ല
ല
- ഹല്ലുകളിൽ ഇരുപത്തെട്ടാം അക്ഷരം. ഒരു വ്യഞ്ജനാക്ഷരം
ലഃ
- ഇന്ദ്രൻ
ലകം
- നെറ്റി
ലകാരം
- ‘ല’ എന്നക്ഷരം
- അനുകൂല, കുശല, വിമല, സുശീല, സുകുല ഇങ്ങിനെ ഭാര്യമാർ 5 വിധം
- ഇതിനു ‘ലകാരപഞ്ചകം’ എന്നു പേർ. ഇങ്ങിനെയുള്ള ഭാര്യയുള്ളവനത്രേ ഭാഗ്യവാൻ.
ലകുചം
- അയിനിപ്പുലാവു്
- അയനിമരം
- ആസ്വദിക്കപ്പെടുന്നതു് എന്നർത്ഥം. (ലകചം, ലികുചം ഇങ്ങിനെയും കാണുന്നു).
ലക്കു്
- തക്കതായ സമയം
- ലാക്കു്
- ബോധം
ലക്കം
- അക്കം
ലക്കോട്ടു്
- മടക്കിയ എഴുത്തു്
- എഴുത്തു് അടക്കം ചെയ്യാനുള്ള കൂടു്
ലക്തകം
- കീറ്റുതുണി
- കറുത്ത അരക്കു്
ലക്ഷകം
- സാഹിത്യശാസ്ത്രപ്രകാരം ശബ്ദത്തിന്റെ ഒരു വിഭാഗം
ലക്ഷണം
- അടയാളം. പദാർത്ഥത്തെ കാണിച്ചുതരുന്നതു് എന്നർത്ഥം
- രൂപം
- പ്രമാണം
- ഗുണം
- മര്യാദ
- ലാക്കു്
ലക്ഷണൻ
- ഒരു പേർ
- ലക്ഷ്മണൻ
ലക്ഷണാ
- ഒരുമാതിരി പക്ഷിയിൽ പിട
ലക്ഷദീപം
- തിരുവനന്തപുരത്തു മതില്ക്കകം ക്ഷേത്രത്തിലെ ഒരു വലിയ വിശേഷ ഘോഷം. (മുറജപം എന്നതു നോക്കുക)
ലക്ഷം, ലക്ഷ
- നൂറായിരം
- ചതവു്
- അടയാളം
- ലാക്കു്
- ആലോചിക്കപ്പെടുന്നതു് എന്നർത്ഥം. ശരവും മറ്റും പ്രയോഗിച്ചാൽ കൊള്ളേണ്ടുന്ന സ്ഥലം.
ലക്ഷിക്കുന്നു
- നോക്കുന്നു
ലക്ഷിത
- വിശേഷണം:
- കാണപ്പെട്ട
- അടയാളമിടപ്പെട്ട
- ലാക്കുനോക്കപ്പെട്ട
- ശോധനചെയ്യപെട്ട
ലക്ഷീകരിക്കുന്നു
- ലക്ഷ്യമാക്കിത്തീർക്കുന്നു
- ഉന്നുന്നു
ലക്ഷീഭവിക്കുന്നു
- ലക്ഷ്യമായി ഭവിക്കുന്നു
- ലാക്കു (ഉന്നം) ആയിത്തീരുന്നു
ലക്ഷോപിലക്ഷം
- വിശേഷണം:
- വളരെ അധികം
- അനവധി
ലക്ഷ്മണ
- വിശേഷണം:
- ലക്ഷണമുള്ള
- ശ്രീയുള്ള
- ശ്രുതിയുള്ള
ലക്ഷ്മണൻ
- ശ്രീരാമന്റെ അനുജൻ
- സുമിത്രയിൽ ദശരഥന്റെ പുത്രനാണു്. ശേഷസർപ്പത്തിന്റെ ഒരവതാരമെന്നു് അധ്യാത്മരാമായണം കൊണ്ടു് വെളിവാകുന്നു. സീതയുടെ സഹോദരിയായ ഊർമ്മിളയെ വേട്ടു. രാമചന്ദ്രനൊന്നിച്ചു് ലക്ഷ്മണനും വനത്തിൽ പോവുകയുണ്ടായി. പഞ്ചവടിയിൽ വച്ചു ശൂർപ്പണഖയുടെ നാസാകുചങ്ങളെ ഖണ്ഡിച്ചു. രാമരാവണയുദ്ധത്തിൽ വളരെ പരാക്രമം കാണിച്ചു. രാവണന്റെ മകനായ മേഘനാദനെ വധിച്ചു. ഒരിക്കൽ യമൻ മുനിവേഷം ധരിച്ചു് രാമചന്ദ്രനെ കാണുന്നതിനായി ചെന്നു. വിവരം അറിയിക്കണമെന്നു പറകയാൽ ലക്ഷ്മണൻ പോയി അറിയിച്ചു. മുനിയെ രാമചന്ദ്രൻ വണങ്ങി അഭിമതം ചോദിച്ചു. സംസാരമദ്ധ്യെ ആരെങ്കിലും വന്നു കേറിയാൽ അവനെ വധിക്കാമെന്നു സത്യംചെയ്യുന്നപക്ഷം വന്ന കാര്യം പറയാമെന്നു മുനി പറഞ്ഞു. അതു സമ്മതിച്ചു് ലക്ഷ്മണനെ സ്വാമിഗോപുരദ്വാരത്തിൽ സൂക്ഷിപ്പാനായി നിയമിച്ചു. ഉടൻ ഭഗവാനെ കാണ്മാൻ ദുർവാസസ്സ് മഹർഷി വന്നുചേർന്നു. മുനിയുടെ മുടുക്കംകൊണ്ടും കുലനാശത്തെ ഭയപ്പെട്ടും ലക്ഷമണൻ സംസാരമദ്ധ്യെ ചെന്നുകേറി മുനി വന്നുനില്ക്കുന്ന വിവരം അറിയിച്ചു. അവർ തമ്മിൽ കണ്ടു പിരിഞ്ഞശേഷം ശ്രീരാമൻ സത്യപരിപാലനാർത്ഥം ചിന്ത തുടങ്ങി. വധവും ത്യാഗവും സമമെന്നു തീർച്ചയാക്കി അനുജനെ ഉപേക്ഷിച്ചു. ലക്ഷ്മണൻ സര യൂനദീതീരത്തിൽ ചെന്നു് ബ്രഹ്മധ്യാനതൽപരനായി യോഗത്തോടെ സ്ഥിതിചെയ്തു. ഉടൻ ഇന്ദ്രൻ വിമാനവുങ്കൊണ്ടു വന്നു് ലക്ഷ്മണനെ അതിൽ കയറ്റി സ്വർഗ്ഗത്തേക്കു കൊണ്ടുപോയി സുഖമായി പാർപ്പിച്ചു. പുത്രന്മാർ-അംഗദൻ, ചന്ദ്രകേതു.
- വണ്ടാരംകോഴി
- ദുര്യോധനന്റെ പുത്രൻ
- (അഭിമന്യു കൊന്നു).
- ശ്രീയുള്ളവൻ
ലക്ഷ്മണം
- അടയാളം
ലക്ഷ്മണാ
- വണ്ടാരംകോഴിപ്പിട
- ശ്രീയുള്ളതു് എന്നർത്ഥം.
- തിരുതാളി
- വെളുത്ത കണ്ടകാരിച്ചുണ്ട
- കാട്ടുപാവൽ
- ഇരട്ടിമധുരം
- വാച്യാർത്ഥത്തിനു് അന്വയം വരായ്കകൊണ്ടു അതിനെ ത്യജിച്ചു തത്സംബന്ധമായി നാം കല്പിക്കുന്ന മറ്റു പ്രവൃത്തി
ലക്ഷ്മണാചാര്യൻ
- ഒരു സംസ്കൃത കവി
- മഹാരാഷ്ട്രരാജ്യം. വേണിമാധവന്റെ പുത്രൻ. രാധ എന്നു അമ്മയുടെ നാമം. അത്രിഗോത്രം. വാണി എന്നു ഭവനപ്പേർ. രഘുനാഥൻ ഗുരുനാഥൻ. വളരെ പ്രാചീനനല്ല. ചാണ്ഡീകുചപഞ്ചാശിക നിർമ്മിച്ചു.
ലക്ഷ്മാവു്
- അടയാളം
- പദാർത്ഥത്തെ കാണിച്ചുതരുന്നതു് എന്നർത്ഥം.
- പ്രധാനം
ലക്ഷ്മീ
- വിഷ്ണുവിന്റെ ഭാര്യ, കാമന്റെ അമ്മ
- പാൽക്കടലിന്റെ പുത്രിയാണത്രേ. ശ്രീ മര്യാദക്കാരെ അറിഞ്ഞുകാണുന്നവൾ എന്നർത്ഥം. (അനീതിയായി നടക്കുന്നവരിൽ ശ്രീ സ്ഥിരയല്ലല്ലൊ.)
- പര്യായപദങ്ങൾ:
- -ലക്ഷ്മീ
- പത്മാലയാ
- പത്മാ
- കമലാ
- ശ്രീ
- ഹരിപ്രിയാ
- ഇന്ദിരാ
- ലോകമാതാവു്
- മാ
- രമം
- മംഗലദേവതാ
- ഭാർഗ്ഗവി
- ലോകജനനി
- ക്ഷീരസാഗരകന്യകാ. 2. സമ്പത്തു്
- ധനാദിസമൃദ്ധി. 3. ശോഭ. 4. തിരുതാളി. 5. മഞ്ഞൾ. 6. ഋദ്ധി എന്ന ഔഷധം. 7. വൃദ്ധി. 8. ഞാഴൽ. 9. വെളുത്ത തുളസി. 1൦. മുത്തു്. 11. ഓരിലത്താമര. 12. ഭംഗി
- അഴകു്
- തൈത്തരീയ സംഹിതപ്രകാരം ലക്ഷ്മിയും ശ്രീയും ആദിത്യന്റെ ഭാര്യമാരെന്നു കാണുന്നു.
ലക്ഷ്മീകാന്തൻ
- വിഷ്ണു
ലക്ഷ്മീഗൃഹം
- ചെന്താമരപ്പൂവു്
ലക്ഷ്മീനാഥൻ
- വിഷ്ണു
ലക്ഷ്മീപതി
- വിഷ്ണു
- കവുങ്ങു്
- ഇലവംഗപ്പൂവു്
- രാജാവു്
ലക്ഷ്മീപുത്രൻ
- കുതിര
- കുശൻ
- ലവൻ
- കാമദേവൻ
ലക്ഷ്മീപുഷ്പം
- മാണിക്യം
ലക്ഷ്മീഫലം
- കൂവളം
ലക്ഷ്മീരമണൻ
- വിഷ്ണു
ലക്ഷ്മീവൽ
- വിശേഷണം:
- ലക്ഷ്മിയുള്ള
- ശ്രീയുള്ള
- (വാൻ, വതീ, വൽ).
