു
  • ധാരവീഴ്ത്തുന്നു
ധാരയിത്രീ
  • ഭൂമി
ധാരാ
  • ക്ഷീരകാകോളി
ധാരാടം
  • കുതിര
ധാരാധരം
  • മേഘം
  • ജലധാരയെ ധരിക്കുന്നതു് എന്നർത്ഥം.
  • വാൾ
  • ‘ധാരാധരോസിമേഘയോഃ’
    — മേദിനി
    .
ധാരാങ്കുരം
  • ആലിപ്പഴം, കരകം
  • ചാറ്റുമഴ
ധാരായന്ത്രം
  • ജലം മുകളിൽ കൊണ്ടുവന്നു കീഴ്പ്പൊട്ടു ചൊരിയിക്കുന്ന യന്ത്രം
ധാരാവാഹി
  • രീതികളിൽ ഒന്ന്
  • നിരർഗ്ഗളമായ ധാടിയോടു കൂടെ ഗംഗാപ്രവാഹം പോലെ ഝളഝളായമാനമായി പറയുന്ന വാഗ്ദ്ധോരണിയത്രേ ധാരാവാഹി. വാസനയുള്ളവന്റെ വാക്ക് ധാരാവാഹിയായിരിക്കും. ഇതിന്നു വിപരീതം – ക്ലിഷ്ടം. (സാഹിത്യസാഹ്യം.)
ധാരാസമ്പാതം
  • പെരുമഴ
  • ധാരമുറിയാതെയുള്ള മഴ
  • ജലധാരകൾ ഒരുമിച്ചു കൂടി ഇടയില്ലാതെ വീഴുക എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ആസാരം.
ധാരാള
  • വിശേഷണം:
  • വെള്ളത്തോടുകൂടിയിരിക്കുന്ന
ധാരാളം
  • ലോഭം കൂടാതെയുള്ളതു്
  • ഔദാര്യം
  • ‘ധാരാളമാർക്കുമുളവാംതണലത്തുറക്കം’
    — അഭിജ്ഞാനശാകുന്തളം
    .
ധാരാളംവെക്കുന്നു
  • മടികൂടാതെ മുതൽ ചെലവിടുന്നു
ധാരി
  • ഉകമരം
ധാരി
  • വിശേഷണം:
  • ധരിക്കുന്ന
ധാരിണി
  • അഗ്നിമിത്രന്റെ മഹിഷി
ധാരിണി
  • ഇലവ്
  • ഭൂമി
ധാർത്തരാഷ്ട്രം
  • കറുത്ത കൊക്കും ചുണ്ടുമുള്ള അരയന്നം
  • ധൃതരാഷ്ട്രദേശത്തിലുള്ളതു് എന്നർത്ഥം.
  • പാമ്പു്
ധാർമ്മപത്തനം
  • നല്ലമുളകു്
  • കൊടിമുളകു്
ധാർമ്മിക
  • വിശേഷണം:
  • ധർമ്മമുള്ള
ധാര്യ
  • വിശേഷണം:
  • ധരിക്കപ്പെടുവാൻ യോഗ്യമായ
  • ‘അനഘംവക്ഷസിധാര്യമായരത്നം’
    — അഭിജ്ഞാനശാകുന്തളം
    .
ധാർഷ്ട്യക്കാരൻ
  • ധാർഷ്ട്യം (ധൃഷ്ടത)യുള്ളവൻ
ധാർഷ്ട്യം
  • കുറച്ചു അറിവോ ബലമോ ഉള്ളതിനെ അധികം തോന്നിക്ക, അറിവില്ലാത്തവൻ അറിവുണ്ടെന്നു ഭാവിക്ക, ലജ്ജയില്ലായ്ക, വലിപ്പം ഭാവിക്ക
  • സാഹസം, കൂസൽകൂടാതെയുള്ള പ്രവൃത്തി
  • ‘ദുർബ്ബല! നിന്നുടെധാർഷ്ട്യമിതെല്ലാ
    മെന്നുടെനേരേകൊണ്ടുവരേണ്ടാ’
    — ലങ്കാമർദ്ദനം തുള്ളൽ
ധാവക
  • വിശേഷണം:
  • ഓടുന്ന
  • ഒലിക്കുന്ന
  • വേഗമുള്ള
  • കഴുകുന്ന
ധാവകൻ
  • ഓടുന്നവൻ
  • വൃത്തിയാക്കുന്നവൻ
  • അലക്കുകാരൻ
  • ശ്രീഹർഷരാജാവിനുവേണ്ടി ‘രത്നാവലി’ എന്ന ഗ്രന്ഥം രചിച്ച ഒരു കവി
ധാവതിചെയ്യുന്നു, ധാവതിവയ്ക്കുന്നു
  • പോകുന്നു
  • ഓടുന്നു
  • ‘ധാവതിപ്പിച്ചുമങ്ങോടിങ്ങോടുംപലവിധം’
    — ഭാഗവതം
    ‘എന്തുഘോഷമിതെന്നുഗോപിക
    ളന്തികത്തിൽവരുംവിധൗ
    ഹന്തചാടിനടന്നുധാവതിവയ്ക്കയും’
    — ഭാഗവതംഇരുപത്തുനാലുവൃത്തം
ധാവനം
  • ഓട്ടം
  • ശുദ്ധിവരുത്തുക
  • കഴുകിനന്നാക്കുക
ധാവനി
  • ഒരു ചെടി, മുവ്വില
  • വ്യാപിക്കുന്നതു് എന്നർത്ഥം. ശുദ്ധിയെ ചെയ്യുന്നതു് എന്നുമാവാം.
  • ഓരില
  • പെരുമല്ലി
  • കണ്ടകാരിച്ചുണ്ട
  • കിലുകിലുപ്പു്
ധാവനിക
  • ഒരു ചെടി
  • ചെറുവഴുതിന
ധാവള ്യം
  • വെളുപ്പു്
ധാവിത
  • വിശേഷണം:
  • ശുദ്ധീകരിക്കപ്പെട്ട
ധി
ധിൿ
  • നിന്ദിക്കുക
  • കഷ്ടം
  • അപകാരശബ്ദങ്ങളെക്കൊണ്ടു ഭയമുണ്ടാക്കുക
ധിൿധിൿ
  • കഷ്ടം കഷ്ടം
ധിക്കരിക്കുന്നു
  • നിന്ദിക്കുന്നു
ധിക്കാരം
  • നിന്ദ
ധിക്കാരി
  • നിന്ദകാട്ടുന്നവൻ
ധിക്കൃത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
ധിക്കൃതൻ
  • ധിക്കരിക്കപ്പെട്ടവൻ
  • ധിൿ എന്നു പറഞ്ഞു നിന്ദിക്കപ്പെട്ടവൻ എന്നർത്ഥം. (ധിക്കരിക്കുക = നിന്ദിക്കുക)
  • പര്യായപദങ്ങൾ:
    • അപദ്ധ്വസ്തൻ.
ധിക്കൃതി
  • നിന്ദ
ധിഷണ
  • ബുദ്ധി
  • അർത്ഥംധരിക്കുന്നതിനുള്ളതു്, ജനങ്ങളെ പ്രഗൽഭന്മാരാക്കിത്തീർക്കുന്നതു് ഇങ്ങിനെ അർത്ഥം.
  • ഭൂമി
ധിഷണൻ
  • വ്യാഴം, ബൃഹസ്പതി
  • പ്രഗൽഭൻ, പ്രശസ്തമായ ബുദ്ധിയുള്ളവൻ
  • ‘അയിപടു ധിഷണാ നിന്നാശയം നൈവജാനെ’
    — അഭിജ്ഞാനശാകുന്തളം
    .
