• ഒരു വ്യഞ്ജനാക്ഷരം, ഹല്ലുകളിൽ ഒന്നു്.
യകൃത്തു
  • കരൾ
  • ഉദരത്തിന്റെ അകത്തു വലത്തുഭാഗത്തിലിരിക്കുന്ന കറുത്ത ഒരു മാംസപിണ്ഡം. ഒതുങ്ങിയിരിക്കുന്നതു എന്നു ശബ്ദാർത്ഥം.
  • പര്യായപദങ്ങൾ:
    • കാളഖണ്ഡം.
യക്ഷകർദ്ദമം
  • കുറിക്കൂട്ടു്
  • യക്ഷപ്രിയമായ കുറിക്കൂട്ടു്.
  • (കർപ്പൂരം, അകിൽ, കസ്തൂരി, തക്കോലപ്പുട്ടിൽ ഇവയെല്ലാം കൂട്ടിച്ചേർത്തുണ്ടാക്കിയതാണു്. തക്കോലപ്പുട്ടിലിന്റെ സ്ഥാനത്തു ചന്ദനം ചേർക്കുന്നതുമുണ്ടു്. ചിലർ കുംകുമത്തെ ചേർക്കുന്നതായും കാണുന്നു.)
  • ‘കർപ്പൂരാഗരുകസ്തുരി,
    കക്കോലൈര്യക്ഷകർദ്ദമഃ’
    — അമരകോശം

    ‘കർപ്പൂരാഗരുകസ്തുരി
    കക്കോലഘുസൃണാനിച
    ഏകീകൃതമിദംസർവം
    യക്ഷകർദ്ദമഇക്ഷ്യതേ’.
    — എന്നു വ്യാഡി.
    ‘കംകുമാഗരുകുസ്തൂരി
    കർപ്പൂരം ചന്ദനംതഥാ
    മഹാസുഗന്ധമിത്യുക്തം
    നാമതോയക്ഷകർദ്ദമ:’
    — ധന്വന്തരി
യക്ഷതരു
  • പേരാൽ
യക്ഷധൂപം
  • ചെഞ്ചല്യം
  • യക്ഷന്മാരെ ദു:ഖിപ്പിക്കുന്നതു് എന്നർത്ഥം. (യക്ഷന്മാരുടെ ഉപദ്രവം ഇതുകൊണ്ടുള്ള ധൂപമാണല്ലോ തീർക്കുന്നതു്.) യക്ഷപ്രിയമായ ധൂപദ്രവ്യം എന്നുമാവാം.
യക്ഷൻ
  • ഉപദേവകളിൽ ഒരു ജാതിക്കാരൻ
  • യക്ഷജാതിയിലുള്ളവൻ. പൂജിക്കപ്പെടുന്നവൻ, ശിവനെ പൂജിക്കുന്നവൻ, ഈ = ലക്ഷ്മി(സമ്പത്തു്), ഇതിനെ വ്യാപിക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
യക്ഷന്മാർ
  • കുബേരാദികൾ
യക്ഷം
  • ഇന്ദ്രന്റെ ഒരു കൊട്ടാരം
  • പൂജ
  • യാഗം
യക്ഷരാജൻ, യക്ഷരാൾ(ട്ടു്)
  • കുബേരൻ
  • യക്ഷന്മാരുടെ കൂട്ടത്തിൽ ശോഭിക്കുന്നവൻ എന്നർത്ഥം.
യക്ഷരാത്രി
  • ദീപാളി
യക്ഷർ
  • കുബേരന്റെ പരിചാരകന്മാരും നിധികൾ സൂക്ഷിക്കുന്നവരും ആയ ഒരു കൂട്ടം ആത്മാക്കൾ
  • ആരേയും ഉപദ്രവിക്കാത്തതുകൊണ്ടു് ‘പുണ്യജനങ്ങൾ’ എന്നും പേരുണ്ടു്.
യക്ഷി, യക്ഷിണി
  • യക്ഷന്റെ സ്ത്രീ, കുബേരന്റെ ഭാര്യ
  • ദേവിയുടെ ദാസി
യക്ഷികഥ
  • കൗമാരാവസ്ഥയിൽ കുട്ടികൾക്കു വായിച്ചു രസിക്കേണ്ടുന്ന കഥ
യക്ഷിപീഡ
  • യക്ഷിയുടെ ഉപദ്രവം
യക്ഷ്മാവു്
  • ക്ഷയരോഗം. രാജയക്ഷ്മാവു്
  • രോഗങ്ങളിൽ വെച്ചു രാജാവാകയാൽ പൂജിക്കപ്പെടുന്നതു് എന്നർത്ഥം.