ലക്ഷ്മീവാരം
- വ്യാഴാഴ്ച
ലക്ഷ്മീവേഷ്ടം
- പയിനെണ്ണ
- കർപ്പൂരത്തൈലം. (Turpentine)
ലക്ഷ്മീശൻ
- വിഷ്ണു
ലക്ഷ്മീസഹോദരൻ
- ഇന്ദ്രന്റെ കുതിര
- ചന്ദ്രൻ
ലക്ഷ്യ
- വിശേഷണം:
- കാണപ്പെടുവാൻ തക്ക
- അറിയപ്പെടുവാൻ തക്ക
ലക്ഷ്യഭേദം
- ലാക്കുമുറിക്കൽ
ലക്ഷ്യം
- അടയാളം
- ലാക്കു്
- നൂറായിരം
- വഞ്ചന
- തെളിവു്
ലക്ഷ്യജ്ഞ
- വിശേഷണം:
- ലക്ഷ്യത്തെപ്പറ്റി എല്ലാം അറിയാവുന്ന
- അസ്ത്രപ്രയോഗത്തിൽ സാമർത്ഥ്യമുള്ള. (നാമം-ലക്ഷ്യജ്ഞത്വം)
ലഗഡ
- വിശേഷണം:
- അഴകുള്ള
- പ്രിയമുള്ള
ലഗാൻ
- കടിഞ്ഞാൺ
ലഗായിക്ക
- മേളം കൂട്ടുക
- തകർക്കുക
ലഗിത
- ലഭിച്ച
- കിട്ടിയ
ലഗുഡം
- വടി
- (ലഗുരം, ലഗൂലം ഇങ്ങനെയുമാവാം), കുറുവടി.
- ചെമന്ന അരുളി
ലഗ്ന
- വിശേഷണം:
- ചേർന്നിരിക്കുന്ന
ലഗ്നകൻ
- ജ്യാമ്യക്കാരൻ
- മദ്ധ്യസ്ഥൻ
- ലജ്ജിക്കുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- പ്രതിഭുവൻ.
ലഗ്നൻ
- മദയാന
ലഗ്നം
- ഉദയരാശി
- രാശികളുടെ ഉദയത്തിന്റെ പേർ. ഫലത്തോടു യോജിച്ചു നില്ക്കുന്നതു് എന്നർത്ഥം
- ജ്യോതിശ് ചക്രം പന്ത്രണ്ടു ഖണ്ഡമാണു്. ഓരോ ഭാഗത്തിനു് ‘രാശി’ എന്നു പറയപ്പെടുന്നു. അതിൽ കിഴക്കുവശത്തു് ഏതുസമയം ഏതുരാശി ഉദിക്കുന്നു അതിന്റെ പേരത്രേ ലഗ്നം. ജ്യോതിശ് ചക്രം സദാ പ്രദിക്ഷിണമായി ചുറ്റിത്തിരിയുന്നു. അതിന്മേലുള്ള സൂര്യാദി ഗ്രഹങ്ങൾ വിപരീതമായി സഞ്ചരിക്കുന്നു. ജ്യോതിശ്ശാസ്ത്രസിദ്ധാന്തം ഇപ്രകാരമാണല്ലോ.
ലഗ്നാധിപൻ
- ഉദയരാശിയുടെ നാഥൻ
ലഗ്നിക
- പത്തുവയസ്സു ചെന്ന പെൺ
ലഘിമാവു്
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
- ഏറ്റവും ലഘുത്വം. കനം കുറയുക എന്നർത്ഥം
ലഘിഷ്ഠ
- വിശേഷണം:
- ഏറ്റവും ലഘുവായ
ലഘു
- വിശേഷണം:
- ഭാരമില്ലാത്ത
- സാരമില്ലാത്ത
- ചെറിയ
- നിമഷമുള്ള
- സൗന്ദര്യമുള്ള
- ഹീനമായ
- വെടിപ്പുള്ള
- ക്ഷീണമുള്ള, ഹ്രസ്വമായ(നാമം ലഘുത്വം = ഭാരമില്ലായ്ക.(ഘു, ഘ്വീ, ഘു)
ലഘു
- കാലതാമസം കൂടാതെ
ലഘു
- രാമച്ചം
- ലാമജ്ജകം
- കാരകിൽ
- ഇഷ്ടമായിട്ടുള്ളതു്. അല്പമായിട്ടുള്ളതു്
- ലംഘിക്കപ്പെടുന്നതു് എന്നർത്ഥം.
- ചെറുപയറു്
- ചൊനകപ്പുല്ലു്
- തകരം
ലഘുകായം
- ആടു്
ലഘുകൗമുദി
- പാണിനിയുടെ വ്യാകരണം. (വരദരാജൻ സംഗ്രഹിച്ചതു്)
ലഘുത്വം
- കനക്കുറവു്
- ലഘുത്വം × ഗുരുത്വം
ലഘുനാമാ
- അകിൽ
ലഘുഭക്ഷണം
- ചെറിയ തോതിലുള്ള ഭക്ഷണം
- എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം. (കഞ്ഞി
- കാപ്പി മുതലായവ)
ലഘുശംഖം
- ഞവഞ്ഞു്
ലഘുലയം
- രാമച്ചം
- രോഗങ്ങളെ ലംഘിക്കുന്നതും ഭൂമിയിൽ ചേർന്നുകിടക്കുന്നതും എന്നർത്ഥം.
ലഘ്വീ
- സാരമില്ലാത്ത സ്ത്രീ
- കനമില്ലാത്ത ഒരു വാഹനം, ഒരുമാതിരി വണ്ടി
- ചേനകപ്പുല്ലു്
ലങ്ക
- രാവണൻ പാർത്തിരുന്ന സ്ഥലം
- ലങ്കാ ദ്വീപു് സിംഹളം അല്ലെങ്കിൽ സിലോൺ ആകുന്നു. 7൦൦ യോജനയുണ്ടു്. ഇലങ്കുക എന്നതിനു പ്രകാശിക്കുക എന്നർത്ഥം. ലങ്ക വിശ്വകർമ്മാവു സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഒരു നഗരമാണു. ഭാഗവതപുരാണപ്രകാരം ലങ്കാനഗരം മേരു പർവ്വതത്തിന്റെ ഒരു ശിഖരമാകുന്നു. വായു ശിഖരം പൊട്ടിച്ചു സമുദ്രത്തിലേക്കെറിഞ്ഞതു ലങ്കാ നഗരമായിത്തീർന്നു. ‘വിശ്വകർമ്മാവു നിർമ്മിച്ചീടിനാനല്ലോ പുരാവിശ്വവിസ്മയകരമാകിയ ലങ്കാപുരം* ദക്ഷിണാബ്ധിയിൽ ത്രികുടാചലോപരി തത്ര രക്ഷോവീരന്മാർക്കു വാണീടുവാൻ വിചിത്രമായി’.
— അദ്ധ്യാത്മരാമായണം
- പാതിവ്രത്യമില്ലാത്ത് സ്ത്രീ
- മൂന്നു ദളമുള്ള കടല
- വെളുത്ത നറുനീണ്ടി
ലങ്കട
- മുടന്തു്
ലങ്കർ
- നംകൂരം
ലങ്കാരി
- ശ്രീരാമൻ
ലങ്കാദാഹി
- ഹനൂമാൻ
ലങ്കോപിക
- ചോനകപ്പുല്ലു്
- ലങ്കയിൽ കൃഷി ചെയ്തുണ്ടാക്കുന്നതു് എന്നർത്ഥം.(പാഠങ്ങൾ ലങ്കോയിക, ലങ്കാസിക).
ലഗ(ക)ൻ
- പ്രിയൻ
ലംഘനം
- അപ്പുറത്തേയ്ക്കു കടക്കുക
- ഉപവാസം
- അതിക്രമം
- കുതിരയുടെ ഒരുമാതിരി നടപ്പു്
- വിരോധമായ പ്രവൃത്തി
ലഘിക്കുന്നു
- അതിക്രമിക്കുന്നു
- നിഷേധിക്കുന്നു
ലംഘിത
- വിശേഷണം:
- ലഘിക്കപ്പെട്ട
ലംഘ്യ, ലംഘനീയ
- വിശേഷണം:
- ലംഘിക്കത്തക്ക
ലംചാ
- സമ്മാനം
- കൈക്കൂലി
ലംജം
- അടിവശം
- വാൽ
ലംജിക
- തേവിടിച്ചി
ലജ്ജ
- നാണം
- മുക്കുറ്റി
- പര്യായപദങ്ങൾ:
- മന്ദാക്ഷം
- ഹ്രീ
- ത്രപാ
- വ്രീഡ
ലജ്ജാകര
- വിശേഷണം:
- ലജ്ജയെ ജനിപ്പിക്കത്തക്ക.
ലജ്ജിക്കുന്നു
- നാണിക്കുന്നു
- സകര്‍മ്മകക്രിയ:ലജ്ജിപ്പിക്കുന്നു.
ലജ്ജിത
- വിശേഷണം:
- നാണിച്ച
- ലജ്ജിച്ച
ലജ്ജികാ
- വ്യഭിചാരിണി
ലടൻ
- ദുർബുദ്ധി
- കവർച്ചക്കാരൻ
ലടഭ
- വിശേഷണം:
- സൗന്ദര്യമുള്ള
- ഭംഗിയുള്ള
ലടഭാ
- സുന്ദരിയായ യുവതി
ലട്വം
- കുതിര
ലട്ടു്
- പമ്പരം
- കുട്ടികൾ കളിക്കുന്ന ഒരു സാധനം
ലട്വാ
- ഊർകുരികിൽ പക്ഷി, ചീവൽ പക്ഷി
- പാതിവ്രത്യമില്ലാത്ത സ്ത്രീ
- കഴഞ്ചി
- കുയുമ്പുമരം
- കുതിര
- ഒരു രാഗം
- നെറ്റിയിലെ ഒരു ചുഴി
ലഡഹ
- വിശേഷണം:
- ഭംഗിയുള്ള
ലഡ്ഡു, ലഡ്ഡുകം
- ഒരു പലഹാരം
- നെയ്യപ്പത്തിനു ഈ പേരുണ്ടെന്നു കാണുന്നുണ്ടു്. ഇപ്പോൾ നടപ്പിലിരിക്കുന്ന ലഡ്ഡുവും നെയ്യപ്പവുമയി ഒരു യോജിപ്പും, കാണുന്നുമില്ല.
ലണ്ഡനപുരം
- ലണ്ഡൻ നഗരം
ലത
- വള്ളി
- ചുറ്റുന്നതു് എന്നർത്ഥം.
- വെളുത്ത നറുനീണ്ടി
- ലതാകസ്തൂരികാ
- വെളുത്ത വലിയ പിച്ചകം
- ചെറുപ്പുന്ന
- വെങ്കുറുക
- ഞാഴൽ
- പടർന്നുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
- മാധവി
- കൈവർത്തികം വള്ളി
- ചോനകപ്പുല്ലു്
- മരങ്ങളുടെ കൊമ്പു്
- കുരുക്കുത്തിമുല്ല
- പരിമളമുള്ളതുകൊണ്ടു് ജനങ്ങളുടെ മനസ്സുകളെ ആദാനം ചെയ്യുന്നതു് എന്നർത്ഥം.