ധിഷണം
  • ഭവനം
ധിഷ്ണ്യൻ
  • അസുരഗുരുവായ ശുക്രൻ
ധിഷ്ണ്യം
  • ഭവനം
  • സ്ഥാനം
  • അഗ്നി. പ്രസിദ്ധപ്പെട്ടതെന്നർത്ഥം
  • നക്ഷത്രം
  • ശക്തി
ധീ
ധീ
  • ബുദ്ധി
  • ധ്യാനിക്കുന്നതിനുള്ളതെന്നർത്ഥം. ധ്യാനിക്കുന്നതു് എന്നുമാവാം (ധ്യൈ ചിന്തായാം).
ധീഗുണങ്ങൾ
  • ബുദ്ധിഗുണങ്ങൾ
  • ‘ശുശ്രൂഷാ ശ്രവണംചൈവ
    ഗ്രഹണം ധാരണംതഥാ
    ഊഹാപോഹോർത്ഥവിജ്ഞാനം
    തത്വജ്ഞാനഞ്ച ധീ ഗുണാഃ’
ധീന്ദ്രിയം
  • മനസ്സ് കണ്ണു് മുതലായതു്
  • (ധീ = ജ്ഞാനം. ജ്ഞാനേന്ദ്രിയം.)
  • ‘മനഃകർണ്ണൗ തഥാനേത്രം
    രസനാ ചത്വചാസഹ
    നാസികാ ചേതി ഷൾതാനി
    ധീന്ദ്രിയാണി പ്രചക്ഷതേ’
  • മനസ്സു്, ചെവി, കണ്ണു്, രസന, ത്വക്, നാസിക ഇവ ആറും ജ്ഞാനേന്ദ്രിയങ്ങൾ. കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും അയ്യഞ്ചാണെന്നും കാണുന്നുണ്ടു്. അവിടെ മനസ്സിനെ ഇന്ദ്രിയങ്ങളുടെ കൂട്ടത്തിൽ ഗണിക്കുന്നില്ല. ഇതു സംബന്ധിച്ചു യോഗശാസ്ത്രാദികളിൽ നിന്നും കൂടുതൽ വിവരം ഗ്രഹിക്കാം.
ധീമൽ
  • വിശേഷണം:
  • ബുദ്ധിയുള്ള
ധീമതി
  • ബുദ്ധിയുള്ളവൾ
  • ബുദ്ധിമതി
  • അലൗകികങ്ങളായ വസ്തുക്കളിൽ കൂടി അറിവുള്ളവൾ
ധീമാൻ
  • വിദ്വാൻ
  • ബുദ്ധിയുള്ളവനെന്നർത്ഥം.
ധീര
  • വിശേഷണം:
  • മനസ്സിന്നുറപ്പുള്ള
  • ബുദ്ധിയുള്ള
ധീരൻ
  • ധൈര്യമുള്ളവൻ
  • വിദ്വാൻ
  • ബുദ്ധിയെ ദാനംചെയ്യുന്നവനെന്നർത്ഥം. എല്ലാക്കാര്യത്തിലും മനസ്സിരുത്തി പ്രവർത്തിക്കുന്നവനെന്നുമാവാം.
ധീരപ്രസന്നൻ
  • നാടകത്തിലേ ഒരു നായകൻ
ധീരം
  • കുങ്കുമം
  • ശോഭയെ ധരിക്കുന്നതെന്നർത്ഥം.
  • ഇടവകും
  • കടൽ
ധീരപ്രശാന്തൻ
  • നാടകത്തിലേ നാലു വിധം നായകന്മാരിൽ ഒരുവൻ
  • ‘സാമാന്യഗുണൈർഭൂയാൻ
    ദ്വിജാദികോധീരശാന്തഃസ്യാൽ’
    — സാഹിത്യദർപ്പണം
  • ഉദാ:മാലതീമാധവത്തിലേ മാധവൻ മുതലായവർ.
ധീരലളിതൻ
  • നാടകത്തിലേ നാലുവിധം നായകന്മാരിൽ ഒരുവൻ
  • ‘നിശ്ചിതോമൃദുരനിശം
    കലാപരോധീരലളിതഃ സ്യാൽ’
    — സാഹിത്യദർപ്പണം
  • ഉദാ:രത്നാവലിയിലെ വത്സരാജൻ മുതലായവർ.
ധീരസ്കന്ദം
  • പോത്തു്
ധീരാ
  • ചിറ്റമൃതു്
  • കാകോളി
  • വലിയ വാലുഴവം
  • ഇരിവൂൾമരം
ധീരോദാത്ത
  • വിശേഷണം:
  • ധൈര്യം ഉന്മേഷം മുതലായ സൽഗുണങ്ങൾ തികഞ്ഞിട്ടുള്ള
  • നായകഗുണത്തോടുകൂടിയ
ധീരോദാത്തൻ
  • നാടകത്തിലേ നാലുവിധം നായകന്മാരിൽ ഒരുവൻ
  • ‘അവികർത്ഥനഃക്ഷമാവാ
    നതിഗംഭീരോമഹാസത്വഃ
    സ്ഥേയാന്നിഗൂഢമാനോ
    ധീരോദാത്തോ ദൃഢവ്രതഃ കഥിതഃ’
    — സാഹിത്യദർപ്പണം
  • ഉദാ:രാമൻ യുധിഷ്ഠിരൻ മുതലായവർ.
ധീരോദ്ധതൻ
  • നാടകത്തിലേ നാലുവിധം നായകന്മാരിൽ ഒരുവൻ
  • ‘മായാപരഃ പ്രചണ്ഡ
    ശ്ചപലോഹംകാരദർപ്പഭൂയിഷ്ഠഃ
    ആപ്തശ്ലാഘാനിരതോ
    ധീരൈർദ്ധീരോദ്ധതഃ കഥിതഃ’
    — സാഹിത്യദർപ്പണം
  • ഉദാ:ഭീമസേനൻ മുതലായവർ.
ധീവരകൻ
  • മുക്കുവൻ
ധീവരൻ
  • മുക്കുവൻ
  • മത്സ്യത്തെ പിടിക്കുന്നവനെന്നർത്ഥം.
  • ബുദ്ധിമാൻ
  • കൗശലംകൊണ്ടു മത്സ്യത്തെ പിടിക്കുന്നവനാകയാൽ ബുദ്ധികൊണ്ടു ശ്രേഷ്ഠൻ എന്ന അർത്ഥവും വന്നു.
ധീവാ
  • കന്നാൻ
ധീശക്തി
  • ബുദ്ധിശക്തി
  • ബുദ്ധിസാമർത്ഥ്യം
ധീസഖൻ
  • മന്ത്രി
ധീസചിവൻ
  • പ്രധാന മന്ത്രി
  • ബുദ്ധികൊണ്ടു സഹായിക്കുന്നവനെന്നർത്ഥം. ബുദ്ധിയുള്ള മന്ത്രി എന്നുമാവാം.
ധു
ധുത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
  • കുറഞ്ഞോന്നു ഇളക്കപ്പെട്ട
ധുത്തൂരം
  • ഉമ്മത്തു്
ധുനി
  • നദി
  • പുഴ. സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം
  • ‘അമൃതകരകരോടീസ്വർദ്ധുനീബദ്ധചൂഡം’
    — ഉണ്ണുനീലീസന്ദേശം
    .
