• സ്വരാക്ഷരങ്ങളിൽ ഒന്നു്
  • (താലവ്യം).
  • കാമദേവൻ
  • ലക്ഷ്മി
  • ദുഃഖം
  • കോപം
  • വേദന
  • അത്ഭുതം
ഈകാരം
  • ഈ എന്ന അക്ഷരം
ഈക്കിൽ
  • തെങ്ങു പന മുതലായവയുടെ ഓലക്കാലിന്റെ നടുവിൽ നീളത്തിൽ വണ്ണം കുറഞ്ഞു കടുപ്പമായിക്കാണുന്ന വസ്തു
  • ഈർക്കിലി.
ഈക്കീക്കി
  • കുഞ്ഞുങ്ങളുടെ ഒരു മാതിരി കളി
  • കണ്ണാമ്പൊത്തിക്കളി
ഈക്കുക
  • ഇഴുക്കുക (ഈത്തു = ഇഴുത്തു) ഈ ശബ്ദം നീചമാണു്
ഈക്ഷ
  • കാഴ്ച
  • വിചാരം
ഈക്ഷകൻ
  • കാഴ്ചക്കാരൻ
  • കാണുന്നവൻ
ഈക്ഷണം
  • കണ്ണു
  • കാഴ്ച
  • നോട്ടം, ദർശനം
ഈക്ഷണിക
  • ശുഭാശുഭലക്ഷണം പറയുന്നവൾ
  • പര്യായപദങ്ങൾ:
    • വിപ്രശ്നികം
    • ദൈവജ്ഞ.
ഈക്ഷികാ
  • കൺപുരികങ്ങളുടെ താഴേടം
ഈക്ഷിക്കുക
  • നോക്കുക
  • കാണുക
ഈക്ഷിത
  • വിശേഷണം:
  • കാണപ്പെട്ട.
ഈങ്ങ
  • ഇഞ്ച
ഈങ്ങുക
  • ഇഴുക്കുക
  • ഉദാ:ഉടുപുടവ ഈങ്ങുന്നു.
ഈച്ച
  • പറക്കുന്ന ഒരു വക ചെറിയ ജന്തു
  • പര്യായപദങ്ങൾ:
    • വർവ്വണാ
    • മക്ഷികാ
    • നീലാ.
ഈച്ചത്തോൽ
  • വനങ്ങളിലുള്ള ക്ഷേത്രങ്ങളിലെ സദ്യയിൽ ഉപയോഗിച്ച ഒരു മാതിരി മുളകളിൽ നിന്നെടുത്ത നാരു അല്ലെങ്കിൽ ചകരി
ഈച്ചമരം
  • ഒരു കാട്ടുവൃക്ഷം. ഇതു പൊട്ടുമ്പോൾ ഈച്ചകൾ പുറപ്പെടും
ഈച്ചരൻ
  • ഈശ്വരൻ
  • ‘ഈച്ചരനായരൊഴിച്ചേപ്പിന്നെ
    കാഴ്ചക്കെങ്ങും ഞാൻ പാറില്ല’
    — രുക്മിണീസ്വയംവരം തുള്ളൽ
ഈച്ചാടി
  • ഉണക്കു മതിയാകാത്ത അരി
ഈഞ്ച
  • ഇഞ്ച
ഈടറവു്
  • (ചതുരംഗക്കളിയിൽ) “ഒരു കക്ഷിയിലേ ദേവനു തല്ക്കാലം നേരേ അരശൊന്നും തട്ടീട്ടില്ല, എന്നാൽ ചുറ്റും ശത്രുക്കളുടെ കാലാകയാൽ നീങ്ങാൻ അടിയില്ല; മറ്റു കരുക്കളെല്ലാം വെട്ടിപ്പോകയും ചെയ്തു. കളി തുടരാൻ നിർവാഹമില്ല ഇങ്ങിനേയും കളി അവസാനിക്കാറുണ്ടു്. ഇതിനു ‘ഈടറവു്’ എന്നു പേർ.”