- സ്ത്രീ
ലതാഗൃഹം
- വള്ളിക്കുടിൽ
- വള്ളിപ്പടർപ്പു്
ലതാംഗി
- സുന്ദരി
- കർക്കടകശൃംഗി
ലതാജിഹ്വം
- പാമ്പു്
ലതാതരു
- തെങ്ങു്
- കരിമ്പന
ലതാന്തം
- പുഷ്പം
ലതാമൃഗം
- കുരങ്ങു്
ലതായാവകം
- പവിഴം
ലതാരസനം
- സർപ്പം
ലതാർക്ക
- വിശേഷണം:
- പച്ചനിറമുള്ള
ലതാർക്കം
- പച്ച നിറമുള്ള ഉള്ളി
ലതാവൃക്ഷം
- തെങ്ങു്
- മരുതു്
ലതാവ്രതാനിനീ
- വള്ളിപ്പടപ്പു്
ലതികാ
- വള്ളി
ലത്തികാ
- ഒരു വക ഗൗളി
ലന്ത
- ഒരു വൃക്ഷം
- (ലന്തക്കാർ = യൂറോപ്പിലുള്ള ഒരു ദിക്കുകാർക്കു പറയപ്പെട്ട ഒരു പേർ. ലന്ത, ഒലന്ത = ഹാളൻഡ് (Holland).)
- പര്യായപദങ്ങൾ:
- കർക്കന്ധു
- ബദരീ
- കോലി.
ലന്തക്കാർ
- ഡച്ചുകാർ
ലപനം
- മുഖം, മുഖവിലം, വായ്
- വാക്കു്, വർത്തമാനം, സംസാരം
ലപിത
- വിശേഷണം:
- പറയപ്പെട്ട
ലപിതം
- വാക്കു്
- പറയപ്പെട്ടതു്
ലബ്ധ
- വിശേഷണം:
- ലഭിക്കപ്പെട്ട
- ലഭിച്ച
- ലഭിക്കപ്പെട്ടതിനു
- പര്യായപദങ്ങൾ:
- (പ്രാപ്തം
- പ്രണിഹിതം).
ലബ്ധവർണ്ണ
- വിശേഷണം:
- വിദ്യയുള്ള
- എല്ലാവരാലും സ്തുതിക്കപ്പെടുന്ന
ലബ്ധവർണ്ണൻ
- വിദ്വാൻ
ലബ്ധാ
- വിശ്വസിപ്പാൻ വയ്യാത്ത ഭർത്താവുള്ളവൾ
ലബ്ധി
- ലാഭം
ലഭസം
- ധനം
- കുതിരയെ കെട്ടുന്ന കയറു്
ലഭിക്കുന്നു
- കിട്ടുന്നു
ലഭ്യ
- വിശേഷണം:
- ലഭിക്കപ്പെടുവാൻ തക്ക
ലംപടൻ
- സ്ത്രീകളിൽ അധികം ആഗ്രഹമുള്ളവൻ
- സമർത്ഥൻ
- കൊതിയുള്ളവൻ
- താന്തോന്നി
ലംപടം
- സമർത്ഥം
ലംഫം
- ചാട്ടം
ലംബ
- വിശേഷണം:
- നീളമുള്ള, വിസ്താരമുള്ള
- തൂങ്ങിയ
- (ലംബരേഖ Perpendicular).
ലംബകർണ്ണം
- രണഗീതപ്പക്ഷി
- കഴുത
- ആടു്
- ആന
- അഴിഞ്ഞിൽ
- പരുന്തു്
ലംബകം
- ചുവരുകെട്ടുന്നതിനു കൊത്തന്മാർ ഉപയോഗിക്കുന്ന കുണ്ടും നൂലും
- (ക്ഷേത്രവ്യവഹാരത്തിൽ നെടുങ്ങനെയുള്ള രേഖ, ലംബരേഖ)
ലംബഗ്രീവം
- ഒട്ടകം
ലംബനം
- തൂങ്ങുക
- ഞാന്നുകിടക്കുക
- കഴുത്തിലിടുന്ന ഒരുമാതിരി മാല, അയവായി കെട്ടുന്ന കണ്ഠാഭരണം. തൂങ്ങിനിൽക്കുന്നതു് എന്നർത്ഥം
ലംബം
- കൈക്കൂലി
- തൂക്കം
- ഞാലുക
- വണ്ടാരങ്കോഴി
ലംബമാന
- വിശേഷണം:
- തൂങ്ങിക്കിടക്കുന്ന
- ആശ്രയിക്കുന്ന
ലംബാ
- ലക്ഷ്മി
- ദുർഗ്ഗാ
- പേച്ചുര
ലംബിക
- അണ്ണാക്കു്
ലംബിക്കുന്നു
- ഞാന്നുകിടക്കുന്നു
ലംബിത
- വിശേഷണം:
- ലംബിക്കപ്പെട്ട, ആശ്രയിക്കപ്പെട്ട
- തൂങ്ങിയ
ലംബോദരൻ
- ഗണപതി. തൂങ്ങിയ വയറുള്ളവൻ എന്നർത്ഥം
- കുടവയറുള്ളവൻ
ലംബോഷ്ഠം
- ഒട്ടകം
ലംബൗഷ്ഠം
- ഒട്ടകം
ലംഭനം
- ശകാരം
- നിന്ദ
- ലാഭം
ലംഭിത
- വിശേഷണം:
- ലഭിക്കപ്പെട്ട
- കൊടുക്കപ്പെട്ട
ലമകൻ
- പ്രിയൻ
ലമ്മാണികൾ
- അലഞ്ഞുനടക്കുന്ന ധാന്യവ്യാപാരികളിൽ ഒരു വകക്കാർ
ലമ്മി
- വിശേഷണം:
- അഴിമതിയുള്ള
ലയപുത്രി
- നൃത്തം ചെയ്യുന്നവൾ
ലയം
- നാശം
- ലയത്തിന്റെ നാനാർത്ഥങ്ങൾ-‘നാശേ സംശ്ലേഷണേ തൗര്യത്രികഭേദേ ഭവേല്ലയ:’
- നൃത്തഗീതാദികൾ ഒരുമിച്ചു് ഉപയോഗിക്ക
- ലയം എന്നതു ഗീതവാദ്യങ്ങളുടേയും പാദാദിവിന്യാസങ്ങളുടേയും ക്രിയാകാലങ്ങളുടെ സാമ്യാവസ്ഥയുടെ പേരാകുന്നു.
- ദ്രാവണം
- മുറുകെ പിടിക്കുക
- ഉല്ലാസം
- ഭവനം, സുഖസ്ഥാനം
- രാമച്ചം
- ലാമജ്ജകം
- (മഞ്ഞ നിറമുള്ള രാമച്ചം)
ലയാലംബൻ
- നൃത്തം ചെയ്യുന്നവൻ
ലയിക്കുന്നു
- നശിക്കുന്നു
- ദ്രവിക്കുന്നു
- ഉല്ലസിക്കുന്നു
- (സകര്‍മ്മകക്രിയ:ലയിപ്പിക്കുന്നു).
ലലജ്ജിഹ്വം
- ഒട്ടകം
- നായ്
ലലന
- സ്ത്രീ
- കാമമുള്ള സ്ത്രീ, പലതിലൂം ആഗ്രഹമുള്ളവൾ, വിലാസശീല
- ലാളിക്കപ്പെട്ടവൾ
- (ധാത്വർത്ഥപ്രകാരം ഇങ്ങിനെ ഒരർത്ഥം എങ്ങിനെയുണ്ടാകും ?)
- നാവു്
ലലനം
- ഉല്ലാസം
- നാവുനീട്ടുക
- ചെഞ്ചല്യം
- പയിൻ
- മുരൾമരം
ലലനാപ്രിയം
- കടമ്പുമരം
ലലനികാ
- ചെറിയ പെൺകുട്ടി
ലലന്തിക, ലലന്തി
- അയവായി കെട്ടുന്ന കണ്ഠാഭരണം, കഴുത്തിൽ നീണ്ടു കിടക്കുന്ന മാല
- ഗൗളി, പല്ലി
ലലാടം
- നെറ്റി
- ആഗ്രഹിക്കപ്പെടുന്നതു്, ഭംഗിയുള്ളതു്, വിലാസത്തെ പ്രാപിക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
ലലാടിക
- നെറ്റിയിലെ ആഭരണം, നെറ്റിപ്പട്ടം
- തൊടുകുറി
ലലാമ
- വിശേഷണം:
- ഭംഗിയുള്ള
- കൗതുകം തോന്നിപ്പിക്കുന്ന
ലലാമകം
- പൂമാല
- കുടുമ്മയിൽ കെട്ടി മുന്നോക്കമിട്ടതും നെറ്റിമേൽ തൂങ്ങി നിൽക്കുന്നതുമായ മാല
- ലലാടത്തിൽ തൂങ്ങിനിൽക്കുന്നതു് എന്നർത്ഥം.
ലലാമം
- തൊടുകുറി
- അടയാളം
- കൊടിമരം
- വാക്കു്
- പ്രമാണം
- പ്രധാനത
- ആഭരണം
- കുതിരയുടെ ആഭരണം
- അശ്വാദികളുടെ നെറ്റിത്തടത്തിലുള്ള ചിത്രം (ചൂട്ടു്). ലലാമം എന്നാൽ കൗതുകമായി ശോഭിക്കുന്നതു് എന്നർത്ഥം.
- കുതിര
- വൽ
- പ്രാധാന്യം (പ്രധാനം)
ലലിത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
- സൗന്ദര്യമുള്ള
ലലിതം
- സുന്ദരിമാരുടെ ചില ശൃംഗാരഭാവം
ലലിതാ
- കസ്തൂരി
ലലിതാപഞ്ചമി
- അശ്വിനി മാസത്തിലേ വെളുത്ത പഞ്ചമി
ലലിതാസപ്തമി
- ഭാദ്രപദമാസത്തിലേ ശുക്ലസപ്തമി
ലവങ്കം
- ദേവകുസുമം എന്ന വൃക്ഷം
ലവങ്ങം
- ഇലവങ്ങം
ലവണ
- വിശേഷണം:
- ഉപ്പുരസമുള്ള
- സൗന്ദര്യമുള്ള
- (ലവണധാതു – Sodium).
ലവണത
- അഴകു്
- ഉപ്പുരസം
ലവണൻ
- ഒരു രാക്ഷസൻ
- രാവണന്റെ സഹോദരിയും വിശ്രവസ്സിന്റെ മകളുമായ കുംഭീനസിയിൽ മധുവിനുണ്ടായവൻ, മഥുരന്യപൻ. ശിവൻ മധുവിനു കൊടുത്ത ശൂലം ലവണന്റെ പക്കൽ ഇല്ലാത്ത അവസരം നോക്കി ശത്രുഘ്നൻ വധിച്ചു.
ലവണം
- ഉപ്പുരസം
- ജാഡ്യത്തെ ഉളവാക്കുന്നതു് എന്നർത്ഥം.
- ഉപ്പു്
- കടൽ
- ഇന്തുപ്പു്
- ഉപ്പുകാരം
- ഇന്തുപ്പു്, വിളയുപ്പു്, ഉവരുപ്പു്, കടലുപ്പു്, തുവർച്ചിലയുപ്പു്, കാരുപ്പു് – ഇവയ്ക്കു ‘ലവണഷൾക്കം’ എന്നു പേർ.