ധുന്ധു
  • ഒരസുരൻ
  • ഇയാൾ മണലിൽ ഒളിച്ചിരുന്നു. കുവലയാശ്വരാജാവു തന്റെ 21൦൦൦ മക്കൾ ഒന്നിച്ചു് അയാളെ കുഴിച്ചെടുപ്പാൻ നന്നേ ശ്രമിച്ചു മൂന്നുപേരൊഴിച്ചു ശേഷം എല്ലാവരും ഇതുമൂലം ദഹിച്ചു. വല്ല വിധവും ഒടുവിൽ കുവലയാശ്വൻ അയാളെ പുറത്താക്കി വധിച്ചു.
ധുന്ധുമാരൻ
  • കുവലയാശ്വരാജാവു്
ധുംധുമാരം
  • ഒരുവക പുഴു (കൃമി), ഇന്ദ്രഗോപം
  • ഗൃഹത്തിലുള്ള പുക
ധുരന്ധരൻ
  • ഭാരത്തെ വഹിക്കുന്ന കാള
  • ഉപചാരാൽ മറ്റു ഭാരവാഹികൾക്കും പറയാം.
ധുരന്ധര
  • വിശേഷണം:
  • ഭാരത്തെ വഹിക്കുന്ന, ഒരു കാര്യത്തെ തനിച്ചു ഭരിക്കുന്ന
ധുരന്ധരം
  • ഞമ
ധുര
  • ഭാരം, ചുമടു്
  • വിചാരം
  • രഥത്തിന്റെ മുൻ തണ്ടു്
ധുരാ
  • ചുമടു്
ധുരീണ
  • വിശേഷണം:
  • ഭാരത്തെ വഹിക്കുന്ന
ധുരീണൻ
  • ഭാരത്തെ വഹിക്കുന്ന കാള
  • പൊതിക്കാള
  • (ഉപചാരാൽ മറ്റു ഭാരവാഹികൾക്കും പറയാം.)
ധുരീയം
  • കാള
ധുർത്തൂരാ
  • ഉമ്മത്തു്
ധൂർദ്ധൂരം
  • ഉമ്മത്തു്
ധുര്യ
  • വിശേഷണം:
  • ഭാരത്തെ വഹിക്കുന്ന
ധുര്യൻ
  • ഭാരത്തെ വഹിക്കുന്ന കാള
  • പൊതിക്കാള
  • (ഉപചാരാൽ മറ്റു ഭാരവാഹികൾക്കും പറയാം) കുതിര എന്നു അർത്ഥവും കാണുന്നു.
  • ‘അഥയന്താരമാദിശ്യ
    ധുര്യാൻവിശ്രാമയേതിസഃ’
    — രഘുവംശം
  • ഇവിടെ ധുര്യാൻ എന്നതിന്നു കുതിരകളെ എന്നർത്ഥം.
ധുര്യം
  • കാള
  • ഇടവകം
ധുർവ്വഹ
  • വിശേഷണം:
  • ഭാരത്തെ വഹിക്കുന്ന
ധുർവ്വഹൻ
  • ഭാരം വഹിക്കുന്നവൻ
  • പൊതിക്കാള
ധുവനം
  • അഗ്നി
ധുവിത്രം
  • വിശറി
  • ആലവട്ടം
  • (ധവിത്രത്തിന്റെ പാഠം).
ധുസ്തുരം
  • ഉമ്മത്തു്
ധുസ്തൂരം
  • ഉമ്മത്തു്
ധൂ
ധൂകം
  • വായു
  • വഞ്ചകൻ
ധൂത
  • വിശേഷണം:
  • ഇളക്കപ്പെട്ട
  • നിന്ദിക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട
ധൂനനം
  • ഇളക്കം
  • ഇളക്കുക
ധൂനികം
  • ചെഞ്ചല്യം
ധൂപക്കാൽ
  • ധൂപക്കുറ്റി
ധൂപക്കുറ്റി
  • ധൂപിക്കുന്നതിനുള്ള പാത്രം
ധൂപനം
  • കുന്തുരുക്കം
ധൂപഭൂരുഹം
  • ഗുഗ്ഗുലു
ധൂപം
  • സുഗന്ധദ്രവ്യങ്ങളിട്ടു പുകക്കുക
  • ധൂമം, പുക
ധൂപവർഗ്ഗം
  • ധൂപിപ്പാനുള്ള വസ്തുക്കൾ
ധൂപവൃക്ഷം
  • ചരളം
ധൂപാംഗം
  • തിരുവട്ടപ്പശ
ധൂപായിത
  • വിശേഷണം:
  • ചൂടു പിടിപ്പിക്കപ്പെട്ട
  • സന്തപിപ്പിക്കപ്പെട്ട
  • ഉഷ്ണിച്ച
ധൂപാരാധന
  • ധൂപംകൊണ്ടു പൂജിക്ക
ധൂപിക്കുന്നു
  • പുകക്കുന്നു
ധൂപിത
  • വിശേഷണം:
  • ധൂപിക്കപ്പെട്ട
  • ചൂടുപിടിപ്പിക്കപ്പെട്ട, സന്തപിപ്പിക്കപ്പെട്ട, ഉഷ്ണിച്ച.
ധൂമകേതു
  • ദുർന്നിമിത്തസൂചകമായ വാൽനക്ഷത്രം
  • അഗ്നി
  • അഗ്നിയാലുണ്ടാക്കപ്പെട്ട ഉപദ്രവം
  • (ആപത്തു്).
  • ഗ്രഹണസന്ദർഭത്തിൽ അഗ്നിമണ്ഡലത്തിൽ നിന്നുണ്ടാകുന്ന ഉൽപാതസൂചകമായ തേജസ്സ്
  • ധൂമമാകുന്ന ചിഹ്നത്തോടുകൂടിയതു എന്നർത്ഥം] ചില ഗോളങ്ങൾ സൂര്യന്റെ ചുറ്റും വൃത്തത്തിൽ ചുറ്റുന്നവയും, ചിലതു അണ്ഡാകൃതിയിൽ സഞ്ചരിക്കുന്നവയും മറ്റുചിലതു ഇരിമ്പുകുടിലിന്റെ ആകൃതിയിൽ സഞ്ചരിക്കുന്നവയും ആയിട്ടുണ്ടു്. ധൂമകേതുവർഗ്ഗം മേല്പറഞ്ഞ ആകൃതികളിലെല്ലാം ഗതിചെയ്യുന്ന വകക്കാരാണു്. ഈ ധൂമകേതുക്കളെല്ലാം സൂര്യനെ വളഞ്ഞു ചുറ്റുന്നു. ഇപ്പോൾ ഏകദേശം ഇരുന്നൂറിൽ ചില്വാനം ധൂമകേതുക്കളുടെ ഗമനമാർഗ്ഗങ്ങൾ കണ്ടുകിട്ടീട്ടുണ്ടു്. ഈ ധൂമകേതുക്കൾ മണിക്കൂറിൽ മൂന്നുകോടി ഇരുപതുലക്ഷം നാഴികവരെ ഗതി വേഗത്തോടുകൂടിയവയാകുന്നു. ഒന്നു മുതൽ എഴുപത്തഞ്ചുവരെ കൊല്ലങ്ങളെക്കൊണ്ടു സൂര്യനെ ഒരു വട്ടം ചുറ്റിമറിഞ്ഞു മറയുന്നു. ഭൂമിയുടെയും ധൂമകേതുവിന്റെയും ഗമനമാർഗ്ഗങ്ങൾ ഇടയുന്ന ദിക്കിൽവച്ചു ധൂമകേതുവും ഭൂമിയും തമ്മിൽ കൂട്ടി മുട്ടുന്നതായാൽ ഭൂമി നശിച്ചു വെണ്ണീരായി എന്നുകൂടെ വന്നേക്കാം.
