ഘ
ഘ
- ഹല്ലുകളിൽ നാലാം അക്ഷരം
ഘട
- ചേർച്ച
ഘടകൻ
- ചേർക്കുന്നവൻ
- പൊരുത്തം നോക്കുന്നവൻ
ഘടകം
- വാക്യത്തിനുള്ള ഏതു പദത്തിനോടെങ്കിലും നേരെ അന്വയമുള്ള
- ‘ഉം’ മുതലായവ ഘടകങ്ങളാകുന്നു.
ഘടകർപ്പരൻ
- വിക്രമാദിത്യ സദസ്സിലേ നവരത്നങ്ങളിൽ ഒരാൾ
ഘടഘടം
- ശബ്ദവിശേഷം
‘പടഹഘടഘടായിതം മുഴക്കി’
— ശ്രീകൃഷ്ണചരിതം
.ഘടന, ഘടനം
- ചേർക്കുക
ഘടനാ, ഘടാ
- ആനകൾ കൂടിച്ചേരുന്നതിന്റെ പേർ
- ആനകളെ നിരത്തുക
ഘടം
- കുടം
- ചേഷ്ടിക്കുന്നതു് എന്നർത്ഥം (ഘടി എന്നും പാഠം കാണുന്നു).
- ആനത്തലയിലേ മുഴ
- കുംഭരാശി
- പതിനാറിടങ്ങഴി
- ഞമ
ഘടാ
- മധുരമാതളനാരകം
- സമൂഹം
‘ഘനാഘനഘടാപടുദ്ധ്വനിതഗർവസർവങ്കഷ’
— അംബരീഷചരിതം കഥകളി
.ഘടി
- നാഴിക (24 മിന്നിട്ടു്)
- നാഴിക വട്ടക
- ചേങ്ങില
- കുടം
- നില, സ്ഥിതി, അവസ്ഥ
ഘടിക
- നാഴിക
ഘടികം
- മൂലാധാരം
ഘടികാരം
- ഛായകൊണ്ടു നാഴിക അറിവാനുള്ള യന്ത്രം
ഘടിക്കുക
- ചേരുക
- ലഭിക്കുക
- (സകര്‍മ്മകക്രിയ:ഘടിപ്പിക്കുക.)
ഘടിഘടൻ
- ശിവൻ
ഘടിചക്ര
- കിണറുകളിൽ നിന്നു വെള്ളം കയറ്റുന്നതിനുള്ള ഒരു യന്ത്രം
- (ഇതിൽ ചക്രത്തെ തിരിക്കുമ്പോൾ കുടങ്ങൾ കിണറ്റിൽ ഇറങ്ങുകയും അതിൽനിന്നും കയറുകയും ചെയ്യും. ഇതു ആര്യന്മാരുടെ കാലത്തേയുള്ളതാണു്. ഇപ്പോഴും ഉത്തരദേശങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ടു്. പഞ്ചനദത്തിൽ കൃഷിക്കു വേണ്ടുന്ന വെള്ളം കിണറുകളിൽ നിന്നു കോരുന്നതിനു ആര്യന്മാർ ഈ ചക്രമാണുപയോഗിച്ചതു്.)
ഘടിത
- വിശേഷണം:
- ചേർക്കപ്പെട്ട
- ലഭിക്കപ്പെട്ട
ഘടീകാരൻ
- കലമുണ്ടാക്കുന്നവൻ
- കുശവൻ
ഘടീയന്ത്രം
- കിണറ്റിൽനിന്നു വെള്ളം കോരുന്ന യന്ത്രം
- (ഏത്തം – തുലാ) ഘടികളുടെ യന്ത്രം എന്നർത്ഥം.
ഘടോൽക്കചൻ
- ഭീമന്റെ പുത്രൻ
- (പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധത്തിൽ പാണ്ഡവപക്ഷക്കാരനായിരുന്നു. കർണ്ണൻ ശക്തി എന്ന ആയുധംകൊണ്ടു വധിച്ചു. അമ്മയുടെ പേർ ‘ഹിഡിംബി’ (ഹിഡിംബ) എന്ന പൈശാചകസ്ത്രീ.)