ലവണസമുദ്രം
- ഉപ്പുകടൽ
ലവണാ
- ശോഭ
- ഒരാറു്
- വലിയ വാലുഴവം
- ചെറുപ്പുന്ന
ലവണാകരം
- ഉപ്പുവിളയുന്ന സ്ഥലം
- ഉപ്പുപടന്ന
ലവണോദം
- ഉപ്പുവെള്ളം
- ലവണസമുദ്രം
- ക്ഷീരോദം, ലവണോദം, ഇക്ഷൂദം, സുരോദം, ഘൃതോദം, ദധ്യുദം, ജലോദം ഇങ്ങിനെ 7.
ലവനം
- കൊയിത്തു്
- കണ്ടിക്കുക
ലവൻ
- രാമചന്ദ്രന്റെ ഒരു പുത്രൻ
- കുശനോടുകൂടി വാല്മീകി വളർത്തി. ശ്രവസ്തിയിൽ വസിച്ചു.
ലവം
- സൂക്ഷ്മമായതു്
- അല്പം, അല്പമായ ഒരു സംശയം
- നിമിഷം
- അറുക്കുക, മുറിക്കുക, നെല്ലു് മുതലായതു് കൊയ്യുക
- കൊല്ലുക
- നാശം
- കരയാമ്പൂവു്
- ചീവൽ പക്ഷി
- ലാമജ്ജകം
- ഇലവങ്ങപ്പൂവു്
- ജാതിക്ക
ലവംഗം
- എലവങ്ങം, എലവങ്ങപ്പൂവു്
- കരയാമ്പൂ വൃക്ഷം
ലവലി
- ഒരു വൃക്ഷം
- അത്തിയുടെ എന്ന പോലെ തടിയിൽ കായുണ്ടാകുന്നു. ഒരുതരം നെല്ലിയാണു്.
ലവലേശം
- വളരെ കുറച്ചുപോലും
ലവാകം
- അരിവാൾ
ലവാണകം
- അരിവാൾ
ലവിത്രം
- അരിവാൾ
- ഇതുകൊണ്ടു ഛേദിക്കുന്നതിനാൽ ഈ പേർ വന്നു.
ലശുനം
- വെള്ളുള്ളി
- ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
ലഷിത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
- കൊതിച്ച
ലസൽ
- വിശേഷണം:
- ഉല്ലസിക്കുന്ന
- ശോഭിക്കുന്ന. (സൻ, സന്തീ, സല്‍)
ലസനം
- ശോഭ
ലസാ
- മഞ്ഞൾ
ലസിക
- വായിലെ നീർ
ലസിക്കുന്നു
- ശോഭിക്കുന്നു
- (സകര്‍മ്മകക്രിയ:ലസിപ്പിക്കുന്നു).
ലസുനം
- വെള്ളുള്ളി
ലസ്ത
- വിശേഷണം:
- പിടിക്കപ്പെട്ട
- സാമർത്ഥ്യമുള്ള
ലസ്തകം
- വില്ലിന്റെ നടുവു്
- കൈയിൽ അടങ്ങിയിരിക്കുന്നതു് എന്നർത്ഥം.
ലസ്തകീ
- വില്ലു്
ലഹരിദ്രവ്യം
- മദമുള്ള വസ്തു
ലഹരീ
- ഒരുമാതിരി വലിയ തിരമാല
- () മദംപിടിക്ക
- ഒഴുക്കു്
ലഹള
- കൂട്ടംകൂടിയുള്ള കലഹം
ലളിത
- വിശേഷണം:
- സൗന്ദര്യമുള്ള
- ആഗ്രഹിക്കപ്പെട്ട
ലളിതപദം
- ഒരു വൃത്തം (ജഗതിഛന്ദസ്സിൽ പെട്ടതാണു്)
ലളിതം
- സുന്ദരിമാരുടെ ചില ശൃംഗാരഭാവം വിലാസവിശേഷം. സുകുമാരമായ അംഗവിന്യാസം. (വിലാസങ്ങൾ നോക്കുക)
- സാഹിത്യശാസ്തപ്രകാരം രീതികളിൽ ഒന്നു്
- മനോഹരം, സുന്ദരം
ലളിതവിസ്താരം
- ഒരു കാവ്യം
- ഇതിൽ ബുദ്ധന്റെ ചരിത്രവും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു.
ലളിതാ
- സൗന്ദര്യമുള്ളവൾ
- വേശ്യ
ലാ
ലാകുക
- ലാത്തുക
ലാക്കു്
- അടയാളം
- ലക്ഷ്യം, ഉന്നം
ലാക്കുടി
- ഒരാഭരണം
- തിരുക്കുപ്പൂവിന്റെ മാതിരിയിൽ വലുതായിരിക്കുന്നതും തലയിൽ ചേർത്തുവച്ചു പിന്നുന്നതുമണു്. തലയിൽ ഉള്ളതിൽ മുകളിൽ വെക്കും.
ലാക്ഷ
- അരക്കു്
- കോലരക്കു്
- അടയാളപ്പെടുത്തുന്നതു് എന്നർത്ഥം. (ലാക്ഷാ എന്നതിനു ചെമ്പഞ്ഞിച്ചാറു് എന്നും പക്ഷമുണ്ടു്).
‘ലാക്ഷാഭവനംതന്നിലിരിക്കും
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ’
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ’
— ഹിഡിംബവധം തുള്ളൽ
ലാക്ഷകീ
- സീത
ലാക്ഷാങ്കം
- ചെമ്പഞ്ഞിച്ചാറിന്റെ പാടു്
‘ആലാക്ഷാങ്കംലലാടംസ്ഥലമതുചുഴലെ’
— അമരുകശതകം
ലാക്ഷാതരു
- പ്ലാശു്
ലാക്ഷാപ്രസാദനം
- മലങ്കമുകു്
- ചെമന്ന പാച്ചോറ്റി
- അരക്കിന്നു നിറത്തെ കൊടുക്കുന്നതു് എന്നർത്ഥം.
ലാക്ഷാരസം
- കോലരക്കിൽ നിന്നെടുക്കുന്ന ചെമന്ന ചായം
- ചെമ്പഞ്ഞിച്ചാറു്.(കോലരക്കിൻ ചാറു്)
- ഇതു ചെമന്നിരിക്കും. മംഗളാർത്ഥമായി സ്ത്രീകളുടെ കാലടികളിൽ തേയ്ക്ക നടപ്പുണ്ടു്.
ലാംഗലദണ്ഡം
- കലപ്പയുടെ പിടി
- കരിക്കോൽ
ലാംഗലപദ്ധതി
- ഉഴപ്പൊളി
- ഉഴവുചാൽ
- കരിപോയ വഴി എന്നർത്ഥം.
ലാംഗലം
- കലപ്പ, കരി
- ഗമിക്കുന്നതു് എന്നർത്ഥം.
- ഒരു മാതിരി വനവൃക്ഷം
ലാംഗലി
- നീർത്തിപ്പലി
- തെങ്ങു്
- ആടിക്കൊണ്ടു നില്ക്കുന്നതു് എന്നർത്ഥം.
- മേത്തോന്നി
- നായിക്കൊരുണ
- മറിക്കുന്നി
- ബലഭദ്രൻ
ലാംഗലികീ
- കുറുംകാടു്
- മേത്തോന്നി
ലാംഗൂലം
- വാൽ
- നെല്പുര
ലാംഗൂലി
- കുരങ്ങു്
- ഇടവകം
- ഓരില
- നായിക്കൊരുണ
ലാഘവം
- ലഘുത്വം, കനമില്ലായ്ക, സാരമില്ലായ്ക
- ശരീരസൗഖ്യം
ലാജം
- മലരു്
- വറുക്കപ്പെടുന്നതു് എന്നർത്ഥം.
- നനച്ച ധാന്യം
- രാമച്ചം
ലാഞ്ചുന്നു
- വെള്ളത്തിലിട്ടു ഉലച്ചു കഴുകുന്നു
ലാഞ്ഛനം
- അടയാളം
- പദാർത്ഥങ്ങളെ കാണിച്ചുതരുന്നതു് എന്നർത്ഥം.
ലാഞ്ഛിത
- വിശേഷണം:
- അടയാളപ്പെട്ട.
ലാട
- വിശേഷണം:
- പഴതായ
- ശിശുത്വമുള്ള
ലാട
- ഒരു രാജ്യം
- (ഇപ്പോഴത്തെ ബറോഡ, അഹമ്മദുബാദ് ഈ സ്ഥലങ്ങളിലായിരുന്നു ലാടരാജ്യം.)
ലാടൻ
- ഒരു ദിക്കു്
- അവിടെയുള്ള മനുഷ്യൻ
ലാടം
- കുതിരയുടെ കാലിൽ വച്ചു തറയ്ക്കുന്ന ഇരിമ്പു പോള
- സംസ്കൃതം:
- വസ്ത്രം
- കുറ്റം
ലാടനുപ്രാസം
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
ലാണ്ഠനീ
- കുലട
ലാത്
- ചാട്ടം
ലാത
- വിശേഷണം:
- എടുക്കപ്പെട്ട
- സ്വീകരിക്കപ്പെട്ട.
ലാതുക
- ചാടുക
ലാത്തുന്നു
- സാവധാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.(നാമം-ലാത്തൽ
- ലാത്തു്)
ലാന്തർ
- റാന്തൽ
ലാപം
- സംസാരം
ലാഭം
- വരവു്, നേട്ടം, ലഭിക്കപ്പെടുന്നതു്
- ഒരു സംഖ്യയിട്ടു കച്ചവടം ചെയ്താൽ അധികം കിട്ടുന്നതു് ലാഭം.
- 11–ാം രാശി
- പര്യായപദങ്ങൾ:
- അധികം
- ഫലം.
ലാമജ്ജകം
- (മഞ്ഞനിറമുള്ള) രാമച്ചം
ലായം
- കുതിരപ്പന്തി
ലാല
- വായിലെ വെള്ളം
- ആഗ്രഹിക്കുന്നത് എന്നർത്ഥം.(ഒരു പദാർത്ഥത്തിൽ ആഗ്രഹമുണ്ടാകുമ്പോളാണല്ലോ ഇതു സ്രവിക്കുന്നതു്)
ലാലസം
- വ്യാപൃതമായിട്ടുള്ളതു്
- സന്തോഷിക്കുന്നതു്
ലാലസാ
- അധികമായ ആഗ്രഹം
- യാചനം, അപേക്ഷ, പ്രാർത്ഥന
- ഉല്ലാസം
- വ്യാക്കൂണ്
- ദുഃഖം
- ഇഷ്ടാർത്ഥത്തെക്കുറിച്ചുള്ള താൽപര്യാതിശയം. പ്രകാശിക്കുന്നതു് എന്നർത്ഥം
ലാലസിക്കുന്നു
- അധികമായി ശോഭിക്കുന്നു
ലാലസീക
- ചാറു്
ലാലാടിക
- വിശേഷണം:
- ലലാടത്തെ സംബന്ധിച്ച, നെറ്റിയോടു ചേർന്ന
- പീനമായ
- ദൈവകല്പിതത്തെ സംബന്ധിച്ച
- (കൻ, കീ, കം).