ഈടറ്റ
  • വിശേഷണം:
  • തുല്യമില്ലാത്ത
ഈടാരുക
  • ബലമുള്ളതാക്കുക
  • നന്നാക്കുക
  • ‘ഈഞ്ചപ്പതകൊണ്ടു തേച്ചുകുളിപ്പിച്ചു
    ഈടാർന്നശോധനചെയ്തുകൊണ്ടാൾ’
    — ശീലാവതി
ഈടി
  • അധികമായി
ഈടിക്കളിക്ക
  • അഭിനയിച്ചുകളിക്ക
ഈടിടുക
  • മുഷ്ടികൊണ്ടിടിക്ക
  • മുഷ്ടിയുദ്ധംചെയ്ക
ഈടിയ
  • വിശേഷണം:
  • ഈടുള്ള
  • ശാശ്വതമായ
  • ‘ഇരുളേറിയമുകിലാൽമഴപെയ്തവ
    രീടിയപ്രത്യുപകാരമിയറ്റുവർ’
    — ഭഗവൽഗീത
  • വലുതായ
  • അധികമായ
ഈടു്
  • ഉറപ്പു്
  • പഴക്കം
  • വയസ്സു
  • പണയം
  • കൈയാല
  • വരമ്പു്
  • തടം
  • തുല്യം
  • കനം
  • അഹംഭാവം
ഈടുക
  • ചേരുക
  • ‘അല്ലലീടിയോടിനാർ’
    — രാമചരിതം
    .
  • ഉണ്ടാവുക
  • ഉള്ള
  • ‘ചന്ദനമീടിനകുന്നു്’ (ചന്ദനക്കുന്നു)
    — കൃഷ്ണഗാഥ
    .
ഈടുചെല്ലുക
  • നിലനില്ക്കുക
ഈടുന്ന
  • ഉള്ള
ഈടുമാടു
  • കൈയാല
  • വരമ്പ്
  • തടം
ഈടുമുട്ടാക്കുക
  • ഉത്തരംമുട്ടിച്ചു തോല്പിക്കുക
ഈടുമുട്ടു
  • വിരോധം
  • തടവ്
ഈടുവെപ്പു്
  • കൊച്ചിയിലെ ഭണ്ഡാഗാരം
ഈടേറുക
  • കനക്കുക
  • സന്തോഷിക്കുക
  • നിലനിൽക്കുക
ഈട്ടം
  • കൂട്ടം
  • (തമിഴ്: ഇണ്ട).
  • കൂടുതൽ
ഈട്ടി
  • ഒരു വൃക്ഷം
  • കുന്തം(ഒരായുധം)
  • യഷ്ടി എന്നതിന്റെ തത്ഭവം.
ഈഡ, ഈഡനം
  • സ്തുതി
ഈഡിത, ഈളിത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
ഈണം, ഈണക്കം
  • മൂളൽ
  • സ്വരം
  • ക്രമം
ഈണ്ണ്
  • വീണ്ണു്
  • വീണു്
ഈതി
  • അതിവർഷം മുതലായി ഒരു രാജ്യത്തിൽ നേരിടുന്ന കഷ്ടതകൾ
  • ഇവ ആറു്; 1. അതിവർഷം, 2. വർഷമില്ലായ്മ, 3. ശലഭങ്ങൾ, 4. എലികൾ, 5. കിളി, 6. അത്യാസന്ന നൃപന്മാർ.
  • ‘അതിവൃഷ്ടിരനാവൃഷ്ടി
    ർമ്മൂഷികാശ്ശലഭാശ്ശുകാഃ
    അത്യാസന്നാശ്ചരാജാനഃ
    ഷഡേതാംരംതയഃസ്മൃതാഃ
  • ഗമിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • നാശം
  • നാടുവെടിഞ്ഞു ദേശാന്തരം പോവുക
  • ഒരു പകരുന്ന വ്യാധി
  • ശണ്ഠ (കലഹം)
ഈതു
  • വീതം
  • ഉദാ:എഴുപതീതു, എൺപതീതു ഇത്യാദി.
ഈത്ത
  • പേരീച്ചം
  • ‘കാട്ടീന്ത’ എന്നു മറ്റുചിലർ.
  • ഈത്തപ്പഴത്തിനു പേരീച്ചംപഴം, പേരീത്തം പഴം, ഈന്തപ്പഴമെന്നും മറ്റും പറയാറുണ്ട്.
  • പര്യായപദങ്ങൾ:
    • ഖർജ്ജൂരം.