ഘട്ടഗാ
- ഒരു നദി
ഘട്ടദേയം
- ചുങ്കം
- കടവുകൂലി
ഘട്ടന
- നടപ്പു
- മൂടി
- അടി
- കൂട്ടിമുട്ടുക
- ഉരയുക
ഘട്ടനം
- അടി
ഘട്ടം
- കടവു
- ചുങ്കസ്ഥലം
- മണികർണ്ണഘട്ടം രാമഘട്ടം മുതലായി ഗംഗാദിപുണ്യനദികളുടെ ഓരോ കടവിന്നും അതിന്റെ പിൻവക്കത്തിനും കൂടി ‘ഘട്ടം’ എന്നു പറഞ്ഞുവരുന്നുണ്ടു്.
ഘട്ടി
- ചെറിയ കടവു്
- കനം
- സാമർത്ഥ്യം
ഘട്യക്കാരൻ
- മംഗലസ്തുതി ചെയ്യുന്നവൻ
ഘട്യം
- മംഗലസ്തുതി
ഘണഘണ
- മണിയുടെ ശബ്ദം
ഘണ്ട
- വെൺപാതിരി വൃക്ഷം
- നാക്കുമണി
- ചേങ്ങില
ഘണ്ടൻ
- ശിവൻ
ഘണ്ടാകർണ്ണൻ
- ചെവിയിൽ മണികെട്ടിയ ഒരു ദൈവതം, ഒരു ഭരദേവത
- കാളകളിൽ മണിയുള്ളവൻ
ഘണ്ടാപഥം
- വിശാലമായ രാജവഴി
- ഒന്നാംതരം റോഡ്. മണിയുള്ള മാർഗ്ഗം എന്നർത്ഥം. (ഈ വഴിയിൽക്കൂടി കല്യാണോത്സവവും മറ്റും പ്രമാണിച്ചു വാദ്യഘോഷങ്ങളോടെ ജനങ്ങൾ സഞ്ചരിക്കുന്നതിനാൽ ഈ അർത്ഥം ഉണ്ടായി.) മണികെട്ടിയ ആന സഞ്ചരിക്കുന്ന സ്ഥലം എന്നുമാവാം. ഘണ്ടാപഥം എന്നു പറയുന്നതു പത്തു വില്പാടു വിസ്താരമുള്ള രാജമാർഗ്ഗമാണ് എന്നു ചാണക്യൻ പറയുന്നു.
- കിരാതാർജ്ജുനീയത്തിനു മല്ലിനാഥൻ എഴുതിയ വ്യാഖ്യാനത്തിന്റെ പേർ
(“ദശധന്വന്തരോരാജമാർഗ്ഗോ ഘണ്ടാപഥഃസ്മൃതഃ”).
ഘണ്ടാപാടലി
- വെൺപാതിരിവൃക്ഷം
- പശുക്കളുടെ ഭക്ഷണാർത്ഥം ഹനിക്കപ്പെടുന്നതും പരപ്പുള്ളതും എന്നർത്ഥം.
ഘണ്ടാപുഷ്പം
- ഉമ്മത്തു്
ഘണ്ടാഭയം
- മരണഭയം
- ഘണ്ടാഭയം എന്നതിനു ഘണ്ടയെ സംബന്ധിച്ച ഭയം എന്നാണർത്ഥം. ഇവിടെ ഘണ്ട എന്നത് യമന്റെ കാളയുടെ കഴുത്തിലുള്ള മണിയെന്നു അറിയേണ്ടതാണ്
‘ഘണ്ടാഭയംതീർത്തു രക്ഷിക്ക’
— ദേവീമാഹാത്മ്യം
.ഘണ്ടാരവാ
- ഒരു ചെടി
- കിലുക്കാമ്പുട്ടിൽ
- തന്തലകൊട്ടി
- കിലുകിലപ്പൻ
- കലിക്കാപ്പുട്ടു്
- മണിശബ്ദതുല്യമായ ശബ്ദമുള്ളതു എന്നർത്ഥം.