ലാലാടികൻ
- യജമാനന്റെ ഭാവം നോക്കി നിൽക്കുന്നവൻ, യജമാനന്റെ മനസ്സിലുള്ളതിനെ മുഖഭാവം നോക്കി അറിയുന്ന ഭൃത്യൻ
- ഒന്നിനും കൊള്ളരുതാത്തവൻ, മടിയൻ, കാര്യങ്ങൾക്കു പ്രാപ്തിയില്ലാത്തവൻ
ലാലാലിക
- പോത്തു്
ലാലിക
- പോത്തു്
ലാലിക്കുന്നു
- ലാളിക്കുന്നു
ലാലസിപ്പു
- അധികമായി ശോഭിക്കുന്നു
- ഈ പദം സംസ്കൃതത്തിലേ യങ്ലുഗന്തത്തെ ഭാഷയിൽ പകർത്തുമ്പോൾ വരുന്നതാണു്. ഇതു സംസ്കൃതത്തിൽ തന്നെ വൈദികമാണെന്നു സിദ്ധാന്തിക്കുന്ന പണ്ഡിതന്മാരുണ്ടു്.
ലാലിനീ
- വേശ്യാ
ലാവ
- കാടപ്പക്ഷിപ്പിട
ലാവകൻ
- കൊയ്യുന്നവൻ
ലാവ(ക)ം
- ചീവൽപ്പക്ഷി (മീവൽ പക്ഷി)
ലാവണ
- വിശേഷണം:
- ഉപ്പുരസമുള്ള
ലാവണം
- സ്ഥിരമായുള്ള പണി (ഉദ്യോഗം)
ലാവണ്യം
- സൗന്ദര്യം
- ഉപ്പുരസം
‘അംഗലാവണ്യം കൊണ്ടംഗനമാർക്കുള്ളിൽ’
— വാതിൽതിറപ്പാട്ടു്
.ലാവണ്യാർജ്ജിതം
- സ്ത്രീധനമായി കൊടുക്കപ്പെട്ട മുതൽ
ലാവം
- കാടപ്പക്ഷി, മീവൽപക്ഷി
- കൊത്തിയറക്കുന്നതു് എന്നർത്ഥം.
- വെട്ടിയിടുക, മുറിയ്ക്ക
ലാവികം
- പോത്തു്
ലാവുന്നു, ലാകുന്നു
- ലാത്തുന്നു
- ഉലാത്തുന്നു
- നടക്കുന്നു
ലാസകൻ
- ആട്ടക്കാരൻ
- ശിവൻ
ലാസകം
- മയിൽ
ലാസം
- ആട്ടം
ലാസികാ, ലാസികി
- ആടുന്നവൾ
- നർത്തകി
- കളിക്കുന്നവൾ എന്നർത്ഥം.
ലാസ്യം
- ആട്ടം, നൃത്തം
- കളിക്കുക എന്നർത്ഥം.
- കൊട്ടും പാട്ടും നൃത്തവും കൂടിയതു്
- ഗൗരീനൃത്തം
- (ശിവനൃത്തത്തിന്നു താണ്ഡവം എന്നു പേർ).
ലാളനം
- ലാളിക്കുക
- വാത്സല്യത്തോടെ രക്ഷിക്കുക
ലാളിക്കുന്നു
- വാത്സല്യത്തോടെ രക്ഷിക്കുന്നു
- ഓമനിക്കുന്നു
ലാളിത
- വിശേഷണം:
- ലാളിക്കപ്പെട്ട
ലാളിത്യം
- ഏവരുടേയും വാത്സ്യല്യത്തിന്നു പാത്രീഭവിക്കത്തക്ക ഗുണം
- മനോഹര പ്രകൃതി
- മനോഹരത
ലി
ലികുചം
- ഒരു വൃക്ഷം, അയിനി (ലകുചം എന്നതു നോക്കുക)
- പുളിയഞ്ചീര
ലിക്ഷാ
- ഈരു്; പേനിന്റെ മുട്ട
“ലിക്ഷാആലോചനേ”.
ലിഖിത
- വിശേഷണം:
- എഴുതപ്പെട്ട
- വരയ്ക്കപ്പെട്ട
- വർണ്ണിക്കപ്പെട്ട
ലിഖിതം
- എഴുത്തു്
ലിഖ്യ
- കൂറപ്പേൻ
ലിഖ്യപ്രകരണം
- എഴുത്തുകുത്തു ചെയ്യേണ്ട നിയമങ്ങൾ അടങ്ങീട്ടുള്ള ഗ്രന്ഥം
ലിംഗകം
- വ്ളാർമരം
ലിംഗധാരി
- ശിവഭക്തന്മരുടെ ഇടയിലുള്ള ഒരു വർഗ്ഗത്തിന്റെ പേർ
- പ്രത്യേകമായ മുദ്രയെ ധരിച്ചിട്ടുള്ളവൻ
- ലിംഗം ധരിച്ചവൻ
ലിംഗനം
- ആശ്ലേഷം
- കെട്ടിപ്പിടിക്കുക
ലിംഗപുരാണം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
ലിംഗം
- അടയാളം
- ശിവലിംഗം
- പുരുഷന്റെ അടയാളം, മേഢ്റം
- പ്രകൃതി
- ശബ്ദത്തിന്റെ പുല്ലിംഗവും മറ്റും
- രൂപം
- രോഗലക്ഷണം
- മനശ്ശരീരാദികളിൽ അഭിമാനത്തോടു കൂടിയ അന്തഃകരണ പ്രവൃത്തി
ലിംഗവൃത്തി
- കപടഭക്തികൊണ്ടു് ഉപജീവിപ്പാനായിട്ടു സന്യാസികളുടെയും മറ്റും വേഷംകെട്ടി നടക്കുന്നവൻ
- കാഷായവസ്ത്രം
- ദണ്ഡം തുടങ്ങിയ ആശ്രമചിഹ്നങ്ങളെക്കൊണ്ടു കാലം കഴിക്കുന്നവൻ എന്നർത്ഥം
ലിപി
- അക്ഷരം, എഴുത്തു്, പറ്റുന്നതു്
- (എഴുതുമ്പോൾ അതു കടലാസിലും മറ്റും പറ്റി രേഖയുടെ ആകൃതിയി കാണുന്നതിനാൽ ഈ പേർ സിദ്ധിച്ചു. ‘ലിബി’ എന്നും കാണുന്നു. ലിപി എന്നാൽ വർണ്ണങ്ങളെക്കുറിക്കുന്ന ‘അ’, ‘ആ’ മുതലായ ചിഹ്നങ്ങളാകുന്നു.
- ചിത്രമെഴുത്തു്
ലിപിക്കാരൻ
- എഴുത്തുകാരൻ
ലിപ്ത
- വിശേഷണം:
- പൂശപ്പെട്ട, ലേപനം ചെയ്യപ്പെട്ട
- തിന്ന
- ആലിംഗനം ചെയ്യപ്പെട്ട
- വിഷത്താൽ തേയ്ക്കപ്പെട്ട
- അശുദ്ധിയാക്കപ്പെട്ട
ലിപ്തകം
- വിഷം പുരട്ടിയ അമ്പു്
ലിപ്തം
- ഭക്ഷിക്കപ്പെട്ട അന്നം മുതലായതു്
- വായിൽ തേച്ചതു് എന്നർത്ഥം.
ലിപ്തവർണ്ണപദം
- രോഗം മുതലായതുകൊണ്ടുള്ള ശക്തിയില്ലായ്മ ഹേതുവായിട്ടൊ
- ജഡത്വം
- ബാല്യത്വം ഇത്യാദി നിമിത്തമോ അക്ഷരങ്ങളോ പദങ്ങളോ ലോപിച്ചുകൊണ്ടു പറയുന്ന വാക്കു്
ലിപ്സാ
- ലഭിപ്പാനുള്ള ആഗ്രഹം
- ഇച്ഛാ
ലീ
ലീഢ
- വിശേഷണം:
- നക്കപ്പെട്ട
- ഭക്ഷിക്കപ്പെട്ട
ലീന
- വിശേഷണം:
- ലയിച്ച
- ചേർന്ന
ലീല
- ക്രീഡ
- കളി
- വേഷം
- ഉല്ലാസം
- ഹാവവിശേഷം
- വാക്കിലും നടത്തത്തിലും പ്രവൃത്തിയിലും പ്രിയനു അനുസരണമായിരിക്കുക. (വിലാസം നോക്കുക).
- വിലാസം
- ശോഭിക്കുന്നതു് എന്നർത്ഥം. സൃഷ്ടിസ്ഥിതി സംഹാരാദികൾ നടത്തുന്നതിനാൽ ഭഗവാനൊരുദ്ദേശവും നിർവഹിപ്പാനില്ലാതിരിക്കുന്നതുകൊണ്ടു ആ വക പ്രവൃത്തികൾക്കു ലീലകൾ എന്നു പറയപ്പെടുന്നു. ലീലാശബ്ദവും ക്രീഡാശബ്ദവും പലപ്പോഴും മന്മഥവിനോദങ്ങളെ കുറിയ്ക്കും.
ലീലൻ
- കളിച്ചവൻ
- ലയിച്ചവൻ
ലീലാകഞ്ജ
- ലീലയ്ക്കായിട്ടുള്ള കഞ്ജം (താമരപ്പൂവു്)
ലീലാഗാരം
- ലീലാഗൃഹം
ലീലാതിലകം
- കേരളഭാഷാശാസ്ത്രവിഷയമായി സംസ്കൃതത്തിൽ ചമച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥം
- എട്ടു ശില്പങ്ങളായി ഭാഗിച്ചിരിക്കുന്നു. 1. മണിപ്രവാള ലക്ഷണം, മണിപ്രവാള വിഭാഗങ്ങൾ മുതലായവ. 2 3. വ്യാകരണ നിയമങ്ങൾ. 4. കാവ്യദോഷങ്ങൾ. 5. കാവ്യഗുണങ്ങൾ. 6. ശബ്ദാലങ്കാരം. 7. അർത്ഥാലങ്കാരം. 8. രസങ്ങൾ.
ലീലായമാന
- വിശേഷണം:
- കളിയോടുകൂടിയ.
ലീലാവതി
- ലീലയുള്ള സ്ത്രീ
- ഒരു കണക്കുപുസ്തകം
- ഒരു സ്ത്രീയുടെ പേർ, ഭാസ്കരാചാര്യ മിശ്രന്റെ മകൾ
- ജ്യോതിശ്ശാസ്ത്രപാരംഗതനായ ഭാസ്കരാചാര്യമിശ്രനു വളരെ വിദുഷിയായി ലീലാവതി എന്നൊരു പുത്രിയുണ്ടായിരുന്നു. ഭാസ്കരാചാര്യമിശ്രൻ സിദ്ധാന്ത ശിരോമണി എന്നൊരു ഗ്രന്ഥം നിർമ്മിച്ചതിന്റെ പ്രഥമഭാഗത്തിനു ‘ലീലാവതി’ എന്നു പറയുന്നു. ഇതു മിശ്രന്റെ പുത്രിയുടെ സ്മാരകമായി നിർമ്മിച്ചതാണു്.