ഈത്ത
  • വായിലേ വെള്ളം
ഈദൃശം
  • വിശേഷണം:
  • ഇപ്രകാരമുള്ള, ഈ മാതിരിയുള്ള.
ഈനാംചാത്തി
  • ഒരു ദുഷ്ടപിശാചു്
ഈനാംപേച്ചി
  • ഈനാംചാത്തി കാണുക.
ഈനാംപൂച്ചി
  • ഈനാംചാത്തി കാണുക.
ഈനംപക്കി
  • ഈനാംചാത്തി കാണുക.
ഈനാംമാനി
  • വിശേഷണം:
  • താണ
  • ഹീനമായ
ഈന്ത, ഈന്തപ്പന
  • ഈത്ത (തൃണദ്രുമം)
ഈന്തു്
  • ഒരു വൃക്ഷം
  • ഇതു വാതപിത്ത രോഗങ്ങൾ, കുഷ്ഠം, രക്തദോഷം, അർശ്ശസ്, വ്രണം ഇവയെ ശമിപ്പിക്കും. വീര്യം ശീതമാകുന്നു.
  • പര്യായപദങ്ങൾ:
    • ഗജഭക്ഷാ
    • സുവഹാ
    • സുരഭി
    • രസാ
    • മഹേരുണം
    • കുന്ദുരുകി
    • സല്ലകി
    • ഹ്രാദിനി.
ഈൻറി
  • കൂടാതെ
  • ഇൻറി എന്നതിന്റെ രൂപഭേദം. ഇൻറിയിൽ നിന്നു എൻറി, എന്നി, എന്നിയേ ഈ രൂപങ്ങൾ കാലാന്തരത്തിലുണ്ടായി. ഈൻറി എന്നതു് മലയാള ഭാഷയിൽ ഇപ്പോൾ പ്രയോഗിക്കാറില്ല.
ഈപ്സ
  • ലഭിപ്പാനുള്ള ആഗ്രഹം
ഈപ്സിത
  • വിശേഷണം:
  • പ്രാപിക്കാൻ ആഗ്രഹിക്കപ്പെട്ട
  • ‘ശ്രീയാലീപ്സിതനായവൻകഥമഹോ’
    — അഭിജ്ഞാനശാകുന്തളം
ഈമാൻ
  • നന്ദി
  • യോഗ്യത
  • അറബി:.
ഈമ്പുക
  • കുടിക്കുക
  • ഈണ്ടു = കുടിച്ചു. കർണ്ണാടകം – ഇഴുമു. തമിഴിൽ – ഇറമ്പുക.
ഈമ്പി
  • ലുബ്ധൻ
  • ദുരാഗ്രഹി
ഈയക്കട്ടി
  • ഈയം കൊണ്ടുള്ള ഉണ്ട
ഈയക്കോൽ
  • പെൻസിൽ
  • കടലാസിൽ വരക്കുന്നതിനു് ഈയംകൊണ്ടുണ്ടാക്കിയ കോൽ
ഈയ, ഈയം
  • ഒരു ലോഹം
  • സീസം എന്നതിന്റെ തത്ഭവം. ഇതു രണ്ടു പ്രകാരത്തിൽ ഉണ്ടു്. ഒന്നു കറുത്തീയം (കരുവങ്കം), മറ്റതു വെളുത്തീയം (വെളുത്തവങ്കം). കറുത്തീയത്തിനു നാഗം, സീസകം (സീസം), യോഗേഷ്ടം, വപ്രം. വെളുത്തീയത്തിനു–ത്രപു, പിച്ചടം, രംഗം, വംഗം. നാഗം മുതൽ നാലും ഈയത്തിന്റേയും ത്രപു മുതൽ നാലും തകരത്തിന്റേയും പേരെന്നും അഭിപ്രായമുണ്ടു്.