ഘണ്ടാരവം
- മണിനാദം
ഘണ്ടികാ
- ചെറിയ മണി
ഘന
- വിശേഷണം:
- മാനമുള്ള
- ശ്രേഷ്ഠതയുള്ള, കനമുള്ള
- നിബിഡമായ (ഇടതൂർന്നതായ)
- കഠിനമായിട്ടുള്ള
ഘനകഫം
- ആലിപ്പഴം
ഘനഘടാ
- മേഘസമൂഹം
ഘനജംബാളം
- വളരെ ചേറുള്ള സ്ഥലം
ഘനജ്വാല
- മിന്നൽ
ഘനത
- മഹത്വം
- തിങ്ങൽ
ഘനപല്ലവം
- കരിമുരിങ്ങ
ഘനപാഷണ്ഡം
- മയിൽ
ഘനപ്രിയാ
- ആറ്റുഞാവൽ
ഘനം
- മേഘം
- വായുവിനാൽ ഹനിക്കപ്പെടുന്നതു് എന്നർത്ഥം. താപത്തെ തീർക്കുന്നതു എന്നുമാവാം.
- ബഹുമാനം
- മണി, ചേങ്ങല, എലത്താളം
- നാട്യത്തിലേ ഒരുവക ഭേദം
- കൈകൊണ്ടുള്ള ആംഗ്യവും കാൽ കൊണ്ടുള്ള നൃത്തവും അധികം വേഗത്തിലും അധികം സാവധാനത്തിലുമല്ലാതെ ഇടമട്ടിലായാൽ അതിനു ‘ഘനം’ എന്നു പേർ.
- മുൾത്തടി
- ഇതുകൊണ്ടു ഹനിക്കുന്നതിനാൽ ഈ പേർ വന്നു. ഇരിമ്പുലക്ക, ഇരിമ്പുഗദ എന്നും കാണുന്നു.
- മുത്തങ്ങാ
- ഇടതൂർന്നതു് (നിബിഡം)
- കഠിനമായിട്ടുള്ളതു്
- എലവങ്ങം
- ഉരുക്കു്
- മുളകു്
- വെളുത്തീയം
- അഭ്രകം
ഘനരവം
- മയിൽ
ഘനരസം
- വെള്ളം
- പച്ചക്കർപ്പൂരം
- കഷായം
- മേഘത്തിന്റെ രസം എന്നർത്ഥം.
- പെരുങ്കുരുമ്പ
- പാൽകുരുമ്പ
ഘനരുചി
- മിന്നൽ
ഘനവാഹനൻ
- ശിവൻ
ഘനവീഥി
- ആകാശം
ഘനസമയം
- വർഷകാലം
ഘനസാരം
- കർപ്പൂരം
- ശീതളത്വം നിമിത്തം മേഘത്തിന്റെ സാരംപോലെയുള്ളതു്. മുത്തങ്ങയുടെ സാരം എന്നുമാവാം. മുത്തങ്ങയിൽ നിന്നു കർപ്പൂരമെടുക്കുന്നതിനു വിധിയുണ്ടു്. ‘ഘനസാരസ്തുക ർപ്പൂരേദക്ഷിണാവർത്തപാരദേ’ എന്നു ഹൈമൻ.
- വെള്ളം
ഘനാ
- കാട്ടുഴുന്നു്
- തൃച്ചടാ
ഘനാഘന
- വിശേഷണം:
- കടുപ്പമുള്ള
- ക്രൂരമായ
- കൊലയിൽ താൽപര്യമുള്ള
ഘനാഘനൻ
- ഇന്ദ്രൻ
ഘനാഘനം
- വർഷിക്കുന്ന മേഘം, കാർമേഘം
- മദയാന, ആളെക്കൊല്ലുന്ന ആന
- ഹനിക്കുന്നതു് എന്നർത്ഥം.