യജത്തുക്കൾ
  • യജിച്ചിയങ്ങുന്നവർ
  • യജിക്ക = യാഗംചെയ്ക. (കർമ്മനിഷ്ഠന്മാർ എന്നു സാരം)
യജനം
  • യാഗം
  • പൂജ
യജമാന
  • വിശേഷണം:
  • യാഗം ചെയ്യുന്ന
  • പൂജിക്കുന്ന
യജമാനൻ
  • യാഗം ചെയ്യുന്നവൻ
  • നാഥൻ
  • ഭർത്താവു്
  • ഭവനത്തിന്റെ ഉടയക്കാരൻ, കുടുംബഭരണകർത്താവു്
യജിക്കുന്നു
  • യാഗം ചെയ്യുന്നു
  • പൂജിക്കുന്നു
യജുർവേദം
  • നാലു വേദങ്ങളിൽ ഒന്നു്
  • — വേദങ്ങളിൽവച്ചു രണ്ടാമത്തേതു്. പ്രത്യേകം യാഗങ്ങളെ സംബന്ധിച്ചതു്. തൈത്തീരിയം അല്ലെങ്കിൽ കൃഷ്ണയജുർവേദം, വാജസനേയി അല്ലെങ്കിൽ ശൂക് ലയജുർവേദം ഇങ്ങിനെ രണ്ടുവിധം
    .
യജുർവേദവിത്തു്
  • യജുർവേദം പഠിച്ചവൻ
യജുസ്സ്
  • യജുർവേദം
  • യാഗത്തെ സംബന്ധിച്ച പ്രാർത്ഥന
  • യാഗസന്ദർഭത്തിൽ ഉച്ചരിക്കുന്ന ഗദ്യമന്ത്രങ്ങൾ
  • ദേവന്മാർ ഇതുകൊണ്ടു യജിക്കുന്നതിനാൽ ‘യജുസ്സ്’ എന്നു പേർ വന്നു.
യജ്ഞകൃത്തു്
  • യാഗം ചെയ്യുന്നവൻ
യജ്ഞനിഷ്ഠൻ
  • ശിവഭക്തനായ ഒരു മുനി
യജ്ഞൻ
  • രുചിയുടെ പുത്രൻ, ദക്ഷിണയുടെ ഭർത്താവു്
  • — ഒരു മാനിന്റെ തലയുണ്ടായിരുന്നു. ദക്ഷയാഗത്തിൽവച്ചു വീരഭദ്രൻ വധിച്ചു.
  • അഗ്നി
  • വിഷ്ണു
യജ്ഞപുരുഷൻ
  • വിഷ്ണു
യജ്ഞം
  • യാഗം
  • (പഞ്ചയജ്ഞം നോക്കുക). യജ് (പൂജ) എന്നതിൽ നിന്നുണ്ടായി, യജ്ഞം എന്നതിനു ‘ബലികഴിക്ക’ എന്നർത്ഥമില്ല.
  • അഗ്നി
യജ്ഞവല്ലി
  • സോമയെന്ന ചെടി
യജ്ഞവാടം
  • യജ്ഞസ്ഥലം
യജ്ഞവാഹനൻ
  • വിഷ്ണു
യജ്ഞസാരം
  • അത്തിയാൽ
യജ്ഞസൂത്രം
  • പൂണുനൂൽ
  • വലത്തിടുക (വലത്തേക്കൈ പൊങ്ങിച്ചു ഇടത്തേ ചുമലിൽ തട്ടിച്ചിടുന്ന പൂണുനൂൽ)
യജ്ഞസേനൻ
  • പാഞ്ചാലരാജാവു്
  • ദ്രുപദൻ. വിദർഭരാജ്യത്തിലേ രാജാവു്
യജ്ഞസ്തംഭം
  • യാഗശാലയിൽ നാട്ടുന്ന തൂണു്
യജ്ഞാംഗം
  • യാഗത്തിന്നു് അവശ്യം ഉണ്ടായിരിക്കേണ്ടതു, യാഗത്തിന്റെ ഒരു ഭാഗം
  • അത്തിവൃക്ഷം, ചമതസ്രുൿ, സ്രവം, പാത്രം മുതലായ രൂപത്തോടു കൂടി യാഗത്തിൽ പ്രവേശിക്കുന്നതു് എന്നർത്ഥം
  • കരിങ്ങാലി
  • വെളുത്ത ദർഭ
യജ്ഞിയ
  • വിശേഷണം:
  • യാഗത്തിന്നു കൊള്ളാവുന്ന
യജ്ഞിയം
  • മൂന്നാമത്തേയുഗം, ദ്വാപരയുഗം
  • കരിങ്ങാലി
യജ്ഞിയശാല
  • യാഗശാല
യജ്വാവു്
  • വിധിക്കു തക്കവണ്ണം യാഗം ചെയ്തവൻ
യത
  • വിശേഷണം:
  • അടക്കപ്പെട്ട
യതനം
  • പ്രയത്നം
  • ഉത്സാഹം
യതസ്സ്
  • യാതൊന്നു ഹേതുവായിട്ടു്.
യതാത്മാവു്
  • നിയന്ത്രണ ശക്തിയുള്ളവൻ
യതി
  • സന്യാസി
  • ജിതേന്ദ്രിയൻ
  • (വൃത്തശാസ്ത്രത്തിൽ) കൈകാലുകൾക്കു മുട്ടുകളിൽ ഒടിവുള്ളതുപോലെ പാദത്തിനു ചിലേടത്തുള്ള ഒടിവു്.