ഈയാംപാറ്റ, ഈയൽ
  • ഒരുവക പുഴു
  • ചിറകുള്ളതും വളരെ ചെറിയതുമായ ഒരുതരം പറവക
  • വിട്ടില
  • ശലഭം
ഈയിട
  • സമീപകാലത്തുള്ള
ഈർ
  • പേനിന്റെ മൊട്ട
  • ഈരു്
ഈര്, ഈർ
  • ഇരു
  • ഈരണ്ടു
ഈർവാൾ
  • അറുപ്പുവാൾ
ഈര
  • കോഞ്ഞാട്ട
ഈരണം
  • വാക്കു്
  • വായു
  • അനക്കം
ഈരങ്കി
  • വാദം (Hearing)
ഈരണ്ടു
  • രണ്ടുവീതം
ഈരം, ഈരപ്പാടു്
  • നാല്ക്കാലിമൃഗങ്ങടെ മൂത്രദ്വാരം
ഈരം
  • അഴകു്
  • അറിവു്
  • സ്നേഹം
  • കൃപ
ഈരം, ഈറം
  • മലം, അഴുക്കു്
  • നനവു്
ഈരംകൊല്ലി, ഈരാങ്കൊല്ലി
  • വെളുത്തേടൻ
ഈരവുള്ളി
  • ചെമന്നുള്ളി
ഈരവെങ്കായം
  • ചെമന്നുള്ളി
ഈരൽ
  • കുടർ
ഈരിക്ക
  • നനയ്ക്ക
  • ഈറമാക്കുക
ഈരിണം
  • ശൂന്യമായതു്
  • ശൂന്യശബ്ദത്തിനു നിരാശ്രയദേശം എന്നർത്ഥം കാ ണുന്നുണ്ടു്, നിർജ്ജനദേശം.
  • ഓർ നിലം
ഈരിത
  • വിശേഷണം:
  • പ്രേരിപ്പിക്കപ്പെട്ട
  • നീക്കപ്പെട്ട
  • ശബ്ദിക്കപ്പെട്ട
  • പറഞ്ഞയക്കപ്പെട്ട
ഈരിതേക്ഷണൻ
  • ദീർഘദർശി
ഈരുക
  • അറുക്കുക
  • മുറിക്കുക
ഈരുള്ളി
  • ചെമന്നുള്ളി
ഈർക്കൊല്ലി
  • ഒരു മാതിരി ചെറിയചീപ്പു്
ഈർക്കിൽ
  • ഈക്കിൽ
  • ചിലദിക്കിൽ ഈക്കോൽ, ഈർക്കൽ ഇങ്ങിനേയും പറയുന്നു.
ഈർക്കിൽകരയൻ
  • കരയ്ക്കു വീതികുറഞ്ഞവസ്ത്രം
ഈർക്കിലി
  • തുറപ്പ (മാച്ചിൽ.)
ഈർച്ച
  • അറുപ്പു്
  • കഷണം
  • സുഖമില്ലായ്ക
ഈർച്ചക്കാരൻ
  • അറുപ്പുകാരൻ
ഈർച്ചപ്പൊടി
  • അറുപ്പുപൊടി
ഈർച്ചവാൾ
  • അറുപ്പുവാൾ
  • പര്യായപദങ്ങൾ:
    • ക്രകചം
    • കരപത്രം.
ഈർപ്പം
  • നനവു്
ഈർമ്മം
  • വ്രണം
  • ശരീരത്തിൽ വ്യാപിക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • അരുസ്സു്
    • വ്രണം.
ഈർമ്മൻ
  • ഈറൻ (നനവുള്ള) മുണ്ടു്
ഈര്യാ
  • അറിയപ്പെടുന്ന പരമാത്മാവാദി
  • തീർത്ഥയാത്ര
  • ദുർമ്മാർഗ്ഗസ്ഥിതി
ഈര്യാപഥം
  • ധ്യാനമൗനാദിയോഗമാർഗ്ഗം
ഈർവലി, പേനീർവലി
  • ഒരുമാതിരി ചെറിയചീപ്പു്
ഈർവാരു, ഈർവാലു
  • വെള്ളരി
  • പര്യായപദങ്ങൾ:
    • കർക്കടി.
ഈർഷ്യ, ഈർഷ
  • അന്യന്മാർക്കു ഉൽകൃഷ്ടതയുണ്ടാകുന്നതിനെ സഹിക്കാൻ പാടില്ലാത്ത സ്ഥിതി
  • അന്യന്റെ ഉന്നതസ്ഥിതിയെ സഹിക്കാൻ പാടില്ലായ്ക.