- പോത്തു്
‘ശക്രോഘാതുകമത്തേഭോ
വർഷുകാബ്ദോഘനാഘനഃ’
വർഷുകാബ്ദോഘനാഘനഃ’
— അമരം
ഘനാന്തം
- ശരൽക്കാലം
‘ഘനാഘനാന്തേതടിതാംഗണൈരിവ’
— മാഘം
.ഘനാമയം
- ഈത്ത
ഘനാശ്രയം
- ആകാശം
ഘനിക്കുക
- പെരുക്കുക
ഘനീകരിക്ക, ഘനീഭവിക്ക
- കട്ടിപിടിക്ക
- ഘനമായി ഭവിക്ക
ഘനോപലം
- ആലിപ്പഴം
ഘം
- മുത്തങ്ങ
ഘരട്ടം
- തിരുവക്കല്ലു്
ഘരം
- കുതിര
ഘർഘരാ, ഘർഘരീ
- ഗംഗാനദി
ഘർഘരം
- ഘർഘരനദം
- ഘർഘരനദം വിന്ധ്യപർവതത്തിൽ നിന്നു പുറപ്പെട്ടു് വംഗദേശത്തിൽകൂടി ഒഴുകി ഗംഗയിൽ ചേരുന്നു. ചമ്പാനഗരിക്കു കുറച്ചു കിഴക്കുഭാഗത്തു കിടക്കുന്നു.
- ശബ്ദം
- മുറുമുറുപ്പു്
- വാതിൽ
- മൂങ്ങ
ഘർമ്മ
- വിശേഷണം:
- ചൂടുള്ള
ഘർമ്മം
- ഉഷ്ണം
- ഉഷ്ണകാലം
- വിയർപ്പു്
- വിയർത്തൊഴുകുന്നതു് എന്ന ർത്ഥം.
- വെയിൽ
- പശുവിൻ പാൽ
ഘർമ്മമാത്ര
- കാലത്തിന്റെ ഉഷ്ണവും ശീതവും അളക്കുന്നതിനുള്ള സൂത്രം
- (Thermometer).
ഘർമ്മാതപ
- ഉഷ്ണമധികമുള്ള വെയിൽ
ഘർമ്മാംശു
- സൂര്യൻ
ഘർഷണം
- ഉരയ്ക്ക
- അരയ്ക്ക
- ഉരമ്മുക
ഘർഷണി
- മഞ്ഞൾ
ഘർഷിക്ക
- ഉരയ്ക്കുക
- അരയ്ക്കുക
- ഉരമ്മുക
ഘലം
- മോരു്
ഘസി
- ആഹാരം
ഘസിക്കുക
- വിഴുങ്ങുക
ഘസ്മര
- വിശേഷണം:
- അധികം ഭക്ഷിക്കുന്ന
- ഭക്ഷണം പ്രധാനമായിട്ടുള്ള
ഘസ്രം
- പകൽ
- ഇരുട്ടിനെ കളയുന്നതു എന്നർത്ഥം.
- കുങ്കുമം
ഘാ
ഘാട,ഘാടം
- പിടലി
- പിടരി
- പിരടി
- കഴുത്തിലെ മുഴ
- പിൻകഴുത്തും തലയും കൂടി ചേരുന്ന ഭാഗം
- കഴുത്തും തലയും കൂട്ടിച്ചേർക്കുന്നതു് എന്നർത്ഥം.
ഘാടം
- കടവു്,
- കുടം, മംഗലി
ഘാടിക
- പിടലി
ഘാണ്ടികൻ, ഘാണ്ടികാർത്ഥകൻ
- മണിയടിക്കുന്നവൻ
ഘാതകൻ
- കൊല്ലുന്നവൻ
- ദുഷ്ടൻ
- ഉപദ്രവിക്കുന്നവൻ
ഘാതകി
- കൊലപാതകി
ഘാതനം
- കൊലപാതകം
ഘാതപക്ഷി
- പരുന്തു്
ഘാതം
- കൊല, വധം
- അടി
- ആയുധം
- ഗുണനം
- (5-ഉം 7-ഉം, തമ്മിലുള്ള ഘാതം = 35).
ഘാതി
- വിശേഷണം:
- കൊന്ന, കൊല്ലുന്ന
- ഉപദ്രവിക്കുന്ന
- (തീ, തിനി, തി).
ഘാതുക
- വിശേഷണം:
- ക്രൂരമായുള്ള
- (കൻ. കീകം). ഹിംസാശീലമുള്ള.
ഘാസം
- പൈപ്പുല്ലു്, ഇളംപുല്ലു് (പശുക്കൾക്കു തിന്നാവുന്ന എല്ലാത്തരം പുല്ലുകളും ഇതിൽ ഉൾപ്പെടും)
- പശുക്കൾ ഇതിനെ തിന്നുന്നതിനാൽ ഈ പേർ വന്നു.
