മാതൃഭൂമി, 2021 മാർച്ചു് 13
മലയാളമനോരമ, 2021 മാർച്ചു് 14
ഇതിന് വേണ്ടി പ്രയത്നിച്ച, നിസ്വാർത്ഥ സേവനം നടത്തിയ ഭാഷാ സ്നേഹികളോട് വലിയ ആദരവാണ് തോന്നുന്നത്. സ്വന്തം ഭാഷയെ മുങ്ങിപ്പോകാൻ അനുവദിക്കില്ല എന്ന ദൃഢപ്രതിജ്ഞയെടുവർ. — ഇ. മാധവൻ
വലിയ സന്തോഷം. അഭിനന്ദനം — കെ. സച്ചിദാനന്ദൻ
വലിയ സംഭവം — കെജിഎസ്
അച്ചടിയുടെ തന്നെ ആദിമ മുദ്രണ രീതികളുടെ കാലത്ത് പ്രസിദ്ധീകരിച്ച ശ്രീകണ്ഠശ്വേരത്തിന്റെ ശബ്ദതാരാവലിയുടെ ‘ഒറിജിനിലിനെ’ ഡിജിറ്റലാക്കിയ സായാഹ്നയും അണിയറ പ്രവർത്തകരും ചെയ്ത ‘വിശുദ്ധ…’ അഭിനന്ദിക്കുകയോ അച്ചടിയെ ആധികാരികമായി കാണുന്ന മലയാള സാംസ്കാരിക ലോകം! കോപിറൈറ്റ്ഡ് അച്ചടിയാണെങ്കിൽ അതിലും ആധികാരികം. കുത്തക പ്രസാധകനാണെങ്കിൽ അതിൽപ്പരം ആധികാരികവും കെങ്കേമമായി മറ്റൊന്നുമില്ല താനും.
ഡിജിറ്റൽ എന്നു കേട്ടാലോ അപരാധപൂർവ്വമാകണം അന്തരംഗം. ഓൺലൈൻ ക്ലാസ്സിന്റെ ആഘാത്തതെയോർത്ത് അശരണപ്പെട്ട മഹാപാരമ്പര്യ സിദ്ധന്മാർ ആത്മനിർവൃതിക്കും ആത്മപ്രചരണത്തിനും ഇതേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ച്ചെയുന്നു. ഇരട്ടതാപ്പ് അവരുടെ സ്വഭാവിക പ്രവൃത്തിപഥമായിരിക്കെ ആരും തന്നെ ഓൺലൈൻ പഠന വിരുദ്ധതയ്ക്ക് ചെവി കൊടുക്കാൻ പോയില്ല, ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ പോലും, ഭാഗ്യത്തിനു്.
പറഞ്ഞു വന്നത് എന്തായാലും അതിനെക്കുറിച്ചല്ല.
സായാഹ്നയുടെ ഏറ്റവും പ്രശംസനീയമായ പ്രവർത്തനം സംസ്ക്കാരത്തിന്റെ ഡിജിറ്റൽവല്ക്കരണമാണ്. അതും എങ്ങനെ? കോമൺസ് എന്ന സങ്കല്പത്തിനാധാരമാക്കി. അല്ലാതെ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലുള്ള കോമൺസിനെ ഒരു ഓൺലൈൻ ചരക്കാക്കി അമിത കാശ് ഈടാക്കുന്ന പണിയല്ല ഇതെന്ന് മനസ്സിലാക്കുന്നു.
ശ്രീകണ്ഠശ്വേരത്തിന്റെ ശബ്ദതാരാവലി, ഒരോ ആണ്ടുത്തോറും ഒരോത്തരെക്കൊണ്ട് പരിഷ്ക്കരിപ്പിച്ച് ആയിരത്തി അഞ്ഞുറ് രൂപയ്ക്കും ചിലപ്പോൾ അതിലും കൂടുതൽ രൂപയ്ക്ക് വിൽക്കുന്ന കുത്തക പ്രസാധാകരുടെ വരുമാനസ്രോതസ്സിന്റെ കടയ്ക്കൽ ഡിജിറ്റൽ കത്തിവെച്ച സായാഹ്നയുടെ വിശുദ്ധപാപം പൊറുക്കപ്പെടുകയില്ല!