- ദുർഗ്ഗ
- മായാസുരന്റെ പത്നി
ലീലാവിലാസം
- ഉല്ലാസം
ലു
ലുങ്കി
- മൊസൽമാൻ സ്ത്രീകളുടെ പലനിറമുള്ള ഒരുവക വസ്ത്രം
ലുംഗം
- മാതളനാരകം
ലുഞ്ചിത
- വിശേഷണം:
- ചിരയ്ക്കപ്പെട്ട.
ലുഞ്ചിതകേശൻ
- തല ചിരച്ചവൻ
ലുഠനം
- പിരളുക
- ഉരുളുക
ലുഠിത
- വിശേഷണം:
- പിരളുന്ന
- ഉരുളുന്ന
ലുഠിതൻ
- ക്ഷീണം കളയുന്നതിനു പിന്നെയും പിന്നെയും നിലത്തുകിടന്നുരുളുന്ന കുതിര. ലോഠനം ചെയ്യുന്നവൻ എന്നർത്ഥം
ലുണ്ഠകൻ
- കള്ളൻ
ലുണ്ഠനം
- കൊള്ളയിടുക
ലുപ്ത
- വിശേഷണം:
- നശിപ്പിക്കപ്പെട്ട, നശിച്ച
- തള്ളപ്പെട്ട
ലുപ്തത
- നാശം
ലുപ്തം
- കൊള്ള
- കവർച്ച
ലുപ്തവർണ്ണപദം
- രോഗം മുതലായതുകൊണ്ടുള്ള ശക്തിയില്ലായ്മ ഹേതുവായിട്ടൊ ജഡത്വം
- ബാല്യത്വം ഇത്യാദി നിമിത്തമോ അക്ഷരങ്ങളോ പദങ്ങളോ ലോപിച്ചുകൊണ്ടു പറയുന്ന വാക്കു്
ലുബ്ധ്
- പിശുക്കു്
ലുബ്ധ
- വിശേഷണം:
- ലോഭമുള്ള
- പിശുക്കുള്ള
- കൊതിയുള്ള
- പണക്കൊതിയുള്ള.
ലുബ്ധത
- പിശുക്കു്
ലുബ്ധ(ക)ൻ
- പിശുക്കൻ
- ആകാംക്ഷയുള്ളവൻ, അഭിലാഷമുള്ളവൻ
- നായാടി, വേടൻ. മോഹിപ്പിക്കുന്നവൻ എന്നർത്ഥം
‘ലുബ്ധാളി പടുശരത്താൽ’
ലുബ്ധാളി
- വേടക്കൂട്ടം
ലുലാപ(യ)ം
- കാട്ടുപോത്തു്
ലുളിത
- വിശേഷണം:
- ഇളക്കപ്പെട്ട.
ലൂ
ലൂട്ടു്
- കവർച്ച
ലൂത
- ചിലന്തി(ന്നി). ഛേദിക്കുന്നതു് എന്നർത്ഥം. ഛേദിക്കപ്പെടുന്നതു് എന്നുമാവാം
- ഉറുമ്പു്
ലൂതാമർക്കടകം
- കുരങ്ങു്
ലൂന
- വിശേഷണം:
- മുറിയ്ക്കപ്പെട്ട.
ലൂനി
- കൊയ്ക
ലൂമം
- വാൽ
- ഛേദിക്കപ്പെടുന്നതു് എന്നർത്ഥം.
ലൂലകം
- തവള
ലൂലം
- വെളുത്ത ചേന
ലേ
ലേഖ
- രേഖ
ലേഖം
- എഴുത്തു്
ലേഖക ചതുഷ്ടയം
- സുശീലൻ
- കോമളാംഗൻ
- സുകേശൻ സത്യവാദി ഇവർ 4-ം
ലേഖകൻ
- എഴുത്തുകാരൻ
- എഴുതുന്നവൻ
- പര്യായപദങ്ങൾ:
- ലിപകാരൻ
- അക്ഷരചണൻ
- അക്ഷരചുഞ്ചു
ലേഖനതൂലിക
- എഴുതുന്നതൂലവും മറ്റും
ലേഖനം
- എഴുത്തു്
- ഭൂർജ്ജമരം
- കുരുവിക്കരിമ്പു്
ലേഖന്മാർ
- ദേവന്മാർ
- പ്രാണികളുടെ ശുഭാശുഭഫലത്തെ എഴുതുന്നവർ. ലേഖിക്ക = എഴുതുക. കഴുത്തു്, പാദം, കൈ ഇവയിൽ നല്ല രേഖയോടുകൂടിയവർ; ചിത്രപടാദികളിൽ ധ്യാനാർത്ഥം ഭക്തന്മാരാൽ എഴുതപ്പെടുന്നവർ.
ലേഖനാഥൻ
- ദേവേന്ദ്രൻ
ലേഖനി
- എഴുത്തുകോൽ
- എഴുത്തുകല്ലു്
ലേഖനികൻ
- അഞ്ചൽക്കാരൻ
ലേഖൻ
- ദേവൻ
ലേഖർഷഭൻ
- ഇന്ദ്രൻ
- ദേവശ്രേഷ്ഠൻ എന്നർത്ഥം.
ലേഖാ
- ഇടതൂർമ്മയുള്ള വൃക്ഷസമൂഹം
- അക്ഷരസമൂഹം പോലെ വരിവരിയായിട്ടുള്ളതു് എന്നർത്ഥം.
ലേഖ്യ
- വിശേഷണം:
- എഴുതപ്പെടുവാൻ തക്ക.
ലേഖ്യചൂർണ്ണിക
- എഴുതുന്ന തൂവൽ
ലേഖ്യപത്രം
- കരിമ്പന
ലേഖ്യം
- എഴുതിയ കടലാസും മറ്റും
- എഴുത്തു്
ലേഖ്യസ്ഥാനം
- എഴുതുന്നതിനുള്ള സ്ഥാനം
ലേഞ്ചി
- തലയിൽ കെട്ടുന്ന ചില ചെറിയ വസ്ത്രങ്ങൾക്കു പറയുന്ന ഒരു പേർ
- മുഖം തുടയ്ക്കുന്നതിനും മറ്റും കുപ്പായക്കീശ മുതലായതിൽ തയ്യാറാക്കി വെച്ചുകൊള്ളുന്ന ചെറിയ തുണി, ലേസു്.
ലേപകൻ
- പൂശുന്നവൻ
- നിലം ചുമരു മുതലായതു ചെത്തിത്തേയ്ക്കുന്നവൻ, കുമ്മായപ്പണിക്കാരൻ.ലേപനം ചെയ്യുന്നവൻ എന്നർത്ഥം.
ലേപനം
- പൂശൽ, തേയ്ക്കുക
- അറബിക്കുന്തുരുക്കം
ലേപം
- ചുണ്ണാമ്പു്
- കുമ്മായം തേയ്ക്കുക
- ഭക്ഷിക്കുക
ലേപ്യ
- വിശേഷണം:
- തേയ്ക്കപ്പെടുവാൻ തക്ക.
ലേപ്യം
- ലേപനം
- പൂശുക
- തേയ്ക്കുക
ലേയം
- സിംഹരാശി
ലേലം
- പരസ്യമായി കൂടുതൽ വിലയ്ക്കു കൊടുക്കുന്ന ഏർപ്പാടു്.(പോർട്ടുഗീസു ഭാഷ.)
ലേലിഹാനം
- പാമ്പു്
ലേശം
- അല്പം
ലേഷ്ടു
- മൺകട്ട
ലേസു്
- ലേഞ്ചി
ലേസികൻ
- ആനപ്പുറത്തു കയറി ഓടിക്കുന്നവൻ
ലേഹനം
- നക്കുക
ലേഹം
- ഊണു്, ഭക്ഷണം, ആസ്വദിക്കുക എന്നർത്ഥം
- നക്കുക
- നക്കുവാൻ തക്ക ഒരു മരുന്നു്
ലേഹ്യ
- വിശേഷണം:
- നക്കപ്പെടുവാൻ തക്ക.
ലേഹ്യം
- ദേവന്മാരുടെ ഒരു ഭക്ഷണം
- അമൃതു്. നക്കിത്തിന്മാൻതക്ക ഒരുമാതിരി മരുന്നു്
- ലേഹം
ലൈ
ലൈംഗം
- അഷ്ടദശപുരാണങ്ങളിൽ ഒന്നു്
- ആഗ്നേയകല്പത്തിൽ അഗ്നിലിംഗമദ്ധ്യസ്ഥിതനായ ശിവൻ ധർമ്മാർത്ഥകാമമോക്ഷങ്ങൾ അരുളിച്ചെയ്തതു്. ശിവനെ വാഴ്ത്തുന്നു. അവയവം വിഷ്ണുവിന്റെ വലത്തെ നരിയാണി. താമസപ്രധാനം. ഗ്രന്ഥം 11,൦൦൦.
ലൈംഗികം
- (വ്യാകരണത്തിൽ) ‘അൻ’
- ‘അൾ’ മുതലായ ലിംഗപ്രത്യയങ്ങൾക്കുള്ള പേർ
ലൈംഗീ
- ഐവിരലിക്കോവം
ലൊ
ലൊട്ട
- വിശേഷണം:
- ഹീനമായ.
ലോ
ലോകജനനി
- ലക്ഷ്മി
- പാർവ്വതി
ലോകജിത്തു്
- ബുദ്ധമുനി. തപസ്സുകൊണ്ടു ലോകങ്ങളെ ജയിച്ചവൻ എന്നർത്ഥം
ലോകത
- ലോകമര്യാദ
‘ഗണിതഗ്രന്ഥംവൈദ്യവുമുണ്ടതി
ഗുണവാനെന്നുപ്രസിദ്ധംതാനും
ലോകതയെന്നതുകണികാണ്മാനി
ല്ലേകനുദോഷമതേകമസംഖ്യം’
ഗുണവാനെന്നുപ്രസിദ്ധംതാനും
ലോകതയെന്നതുകണികാണ്മാനി
ല്ലേകനുദോഷമതേകമസംഖ്യം’
— രുഗ്മിണീസ്വയംവരം തുള്ളൽ
ലോകതത്വം
- ഈ ലോകത്തിൽ യഥാർത്ഥമായി കാണുന്ന പ്രമാണം
- ലോക പ്രകൃതി
ലോകനാഥൻ, ലോകനായകൻ
- ലോകത്തെ രക്ഷിക്കുന്നവൻ, രാജാവു്
- ഒരു ബുദ്ധമുനി
ലോകപാലൻ
- ലോകത്തെ രക്ഷിക്കുന്നവൻ
- രാജാവു്. ഇതു് ഇന്ദ്രൻ
- അഗ്നി മുതലായ ചില ദേവന്മാർക്കും പറയും
- (അഷ്ടദിൿപതികൾ, എന്നതു നോക്കുക. ഇവർ എട്ടു ദിക്കുകളെ പാലിക്കുന്നവരാണു്. 1. കിഴക്കു് - ഇന്ദ്രൻ. 2. തെക്കു കിഴക്കു് - അഗ്നി 3. തെക്കു് - യമൻ 4. തെക്കുപടിഞ്ഞാറു് - നിതൃതി (doubt) 5. പടിഞ്ഞാറു് - വരുണൻ. 6. വടക്കുപടിഞ്ഞാറു് - വായു. 7. വടക്കു് - കുബേരൻ. 8.വടക്കുകിഴക്കു് - ശിവൻ. (‘ദിക്കരിണികൾ’ എന്ന ശബ്ദം നോക്കുക).