- പയറു്
ഘാസി
- അഗ്നി
ഘാസുക
- ഭക്ഷിക്കുക
ഘു
ഘുഘുകൃത്തു്
- കാട്ടുപ്രാവു്
ഘുടം
- നരിയാണി
ഘുടാ
- ലന്തമരം
ഘുടി
- നരിയാണി
ഘുടിക
- ന(ഞ)രിയാണി
- കാലടി തിരിക്കുകയും മറിക്കുയും ചെയ്യുന്നതു്, ഇതു കൊണ്ടാകയാൽ ഈ പേർ വന്നു.
- ജപമാല
- ഗുളിക
ഘുണം
- മരം തുളക്കുന്ന വണ്ടു് മുതലായ ക്ഷുദ്രജന്തുക്കളുടെ പേർ
ഘുണാക്ഷരന്യായം
- യാദൃച്ഛിക സംഭവം
- “പുഴുക്കളും മറ്റും മണലിൽ കൂടിയിഴയുമ്പോൾ ചില അക്ഷരങ്ങളുടെ ആകൃതി ഇഴഞ്ഞു പോയ സ്ഥലത്തു കാണും. അക്ഷരം എഴുതണമെന്നു വിചാരിച്ചു് ഇഴഞ്ഞിട്ടുള്ളതല്ല. യാദൃച്ഛികമായി അക്ഷരങ്ങളായിട്ടു തീരുന്നതാണു്. അതു കൊണ്ടു “ഘുണാക്ഷരന്യായേന” എന്നു പറയുന്നു.”
ഘുണവല്ലഭാ
- അതിവിടയം
- ഇലവു്
ഘുണ്ടാ
- ലന്തമരം
ഘുണ്ഡം
- കണങ്കാൽ
ഘുമുഘുമു
- ശംഖിന്റെ ശബ്ദം
ഘുരണം
- ശബ്ദം
ഘുലഘുലാരവം
- ഒരു വക പ്രാവു്
- കാട്ടുപ്രാവു്
ഘുലഞ്ചം
- കാട്ടുകോതമ്പു്
ഘുഷ്ട
- വിശേഷണം:
- ഉറച്ചു ശബ്ദിക്കപ്പെട്ട
ഘുഷ്ട
- ഉറച്ചുള്ള ശബ്ദം
ഘുസൃണം
- കുങ്കുമം
ഘുസൃണാപിഞ്ജരതനു
- ഗംഗാനദി
ഘൂ
ഘൂകനാദിനി
- ഗംഗാനദി
ഘൂകം
- മൂങ്ങ
- ഊമൻ
- ഘൂ എന്നു ശബ്ദിക്കുന്നതു എന്നർത്ഥം.
‘ഘൂകവൃന്ദമതുകോടരത്തിലും’
— അന്യാപദേശശതകം
.ഘൂകാരി
- കാക്ക
ഘൂകാവാസം
- ശാഖോടവൃക്ഷം
ഘൂർണ്ണനം, ഘൂർണ്ണം
- ചുഴൽച്ച
- ഭ്രമം
ഘൂർണ്ണികാവാതം
- ചുഴലിക്കാറ്റു്
ഘൂർണ്ണിത
- വിശേഷണം:
- ചുഴലപ്പെട്ട
- തിരിയുന്ന
ഘൂർണ്ണിതൻ
- ഉറക്കം തൂക്കുന്നവൻ
- ഉണർച്ചയില്ലാത്തവൻ
- ഘൂർണ്ണയുണ്ടായവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- പ്രചലായിതൻ.
ഘൃ
ഘൃണ
- കരുണാരസം
- ആഹ്ലാദിപ്പിക്കുന്നതു എന്നർത്ഥം. കൃപ, ദയ.
- നിന്ദ
- ജുഗുപ്സ (ലജ്ജ)
- രോഷം
ഘൃണാകര
- വിശേഷണം:
- കൃപയുള്ള
- നിന്ദയുള്ള
ഘൃണാഫലം
- തണ്ണിമത്ത
ഘൃണാവതി
- ഗംഗാനദി
ഘൃണി
- വിശേഷണം:
- കൃപയുള്ള
- നിന്ദയുള്ള
- (ണീ, ണി, നീ, ണി).