ഒറിജിനൽ ശ്രീകണ്ഠശ്വേരമാണ് ഇപ്പോൾ ഡിജിറ്റലിൽ വന്നിരിക്കുന്നത്. പരിഷ്ക്കരിക്കപ്പെട്ട അനേകം പതിപ്പുകളിൽ നിന്ന് ഏറ്റവും ലേറ്റ്സ്റ്റായ ശബ്ദതാരാവലിയുടെ ഡിജിറ്റൽ വേർഷന്റെ മേന്മ ഭാഷാ വിദഗ്ദർ വിശദീകരിച്ചാൽ നന്നായിരിക്കും.
മലയാളം വാക്ക് തിരയുന്നവർക്ക് വെബിൽ സായാഹ്നയുടെ ഈ പ്രവർത്തനം വളരെ ഉപകാരപ്പെടും. വിപ്ലവകരമായ പ്രവർത്തനം.
കേരളത്തിലെ വലിയ എഴുത്തുകാർ മുതൽ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി വരെ ഇതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഡിജിറ്റൽ അച്ചടിയുടെ ഓഥോറിയൽ (authorial) വ്യക്തി കേന്ദ്രിത സർഗ്ഗാത്മകതയേക്കാൾ പ്രാമുഖ്യം നല്കുന്നത് കളക്റ്റിവായ പ്രവർത്തനങ്ങൾക്കാണ്. വ്യക്തികളുടെ നിസ്വാർഥത അതിൽ പ്രധാനമാണ്. സാംസ്കാരിക കേരളത്തിന് അത്രയൊന്നും പരിചതമായിരിക്കില്ല ഈ നിസ്വാർഥത.
അശോക് കുമാറിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്, ഇത്ര ഭംഗിയോടെയുള്ള ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പിന്റെ സാക്ഷാത്ക്കാരത്തിനു പിറകിൽ കളക്റ്റീവായ പ്രവർത്തനം നടന്നിരുന്നു എന്നതിനോടൊപ്പം അതിനു നേതൃത്വം നല്കിയ സായാഹ്നയുടെ സി വി ആറിന്റെ സമർപ്പിതമായ പ്രയത്നവും എടുത്തു പറയേണ്ടതാണ്.
ഇത് ഭാഷയുടെ തന്നെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. പഴയ ഗ്രന്ഥങ്ങൾ മാത്രമല്ല പുതിയ പുസ്തകങ്ങളും സായാഹ്ന ഇറക്കാൻ പോകുന്നുവെന്നാണ്. അതു പോലെ പ്രിന്റ് ഓൺ ഓർഡർ സംവിധാനവും കൊണ്ടു വരാവുന്നതാണ്.
വെബ് ശബ്ദതാരാവലിയുടെ പ്രചരണാർത്ഥം ച്ചെയാവുന്നത് സക്കറിയ, കെ. ജി.എസ്., സച്ചി മാഷ്, മമ്മൂട്ടി … ശബ്ദതാരാവലിയുടെ വെബ് ആവിഷ്ക്കാരത്തെ കുറിച്ച് ഒരു വിഡിയോ ചെയുന്നത് നല്ലതായിരിക്കാം.
യുട്യൂബ് വിഡിയോ അച്ചടിയേക്കാളും പോപുലിസ്റ്റാണ്. — ദാമോദർ പ്രസാദ്
“സുഖം എന്ന പദത്തിന്റെ അർത്ഥം എന്റെ നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടെന്ന് വരുകിലും പരമാർത്ഥത്തിൽ അതെങ്ങനെ ആയിരിക്കുമെന്ന് ഞാനിതുവരെ അറിഞ്ഞിട്ടുള്ളവനല്ല.” 1930 ഒക്ടോബർ ഇരുപതാം തീയതി ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിനെഴുതിയ മുഖവുരയിൽ നിന്നുള്ള ഈ ഭാഗം സാഹിത്യ പ്രശ്നോത്തരിയിൽ ഒരു ചോദ്യമായി പലപ്പോഴും അവതരിപ്പിച്ചിരുന്നു. എന്നാൽ ശ്രീകണ്ഠേശ്വരം പറഞ്ഞ ഈ വാക്കുകളുടെ അർത്ഥവ്യാപ്തി മനസ്സിലായത് ഇപ്പോൾ സായാഹ്ന ഫൗണ്ടേഷൻ നേതൃത്വം നൽകിയ ശബ്ദതാരാവലി ഡിജിറ്റൽ പതിപ്പിന്റെ തെറ്റുതിരുത്തൽ പതിപ്പിൽ പങ്കാളിയായപ്പോഴാണ്.