  • പര്യായപദങ്ങൾ:
    • അഗ്ന്യുൽപാതം
    • ഉപാഹിതം.
ധൂമജം
  • മുത്തങ്ങ
  • മേഘം
ധൂമദ്ധ്വജൻ
  • അഗ്നി
ധൂമപത്രം
  • പുകയില
ധൂമപത്രാ
  • പുകയില
ധൂമം
  • പുക
ധൂമയോനി
  • മേഘം
  • ധൂമത്തിൽനിന്നുണ്ടായതു് എന്നർത്ഥം.
ധൂമവർണ്ണൻ
  • ഒരു നാഗരാജാവു്
  • യദുവിനെ ബലാൽ പിടിച്ചു തലസ്ഥാനത്തു കൊണ്ടുചെന്നു തന്റെ അഞ്ചു പുത്രിമാരേയും അയാളേക്കൊണ്ടു വിവാഹം ചെയ്യിച്ചു.
ധൂമള
  • വിശേഷണം:
  • കരിച്ചെമപ്പുനിറമുള്ള
ധൂമളം
  • കറുപ്പും ചെമപ്പും കൂടിയ നിറം
  • ധൂമ്രവർണ്ണം
  • പുകയുടെ നിറത്തെ ആദാനംചെയ്യുന്ന എന്നർത്ഥം. പുകയുടെ നിറത്തോടുതുല്യം.
ധൂമാഭ
  • വിശേഷണം:
  • പുകയുടെ നിറംപോലെ നിറമുള്ള
ധൂമാഭം
  • പുകനിറം
ധൂമാവലി
  • പുകക്കൂട്ടം
ധൂമിക
  • ആവി
  • മഞ്ഞു്, മൂടൽമഞ്ഞു്
  • പുക
ധൂമൗർണ്ണാ
  • യമന്റെ ഭാര്യ
ധൂമ്യ
  • പുകക്കൂട്ടം
ധൂമ്യാടം
  • ചെറുകുരികിൽപക്ഷി
  • കുടുമച്ചാത്തൻ
  • പുകപോലെ സഞ്ചരിക്കുന്നതു് എന്നർത്ഥം.
ധൂമ്ര
  • വിശേഷണം:
  • ധൂമ്രവർണ്ണമുള്ള
ധൂമ്ര(കം)
  • ഒട്ടകം
ധൂമ്രൻ
  • ശിവൻ
ധൂമ്രം
  • കറുപ്പും ചെമപ്പും കൂടിയ നിറം
  • പുകയുടെ നിറത്തേ ആദാനം ചെയ്യുന്നതു് എന്നർത്ഥം. പുകയുടെ നിറത്തോടുസദൃശം.
  • അറബിക്കുന്തുരുക്കം
  • പാപം
  • ദൗഷ്ട്യം
ധൂമ്രവർണ്ണ
  • വിശേഷണം:
  • കറുപ്പും ചെമപ്പും കൂടിയ നിറമുള്ള
ധൂമ്രവർണ്ണം
  • കറുപ്പും ചെമപ്പും കൂടിയ നിറം
  • പര്യായപദങ്ങൾ:
    • ധൂമ്രം
    • ധൂമളം
    • കൃഷ്ണലോഹിതം.
ധൂമ്രശൂകം
  • ഒട്ടകം
ധൂമ്രാ
  • ദുർഗ്ഗാ
ധൂർ
  • ചുമടു്
ധൂർജ്ജടി
  • ശിവൻ
  • ചുമടായ ജടയുള്ളവൻ, വളരെ വലിപ്പമുള്ള ജടയുള്ളവൻ എന്നർത്ഥം.
ധൂർത്ത
  • വിശേഷണം:
  • ചതിവുള്ള
ധൂർത്തകൻ
  • കുറുക്കൻ
  • കള്ളൻ
ധൂർത്തനർത്തകം
  • ശൈവസന്യാസികളെ പരിഹസിച്ചു സാമരാജദീക്ഷിതർ ഉണ്ടാക്കിയ ഒരു നാടകം
ധൂർത്തൻ
  • ചതിയൻ
  • ചൂതുകളിക്കുന്നവൻ
  • ഹിംസിക്കുന്നവൻ, മുതൽ നശിപ്പിക്കുന്നവൻ എന്നർത്ഥം.
  • കള്ളൻ
  • താന്തോന്നി
ധൂർത്തം
  • ഉമ്മത്തു്
  • ഹിംസിക്കുന്നതു് എന്നർത്ഥം.
  • വിളയുപ്പു്
  • ഇരിമ്പിൻകിട്ടം
  • അടവിക്കച്ചോലം
  • ഗുഗ്ഗുലു
ധൂർത്തത
  • ചതിവു്
  • താന്തോന്നിത്തം
ധൂർത്തസമാഗമം
  • ഒരു നാടകം
  • ഹാസ്യരസപ്രധാനമാണു്. വിശേഷഗുണമൊന്നുമില്ല. കർത്താവു് ജോതിരീശ്വരനാകുന്നു.
ധൂർവഹ
  • വിശേഷണം:
  • ചുമടിനേ വഹിക്കുന്ന
ധൂർവ്വഹൻ
  • ഭാരത്തെ വഹിക്കുന്ന കാള
  • (ഉപചാരാൽ മറ്റു ഭാരവാഹികൾക്കും പറയാം).
ധൂലകം
  • വിഷം
ധൂലികാ
  • മഞ്ഞുകട്ടി
ധൂലിജംഘം
  • കാക്ക
ധൂസര
  • വിശേഷണം:
  • ഒട്ടുവെളുത്തനിറമുള്ള, മഞ്ഞൾനിറത്തോടുകൂടിയ
  • പൂഴിപറ്റിയ
  • കാന്തിയോടുകൂടിയ
  • ‘മെത്തുംപൃത്ഥ്വീരജോധൂസരസുരഭിലദോരന്തരാളം’
    — ഉത്തരരാമായണം ചംപു

    ‘പാംസുക്കളെറ്റിട്ടുധൂസരമായുള്ള’
    — കൃഷ്ണഗാഥ
ധൂസരം
  • കഴുത
  • ഒട്ടകം
  • പ്രാവു്
  • കാട്ടുകുരികിൽ
ധൂസരം
  • ഒട്ടുവെളുത്തനിറം
  • ചാരനിറം. മഞ്ഞൾനിറത്തോടുകൂടിയവെളുപ്പു്
  • (അല്പമായ വെളുപ്പു്), അല്പം മഞ്ഞകൂടിചേർന്ന വെളുപ്പു്, ചിത്തത്തെ ഇളക്കുന്നതു് എന്നർത്ഥം, കാന്തിയെ കൊടുക്കുന്നതു് എന്നുമാവാം. ഈ നിറം ബകുളപുഷ്പത്തിന്റെ നിറത്തോടു തുല്യമാണെന്നു കൂടി പറയുന്നു. ധൂസരസ്തുസിതഃ പീതലേശവാൻ ബകുളച്ഛവിഃ എന്നു ശബ്ദാർണ്ണവം.
ധൂസരി
  • കിന്നരസ്ത്രീ
ധൂസരിത
  • വിശേഷണം:
  • ധൂസരമാക്കപ്പെട്ട
  • മലിനമാക്കപ്പെട്ട
ധൂസ്തൂരം
  • ഉമ്മത്തു്
ധൂൾ
  • പൊടി
  • ധൂളി
  • നേരിയപൊടി
ധൂളി
  • പൊടി
  • നേരിയപൊടി, ഇളക്കിത്തീർക്കുന്നതു എന്നർത്ഥം.
  • ‘തുരഗഖുരപുടത്താലുദ്ധതം ധൂളിജാലം’
    (അഭിജ്ഞാനശാകുന്തളം).