ഘൃണി
- രശ്മി
- ഭൂമിയെ നനയ്ക്കുന്നതു എന്നർത്ഥം. ജലം ഒഴുകുന്നതു്, വെള്ളത്തെവിടുന്നതു് ഇങ്ങിനെയുമാവാം.
- പന്നി
ഘൃണിനിധി
- ഗംഗാനദി
ഘൃതകരഞ്ജ
- ഒരു വന്യവൃക്ഷം
- ഇതിനു പുങ്ങിന്റെ ഗുണമാണുള്ളതു്. വാതം, വ്രണം, വിഷം, അർശസ്സ്, ത്വഗ്ദോഷം ഇവയ്ക്കു് നന്നു്.
ഘൃതകുമാരി
- കറ്റുവാഴ
ഘൃതാചി
- ഒരപ്സരസ്ത്രീ
- രൗദ്രാശ്വനാൽ പത്തു തനയന്മാരുണ്ടായി. ഇവൾക്കു നൂറുപുത്രികൾ ഉണ്ടായിരുന്നതായും വായുവിന്റെ ശാപം കൊണ്ടു അവർ അംഗഹീനരായിത്തീർന്നു എന്നും ഒരു കഥയുണ്ടു്. വായുവിനോടു കൂടെ അവർ ആകാശത്തേക്കു ചെല്ലായ്ക കൊണ്ടാണ് ശപിച്ചതു്. ശാപം ഒഴിഞ്ഞശേഷം അവരെ ബ്രഹ്മദത്തൻ കല്യാണം കഴിച്ചു. ബ്രഹ്മദത്തൻ കാമ്പിലരാജാവായിരുന്നു.
- രാത്രി
- ഇന്ദ്രസ്വർഗ്ഗം
- സരസ്വതി
- പേരേലം
ഘൃതാചി
- വിശേഷണം:
- നൈ പെരുകിയ, നൈ പൂശിയ
- പ്രകാശിക്കുന്ന
ഘൃതം
- നൈ, നനയ്ക്കുന്നതു എന്നർത്ഥം
- ജലം
ഘൃതമാല
- നെയ്യാറു്
ഘൃതാർച്ചിസ്സ
- അഗ്നി
ഘൃതോദം
- നൈസ്സമുദ്രം
ഘൃഷ്ട
- വിശേഷണം:
- ഘർഷിക്കപ്പെട്ട
ഘൃഷ്ടി
- ബ്രഹ്മി
- രശ്മി
- പന്നി
- ഉരയ്ക്ക
- പൊടിക്ക
- നിലപ്പന, പന്നിക്കിഴങ്ങു്
- മലയമുക്കി
- (പന്നികൾ നിലപ്പനക്കിഴങ്ങു കുത്തിയെടുത്തു തിന്നുക സാധാരണമാണു്).
ഘൃഷ്ട്വി
- പന്നി
ഘോ
ഘോടകം, ഘോടം
- കുതിര
- ചുറ്റിത്തിരിഞ്ഞോടുന്നതു് എന്നർത്ഥം.
‘ഘോടകപംക്തികളാനക്കൊട്ടിലുകളും’
— കുചേലവൃത്തം വഞ്ചിപ്പാട്ടു്
.ഘോടകാരി
- പോത്തു
- കണവീരം
ഘോണാ
- മൂക്കു്
- ഗന്ധം ഗ്രഹിപ്പാൻ ആഗ്രഹിച്ചു വിഷയത്തിൽ ചുറ്റിത്തിരിയുന്നതു് എന്നർത്ഥം
ഘോണാന്തഭേദനം
- പന്നി
ഘോണി
- പന്നി
- നീണ്ട മൂക്കുള്ളതു് എന്നർത്ഥം.
ഘോണ്ട
- കമുകുമരം
- ആടുന്നതു് എന്നർത്ഥം.
- ഇലന്തക്കായ്
- ഉരുളുന്നതു് എന്നർത്ഥം. ഇലന്തമരം എന്നുമാവാം.