  • ‘പാദത്തിൽമുറിയുന്നേടം
    യതിമുട്ടുകളെന്നപോൽ
    — വൃത്തമഞ്ജരി
യതിത
  • വിശേഷണം:
  • പ്രയത്നിച്ച
യതിനി
  • വിധവാ
യൽ
  • യാതൊന്നു ഹേതുവായിട്ടു്
യത്നം
  • പ്രയത്നം
  • അദ്ധ്വാനം
  • ഉത്സാഹം
യത്നവൽ
  • വിശേഷണം:
  • ഉത്സാഹമുള്ള
യത്ര
  • യാതൊരിടത്തു്
യഥാ
  • യാതൊരുപ്രകാരം, പോലെ, പദാരംഭത്തിൽ ചേർന്നു വരുമ്പോൾ പിൻ പദാർത്ഥംപോലെ എന്നുള്ള അർത്ഥം വരുത്തുന്നു. ഉദാ:യഥാക്രമം = ഇഷ്ടത്തിന്നു തക്കവണ്ണം. യഥാഗുണം = ഗുണം പോലെ. യഥാക്രമം = ക്രമംപോലെ.
യഥാജാത
  • വിശേഷണം:
  • ഭോഷത്വമുള്ള
യഥാജാതൻ
  • മൂർക്ക്വൻ
  • ജനിച്ചപ്പോൾ ഉള്ളതിൽ അധികമായ അറിവു ഭവിക്കാതെ ആ നിലയിൽ തന്നെ ഇരിക്കുന്നവൻ എന്നർത്ഥം.
യഥാതത്വം
  • സത്യമാകുംവണ്ണം
യഥാതഥ
  • വിശേഷണം:
  • നേരായുള്ള
യഥാതഥം
  • ചരിത്രം
യഥാതഥം
  • ഉചിതമായി. സത്യം എന്ന അർത്ഥത്തിലുമാവാം.
യഥാമുഖീന
  • വിശേഷണം:
  • തുല്യമായ
യഥായഥം
  • പോലെ
  • യഥായോഗ്യം.
  • പര്യായപദങ്ങൾ:
    • യഥാസ്വം.
യഥാർത്ഥ
  • വിശേഷണം:
  • സത്യമുള്ള
  • സംഭവിച്ച
യഥാർത്ഥത
  • സത്യസ്ഥിതി
  • യോഗ്യത
യഥാർത്ഥം
  • സത്യമായിട്ടു്
  • യഥാർത്ഥവും പരമാർത്ഥവും തമ്മിലുള്ള വ്യത്യാസം: യഥാർത്ഥം — കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി അറിയാതെ താൻ അറിഞ്ഞതു നേരെന്നു വിശ്വസിച്ചു പറയുന്നതു്. പരമാർത്ഥം — കാര്യത്തിന്റെ സത്യസ്ഥിതി അറിഞ്ഞു് അതിനെ പ്രസ്താവിക്കുന്നതു്.
യഥാർഹ
  • വിശേഷണം:
  • യോഗ്യതയ്ക്കു തക്കവണ്ണമുള്ള
യഥാർഹം
  • യോഗ്യതപോലെ
  • യുക്തം പോലെ
യഥാർഹവർണ്ണൻ
  • ഒറ്റുകാരൻ
  • ചാരപുരുഷൻ
  • അതാതു സമയത്തെ തരംപോലെ രൂപം മാറ്റുന്നവൻ എന്നർത്ഥം.
യഥാവൽ
  • സത്യമായിട്ടു്
  • യോഗ്യമായിട്ടു്, ന്യായമായിട്ടു്
  • തക്കവണ്ണം
  • മുമ്പിലത്തേപ്പോലെ
യഥാസ്ഥിത
  • വിശേഷണം:
  • നേരുള്ള
യഥാസ്ഥിതം
  • ആയിരുന്നതുപോലെ
യഥാസ്വം
  • യഥായഥം, പോലെ, അവനവന്നു തക്കവണ്ണം
  • പ്രത്യേകം പ്രത്യേകമായി
യഥേപ്സിത
  • വിശേഷണം:
  • ഇച്ഛിക്കപ്പെട്ട
  • ആഗ്രഹിക്കപ്പെട്ട
യഥേസ്പിതം
  • ഇഷ്ടംപോലെ
  • യഥേഷ്ടം
  • (ക്രിയാവിശേഷണമായി പ്രയോഗിക്കുന്നു). പ്രാപിപ്പാൻ ഇച്ഛിക്കപ്പെട്ടതു് എന്നർത്ഥം.
യഥേഷ്ടം
  • ഇഷ്ടംപോലെ
യഥോചിത
  • വിശേഷണം:
  • ഉചിതത്തിനു തക്കവണ്ണമുള്ള.