  • വ്യഭിചാരമുള്ള സ്ത്രീ
  • ‘അഹോകഷ്ടമൊരുധൂളി
    നമ്മുടെ നാട്ടിലും വന്നു’
    — നാളായണീചരിതം തുള്ളൽ
  • കാന്തിയെ കൊടുക്കുന്ന
  • ഒരു മാതിരി പട്ടുണ്ടാക്കുവാനുള്ള പഞ്ഞി
  • ഒരു വലിയ സംഖ്യ
  • ‘ലക്ഷകോട്യർബുദധൂളീപരാർദ്ധവും’
    — കല്യാണസൗഗന്ധികം തുള്ളൽ
    .
ധൂളിക
  • മഞ്ഞു്
ധൂളികുട്ടിമം
  • വാട
ധൂളിക്കുന്നു
  • പറപ്പിക്കുന്നു
  • പൊടിക്കുന്നു
  • തൂവുന്നു
  • തുള്ളിയായി വീഴ്ത്തുന്നു
ധൂളിത്വം
  • വ്യഭിചാരസ്വഭാവം
ധൂളിപ്പിക്ക
  • പറപ്പിക്ക (പറത്തിക്ക)
ധൂളിപ്പെണ്ണു്
  • വ്യഭിചാരം ചെയ്യുന്നസ്ത്രീ
ധൂളിമാനം
  • പൊടി
ധൂളിമെത്ത
  • അധികം മാർദ്ദവമുള്ള മെത്ത
ധൂളിയാക്കുന്നു
  • പൊടിയാക്കുന്നു
ധൂളുന്നു
  • പറപ്പിക്കുന്നു
ധൃ
ധൃത
  • വിശേഷണം:
  • ധരിക്കപ്പെട്ട
  • പിടിക്കപ്പെട്ട
  • അറിയപ്പെട്ട
ധൃതഗതി
  • അവിവേകമായ രീതി
  • ആലോചിക്കവാനിടയാകാതെയുള്ള പോക്കു്
  • ചുറുക്കു്
ധൃതഗതിക്കാരൻ
  • ധൃതഗതിയുള്ളവൻ
ധൃതദീധിതി
  • അഗ്നി
ധൃതദ്വേഷൻ
  • ദ്വേഷത്തോടുകൂടിയവൻ
  • ‘വിധിതാനെന്നിൽ ധൃതദ്വേഷനായ്’
    — അമരുകശതകം
    .
ധൃതരാഷ്ട്രൻ
  • ചന്ദ്രവംശത്തിൽ ജനിച്ച കുരുടനായ ഒരു രാജാവു
  • ‘കൃഷ്ണദ്വൈപായനനാം മാമുനി വേദവ്യാസൻ വിഷ്ണുതാൻ തന്നെവന്നു പിറന്നദിവ്യമൂർത്തി*സോദരൻ മുമ്പിൽ വേട്ടോരംബികാ ഗൃഹന്തന്നിൽ ആദരവോടുചെന്നാനാകാതവേഷത്തോടും*വേഷവൈരൂപ്യമൊരു ഗന്ധവും സഹിയാഞ്ഞു യോഷമാർ മണിയാകുമംബികയതുനേരം*കണ്ണുകൾ ചിമ്മിപ്പൂണ്ടാളതു കാരണമായിക്കണ്ണുകൂടാതെ പിറന്നീടിനാൻ കുമാരനും’.
    — ഭാരതം
    വിചിത്രവീര്യന്റെ ഭാര്യയായ അംബികയിൽ വ്യാസനുണ്ടായവൻ. പാണ്ഡുവിന്റെ സഹോദരൻ. ഗാന്ധാരിയുടെ ഭർത്താവു്. ഗാന്ധാരിയിൽ ധൃതരാഷ്ട്രർക്കു ദുര്യോധനൻ മുതലായി 100 പുത്രന്മാരും, ദുശ്ശള എന്ന ഒരു പുത്രിയുമുണ്ടായി. ധൃതരാഷ്ട്രർ കുരുടനും പാണ്ഡു പാണ്ഡുനിറത്തോടുകൂടിയവനും ആയിരുന്നു. പാണ്ഡു ഭാര്യമാരൊന്നിച്ചു വനത്തിൽ പോയി. ധൃതരാഷ്ട്രർ രാജ്യം ഭരിച്ചു. ധൃതരാഷ്ട്രരുടെ പുത്രരായ കൗരവരും പാണ്ഡുവിന്റെ പുത്രരായ പാണ്ഡവരും കൂടിയായിരുന്നു മഹാഭാരതയുദ്ധം നടത്തിയതു. പാണ്ഡവർ വിജയം പ്രാപിച്ചു. ധൃതരാഷ്ട്രർ ഭാര്യയൊന്നിച്ചു കാട്ടുതീയിൽ നശിച്ചു.
  • അനേകം തലകളും അസാമാന്യ ശക്തിയുമുള്ള ഒരു മഹാസർപ്പം
  • പാത്ത
ധൃതരാഷ്ട്രം
  • കറുത്ത കൊക്കും ചുണ്ടുമുള്ള അരയന്നം
  • ധൃതരാഷ്ട്രദേശത്തിലുള്ളതു് എന്നർത്ഥം.
ധൃതവ്രതൻ
  • ഇന്ദ്രൻ
  • വരുണൻ
  • അഗ്നി
ധൃതി
  • വഹിക്കുക, ധരിക്കുക
  • ധൈര്യം, മനസ്സുറപ്പു്, സംകടങ്ങളിൽ മനസിളകായ്ക
  • സന്തോഷം
  • ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന യോഗങ്ങളിൽ ഒന്നു്
  • ഛന്ദസ്സുകളിൽ ഒന്നു്
  • (ഓരോ പാദത്തിൽ 18 അക്ഷരം വീതം കാണും).