- കാട്ടിലന്ത
ഘോര
- വിശേഷണം:
- ഭയം വരുത്തുന്ന
ഘോരദർശന
- വിശേഷണം:
- ഭയങ്കരനോട്ടമുള്ള
ഘോരദർശനം
- ഭയങ്കരനോട്ടം
- മൂങ്ങ
- ചെറുപുലി
ഘോരൻ
- ഭയങ്കരൻ
- ശിവൻ
ഘോരം
- ഭയാനകരസം. ഭയപ്പെടുത്തുന്നതു എന്നർത്ഥം
- കുങ്കുമം
ഘോരരാസനം, ഘോരരാസി
- കുറുക്കൻ
ഘോരവാശനം, ഘോരവാശി
- കുറുക്കൻ
ഘോലജ
- നൈ
ഘോലം
- മോരു്
- പാട നീക്കാതേയും വെള്ളം ചേർക്കാതെയും ഉണ്ടാക്കിയ മോരു്
ഘോലി
- ഗോളിച്ചീര
ഘോഷ
- വിശേഷണം:
- ഉച്ചത്തിൽ ശബ്ദമുള്ള
- ഇടയന്മാരുള്ള
ഘോഷകം, ഘോഷം
- പീരം
- പീച്ചിൽ
- ഉണങ്ങിയാൽ ശബ്ദിക്കുന്നതു് എന്നർത്ഥം
ഘോഷണം, ഘോഷണാ
- ഉച്ചത്തിൽ ശബ്ദിക്ക
- കൂക്കൽ
ഘോഷം
- ഉച്ചത്തിലുള്ള ശബ്ദം
- ഇടയന്മാരുടെ കുടി
- ഇടയഗ്രാമം പശുക്കൾ ശബ്ദിക്കുന്ന സ്ഥലം എന്നർത്ഥം
- വെള്ളോടു്
- മുഴക്കം
ഘോഷയാത്ര
- രാജാക്കന്മാരുടെ പ്രൗഢിയോടു കൂടിയ പുറപ്പാടു്
ഘോഷയിത്സ്നു
- കുയിൽ
ഘോഷവതി
- വീണ
ഘോഷാ
- കാട്ടുശതകുപ്പ
- കർക്കടശൃംഗി
- കാട്ടുപീച്ചൽ
- ശതകുപ്പ
- വിഴാൽ
ഘോഷാക്ഷരം, ഘോഷങ്ങൾ
- ഘ. ഝ. ഢ. ധ. ഭ ഈ വ്യഞ്ജനങ്ങൾ
ഘോഷാരവം
- ഘോഷശബ്ദം
ഘോഷി
- ‘ഹ’ എന്ന വ്യഞ്ജനം
ഘോഷിക്കുക
- ശബ്ദിക്കുക
- കോലാഹലമുണ്ടാക്കുക
ഘോഷിതം
- ഘോഷിക്കപ്പെട്ടതു്
ഘോഷിപ്പു്
- കോലാഹലം
ഘ്ര
ഘ്രാണതർപ്പണം
- സുഗന്ധം
- മൂക്കിനിഷ്ടമുള്ള ഗന്ധത്തോടുകൂടിയ വസ്തു
- ഘ്രാണേന്ദ്രിയത്തെ തൃപ്തിവരുത്തുന്നതു് എന്നർത്ഥം.
ഘ്രാണദുഃഖദാ
- ഭൂതാങ്കുരം
- (ഗ്രാഹ്യാംശം പത്രാദി).
ഘ്രാണനം
- മണക്കുക
- മണം
ഘ്രാണം
- മണക്കുക
- മണം
- മൂക്കു്
- നാറ്റപ്പെട്ടതു്
ഘ്രാണിക്കുക
- മണക്കുക
- (കാരണക്രിയ:ഘ്രാണിപ്പിക്കുക).
ഘ്രാണേന്ദ്രിയം
- മൂക്കു്
ഘ്രാത
- വിശേഷണം:
- മണക്കപ്പെട്ട
- നാറ്റപ്പെട്ട
ഘ്രേയ
- ഘ്രാണിക്കത്തക്കതായ
- മണപ്പിക്കത്തക്കതായ
ങ
ങ
- ഹല്ലുകളിൽ അഞ്ചാം അക്ഷരം