  • ഈർഷ്യയെ ചിലർ അസൂയ എന്നു വിചാരിക്കുന്നുണ്ടു്. അതു ശരിയല്ല. അസൂയ എന്നതു മറ്റൊരുത്തന്റെ ഗുണത്തിങ്കൽ ദോഷത്തെ ഉണ്ടാക്കുക. നല്ലതിൽ ചീത്തയെ വലിച്ചിടുക എന്നാകുന്നു.
  • പര്യായപദങ്ങൾ:
    • അക്ഷാന്തി.
ഈല
  • ഇല്ല
  • (പദ്യത്തിലാണു് അധികം പ്രയോഗം.)
ഈവണ്ണം
  • ഇപ്രകാരം
ഈശക്കോൺ, ഈശക്കോണം
  • വടക്കുകിഴക്കേമൂല
  • ഈശക്കോൺ × നിഋതിക്കോൺ.
ഈശൻ
  • ശിവൻ
  • ഐശ്വര്യത്തോടുകൂടിയവൻ, ഐശ്വര്യപരിപൂർണ്ണൻ ഇങ്ങിനെ ശബ്ദാർത്ഥം.
  • നാഥൻ
  • ശക്തൻ
  • ഭർത്താവു്
  • രുദ്രൻ
  • പതിനൊന്നു് എന്ന അക്കം
  • (പതിനൊന്നു് രുദ്രന്മാരുള്ളതുകൊണ്ടു്.)
ഈശനം
  • ഭരണം
  • ആർദ്രാനക്ഷത്രം
  • പ്രകാശം
  • ശാല്മലിവൃക്ഷം
ഈശനഗരി
  • കാശി
ഈശബലം
  • പാശുപതാസ്ത്രം
ഈശസഖൻ
  • കുബേരൻ
ഈശാ
  • ദുർഗ്ഗ (ഈശാനി)
  • ധനമേറെയുള്ളവൾ, ഐശ്വര്യത്തെ ഗമിക്കുന്നവൾ
ഈശാനൻ
  • ശിവൻ, ഐശ്വര്യം ഉള്ളവൻ, ഐശ്വര്യത്തെ നൽകുന്നവൻ
  • ‘ഈശാനസ്സർവവിദ്യാനാം’ എന്നതിനനുസരിച്ചു സർവവിദ്യാധിപതി ഇങ്ങിനെ ശബ്ദാർത്ഥം.
  • വിഷ്ണു
  • ഭരണകർത്താവു്
  • പ്രഭു
ഈശാന
  • ധനമുള്ള
  • ഭരിക്കുന്ന
ഈശാനമൂല
  • വടക്കുകിഴക്കേക്കോണു്
ഈശിത, ഈശിത്വം
  • അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
  • തന്റെ ആജ്ഞയ്ക്കു് ഒരിടത്തും തടവില്ലായ്ക, സ്വാമിയാവു എന്നുള്ളതു, ഈശന്റെ ഭാവം, ശ്രേഷ്ഠത.
ഈശിതാവു
  • പ്രഭുത്വമുള്ളവൻ
ഈശിതവ്യം
  • അതീശത്വം
ഈശ്വരാ
  • പ്രഭവാദി അറുപതു വർഷങ്ങളിൽ പതിനൊന്നാമത്തെ വർഷം
ഈശ്വരകൃഷ്ണൻ
  • ‘സാംഖ്യകാരിക’ എന്ന പുസ്തകത്തിന്റെ കർത്താവു്
ഈശ്വരൻ
  • ശിവൻ
  • ഐശ്വര്യത്തോടുകൂടിയവൻ എന്നർത്ഥം.
  • പ്രഭുത്വമുള്ളവൻ
  • ദൈവം
  • രക്ഷിതാവു്
  • നാഥൻ
  • രാജാവു്
  • ഭർത്താവു്
  • കാമദേവൻ
  • പരമാത്മാവു്
ഈശരബിന്ദു
  • രസം
ഈശ്വരമല്ലിക
  • എരിക്കു് (എന്നൊരു പക്ഷം)
ഈശ്വരൻകാക്ക
  • ചകോരപക്ഷി
ഈശ്വരമൂലി
  • ഒരു മരുന്നു്
  • ഇതു ‘നെയ്യുണ്ണി’യാണു് എന്നഭിപ്രായമുണ്ട്. വിഷത്തിനു നന്നു്.