ധൃതി
  • വേഗം, ത്സടിതി
  • ബദ്ധപ്പാടു്
ധൃതിമൽ
  • വിശേഷണം:
  • ധൃതിയുള്ള
  • മനസ്സുറപ്പുള്ള
ധൃതിമതി
  • ധൃതിയുള്ളവൾ
  • മനസ്സുറപ്പുള്ളവൾ
ധൃതിമാൻ
  • ധൃതിയുള്ളവൻ
  • മനസ്സുറപ്പുള്ളവൻ
ധൃഷ്ട
  • വിശേഷണം:
  • ധൈര്യമുള്ള
  • ഉറപ്പുള്ള
ധൃഷ്ടകേതു
  • ധൃഷ്ടദ്യുമ്നന്റെ ഒരു പുത്രൻ
  • ചേദിരാജാവായ ശിശുപാലന്റെ പുത്രൻ, പാണ്ഡവരുടെ ഒരു സഖി
  • കേകയരാജാവു്
ധൃഷ്ടത
  • ധൈര്യം
  • ഉറപ്പു്
ധൃഷ്ടദ്യുമ്നൻ
  • പാഞ്ചാലിയുടെ സഹോദരൻ
  • ദ്രുപദന്റെ പുത്രൻ
  • ധൃഷ്ടദ്യുമ്നൻ അച്ഛൻ ഒന്നിച്ചു പാണ്ഡവരുടെ പക്ഷത്തു ചേർന്നു് കൗരവരെ എതിർത്തു കുറച്ചുദിവസം സേനാപതിയുമായിരുന്നു. ഒരു കഠോരയുദ്ധത്തിൽ ദ്രോണർ ദ്രുപദനെ കൊന്നതിന്റെ ശേഷം ഇതിനു പക വീട്ടുന്നുണ്ടെന്നു ധൃഷ്ടദ്യുമ്നൻ സത്യംചെയ്തു അതിന്മണ്ണം ഭാരതയുദ്ധം 16-ംദിവസം അയാൾ ദ്രോണരുടെ തലവെട്ടി. അനന്തരം നിദ്രയിൽ അശ്വത്ഥാമാവിനാൽ വധിക്കപ്പെട്ടു (ചവിട്ടിക്കൊന്നു). ‘ദുർജ്ജയനായിമേവും ദ്രോണരെക്കൊൽവാനൊരു നിജ്ജരവരസമനാകിയ തനയനും *അർജ്ജുനൻ തനിക്കു നൽകീടുവാനൊരു പെണ്ണും ഇജ്ജനത്തിനു ലഭിച്ചീടുവാൻ തക്കതൊരു *യജ്ഞം ചെയ്യേണമെന്നു മാമുനിമാരെ നോക്കി വിജ്ഞാനമുള്ള നൃപൻ പറഞ്ഞോരനന്തരം *യാഗവും തുടങ്ങിനാരാഗമമറിഞ്ഞവരാഗമിച്ചിതു വിണ്ണോരാഹുതി ഭുജിപ്പാനായ് *കുണ്ഡത്തിൽനിന്നു നേരേ പൊങ്ങിനാനൊരുപൂമാൻ ചണ്ഡഭാനുവിനു നേരാകിയ കാന്തിയോടും *ഖഡ്ഗചാപേഷു കിരീടാദിവർമ്മങ്ങളോടു മുൽഗമിച്ചതു കണ്ടു തെളിഞ്ഞാരെല്ലാവരും രണ്ടാമതൊരു പെണ്ണുമുണ്ടായിതവൾ കണ്ടാൽ തണ്ടാർ മാനിനിയെന്നു കൊണ്ടാടിപ്പറഞ്ഞീടാം *പിന്നെയുമാണും പെണ്ണുമല്ലാതെയൊന്നുണ്ടായി മുന്നമർണ്ണവം തന്നിൽ ജ്യേഷ്ഠയുണ്ടായപോലെ *ധൃഷ്ടദ്യുമ്നനും നല്ല കൃഷ്ണയും ശിഖണ്ഡിയും പുഷ്ടകൗതുകത്തോടും വളർന്നു തുടങ്ങിനാർ’
    — ഭാരതം
    .
ധൃഷ്ടൻ
  • ധൈര്യമുള്ളവൻ
  • ലജ്ജയില്ലാത്തവൻ
  • വിശ്വാസമില്ലാത്ത ഭർത്താവു്
  • പ്രഗൽഭൻ എന്നർത്ഥം. നവരസങ്ങളിൽ സർവാത്മനാ പ്രാഥമ്യം വഹിക്കുന്ന ശൃഗാരത്തിന്നു വിഷയീഭൂതനായ നാലുവക നായകന്മാരിൽ ഒരാൾ.
ധൃഷ്ടാ
  • ധൈര്യമുള്ളവൾ
  • വിശ്വാസമില്ലാത്ത ഭാര്യ
ധൃഷ്ണൿ
  • ലജ്ജയില്ലാത്തവൻ
ധൃഷ്ണി
  • രശ്മി
  • പ്രഭ
ധൃഷ്ണി
  • വിശേഷണം:
  • ധൈര്യമുള്ള
  • ലജ്ജയില്ലാത്ത
ധേ
ധേനം
  • കടൽ
ധേനാ
  • നദി
ധേനി
  • കൊത്തമ്പാലരി
  • നദി
ധേനു
  • പശു
  • കറക്കുന്ന പശു
  • അടുത്ത കാലത്തു പ്രസവിച്ച പശു. ജലം കുടിക്കുന്നവൾ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • നവസൂതികാ.
ധേനുക
  • പിടിയാന
  • ധേനുതുല്യ എന്നർത്ഥം.
  • കറക്കുന്ന പശു, പശു
  • ചുരിക
  • സമ്മാനം
ധേനുകൻ
  • ഒരു അസുരൻ
  • (ബലരാമനാൽ വധിക്കപ്പെട്ടു). [ബാലരായ രാമകൃഷ്ണന്മാർ കൂട്ടരൊന്നിച്ചു ധേനുകന്റെ താലവനത്തിൽ കരിമ്പനനിറഞ്ഞ കാവിൽ നിന്നു പഴങ്ങൾ പറിക്കവേ അവൻ ഒരു കഴുതയുടെ ആകൃതിയിൽ വന്നു ബലരാമനെ ചവിട്ടുന്നതിനു ആരംഭിച്ചു. ഉടൻ അദ്ദേഹം കാലിനു പിടികൂടി ചുഴറ്റി എറിഞ്ഞു. മൃതനായി അവൻ ഒരു പനയുടെ മുകളിൽ പതിച്ചു. അവന്റെ സഹായികളെയും ബലരാമൻ അപ്രകാരം തന്നെ ചെയ്തു.
ധേനുകസൂദനൻ
  • ബലരാമൻ
ധേനുജിഹ്വാ
  • കൊഴുപ്പ
ധേനുമൽ
  • വിശേഷണം:
  • പശുവുള്ള
ധേനുഷ്യ
  • കെട്ടിനിൽക്കുന്ന പശു
  • കറവിലയ്ക്കു കൊടുത്ത പശു
  • കടം തീരുന്നതുവരെ കറന്നെടുക്കുവാനുള്ള അനുവാദത്തോടുകൂടെ ഉത്തമർണ്ണന്റെ ഗൃഹത്തിൽ നിറുത്തിയ പശു.
ധേയ
  • വഹിക്കുന്ന, എടുക്കുന്ന
  • വഹിക്കത്തക്ക
  • വളർത്തത്തക്ക
ധൈനുകം
  • പശുവിനെ സംബന്ധിച്ച
ധൈനുകം
  • പശുക്കൂട്ടം
ധൈര്യപ്പെടുത്തുന്നു
  • ഉറപ്പു വരുത്തുന്നു
ധൈര്യം
  • ധീരത, ഉറപ്പു്
  • നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്നു്, ആത്മപ്രശംസ കൂടാതേയും ഒരു
  • പ്രകാരത്തിലും ഇളകാതെയുമുള്ള മനോവൃത്തിയത്രേ ധൈര്യം. ശീലഗുണാദികളേ ലംഘിക്കാതിരിക്കുക. (വിലാസം നോക്കുക).
ധൈര്യവൽ
  • വിശേഷണം:
  • ധീരതയുള്ള
ധൈര്യവതി
  • ധീരതയുള്ളവൾ
ധൈര്യവാൻ
  • ധീരതയുള്ളവൻ
ധൈര്യശാലി
  • ധൈര്യമുള്ളവൻ
ധൈര്യശാലിനി
  • ധൈര്യമുള്ളവൾ
ധൈവതം
  • ആറാമത്തെ സ്വരം
  • വീണയുടെ കമ്പികളിൽ നിന്നും കണ്ഠത്തിൽ നിന്നും പുറപ്പെടുന്ന സപ്തസ്വരങ്ങളിൽ ഒന്നു്
  • നാഭ്യാദിസ്ഥാനങ്ങളിൽ നില്ക്കുന്നതു എന്നർത്ഥം. ധീമാന്മാരാൽ – ബുദ്ധിമാന്മാരാൽ – ഗാനം ചെയ്യപ്പെടുന്നതു ‘ധൈവതം’. ആറാമത്തേതായ ആജ്ഞാചക്രത്തിൽ – ഭ്രൂ മദ്ധ്യത്തിൽ ധരിക്കപ്പെടുന്നതാകയാൽ ‘ധൈവതം’ എന്നുമാവാം. അശ്വം ധൈവതസ്വരത്തെ അനുസരിച്ചു ശബ്ദിക്കുന്നു – അശ്വസ്തുധൈവതംരൗതി.