യദാ
  • യാതൊരിക്കൽ
യദി
  • എങ്കിൽ
  • പക്ഷാന്തരം
  • ഉദാ:അസ്തിയദി = ഭവിക്കുന്നു എങ്കിൽ.
യദു
  • യയാതിക്കു ദേവയാനിയിൽ ഉണ്ടായ മൂത്ത പുത്രൻ
  • തന്റെ യൗവനം കൊടുത്തു പിതാവിന്റെ വാർദ്ധക്യം ഏറ്റുകൊള്ളാത്തതുകൊണ്ടു ശപിക്കപ്പെട്ടു.
യദുകുലോത്ഭവൻ
  • കൃഷ്ണൻ
യദുപതി
  • കൃഷ്ണൻ
യദുശ്രേഷ്ഠൻ
  • കൃഷ്ണൻ
യദൃച്ഛ
  • വിചാരിക്കാതെ
യദൃച്ഛ
  • സ്വാതന്ത്ര്യം (സ്വേച്ഛാചാരിത്വം)
  • യാതൊരു ഇച്ഛ എന്നർത്ഥം. യദൃച്ഛാശബ്ദം സ്വേച്ഛാശബ്ദാർത്ഥമാണെന്നു അഭിപ്രായം കാണുന്നു. ഈ ശബ്ദം (യദൃച്ഛ) നിത്യസ്ത്രീലിംഗമാണെന്നു മറ്റൊരഭിപ്രായം.
  • പര്യായപദങ്ങൾ:
    • സ്വൈരിതാ.
യദൃച്ഛയാ
  • വിചാരിച്ചിരിക്കാതെ
  • യദൃച്ഛയായിട്ടു്
യദ്വാ
  • യാതൊരു പ്രകാരമോ.
യൻ
  • യമൻ
യന്തൃ
  • വിശേഷണം:
  • വിരോധിക്കുന്ന
  • അടക്കുന്ന
യന്താവു്
  • തേർനടത്തുന്നവൻ
  • ആനക്കാരൻ
  • നടത്തിപ്പുകാരൻ
  • നിയമിക്കുന്നവൻ – പിടിച്ചു നിറുത്തുന്നവൻ എന്നർത്ഥം.
യന്ത്രകം
  • തിരികല്ലു്
  • കുശവന്റെ ചക്രം
  • ചാടു്
യന്ത്രകല്ലു്
  • തിരികല്ലു്
യന്ത്രകാ
  • ഭാര്യയുടെ അനുജത്തി
യന്ത്രണം, യന്ത്രണ
  • തടുക്കുക
  • അടക്കുക നിറുത്തുക
യന്ത്രണീ, യന്ത്രിണി
  • ഭാര്യയുടെ അനുജത്തി
യന്ത്രപുത്രകം, യന്ത്രപുത്രികാ
  • സൂത്രപ്പാവ
യന്ത്രപ്പണി
  • സൂത്രപ്പണി
  • കൗശലപ്പണി
യന്ത്രപ്പേഷണി
  • തിരികല്ലു്
യന്ത്രപ്രയോഗം
  • സൂത്രപ്പണിചെയ്ക
  • മന്ത്രവാദികൾ എഴുതിയ ചില തകിടുകൊണ്ടുള്ള പ്രയോഗം
യന്ത്രം
  • സൂത്രപ്പണി
  • മന്ത്രവും മറ്റും എഴുതിയ ചില തകിടു്
  • (മ) ചില സ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
  • ഉപായം, കൗശലം
യന്ത്രാലയം
  • അച്ചുക്കൂടം
യന്ത്രി
  • ഉപായമുള്ളവൻ
  • ‘യന്ത്രികളാകിനകർണ്ണൻശകുനി’
    — കിരാതം തുള്ളൽ
    .
  • യന്ത്രമുള്ളവൻ, സൂത്രപ്പണിയുള്ളവൻ
  • ഉപദ്രവം ചെയ്യുന്നവൻ
  • (സ്ത്രീ:യന്ത്രിണി).
യന്ത്രിക്കുന്നു
  • സൂത്രങ്ങൾ ഉണ്ടാക്കുന്നു
  • ഉപായം വിചാരിക്കുന്നു
യന്ത്രിത
  • വിശേഷണം:
  • കെട്ടപ്പെട്ട
  • അടക്കപ്പെട്ട
  • അസ്വതന്ത്രതയുള്ള
യന്ത്രോപലം
  • തിരുവക്കല്ലു്
യഭുൿ
  • പാമ്പു്
യമ
  • വിശേഷണം:
  • ഇരട്ടയായ
യമക
  • വിശേഷണം:
  • ഇരട്ടയായ
  • ഇരട്ടപിറന്ന
യമകം
  • ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
  • അർത്ഥഭേദത്തോടുകൂടി അക്ഷരക്കൂട്ടത്തിന്റെ ആവൃത്തി.