വിവിധ സർവകലാശാലകളിലെ ഗവേഷക വിദ്യാർഥികളടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് നാല്പതോളം പേർ പങ്കെടുത്ത തെറ്റ് തിരുത്തൽ പ്രവർത്തനം കോവിഡ് കാലത്തെ സാർത്ഥകമായ ഒന്നായി. മലയാളത്തിന്റെ കരുത്തും സൗന്ദര്യവും അടുത്തറിയാനൊരവസരം… ഒപ്പം ഭാഷയിൽ നിന്നും അന്യം നിന്നുപോയ ഒട്ടേറെ പദങ്ങളെ പരിചയപ്പെടാനം കഴിഞ്ഞു. ഒരു കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന അണയും കാശും, മുക്കാലും, 1, 2, 3, തുടങ്ങി 25 വരെയുള്ള നാണയങ്ങളും ഇന്ന് മൂല്യമില്ലാതെ കൈമാറ്റമില്ലാതെ അപ്രത്യക്ഷമായി. ഭാഷയിൽ പദങ്ങൾക്ക് കാലഭേദം കൊണ്ട് അർത്ഥഭേദവും തേയ്മാനവും നാശവും സംഭവിക്കും. പദങ്ങളുടെ ഈ നഷ്ടം ആശയ വിനിമയത്തിന്റേത് മാത്രമല്ല. സാംസ്കാരത്തിന്റേത് കൂടിയാണ്. ശ്രീകണ്ഠേശ്വരം തന്റെ ശബ്ദതാരാവലിയിൽ പദങ്ങളും അവയുടെ അർത്ഥങ്ങളും മാത്രമല്ല വിവിധ സാഹിത്യ കൃതികളിലെ സന്ദർഭങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് അവതരിപ്പിക്കുന്നത്.
ഉദാഹരണത്തിന് അകമ്പൻ എന്ന പദത്തിന് ഒരു രാക്ഷസൻ എന്ന അർത്ഥം കൊടുക്കുന്നു. തുടർന്ന് ‘കുംഭൻ നികുംഭനകമ്പനെന്നുള്ളൊരു വമ്പട മുമ്പാം നിലമ്പാരി വൃന്ദവും’ എന്ന് കല്യാണസൗഗന്ധികം തുള്ളലിലെ വരികൾ ചേർക്കുന്നു. ശ്രീകണ്ഠേശ്വരം പിന്നീട് വിശദീകരിക്കുന്നു. ഇങ്ങനെ ഒരുവനെ കാണുന്നില്ല. നമ്പ്യാർ ഇപ്രകാരം പറയുകയും ചെയ്യുന്നു. അകമ്പനൻ ഉണ്ട്. ആ അകമ്പനൻ ആയിരിക്കും ഈ അകമ്പൻ. അവസാനം നിശ്ചലൻ എന്ന അർത്ഥം കൂടി ചേർക്കുന്നു. എത്ര സൂക്ഷ്മമാണ് ഈ മഹാന്റെ ദൗത്യം. പില്ക്കാലത്ത് ഇതെല്ലാം വെട്ടിച്ചുരുക്കിയെന്നതാണ് നാം അദ്ദേഹത്തോട് കാണിച്ച ആദരവ്. 34 കൊല്ലമാണ് ഈ മനുഷ്യൻ ശബ്ദതാരാവലിയുടെ നിർമാണത്തിന് എടുത്തത്. ഡിറ്റിപി-യും അനുബന്ധ സാദ്ധ്യതകളും ഒന്നുമില്ലാത്ത കാലത്താണ് ഇത് എന്നതും ശ്രദ്ധിക്കണം. 1600 പുറമുള്ള ഈ നിഘണ്ടു അന്ന് അച്ചടിക്കാൻ ആരും തയ്യാറാവാതിരുന്നപ്പോൾ രണ്ട് മാസം ഇടവിട്ട് പല ലക്കങ്ങളായി സ്വന്തമായി പ്രസിദ്ധീകരിക്കുകയായിരുന്നു. അങ്ങനെ 22 ലക്കങ്ങൾ.