ധൈവത്യം
  • സാമർത്ഥ്യം
ധോയികവിരാജൻ
  • ജയദേവരുടെ കാലികന്മാരായ കവികളിൽ ഒരാൾ
ധോരണം
  • വാഹനം, പരമ്പരയാ വഹിക്കപ്പെടുന്ന വാഹനം
  • ഭംഗിയായി ഗമിക്കുന്നതു എന്നർത്ഥം. തേരിന്നു കെട്ടുന്ന കാള മുതലായതു്.
  • കുതിരയുടെ നടപ്പിൽ ഒരുമാതിരി ഭേദം
  • (യാത്രക്കാൽനട. Trot.)
ധോരണി
  • പാരമ്പര്യന്യായം, പാരമ്പര്യം
  • പരിചയം
  • നിര
  • വഴി
  • ആരെയും ശങ്കിയ്ക്കായ്ക
  • ഒഴുക്കു്
  • തടവില്ലായ്ക.
  • ഡംഭു്
ധോരണിക്കാരൻ
  • ധോരണിയുള്ളവൻ
ധോരിതകം
  • അശ്വഗതിവിശേഷം
  • (ധൗരിതകം എന്നതിന്റെ പാഠം).
ധൗ
ധൗത
  • വിശേഷണം:
  • കഴുകപ്പെട്ട
  • ശുദ്ധീകരിക്കപ്പെട്ട
  • നിർമ്മലമായ
ധൗതകൗശേയം
  • വെള്ളപ്പട്ടു
  • അലക്കിയ പട്ടു്
  • അഴുക്കുകളഞ്ഞ പട്ടു്
ധൗതം
  • വെള്ളി
ധൗതശിലം
  • സ്ഫടികം
ധൗതേയം
  • ഇന്തുപ്പു്
ധൗമ്യൻ
  • പാണ്ഡവരുടെ കുലഗുരു
  • ഉപമന്യു, ആരുണി, പാഞ്ചാലൻ, വൈദൻ എന്നവർ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാകുന്നു.
ധൗരിതകഗതി
  • ചാതുര്യത്തോടു കൂടിയ നേരേയുള്ള (കുതിരയുടെ) നടപ്പു്
ധൗരിതകം
  • കുതിരയുടെ ഒരുമാതിരി നടപ്പു്
  • കീരി, കഴു, മയിൽ, പന്നി എന്നവയുടെ ഗതിപോലെ ഭംഗിയുള്ള അശ്വഗതി വിശേഷം.
ധൗരേയ
  • വിശേഷണം:
  • ചുമടെടുക്കുന്ന
  • ഭാരം വഹിക്കുന്ന
ധൗരേയൻ
  • ഭാരത്തെ വഹിക്കുന്ന കാള
  • പൊതിക്കാള
  • (ഉപചാരാൽ മറ്റു ഭാരവാഹികൾക്കും പറയാം.)
ധ്മാകാരൻ
  • കൊല്ലൻ
ധ്മാത
  • വിശേഷണം:
  • ഊതപ്പെട്ട
ധ്മാംക്ഷ
  • കാക്ക
  • കൊക്കു്
ധ്മാംക്ഷപുഷ്ടം
  • കുയിൽ
ധ്മാനം
  • ഊത്തു്
ധ്മാങ്ക്ഷാരാതി
  • ഊളൻ
ധ്യ
ധ്യാത
  • വിശേഷണം:
  • ധ്യാനിക്കപ്പെട്ട
ധ്യാതം
  • ധ്യാനം
ധ്യാനനിഷ്ഠ
  • വിശേഷണം:
  • വിചാരത്തിൽ നല്ല ഉറപ്പുള്ള
ധ്യാനം
  • വിചാരം
  • മനസ്സുകൊണ്ടുള്ള ആരാധനം, മനസ്സു മറ്റൊരിടത്തു പോകാതെ ഈശ്വരന്റെ സ്വരൂപത്തേ തന്നെ വിചാരിക്ക, നിരന്തരസ്മരണം
  • ധ്യാനം – അഷ്ടാംഗയോഗങ്ങളിൽ ഒന്നു്. നാഭിചക്രം, നാസാഗ്രം മുതലായ ചില സ്ഥലങ്ങളിൽ മനസ്സിനെ നിറുത്തുന്നതു ധാരണ. അങ്ങനെയുള്ള ധാരണ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നതു് ധ്യാനം.
ധ്യാനമൂകൻ
  • ഏകചിന്തയിൽ ഏർപ്പെട്ടിരിക്കുക നിമിത്തം ഒന്നും മിണ്ടാതെ നാക്കില്ലാത്തവനെ പോലെയിരിക്കുന്നവൻ
ധ്യാനശക്തി
  • ഓരോ സങ്കല്പങ്ങളെ മനസ്സിൽ ഉറപ്പിക്കാനുള്ള കരുത്തു്
ധ്യാനിക്കുന്നു
  • ഈശ്വര സ്വരൂപത്തേ മനസ്സുകൊണ്ടു കാണുന്നു
  • വിചാരിക്കുന്നു
ധ്യാമം
  • നാന്മുകപുല്ലു്
  • പശുക്കളാൽ ധ്യാനിക്കപ്പെടുന്നതെന്നർത്ഥം.
ധ്യായമാനം
  • വിശേഷണം:
  • ധ്യാനിക്കുന്ന
ധ്യേയ
  • വിശേഷണം:
  • ധ്യാനിക്കപ്പെടേണ്ടുന്ന
  • വിചാരിക്കപ്പെടുവാനുള്ള
ധ്ര
ധ്രീചി
  • സഖി
ധ്രുവ
  • വിശേഷണം:
  • നിത്യമായുള്ള
  • ഇളക്കമില്ലാത്ത
ധ്രുവ
  • വയ്യങ്കരുകൊണ്ടുള്ള ഹോമപാത്രം
  • ഓരില
  • മൂവില
ധ്രുവദീപ്തി
  • ധ്രുവങ്ങൾ സംബന്ധിച്ച ദീപ്തി
  • ഭൂഗോളത്തിന്റെ ഉത്തരദക്ഷിണ ധ്രുവങ്ങളിലും അയൽ രാജ്യങ്ങളിലുമുള്ള വായുമണ്ഡലത്തിൽ സാധാരണ കണ്ടുവരുന്ന ഒരു മാതിരി പ്രഭാപൂരത്തിനു ധ്രുവദീപ്തി എന്നു പേർ.
ധ്രുവൻ
  • സ്വായംഭുവമനുവിനു പിറന്ന ഉത്താനപാദന്റെ പുത്രനായ ഒരു രാജാവു്
  • ഉത്താനപാദനു രണ്ടു ഭാര്യമാർ. ഒരുവൾ സുനീതി. മറ്റേവൾ സുരുചി. സുനീതിയുടെ മകനത്രേ ധ്രുവൻ. സുരുചിയുടെ മകൻ ഉത്തമൻ. ഉത്താനപാദൻ സുരുചിയിൽ വശനായി. ധ്രുവനും തന്റെ അമ്മയും സുരുചിയുടെ ക്രൂരകൃത്യങ്ങളാൽ സന്തപിച്ചു് കാലയാപനം ചെയ്യവേ നാരദമുനിയുടെ ഉപദേശപ്രകാരം ധ്രുവൻ വിഷ്ണുവിനെ ഉദ്ദേശിച്ചു തപസ്സുചെയ്തു വിഷ്ണുപ്രീതിയെ സമ്പാദിച്ചു. വിഷ്ണു അദ്ദേഹത്തെ ധ്രുവ നക്ഷത്രമായി ആകാശത്തിൽ സ്ഥാപിച്ചു. ധ്രുവനു ഔത്താനപാദി, ഗ്രഹാധാരൻ ഈ നാമങ്ങളും കാണുന്നുണ്ടു്.