യമങ്ങൾ
  • എല്ലാവരും ആചരിക്കേണ്ടുന്ന കർമ്മധർമ്മങ്ങൾ
  • അവ ഏതെല്ലാമെന്നും എത്രയാണെന്നും അഭിപ്രായവ്യത്യാസം കാണുന്നു.
  • 1. ‘ബ്രഹ്മചര്യംദയാക്ഷാന്തിർ
    ദാനം സത്യമകല്കതാ,
    അഹിംസാസ്തേയമാധുര്യേ
    ദമശ്ചേതിയമംഃസ്മൃതാഃ,
    2. ആനൃശംസ്യംദയാസത്യ
    മഹിംസാക്ഷാന്തിരാർജവം,
    പ്രീതിപ്രസാദോമാധുര്യം
    മാർദവംച യമാദശ.
    3. അഹിംസാസത്യവചനം
    ബ്രഹ്മചര്യമകുല്കതാ,
    അസ്തേയമിതിപഞ്ചൈതേ
    യമാഖ്യാനിവ്രതാനിച’
യമതാട
  • ഒരായുധം
  • കട്ടാരം(രി)
യമദണ്ഡം
  • അന്തകന്റെ ആയുധം
  • അതിവേദന
യമദിക്കു്
  • തെക്കേദിക്കു്
യമദൂതകം
  • കാക്ക
യമദൂതൻ
  • അന്തകന്റെ ഭൃത്യൻ
യമദൂതി
  • പാമ്പിന്റെ വിഷപ്പല്ലുകളിൽ ഒന്നു്
യമദ്രുമം
  • ഇലവു്
യമനം
  • ബന്ധിക്കുക
  • അടക്കുക
യമനികാ
  • തിരശ്ശീല
  • (ജവനികയുടെ പാഠാന്തരം).
യമൻ
  • കാലൻ
  • അന്തകൻ
  • യമുനയോടൊരുമിച്ചു ഇരട്ടയായി പിറന്നവൻ എന്നർത്ഥം. ശിക്ഷിപ്പിക്കുന്നവൻ എന്നുമാവാം. യമൻ സൂര്യന്റെ പുത്രനാണു്. കൊട്ടാരത്തിന്റെ പേർ ‘കാളീചി’. സിംഹാസനത്തിന്റെ പേർ ‘വിചാരഭു’. മനുഷ്യരുടെ പ്രവൃത്തികളെ എഴുതിവെച്ചിട്ടുള്ള പുസ്തകത്തിന്റെ പേർ ‘അഗ്രസന്ധാനി’. ലേഖകന്റെ പേർ ‘ചിത്രഗുപ്തൻ’. വാതിൽ കാവൽക്കാരന്റെ പേർ ‘വൈധ്യതൻ’. ഹേമാമാല, സുശീല, വിജയാ ഇവർ മൂവരുമത്രേ ഭാര്യമാർ. ശുശ്രൂഷക്കാർ ‘മഹാചന്ദൻ’ ‘കാലപുരുഷൻ’. യമൻ യമപുരിയിൽ മുൻപറഞ്ഞ കൊട്ടാരത്തിലുള്ള സിംഹാസനത്തിന്മേൽ ഇരുന്നുകൊണ്ടു പുസ്തകപ്രകാരവും ചിത്രഗുപ്തന്റെ സഹായാനുസരണവും
  • ആത്മാക്കളെ നീതിയാകുംവണ്ണം വിസ്തരിച്ചു തീർപ്പുകല്പിക്കുന്നു. യമദൂതന്മാർ ആത്മാക്കളെ കൊണ്ടുവന്നാൽ കാവൽക്കാരന്റെ വരുതിയോടുകൂടിവേണം യമസന്നിധിയിൽ നിറുത്തുവാൻ. യമനു ദുഷ്ടന്മാരെ ശിക്ഷിക്കാൻ അധികാരമുണ്ടെന്നു ഋഗ്വേദത്തിൽ പറഞ്ഞുകാണുന്നില്ല. യമനു സൂര്യൻ ഒരു പൂവൻകോഴിയെ കൊടുത്തിട്ടുണ്ടു്. ഇങ്ങിനെ കൊടുപ്പാനുണ്ടായ കാര്യം താഴെ പറയുന്നു. ഒരിക്കൽ യമൻ അച്ഛന്റെ പത്നിയായ ച്ഛായയെ ചവിട്ടുന്നതിനു കാലുയർത്തുകയാൽ ആ മഹതി അവനെ ശപിച്ചു. അതുകൊണ്ടു കാൽ വ്രണപ്പെട്ട് പഴുക്കാനിടവന്നു. വ്രണത്തിലുള്ള പുഴുക്കളെ കൊത്തിപ്പെറുക്കി വ്രണം പൊറുപ്പിക്കാനായിട്ടാണു് കോഴിയെ കൊടുത്തതു്. യമനു നാലു കണ്ണുള്ള രണ്ടു നായ്ക്കൾ ഉണ്ടു്. അവയ്ക്കു ഒരുനാളും തൃപ്തിവരുന്നില്ലെന്നാണു് പ്രസിദ്ധം. യമന്റെ ശസ്ത്രം ‘കാലദണ്ഡം’.