ലോകപീഡ
- ലോകങ്ങളെ ഉപദ്രവിക്കുക
ലോകപ്പശുക്കൾ
- മനുഷ്യക്കന്നുകാലികൾ
ലോകപ്രകൃതി
- ഈ ലോകത്തിൽ കാണുന്ന എല്ലാറ്റിന്റേയും സ്ഥിതി
- സാധാരണമായുള്ള മനുഷ്യസ്വഭാവം
ലോകബാന്ധവൻ
- ആദിത്യൻ
ലോകം
- ഭുവനം, എല്ലാം ഇതിൽ കാണപ്പെടുന്നതിനാൽ ഈ പേർ വന്നു
- ജനം
- ജനക്കൂട്ടം
- സ്വർഗ്ഗാദിലോകം. കാണപ്പെടുന്നതു് എന്നർത്ഥം. ഭൂമി, പാതാളം, സ്വർഗ്ഗം (പതിനാലു ലോകങ്ങൾ എന്നതു നോക്കുക)
- കാഴ്ച
- (വേദാന്തികൾ 8 ലോകങ്ങൾ എന്നു പറയുന്നു - ബ്രഹ്മലോകം, പിതൃലോകം, സോമലോകം, ഇന്ദ്രലോകം, ഗന്ധർവലോകം, രാക്ഷസലോകം, യക്ഷലോകം, പിശാചലോകം). (സത്യലോകത്തിൽ എത്തിയാൽ പിന്നെ പുനർ ജന്മമില്ല).
- പര്യായപദങ്ങൾ:
- ജഗതി
- വിഷ്ടപം
- ഭുവനം
- ജഗത്തു്.
ലോകമാതാവു്
- ലക്ഷ്മി
- പാർവതി
ലോകയാത്ര
- ലോകജീവിതം
ലോകർ
- ജനങ്ങൾ
ലോകരൂഢി
- ലോകപ്രസിദ്ധം
ലോകവാദം
- ജനവാദം
ലോകവാർത്ത
- ലോകത്തിലെവർത്തമാനം
ലോകവാസം
- ലോകത്തിലേ ഇരിപ്പു്
ലോകസക്തി
- വിഷയസുഖത്തിലുള്ള താല്പര്യം
ലോകാചാരം
- ലോകമര്യാദ
ലോകാന്തം
- ലോകാവസാനം
ലോകാന്തരം
- വേറൊരുലോകം
- വരുവാനുള്ള ലോകം
- വരുവാനുള്ള ജീവിതം
ലോകാപവാദം
- ദുഷ്കീർത്തി
ലോകായതം
- ചാർവാകനാൽ പഠിപ്പിക്കപ്പെട്ട ഒരു മതം
- ചാർവാകശാസ്ത്രം
- ലോകത്തിൽ പ്രയത്നം ചെയ്യുന്നവർ ലോകായതന്മാർ = ചാർവാകന്മാർ. അവരുടെ ശാസ്ത്രമെന്നർത്ഥം. ഈശ്വരൻ ഇല്ലെന്നുള്ള ഒരു പ്രമാണം.
ലോകായതികൻ, ലൗകായതികൻ
- ചാർവാക മതത്തെ അനുസരിക്കുന്നവൻ
- നാസ്തികൻ
- ഈ പ്രത്യക്ഷലോകമേ ഉള്ളു എന്നു വാദിക്കുന്നവൻ
- ദേഹാത്മവാദിയായ ബുദ്ധമതക്കാരൻ
ലോകാലോകം
- ഏഴു സമുദ്രങ്ങളേയും ചുറ്റിയുള്ള ഒരു പർവതം. ഈ ലോകത്തെ ചുറ്റി നില്ക്കുന്ന ഒരു പർവതം
- ലോകാലോകപർവതം
- നിർമ്മലജലസമുദ്രത്തിനു പുറമെ ഭൂമിയെ ചുറ്റിയിരിക്കുന്ന ഒരു പർവതമാണു ലോകാലോകം. അതിനപ്പുറം മുഴുവനും ഇരുട്ടാകുന്നു. ഈ പർവതം സപ്തദ്വീപസപ്തസമുദ്രരൂപമായ ഭൂമിയുടെ പുറമെ ഒരു ചക്രാകാരേണ ചുറ്റിക്കൊണ്ടിരിക്കുന്നു.
- പര്യായപദങ്ങൾ:
- ചക്രവാളം.
‘ഇക്ഷാണിമണ്ഡലത്തിൽ
നാലൊന്നുണ്ടറിഞ്ഞാലും
ശിക്ഷയാ ലോകാലോക
ത്തിന്നകമെന്നുനൂനം’
നാലൊന്നുണ്ടറിഞ്ഞാലും
ശിക്ഷയാ ലോകാലോക
ത്തിന്നകമെന്നുനൂനം’
— ഭാഗവതം
‘ലോകംപാതിയലോകവുമാകയാൽ
ലോകാലോകമിതെന്നു പറയുന്നു’
ലോകാലോകമിതെന്നു പറയുന്നു’
— സന്താനഗോപാലം പാന
ലോകിക്കുന്നു
- അടങ്കൽ കാണുന്നു
ലോകേശൻ
- ബ്രഹ്മാവു്
ലോകൈകനാഥൻ
- ലോകങ്ങൾക്കു ഏകനാഥൻ
- പതിനാലു ലോകങ്ങൾക്കും താൻതന്നെ നാഥനായുള്ളു എന്നുള്ളവൻ
ലോകോക്തി
- ലോകതത്വത്തേയൊ ലോകപ്രകൃതിയേയൊ വിവരിക്കുന്ന വാക്കു്
- ആളുകളുടെ സാധാരണമായുള്ള പറച്ചൽ, പഴഞ്ചൊല്ലു്
ലോകോത്തര
- വിശേഷണം:
- ലോകത്തിൽ ശ്രേഷ്ഠതയുള്ള
ലോചക
- വാഴ
ലോചകൻ
- ദുർബുദ്ധി
ലോചകം
- മാംസഖണ്ഡം
- കണ്ണിലെ ഉണ്ണി
- വിളക്കുപക്ഷി
- നെറ്റിപ്പട്ടം
- കണ്മിഴി
- നീലവസ്ത്രം
- കുണ്ഡലം
- വാഴ
- വില്ലിന്റെ ഞാൺ
- പുരികം
- സ്ത്രീകൾ നെറ്റിമേൽ ധരിക്കുന്ന ഒരു വിശിഷ്ട ആഭരണം
ലോചന
- യവനന്മാരുടെ ദേവി
ലോചനം
- കണ്ണു്
- കാണ്മാനുള്ളതു് എന്നർത്ഥം.
ലോചനാമയം
- കണ്ണിൽദീനം
ലോചമർക്കടം
- കരിഞ്ചീരകം. (ലോചമസ്തകം എന്നതു നോക്കുക)
ലോചമസ്തകം
- മയിലോശിക. ഭംഗിയുള്ള മസ്തകത്തോടുകൂടിയതു് എന്നർത്ഥം. (പാഠം—ലോചമർക്കടം)
- കരിഞ്ചീരകം
- ഒരു പുഷ്പം
ലോടനം
- ഉരുളുക
ലോട്ടു്
- ഉപദ്രവം
- കളി
ലോഠം
- ഉരുളുക
ലോതം
- കവർച്ച
- കണ്ണുനീരു്
- അടയാളം
- ഉപ്പു്
ലോത്രം
- കുത്തിക്കവർന്നെടുത്തതു്. (ലോപ്ത്രം എന്നതിന്റെ പാഠം)
ലോദ്ധ്രം
- പാച്ചോറ്റി. രോഗങ്ങളെ തടുക്കുന്നതു് എന്നർത്ഥം
ലോപം
- കുറവു്
- നാശം
- ഛേദനം
- സന്ധികളിൽ ഒന്നു
- (വ്യാകരണത്തിൽ) പദങ്ങൾ ഒന്നിച്ചു ചേരുമ്പോൾ വർണ്ണങ്ങൾ നശിക്കുന്നതിനു് ലോപം എന്നു പേർ
- ഉദാ:കണ്ടു + ഇല്ല = കണ്ടില്ല.
ലോപാമുദ്ര
- അഗസ്ത്യ മഹർഷിയുടെ സഹധർമ്മചാരിണിയായ പത്നി
- സ്ത്രീകളുടെ രൂപാഭിമാനത്തെ ചുരുക്കുകയും ബ്രഹ്മസൃഷ്ടിയെ മുദ്രിക്കുകയും ചെയ്യുന്നവൾ എന്നർത്ഥം. മർത്തൃശുശ്രുഷ ചെയ്യാതെ ഇരിക്കാൻ സന്തോഷമില്ലാത്തവൾ എന്നുമാവാം—ഒരിക്കലും ധർമ്മത്തിന്നു ലോപംവരുത്താത്തവൾ ഇങ്ങനെ ശബ്ദാർത്ഥങ്ങൾ. (അഗസ്ത്യൻ എന്നതു നോക്കുക). അനസൂയ (അത്രിമുനിയുടെ പത്നി), ലോപാമുദ്ര (അഗസ്ത്യമുനിയുടെ പത്നി), അരുന്ധതി (വസിഷ്ഠന്റെ പത്നി). ഈ മൂന്നു മഹർഷിപത്നിമാരും പാതിവ്രത്യനിഷ്ഠയിൽ അതി പ്രസിദ്ധകളാണു്. സ്വപത്നിയാക്കുന്നതിനുവേണ്ടി അഗസ്ത്യൻ അനേകം മൃഗങ്ങളുടെ അഴകുള്ള അംശങ്ങൾ എടുത്തു ലോപാമുദ്രയെ സൃഷ്ടിച്ചു ഈ സ്ത്രീയെ സന്തുഷ്ടയാക്കുന്നതിനായിട്ടു് അഗസ്ത്യൻ ഇല്വലൻ എന്ന രക്ഷോവീരനെ വധിച്ചു. അവന്റെ സർവസ്വത്തുക്കളും കൊടുത്തു. ലോപാമുദ്രയ്ക്കു കൗശീതകി, വരപ്രദാ, ലോപാ ഇങ്ങിനേയും പേരുകൾ ഉള്ളതായി കാണുന്നു).
ലോപിക്കുന്നു
- കുറയുന്നു
- നശിപ്പിക്കുന്നു
- ഛേദിക്കുന്നു
ലോപ്ത്രം, ലോത്രം
- കൊള്ളയിട്ടെടുത്ത വസ്തു
ലോഭം
- അത്യാഗ്രഹം, ധനാഗ്രഹം
- പിശുക്കു്. (ആർക്കും ഒന്നും കൊടുക്കരുതെന്നുള്ള വിചാരമത്രെ ലോഭം)
ലോഭവാൻ
- ലുബ്ധൻ
- അത്യാഗ്രഹി
ലോഭി
- വിശേഷണം:
- ലോഭമുള്ള (ഭീ
- ഭിനീ ഭി).