  • ഇളക്കമില്ലാത്തതായിട്ടു വടക്കു കാണുന്ന ഒരു നക്ഷത്രം
  • എന്നും സ്ഥിരമായി നിൽക്കുന്നവനെന്നർത്ഥം. ഉത്താനപാദൻ എന്ന രാജാവിന്റെ പുത്രനായ ധ്രുവൻ ഭഗവൽകൃപ ഹേതുവായിട്ടു കല്പാന്തകാലത്തിലും നാശമില്ലാത്ത വിധത്തിൽ ജ്യോതിശ്ചക്രത്തിനും മേൽഭാഗത്തു നക്ഷത്രരൂപത്തിൽ നില്ക്കുന്നു എന്നും പുരാണം.
  • വിഷ്ണു
  • ശിവൻ
  • ബ്രഹ്മാവു്
  • പര്യായപദങ്ങൾ:
    • ഔത്താനപാദി.
ധ്രുവങ്ങൾ
  • ഭൂഗോളത്തിന്റെ തെക്കേ അറ്റവും വടക്കേ അറ്റവും
ധ്രുവം
  • നിശ്ചയം
  • കുറ്റി ഇലയും കൊമ്പും കവരവും ഇല്ലാത്ത മരം, മരക്കുറ്റി
  • ഇളക്കമില്ലാത്ത മട്ടിൽ ഉറച്ചു നില്ക്കുന്നതെന്നർത്ഥം.
  • ഒരു താളം
  • രാഗം
  • നിത്യമായുള്ളതു്
  • നക്ഷത്രവിശേഷം
  • പേരാൽ
  • താറാവു്
  • ആകാശം
  • സ്വർഗ്ഗം
ധ്രുവാ
  • മഹത്വമുള്ള സ്ത്രീ
ധ്രുവാ
  • മൂവില
  • ഹോമപാത്രം
  • പെരുങ്കുരുമ്പ
ധ്രുവാക്ഷരൻ
  • വിഷ്ണു
ധ്രുവാവൃക്ഷം
  • വയ്യങ്കരമരം
  • സ്രുവാവൃക്ഷം എന്നതിന്റെ പാഠാന്തരം.
ധ്വ
ധ്വജദ്രുമം
  • പന
ധ്വജൻ
  • പ്രസിദ്ധൻ, പ്രധാനി
  • ഉദാ:കുലദ്ധ്വജൻ.
  • മദ്യവും മറ്റും ഉണ്ടാക്കി വില്ക്കുന്നവൻ
ധ്വജപടം
  • കൊടി
ധ്വജപ്രതിഷ്ഠ
  • കൊടിമരം നിറുത്തുക
ധ്വജപ്രഹരണൻ
  • വായു
ധ്വജം
  • കൊടി
  • കൊടിമരത്തിന്റെ മുകളിലുള്ള അടയാളം, കൊടിക്കൂറ
  • ഗമിക്കുന്നതു് – പറക്കുന്നതു് എന്നർത്ഥം.
  • അടയാളം
  • ശിശ്നം
  • കരിമ്പന
ധ്വജമണ്ഡപം
  • കൊടിമരത്തറ
ധ്വജവൽ
  • വിശേഷണം:
  • ധ്വജമുള്ള
  • അടയാളമുള്ള
ധ്വജവതി
  • ധ്വജമുള്ളവൾ
  • അടയാളമുള്ളവൾ
ധ്വജവാൻ
  • ധ്വജമുള്ളവൻ, അടയാളമുള്ളവൻ
  • കൊടിക്കാരൻ
ധ്വജി
  • വിശേഷണം:
  • ധ്വജമുള്ള
ധ്വജിനി
  • സേന
  • ധ്വജങ്ങൾ ഉള്ളതു് എന്നർത്ഥം.
ധ്വജീ
  • കുതിര
  • പാമ്പു്
  • മയിൽ
  • പർവതം
  • വണ്ടി
ധ്വജീ
  • ബ്രാഹ്മണൻ
  • തൈരു വില്ക്കുന്നവൻ
  • മദ്യം വില്ക്കുന്നവൻ
ധ്വനം
  • ശബ്ദം
  • ഝംകാരം
ധ്വനി
  • ശബ്ദം
  • കവിതകളിലേ ഒരു അർത്ഥവിശേഷം
  • ഉത്തമ കാവ്യം
ധ്വനിക്കുന്നു
  • ശബ്ദിക്കുന്നു
  • ഒരു കാര്യം പറയുമ്പോൾ ഗൂഢവും സാരവുമായിരിക്കുന്ന വേറെ ഒരർത്ഥം കൂടി പൂർണ്ണമായി തോന്നുന്നു
  • സകര്‍മ്മകക്രിയ:ധ്വനിപ്പിക്കുന്നു.
ധ്വനിത
  • വിശേഷണം:
  • ശബ്ദിക്കപ്പെട്ട
  • ശബ്ദിച്ച
ധ്വനിതം
  • ഒച്ചപ്പെടുത്തപ്പെട്ടതു്
  • ശബ്ദിച്ചതു്
ധ്വന്യാലോകം
  • ഒരു ഗ്രന്ഥം
  • 9-ആം നൂറ്റാണ്ടിന്റെ അവസാനം കാശ്മീരരാജ്യം പരിപാലിച്ചിരുന്ന അവന്തിവർമ്മ രാജാവിന്റെ സമാനകാലീനനെന്നു രാജതരംഗിണിമൂലം വിചാരിക്കപ്പെട്ടു വരുന്ന ആനന്ദവർദ്ധനാചാര്യർ ഉണ്ടാക്കിയതാണു് ഈ ഗ്രന്ഥം.
ധ്വംസ(ന)ം
  • നാശം
  • മുടിവു്
ധ്വംസിക്കുന്നു
  • നശിപ്പിക്കുന്നു
  • കൊല്ലുന്നു
ധ്വസ്ത
  • വിശേഷണം:
  • നശിപ്പിക്കപ്പെട്ട
  • നശിച്ച
  • വീണുപോയ
ധ്വാന്തം
  • ഇരുട്ടു്
  • ശബ്ദിപ്പിക്കുന്നതു് എന്നർത്ഥം. ഇതുണ്ടായിരുന്നാൽ ജനങ്ങൾ വഴി കാണായ്ക നിമിത്തവും സർപ്പങ്ങളുടേയും മറ്റും ഭീതി കൊണ്ടും കൈ മുഖം ഇവകൊണ്ടു ശബ്ദത്തെ ചെയ്യുന്നതു പതിവാണു്.
ധ്വാനധാടി
  • ശബ്ദാഘോഷം
ധ്വാനം
  • ഒച്ച
  • ശബ്ദം
ധ്വാക്ഷം
  • കാക്ക
  • ഘോരമായി ശബ്ദിക്കുന്നതു് എന്നർത്ഥം.
  • നീർക്കാക്ക
  • കൊക്കു്
  • കുയിൽ
ധ്വാംക്ഷൻ
  • ധിക്കാരി
  • ആശാരി
ധ്വാങ്ക്ഷപുഷ്ടം
  • കുയിൽ
ധ്വാങ്ക്ഷാരാതി
  • ഊമൻ