യമന്മാർ
  • ഇരട്ടപിറന്നവർ (Twins).
യമഭഗിനീ
  • യമുനാനദി
യമം
  • കാക്ക
യമം
  • അടക്കുക, ഭരിക്കുക
  • രാജയോഗത്തിന്റെ ഒരംഗം
  • (യമങ്ങൾ എന്നതു നോക്കുക). യോഗികളെ നിഷിദ്ധകർമ്മങ്ങളിൽ നിന്നു യമിക്കുന്നതു്. വിരോധിക്കുന്നതിനു യമം എന്നു പറയുന്നു. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയത്രേ യമപഞ്ചകം. ശരീരമാത്രംകൊണ്ടു സാദ്ധ്യവും ജീവിതകാലംവരെ അവശ്യവുമായ കർമ്മമത്രേ യമം. യമങ്ങൾ-ഗുണങ്ങൾ 10. 1. ബ്രഹ്മചര്യം, 2. ദയ, 3. ക്ഷമ, 4. ദാനം, 5. സത്യം, 6 നീതി, 7. അഹിംസാ, 8. കളവുചെയ്യാതെയിരിക്കുക, 9. എല്ലാവർക്കും പ്രിയനായിരിക്കുക, 10. ഇന്ദ്രിയനിഗ്രഹംചെയ്ക. (യമങ്ങൾ എന്നതു നോക്കുക).
  • ഉപരതി
യമരാട്ടു്
  • കാലൻ. കാലകിംകരന്മാരുടെ രാജാവു് എന്നർത്ഥം. സംയമംകൊണ്ടു ശോഭിക്കുന്നവൻ എന്നുമാവാം
യമരാജൻ
  • കാലൻ
യമവാഹനം
  • പോത്തു്
യമശാലി
  • സന്യാസി. അടക്കം നല്ലവണ്ണമുള്ളവൻ എന്നർത്ഥം
യമസ്വസാ
  • യമുനാനദി
യമള
  • ഒരു സുഖക്കേടു്
  • ദീനം
  • വളരെ നേരംകൊണ്ടു ഈരണ്ടു കൂടിവരുന്ന ഇക്കിളിനു ‘യമളാ’ എന്നു പേർ. ശിരസ്സിന്നും കഴുത്തിന്നും ഇളക്കവും ഉണ്ടാവും.
യമളം
  • ഇണ
  • ഇരട്ട
യമാരി, യമരിപു, യമഘ്നൻ
  • വിഷ്ണു
യമി
  • വിശേഷണം:
  • അടക്കുന്ന
യമി
  • യമുനാനദി
  • സന്യാസി, മഹർഷി, യോഗി ഇന്ദ്രിയവൃത്തിയെ നിയന്ത്രിച്ചവൻ എന്നർത്ഥം
  • ‘യമിനാംപ്രവരഃ കദാപി’
    — ദക്ഷയാഗം കഥകളി
യമിക്കുന്നു
  • നിരോധിക്കുന്നു
യമിത
  • വിശേഷണം:
  • അടക്കപ്പെട്ട
  • ഇണചേർക്കപ്പെട്ട
യമുനാ
  • കാളിന്ദി എന്ന നദി. ഉപരമശീലാ എന്നർത്ഥം. സംജ്ഞയിൽ സൂര്യന്റെ പുത്രി
  • യമന്റെ സഹോദരി
  • ത്രിയാമാ എന്നും മറ്റും വിളിക്കാറുണ്ടു്. (കാളിന്ദി
  • ബലരാമൻ ഈ ശബ്ദങ്ങൾ നോക്കുക)
യമുനാഭ്രാതാവു്
  • അന്തകൻ. സൂര്യപുത്രനാകയാൽ യമുനാനദിയുടെ സോദരൻ എന്നർത്ഥം
യമേശം
  • ഭരണിനക്ഷത്രം
യയാതി
  • സോമവംശത്തിലുണ്ടായിരുന്ന ഒരു രാജാവു്
  • നഹുഷന്റെ പുത്രൻ
  • വിഷ്ണുപുരാണത്തിലെ കഥയ്ക്കു ‘ദേവയാനി’ എന്ന ശബ്ദം നോക്കുക. മറ്റു കഥകളനുസരിച്ചുള്ളവ താഴെ ചേർക്കുന്നു. യയാതിക്കു ‘ദേവയാനി’ എന്നും ‘ശർമ്മിഷ്ഠാ’ എന്നും രണ്ടു ഭാര്യമാരുള്ളവരിൽ യദുകുലസ്ഥാപകനായ യദു ദേവയാനിയുടേയും പൗരവകുലസ്ഥാപകനായ പുരുശർമ്മിഷ്ഠയുടെയും പുത്രരാണു്. യയാതിക്കു ദ്രുഹ്യൂ, തുർവസു, അണു എന്നു വേറെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു. പത്മപുരാണം—ഇന്ദ്രൻ മാതലിയെ അയച്ചു യയാതിയെ സ്വർഗ്ഗത്തിലേക്കു ക്ഷണിച്ചുവരുത്തി. വഴിമദ്ധ്യേ യയാതിക്കു മാതലി വളരെ സദുപദേശങ്ങൾ നൽകി. യയാതി തിരിയെ വന്നു ഉപദേശങ്ങളനുസരിച്ചു രാജ്യഭാരം തുടങ്ങി. മനുഷ്യർക്കു ദുർമ്മോഹങ്ങൾ നീങ്ങുകയാൽ മരണമില്ലെന്നായി. ഈ വിവരം യമൻ ഇന്ദ്രനെ ധരിപ്പിച്ചു. ഉടർ യയാതിക്കു സ്ത്രീ വിഷയത്തിൽ ആസക്തി ജനിപ്പിക്കാനായി തന്റെ മകളായ അശ്രുവിന്ദുമതിയേയും, കാമദേവനേയും ഇന്ദ്രൻ അയച്ചു. അവളിൽ മോഹാന്ധനായിത്തീർന്ന യയാതി തന്റെ വാർദ്ധക്യം സ്വീകരിച്ചു യൗവനം നല്കണമെന്നു പുത്രന്മാരോടാവശ്യപ്പെട്ടു. ഇതിനെ സമ്മതിച്ചതു പുരു മാത്രമായിരുന്നു. കുറേ നാൾ കഴിഞ്ഞതിന്റെശേഷം യയാതി തന്റെ രാജ്യത്തോടുകൂടി യൗവനം പുരുവിനു തിരിയെ കൊടുത്തിട്ടു അശ്രുവിന്ദുമതിയോടുകൂടി സ്വർഗ്ഗത്തെ പ്രാപിച്ചു. ഹരി വംശം—ഇന്ദ്രൻ യയാതിക്കു ഒരു രഥത്തെ നൽകി. ഇതിനെക്കൊണ്ടു യയാതി ലോകം മുഴുവൻ കീഴടക്കി. ഇതിനു ആറു രാത്രിയേ വേണ്ടിവന്നുള്ളു. രഥം ഗാർഗ്യന്റെ ശാപം ഹേതുവായിട്ടു ജനമേജയന്റെ പക്കൽ നിന്നു വേർവിട്ടതായി പറയുന്നു.
യയി
  • യാഗത്തിന്നുള്ള കുതിര
  • പ്രധാനമായി അശ്വമേധയാഗത്തിന്നുള്ളതാണു്.
  • സാധാരണ കുതിര
  • ശിവൻ
  • വഴി
  • മേഘം
യയു
  • കുതിര
  • അശ്വമേധയാഗത്തിന്നായി നിശ്ചയിക്കപ്പെട്ട കുതിര. യാഗശാലയെ പ്രാപിക്കപ്പെടുന്നതു് എന്നർത്ഥം
യലിയാൻ
  • കടലാവണക്കു്
യവകം
  • ഒരു ധാന്യം. യവകച്ചെന്നെല്ലു്, യവം
  • പാക്യജനകം
  • പടുതോര
യവക്യം
  • കോതമ്പു് വിളയുന്നേടം
  • യവകച്ചെന്നെല്ലു വിളയുന്നേടം
യവക്രീതൻ
  • ഭരദ്വാജന്റെ പുത്രൻ
  • യവക്രീതൻ ഇന്ദ്രനെ തപസ്സുചെയ്തു അദ്ധ്യയനം കൂടാതെ വേദജ്ഞാനം ഉണ്ടാവാൻ വരം വാങ്ങി. ഈ വരം ഡംഭാഹാരങ്ങൾക്കു ഇടയാക്കി. ഋഷിമാരെ അഗണ്യമായി കരുതുന്നതിനു ആരംഭിച്ചു. എന്നാൽ യവക്രീതൻ ഒരു ഭയങ്കര രാക്ഷസനാൽ വധിക്കപ്പെട്ടു. രൈഭ്യന്റെ പുത്രനായ ‘പരാവസു’ എന്ന ഋഷി നടത്തിയ യാഗത്തിൽ നിന്നാണു രാക്ഷസൻ ഉൽഭവിച്ചതു്. യാഗം നടത്തി ഋഷി ഈവിധം ചെയ്യിച്ചതിനു കാരണം അദ്ദേഹത്തിന്റെ ഭാര്യയെ യവക്രീതൻ വശീകരിപ്പാൻ ശ്രമിച്ചതായിരു
  • ന്നു. പുത്രനോടുള്ള വാത്സല്യം ഹേതുവായി ഭരദ്വാജൻ ചിതയിൽ കയറി തന്നത്താൻ മരിച്ചു. പരാവസു അയാളുടെ പിതാവിന്റെ ഘാതകനായി തീരുമെന്നു ശപിച്ചുംവച്ചാണു മരിച്ചതു്. അതിന്റെ ശേഷം ഒരു മാനാണെന്നു തെറ്റിദ്ധരിച്ചു രൈഭ്യനെ പരാവസു നിഗ്രഹിച്ചു. രൈഭ്യന്റെ മറ്റൊരു പുത്രനായ അർവാവസുവിന്റെ ഭക്ത്യുദ്രേകം ഹേതുവായിട്ടു ദേവകൾ അവരെ മൂന്നു പേരേയും ജീവിപ്പിച്ചു.