മലയാള ഭാഷയുടെ വളർച്ചയും പരിണാമവും മലയാളിയുടെ വളർച്ചയുടെയും മാറ്റത്തിന്റേയും ഒപ്പം തന്നെ ആണ്. ഇപ്പോഴിതാ ശബ്ദതാരാവലി ഡിജിറ്റൽ പതിപ്പായി കൈവെള്ളയിൽ ഒതുങ്ങുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെ പ്രത്യേകം അഭിനന്ദിക്കുന്നു. നേതൃത്വം നല്കിയ സായാഹ്നയുടെ രാധാകൃഷ്ണൻ, ലിസി ടീച്ചർ എന്നിവരുടെ സംഘാടന മികവും എടുത്ത് പറയണം. നന്ദി ടീച്ചർ, ഒപ്പം ചേർത്തതിന്. ഈ ഡിജിറ്റൽ പതിപ്പ് മലയാളിയുടെ മംഗ്ലീഷ് ഭ്രമത്തിന് മറുമരുന്നാകട്ടെ എന്ന് ആശിക്കുന്നു. — എം. രഘുനാഥ്
ഈ കൂട്ടായ്മയിലെ മുതിർന്ന അംഗം എന്ന നിലയിൽ രഘു എന്ന് വിളിക്കട്ടെ. രഘുവിനുണ്ടായ പോലുള്ള അനുഭവങ്ങൾ തന്നെയാണ് എനിയ്ക്കും ഉണ്ടായതു്. ശബ്ദതാരാവലിയുടെ ഈ പഴയ പതിപ്പു് വെറും ഒരു നിഘണ്ടുവല്ല. മലയാള ഭാഷയുടെ (വരമൊഴിയുടേതു് മാത്രമല്ല വാമൊഴിയുടേതും) ചരിത്രം പറയുന്ന ഒരു ഗ്രന്ഥം കൂടിയാണ്. നമ്മുടെ സാഹിത്യത്തിന്റെ ചരിത്രവും സംസ്കാരത്തിന്റെ ചരിത്രവും എല്ലാം അതിൽ പ്രതിഫലിയ്ക്കുന്നു. ഇതിനൊക്കെ പുറമെ, നിർമാതാവിന്റെ നിലപാടുകളെയും ഇത് വ്യക്തമാക്കുന്നുണ്ട്. പഠിയ്ക്കുന്ന കാലത്തും പഠിപ്പിയ്ക്കുന്ന കാലത്തും ശബ്ദതാരാവലിയുടെ പുതിയ പതിപ്പുകൾ സ്ഥിരമായി നോക്കാറുണ്ടായിരുന്നു. അതിൽ നിന്നും വ്യതസ്തമായ ഒരു കാഴ്ചപ്പാടോടെ ഈ കൃതിയെ സമീപിയ്ക്കാൻ സായാഹ്നയുടെ ഭാഗമായപ്പോൾ കഴിഞ്ഞു. — പ്രൊഫ. സി. എം. ലീല
ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പ് കണ്ട് അതിൽ പങ്കാളിയായതിൽ അഭിനന്ദിച്ചു കൊണ്ട് കൂട്ടുകാരികളിൽ ചിലർ വിളിച്ചു. ആ അഭിനന്ദനത്തിന് എത്രമാത്രം അർഹയാണ് എന്ന് സ്വയം ചിന്തിച്ചു. വളരെ വളരെ വളരെ ചെറിയ ചില ഭാഗം പ്രുഫ് നോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ദിവസത്തിൽ ഒന്നോ രണ്ടോ പ്രൂഫ് നോക്കുമ്പോൾ സായാഹ്നയുടെ ഷംസൂക്കയൊക്കെ നോക്കി തീർക്കുന്ന കഠിനമായ അധ്വാനം കണ്ട് ബഹുമാനം തോന്നിയിട്ടുണ്ട്, സായാഹ്ന പ്രവർത്തകരോട്. പിന്നെ എല്ലാവരും ഡിജിറ്റൽ പതിപ്പ് ഒരുപാട് സ്വീകരിച്ചിരിക്കുന്നു. ശബ്ദതാരാവലിയെ അത്രമേൽ ബഹുമാനത്താൽ ആളുകൾ നോക്കിക്കാണുന്നതിന്റെ പ്രതിഫലനം ഡിജിറ്റൽ പതിപ്പിനോടും കാണിക്കുന്നുണ്ട്. ലിസി ടീച്ചർ സായാഹ്നയെ പരിചയപ്പെടുത്തിയതുകൊണ്ട് മാത്രമാണ് ഒരു വാക്കാണെങ്കിലും പ്രൂഫ് നോക്കാൻ കഴിഞ്ഞത്. ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ പ്രവർത്തനത്തിലൂടെ സായാഹ്ന വലിയൊരു ചുവട് മുന്നോട്ട് വച്ചിരിക്കുകയാണ് … സായാഹ്നയുടെ എല്ലാ പ്രവർത്തകർക്കും സ്നേഹം. — എൻ. പി. ശില്പ
ഈ മഹദ് യജ്ഞത്തിൽ പങ്കെടുത്ത എല്ലാ സുഹൃത്തുക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. ഒറ്റയ്ക്കൊരാൾ പരിശ്രമിച്ചുണ്ടാക്കിയ ഒരു ബൃഹദ്ഗ്രന്ഥത്തിന് ഒട്ടേറെപ്പേർ കൂടി നടത്തിയ ഒരു ശുദ്ധീകരണം. അന്നത്തെ കാലത്ത് ശ്രീകണ്ഠശ്വരം ഒറ്റയ്ക്ക് നടത്തിയ ഈ ഒരു പ്രവൃത്തി ലോകത്തെവിടെയെങ്കിലും മറ്റൊരാൾ നടത്തിയതായി എന്റെ അറിവില്ല. — അബ്ദുൽ ഗഫൂർ അല്ലുക്ക
നിശബ്ദം കടന്നു വന്ന സായാഹ്നയുടെ ഈ ഡിജിറ്റൽ ശബ്ദതാരാവലി മലയാള ഭാഷയ്ക്ക് പുതിയ കാലത്തിലെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തപ്പെടും. വളരെയധികം സന്തോഷം. — അഷറഫ് മുഹമ്മദ്
ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി, ഉള്ളൂരിന്റെ സാഹിത്യചരിത്രം, കെ ദാമോദരന്റെ സമ്പൂർണ കൃതികൾ, എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം എന്നീ വൻശേഖരം സൈബർ ലോകത്തിലൂടെ സൗജന്യമായി ലഭ്യമാക്കിത്തരാൻ യത്നിച്ച ശ്രീ സിവിആറിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഓരോ സന്നദ്ധപ്രവർത്തകനും ഉള്ളു തുറന്ന നന്ദി. — പ്രവീൺ വർമ്മ
എല്ലാവർക്കും ഉപയോഗപ്രദമായ വലിയ സംരംഭം. അഭിനന്ദനം. – റ്റി. ആർ. വേണുഗോപാലൻ
ഗംഭീരം! നല്ല ലേ ഔട്ട്… ഓരോ വാക്കുകളും ഒരു മഹാവൃക്ഷത്തിന്റെ ഇലകൾ പോലെ … — മധുസൂദനൻ
സാങ്കേതികവിദ്യ പരിമിതമായ ഒരു കാലത്ത് ഒരായുസ്സ് മുഴുവൻ “സുഖം” എന്തെന്നറിയാതെ ശ്രീകണ്ഠേശ്വരം പണിത മാതൃഭാഷയുടെ ഈ അടിത്തറ ഇന്ന് പുതിയ തലമുറ ശബ്ദതാരാവലിയുടെ ശതാബ്ദി (2023) ആഘോഷിക്കാൻ പോകുന്ന ഈ വേളയിൽ ആധുനിക സാങ്കേതികവിദ്യയുടെ മണിമഞ്ചലിൽ വെച്ച് മലയാള ഭാഷാദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ നിങ്ങളോപ്പം ഞാനും അഭിമാനം കൊള്ളുന്നു. — എം. എച്. ഹബീബ്