ലോഭിക്കുന്നു
- ലോഭത്തെ കാണിക്കുന്നു
- ദ്രവ്യം ചെലവിടാതേയും മറ്റും സൂക്ഷിക്കുന്നു
ലോമപാദൻ
- ഒരു അംഗരാജാവു്. (ഋഷ്യശൃംഗൻ എന്നതു നോക്കുക)
ലോമം
- രോമം. മുളയ്ക്കുന്നതു് എന്നർത്ഥം
- വാൽ
ലോമശ
- വിശേഷണം:
- രോമംകൊണ്ടു മൂടിയിരിക്കുന്ന.
ലോമശ
- മാഞ്ചി. (രോമശ എന്നുമാവാം). രോമതുല്യമായ ഒമരുള്ളതു് എന്നർത്ഥം
- കിലുകിലുപ്പു്
- വയമ്പു്
- ഊരകം
- ധാതുകാസീസം
- വെൾവയമ്പു്
- നറുമാഞ്ചി
- മഹാമേദ
- നായിക്കൊരുണ
- കാകോളി
ലോമശൻ
- ഒരു മഹർഷി
- മുട്ടാടു്
ലോമഹർഷണം
- രോമാഞ്ചം
- (രോമഹർഷണം)
ലോല
- നാക്കു്
- ലക്ഷ്മിദേവി
- സുന്ദരി
ലോല
- വിശേഷണം:
- ആഗ്രഹമുള്ള
- ഇളക്കമുള്ള, ഇളകുന്ന, വിറയ്ക്കുന്ന
ലോലത
- ആഗ്രഹം
- ഇളക്കം. വിറയൽ
ലോലൻ
- സ്ഥിരതയില്ലാത്തവൻ
ലോലം
- ചഞ്ചലമായിട്ടുള്ളതു്
ലോലംബം
- വണ്ടു്
‘കരതലേലോലംബമാലാകുലാംമാലാം’
ലോലിത
- വിശേഷണം:
- ഇളക്കപ്പെട്ട
- മാറുന്ന
ലോലുപ
- വിശേഷണം:
- അത്യാഗ്രഹമുള്ള
- (ഗർഹിതമാകുംവണ്ണം ചുഴിഞ്ഞാഗ്രഹിക്കുന്നവൻ-ലോലുപൻ).
ലോലുഭ
- വിശേഷണം:
- അത്യാഗ്രഹമുള്ള
- ഏറ്റവും ലോഭിക്കുന്നവൻ-ലോലുഭൻ).
ലോഷ്ടഭേദനം
- കട്ടയുടക്കുന്നതിനുള്ള തടി
- പല്ലിത്തടി
ലോഷ്ടം
- മൺകട്ട. കട്ടപ്പിടിച്ചതു് എന്നർത്ഥം
- ഇരിമ്പുകിട്ടം
- ഓടു്
ലോഷ്ഠു
- മൺക്കട്ട
ലോഹ
- വിശേഷണം:
- ചെമപ്പുനിറമുള്ള
- ലോഹംകൊണ്ടുണ്ടാക്കിയിട്ടുള്ള
ലോഹകാന്തം
- കാന്തക്കല്ലു്
- അയസ്കാന്തം
ലോഹകാരകൻ
- കൊല്ലൻ. ഇരിമ്പുപണിചെയ്യുന്നവൻ എന്നർത്ഥം. (കരുവാൻ)
ലോഹകിട്ടം
- ഇരുമ്പുകീടൻ
ലോഹചുംബകന്യാം
- ഇരിമ്പും കാന്തവും തമ്മിലുള്ളതുപോലെയുള്ള പരസ്പരാകർഷണം
ലോഹജിത്തു്
- വജ്രം
ലോഹദ്രാവി
- പൊൻകാരം
ലോഹനാഡി
- രക്തഞരമ്പു്
ലോഹപൃഷ്ഠം
- കങ്കപ്പക്ഷി. ഇരിമ്പുപോലെ ഉറപ്പുള്ള പൃഷ്ഠത്തോടുകൂടിയതു് എന്നർത്ഥം. (ഞാറപ്പക്ഷി എന്നും കാണുന്നു)
ലോഹപ്രതിമ
- ലോഹംകൊണ്ടുള്ള രൂപം
- അടകല്ലു്
ലോഹം
- ഇരിമ്പു്. ഛേദിക്കുന്നതു എന്നർത്ഥം
- ഉരുക്കു്
- ഇരിമ്പു്, ചെമ്പു് മുതലായവ
- വെള്ളോടു്
- ശസ്ത്രം
- രക്തം
- അകിൽ. ഇരുമ്പിനെപ്പോലെ ഉറപ്പുള്ള കാതലുള്ളതു് എന്നർത്ഥം. ശബ്ദത്തിന്റെ പരിപൂർണ്ണമായ ഹരണം എന്നും ശബ്ദാർത്ഥം
- (ലോഹങ്ങളെല്ലാം അഗ്നേയങ്ങളാകുന്നു).
ലോഹമയ
- വിശേഷണം:
- ലോഹംകൊണ്ടുള്ള
ലോഹല
- വിശേഷണം:
- അസ്പഷ്ടമായി പറയുന്ന
- കൊഞ്ഞപറയുന്ന
ലോഹലം
- ഇരിമ്പുചങ്ങലയുടേ വലിയ വളയം
ലോഹാഭിസാരം
- ശാസ്ത്രത്തോടുകൂടെയുള്ള യാത്ര. (ലോകാഭിഹാരം നോക്കുക)
ലോഹാഭിഹാരം, ലോഹാഭിസാരം
- അസ്ത്രഭൃത്തുകളായ രാജാക്കന്മാരുടെ നീരാജനാവിധിയുടെ (തിരിഉഴിച്ചിലിന്റെ) പേർ
- (മഹാനവമി അല്ലെങ്കിൽ ദശമി ഈ ദിവസം ആയുധപൂജ ചെയ്തു യുദ്ധത്തിന്നായി പുറപ്പെടുംമുമ്പു് നീരാജനാവിധി ചെയ്യുക പതിവാണു്. ലോഹാഭിഹാരം എന്നതു നീരാജനത്തിന്നുശേഷം ചെയ്യുന്ന ‘ആയുധം എടുക്കുക’ എന്ന പ്രധാനക്രിയയുടെ പേരാണെന്നും അഭിപ്രായം കാണുന്നു).
ലോഹിത
- വിശേഷണം:
- ചെമന്ന
ലോഹിതൻ
- ചൊവ്വാ എന്ന ഗ്രഹം
ലോഹിതം
- ചോര. ശരീരത്തിൽനിന്നു പുറപ്പെടുന്നതെന്നർത്ഥം
- കടുംചെമപ്പു്
- ചെമന്ന അകിൽ
- യുദ്ധം
- കുങ്കുമം, പുൽ കുങ്കുമം
- ഒരു മത്സ്യം
- രക്തചന്ദനം
- ചെന്നെല്ലു്
- പത്തങ്ങം
- ഹരിചന്ദനം
- കറുത്ത ചണംപയറു്
- വാകച്ചേമ്പു്
- ചെമന്ന കരിമ്പു്
- കമ്പിപ്പാല
- ചെങ്കവരിമീൻ
- പാമ്പു്
- ബ്രഹ്മപുത്രാനദി
ലോഹിതക
- വിശേഷണം:
- ചെമന്ന
ലോഹിതകം
- പത്മരാഗമണി
- ലോഹിത വർണ്ണമായിട്ടുള്ളതു് എന്നർത്ഥം. ചെമപ്പുകല്ലു്, മാണിക്യം
- പിച്ചള
- ചൊവ്വാ
ലോഹിതചന്ദനം
- രക്തചന്ദനം
ലോഹിതാ
- കോപം കൊണ്ടോ സ്നേഹംകൊണ്ടോ ചെമന്നവൾ
- ഒരു വള്ളി
- അഗ്നിയുടെ ഒരു ജിഹ്വാ. സസ്യാദികളിൽ പ്രത്യക്ഷമാകുന്നതു് എന്നർത്ഥം
- ചെമന്ന തഴുതാമ
- പന്നിക്കിഴങ്ങു്
ലോഹിതാംഗൻ
- ചൊവ്വാ
- ചെമപ്പു നിറമായ അംഗങ്ങൾ ഉള്ളവൻ എന്നർത്ഥം.
ലോഹിതാശ്വൻ
- അഗ്നി
ലോഹിതികാ
- അനുരാഗംകൊണ്ടൊ കോപം മുതലായതു കൊണ്ടൊ ചെമന്നവൾ. (ഇവൾ സ്വതെ ചെമന്നവൾ അല്ല). ലോഹിനികാ എന്നുമുണ്ടു്
ലോഹിനി
- ചെമന്നവൾ
ലോഹിനികാ
- അനുരാഗംകൊണ്ടൊ കോപം മുതലായതു കൊണ്ടൊ ചെമന്നവൾ. (ഇവൾ സ്വതെ ചെമന്നവൾ അല്ല)
ലോളിതാ
- ചഞ്ചലാ
ലൗ
ലൗകായതികൻ
- ബുദ്ധമുനി
- ചാർവാകമതക്കാരൻ (ലോകായതികൻ എന്നതു നോക്കുക)
ലൗകിക
- വിശേഷണം:
- ലോകത്തെ സംബന്ധിച്ച (കൻ
- കീ
- കം)
ലൗകികം
- സാഹിത്യസാഹ്യപ്രകാരമുള്ള വർണ്ണനത്തിന്റെ രണ്ടുവിധങ്ങളിൽ ഒന്നു്
- ഇതു വിനോദത്തിനുവേണ്ടി ചെയ്യുന്നതാണു്. ലോകമര്യാദ (ലോഹ്യം എന്നു പറയാറുണ്ടു്). ‘(ലൗകീകം എന്നു ചിലർ എഴുതാറുണ്ടു്. ദീർഘം ആവശ്യമില്ല. ലൗകികം എന്നു മതി. സംസ്കൃതത്തിലെ ദീർഘങ്ങളെ കുറയ്ക്കയാണു മലയാളത്തിൽ നടപ്പു്. തത്ഭവപ്രകൃതിയിലെ വിധികൾ നോക്കുക. മൂന്നക്ഷരമുള്ള ഒരു പദം മുഴുവൻ ദീർഘമായിരുന്നാൽ ഉള്ളതിലധികം ഉച്ചാരണ സൗകര്യം മധ്യസ്വരം ഹ്രസ്വമായിരുന്നാലോകയാൽ ദീർഘം ചെയ്യുന്നതിനു ഒരു ന്യായവും കാണുന്നില്ല).
— സാഹിത്യസാഹ്യം
ലൗഹം
- ഇരിമ്പു്. (ലൊഹം എന്നതിന്റെ പാഠം)
ലൗഹിതിക
- വിശേഷണം:
- ചെമപ്പുനിറമുള്ള
ലൗഹിത്യം
- ചെമപ്പു്