ഈശ്വരസാന്നിദ്ധ്യം
  • ദൈവത്തിന്റെ അടുപ്പം
  • ദൈവത്തിന്റെ ഇരിപ്പു്
ഈശ്വരസേവ
  • ദൈവത്തെ പൂജിക്ക മുതലായതു്
ഈശ്വരാധീന
  • ദൈവത്തിന്റെ അധീനത്തിലുള്ള
  • ദൈവത്തിന്റെ കീഴിലുള്ള
ഈശ്വരാനുഗ്രഹം
  • ദൈവത്തിന്റെ പ്രസാദം
  • ദൈവാനുഗ്രഹം
ഈശ്വരിബിന്ദു
  • ഗന്ധകം
ഈശ്വരി, ഈശ്വരാ
  • പാർവതി, ഈശ്വരന്റെ ഭാര്യ എന്നർത്ഥം
  • ഐശ്വര്യശാലിനി എന്നുമാകാം.
  • അണലിവേഗം
ഈശ്വരേച്ഛ
  • ദൈവത്തിന്റെ ഇഷ്ടം
ഈഷ
  • കലപ്പത്തണ്ടു്
  • കരിക്കോൽ
  • പര്യായപദങ്ങൾ:
    • ലാംഗലദണ്ഡം.
ഈഷം
  • തുലാമാസം
ഈഷണാ
  • ശീഘ്രം
  • തിടുക്കം
  • ബദ്ധപ്പാടു്
ഈഷത്തു്
  • അല്പം, കുറഞ്ഞോന്നു്
  • സംശയം
ഈഷന്നമിതം
  • കുറഞ്ഞോന്നു താഴ്ത്തപ്പെട്ടതു്
ഈഷൽപാണ്ഡു
  • അല്പം വെളുപ്പുള്ളതു്
ഈഷിക, ഈഷീക
  • ആനയുടെ നേത്രഗോളം
  • തൂലികപ്പുല്ലു്
  • പുല്ലുകൊണ്ടുള്ള ചിത്രമെഴുതുന്ന തൂലിക
  • ഒരായുധം
ഈഹ
  • ഇച്ഛ
  • ആഗ്രഹം
  • പ്രയത്നം
ഈഹം
  • ശ്രമം
  • ഉദ്യമം
ഈഹാമൃഗം
  • ചെന്നായ്
  • മൃഗങ്ങളിൽ ആഗ്രഹമുള്ളതു് എന്നർത്ഥം.
  • കരകൗശലപ്പണിയിലുള്ള മാൻ
  • നാലങ്കമുള്ള നാടകത്തിലേ ഒരു ഭാഗം
  • പര്യായപദങ്ങൾ:
    • – കോകം
    • വൃകം.
ഈഹാവൃകം
  • ചെന്നായ്
ഈഹിക്ക
  • ഇച്ഛിക്ക
ഈഹിത
  • വിശേഷണം:
  • ഇച്ഛിക്കപ്പെട്ട
ഈഹിതം
  • ഇഷ്ടം
ഈള, ഈഡ
  • സ്തുതി
  • (മലയാളത്തിൽ) കഫം, വാനീർ
ഈളി
  • ചെറുവാൾ
  • സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
  • വാളിന്റെ രൂപത്തിലുണ്ടാക്കിയ വടി
  • പര്യായപദങ്ങൾ:
    • കരവാളികം.
ഈളിത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
ഈഴക്കരിമ്പു്
  • കരിമ്പിന്റെ വകഭേദം
  • പര്യായപദങ്ങൾ:
    • കാന്താരകം.
ഈഴം
  • ലങ്ക
  • പൊന്നു്
  • കള്ളു്
ഈഴച്ചേമ്പു്
  • ഒരു മാതിരിച്ചേമ്പു്
ഈഴപ്പുനമ്പു്
  • ഈഴദേശത്തെ ചൂരൽ
ഈഴത്തി
  • ചോകത്തി
ഈഴവൻ
  • ചോകൻ
  • സീഴം (സിംഹളം) എന്നതിൽ നിന്നുത്ഭവിക്കയാൽ ഈ പേരുണ്ടായി.
  • പര്യായപദങ്ങൾ:
    • ശൗണ്ഡികൻ
    • മണ്ഡകാരകൻ.
ഈഴവാത്തി
  • ചോകോനെ ക്ഷൗരം ചെയ്യുന്നവൻ
  • കോമരം
ഈറ
  • കോപം
  • ‘നൂറുജനത്തിലൊരുത്തനുനേരി
    ല്ലീറവരുന്നതുപെരുതോ തോഴാ!’
    — ഘോഷയാത്ര തുള്ളൽ
ഈറൻ
  • നനഞ്ഞമുണ്ടു്
ഈറമ്പനി
  • ശീതജ്വരം
  • ഉപായപ്പനി, സാരമില്ലാത്ത പനി
ഈറിക്ക
  • കോപംവരുത്തുക
ഈറു്
  • കോപം
  • അതിരു്
ഈറുക
  • കോപിക്കുക
  • നശിപ്പിക്കുക
ഈറം
  • നനവു്
  • മലം, അഴുക്കു്
  • ഈരം എന്നും കാണുന്നുണ്ടു്.
ഈറമ്പന
  • ഒരു വൃക്ഷം
  • ഈന്തൽപ്പന
ഈറയ്ക്കുക
  • കോപിക്കുക
ഈറ്റ
  • ചെടി
  • ലുബ്ധ്
  • [ഈരു (ഇഴക്ക വലിക്ക) എന്നതിൽ നിന്നുണ്ടായി..
ഈറ്റക്കുഴൽ
  • ഒരു മാതിരി കുഴൽ
ഈറ്റൻ
  • ലുബ്ധൻ
ഈറ്റപ്പാമ്പു്, ഈറ്റുപ്പാമ്പു്
  • തള്ളപ്പാമ്പു്
  • പെറ്റ പാമ്പു്
ഈറ്റപ്പുര, ഈറ്റുപ്പുര
  • പ്രസവിച്ചു കിടക്കുന്ന മുറി
ഈറ്റപ്പുല, ഈറ്റുപ്പുല
  • പ്രസവിച്ചാൽ പത്തുദിവസം കൂറ്റുകാർക്കുള്ള അശുദ്ധി
ഈറ്റപ്പുലി, ഈറ്റുപുലി
  • പെറ്റു കുട്ടിയോടുകൂടി കിടക്കുന്ന പുലി
ഈറ്റം
  • മൃഗങ്ങളുടെ യോനി
  • തൃപ്തികേട്
ഈറ്റമായൻ
  • ലുബ്ധൻ
ഈറ്റിക്ക
  • മുറുകെ പിടിക്ക
  • (ചെലവു ചെയ്യാതെ വെച്ചുകൊള്ളുക)
ഈറ്റിനം
  • ചെറിയ ജന്തുക്കളുടെ കൂട്ടം
ഈറ്റില്ലം
  • പ്രസവിച്ചു കിടക്കുന്ന മുറി
  • പര്യായപദങ്ങൾ:
    • അരിഷ്ടം
    • സൂതികാഗൃഹം
ഈറ്റു്
  • പ്രസവം
ഈറ്റുകാരി
  • പേറെടുക്കുന്നവൾ
ഈറ്റുനോവു്
  • പ്രസവവേദന
  • ഇതിനു മൂന്നു സന്ധികൾ ഉണ്ടു്. നോവിന്റെ ആദ്യസന്ധി – ഗർഭാശയത്തിന്റെ വായ് തുറക്കുന്നതു്. രണ്ടാമത്തേതു് – കുട്ടിയുടെ ജനനം. മൂന്നാമത്തേതു് – മറുപിള്ള പിറക്കുന്നതു്.
ഈറ്റുപട്ടി
  • പ്രസവിച്ച പട്ടി
ഈറ്റുവേദന, ഈറ്റുവിളി
  • പ്രസവവേദന
ഈറ്റെടുക്കുക
  • പ്രസവവേദനപ്പെടുക
  • പേറെടുക്കുക
ഈറ്റെടുക്കുന്നവൾ
  • പ്രസവവേദനപ്പെടുന്നവൾ
  • പേറെടുക്കുന്നവൾ