ഇതാണ് യഥാർത്ഥത്തിലുള്ള ഭാഷാ സ്നേഹം. നിങ്ങളുടെ പരിശ്രമം ഭാഷാ നിഘണ്ടുവിനെ പോലെ തന്നെ കാലാതീതമായിരിക്കും. ഇതോടൊപ്പം ഒരുപാട് കൂട്ടിച്ചേർക്കലുകളും പരിഷ്കരണങ്ങളും വരുത്തുവാൻ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. — അജിത്ത് കൂവോട്
അമൂല്യമായ സേവനം. ഒരു നിർദ്ദേശം ഉണ്ട്. വാക്കുകൾ തിരയാനുള്ള സൗകര്യം കാണുന്നില്ല. അത് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. — ശ്രീനിവാസൻ
ആധികാരികമായ ഈ ഗ്രന്ഥം ഡിജിറ്റലാക്കിയതു് പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഒരു മൊബയിൽ ആപ്പുണ്ടാക്കിയാൽ കൂടുതൽ ഉപയോഗത്തിലേക്ക് എത്തും. നന്ദി! — ജാക്കോബ് ഞെരിഞ്ഞമ്പിള്ളി
ശബ്ദതാരാവലിയുടെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കിയ സായാഹ്ന ഫൗണ്ടേഷനും അതിന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനം. പിറക്കാനിരിക്കുന്ന തലമുറകളുടെ കാലാതീതമായ പങ്കു വയ്ക്കലിലൂടെ നിങ്ങളുടെ പരിശ്രമം അർത്ഥ ദീപ്തമാകും. കുറച്ചു കൂടി ക്രമീകരിക്കാനുണ്ട് എന്ന് വിനയപൂർവ്വം സൂചിപ്പിക്കട്ടെ. ഉദാഹരണം പവർഗ്ഗം. പ യിൽ തുടങ്ങുന്ന വാക്കുകൾ കഴിയാതെ പാ ആരംഭിച്ചു. പാനീയം എന്ന വാക്കു കഴിഞ്ഞ് വീണ്ടും പ വന്നു. കുറ്റമായിട്ടു പറഞ്ഞതല്ല. പൂർണ്ണതയിലെത്തിക്കാണാനുള്ള ആഗ്രഹത്തിൽ സൂചിപ്പിച്ചതാണ്. മലയാളത്തിനു വേണ്ടിയുള്ളേ േപാരാട്ടമാണ് നിങ്ങൾ നടത്തിയത്. നന്ദി. — ആർ. നന്ദകുമാർ
സന്തോഷം ചേട്ടാ. ശബ്ദതാരാവലീടെ കവർ പേജിലു മുഗൾ ചിത്രത്തിനെന്തുകാര്യം. ഒരു പടയണിക്കോലം മതിയാരുന്നു. — നമത്
മഹത്തായ ദൗത്യം. അഭിനന്ദനങ്ങൾ. വിദ്യാർഥികളുടെ സേവനം പ്രത്യേകം അഭിനന്ദനീയമാണ്. ഇതു പോലെ സന്നദ്ധരായ വിദ്യാർഥികളെ ഇനിയും കണ്ടെത്താൻ കഴിയും. കൂട്ടായ്മ വിപുലീകരിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സഹകരണം വാഗ്ദാനം ചെയ്യുന്നു. — കെ. എം. സംഗമേശൻ
ആധുനിക സമൂഹത്തിൽ, മാതൃഭാഷ സ്നേഹികളായ മലയാളികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. അത്യന്തം ശ്രമകരമായ ഈ ഉദ്യമത്തിന് പിന്നിൽ, അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിച്ച, സന്മനസ്സുകൾക്ക് എന്റെ നല്ല നമസ്ക്കാരം. — എം. കെ. മോഹനൻ
ശബ്ദതാരാവലിയുടെ വെബ്സൈറ്റ് കാണാനിടയായി. വളരെ അഭിനന്ദനീയമായ ഈ സംരംഭം അതീവ ശ്രമകരമായിരുന്നിരിക്കുമെന്നറിയാമെങ്കിലും ഇനിയും അച്ചടിപ്പിശകുകൾ ഉണ്ടെന്ന് ഒന്നോടിച്ചുനോക്കിയതിൽനിന്നും കാണാനിടയായി എന്ന് വിനയപൂർവ്വം അറിയിക്കട്ടെ. ഉദാഹരണത്തിന്,
‘അത്തു’ മലയാളത്തിൽ പ്രയോഗിപ്പാനുള്ള രീതി എന്നിടത്ത് ‘അകത്ത്’ എന്നായിരിക്കില്ലേ? എങ്കിൽ ‘ക’ എന്നത് വിട്ടുപോയിരിക്കുന്നു.
‘മലരുക=വിടിരുക’, എന്നിടത്ത് ‘ടി’ അല്ല ‘ട’ എന്നല്ലേ വേണ്ടത്!
‘വെളിവുമൊരു തെളിവുമവനകമലരിലില്ലടോ’ എന്നാണോ’? ‘വെളിവുമൊരു തെളിവുമവനകമലരിലില്ലെടോ’ എന്നാണോ?
‘മേവോ ന ജാനാതി കുതാ മനുഷ്യഃ’ എന്നാണോ ‘ദേവോ ന ജാനാതി കുതോ മനുഷ്യഃ’ എന്നല്ലേ?
‘അഗ്രഗ്രൻ’ എന്നാണോ അഗ്ര‘ഗ’ൻ എന്നാണോ?
അറിവും ഒഴിവും ഉള്ള ആരെങ്കിലും പല ആവർത്തി വായിച്ചുനോക്കിയാണെങ്കിലും തെറ്റുകൾ എല്ലാം തിരുത്തുമെന്ന പ്രത്യാശയോടെ ഒരിക്കൽ കൂടി അഭിനന്ദനങ്ങളും ആശംസകളും അറിയിക്കട്ടെ! — കെ. പി. മണികണ്ഠൻ
കുറിപ്പു്: മുകളിൽ കാണിച്ച പിഴവുകളിൽ ആദ്യത്തെ നാലെണ്ണം ഡിജിറ്റൽ പതിപ്പിൽ ഉള്ളതാണു് ശരി. അവസാനത്തേതു് പ്രതികരണത്തിൽ പറഞ്ഞതാണു് ശരി. — സായാഹ്ന പ്രവർത്തകർ
എത്രയോ മഹത്തായ സംരഭം! വിമർശിക്കുന്നവർ പോലും രഹസ്യമായി ആശ്രയിക്കുന്ന മഹാഗ്രന്ഥം. അതിനെയാണ് എം. കൃഷ്ണൻ നായർ ശബ്ദതാരാവലി തനിക്ക് അലമാരയിൽ മുകൾത്തട്ടിലെ പുസ്തകമെടുക്കാൻ ചവിട്ടി നിൽക്കാനേ ഉപകരിക്കൂ എന്ന് പരിഹസിച്ചത്. കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ കൃതികളും ഏറെക്കുറെ വിസ്മൃതിയിലായി. ശബ്ദതാരാവലി ഇന്നും അതിന്റെ മഹിമ ഒട്ടും കുറയാതെ നിലനിൽക്കുന്നു. സായാഹ്നയുടെ പരിശ്രമങ്ങളിലൂടെ പുതിയ പുതിയ തലങ്ങളിലേക്കുയരുന്നു. — എം. എൻ. പി. നമ്പൂതിരി