യവക്ഷാരം
  • ഒരു മരുന്നു്
  • ചവക്കാരം
യവക്ഷോദം
  • യവം പൊടിച്ചു കുഴച്ച മാവു്
യവനൻ
  • (മുചുകുന്ദൻ നോക്കുക)
യവനൻ
  • ഗ്രേക്കൻ, ഗ്രേക്കജാതിക്കാരൻ
  • മുഹമ്മദീയൻ
  • പണ്ടു രാജാക്കന്മാരുടെ അമ്പും വില്ലും സൂക്ഷിക്കുന്നതിനായി യവനയുവതികൾ (യവനിക) നിയമിക്കപ്പെട്ടുവന്നു എന്നു നാടകങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നു.
യവനം
  • ഒരു രാജ്യം, ഗ്രേക്കു്
  • കോതമ്പു്
  • അറബിക്കുന്തുരുക്കം
  • വേഗമുള്ള കുതിര
യവനാരി
  • കൃഷ്ണൻ
യവനാഹി
  • യവനഭാഷയുടെ അക്ഷരങ്ങൾ
യവനിക
  • തിരശ്ശീല, മറ
  • ‘മായായവനികാച്ഛന്നനായ്മേവിന’
    — ഭാഗവതം
    .
  • യവനസ്ത്രീ, മഹമ്മദീയസ്ത്രീ
  • കുറാശാണി
യവനേഷ്ടം
  • മുളകു്
  • കാരീയം
  • ചണ്ണമുളങ്കി
  • വേപ്പു്
  • വെള്ളുള്ളി
  • വലിയ ചെമന്നുള്ളി
യവഫലം
  • മുള
  • ജടാമാഞ്ചി
  • കുടകപ്പാല
  • കല്ലാൽ
യവം
  • ഒരു ധാന്യം, വാൽകോതമ്പു്
  • കൂട്ടിച്ചേർക്കുന്നതു് എന്നർത്ഥം. യവത്തിനു ‘അക്ഷതധാന്യം’ എന്നും പറയുന്നുണ്ടു്. ഇതു ഭോജ്യവർഗ്ഗത്തിൽ ചേർന്ന ശൂകധാന്യമാണു്. ഇതു മൂന്നുതരമുണ്ടു്. 1. വെളുത്തു് ഓവുള്ളതു് – ഗുണാധിക്യമുള്ളതാണു്. 2. ഓവില്ലാത്തതു് – ഗുണം കുറഞ്ഞതാകുന്നു. 3. പച്ചനിറമുള്ളതു് – ഹീനഗുണമുള്ളതാണു്. ഓവുള്ളതുകൊണ്ടാണു ഇതിനെ വാൽഗോതമ്പു് എന്നു വിളിക്കുന്നതു്. തമിഴ്: യവൈക്കോതുമൈ, തോൽക്കോതുമൈ എവ. ഇംഗ്ലീഷ്: Barley ബാർല്ലി. തോമരപ്പയറു് (തോരൻപയറു്) എന്നും‌ കാണുന്നു.
  • കുടകപ്പാലയരി
യവസം
  • പൈപ്പുല്ലു്
  • പശുക്കൾക്കു തിന്നുന്നതിനു യോഗ്യമായ എല്ലാത്തരം പുല്ലിനും ‘യവസം’ എന്നു പേർ.
യവസുരം
  • യവത്തിൽ നിന്നെടുക്കുന്ന മദ്യം
യവാഗു
  • കഞ്ഞി
  • വറ്റും വെള്ളവും കൂടിച്ചേർന്നതു് എന്നർത്ഥം.
  • ‘ഭക്തയവാഗുപാനീയാദികളിൽ’
    — ഭാഗവതം
    .
യവാഗ്രജം
  • യവത്തിന്റെ ഓകു് ചുട്ടുണ്ടാക്കുന്ന ഒരുപ്പു്
  • ചവർക്കാരം
  • കുറാശാണി
യവാനകം
  • അയമോദകം
യവാനകം, യവാനിക, യവാനീ
  • അയമോദകം
യവാനി
  • ജീരകം
  • കുറാശാണി
യവാനിക
  • ജീരകം
  • അയമോദകം
  • ദുഷ്ടമായ യവം എന്നർത്ഥം.
  • കുറാശാണി
യവാപത്യം
  • ചവർക്കാരം
യവാഷം, യവാസം
  • ഒരു പച്ചമരുന്നു്
  • കൊടിത്തുവ. വ്യാപിക്കുന്നതു് എന്നർത്ഥം
യവാസശർക്കര
  • കൊടിത്തുവ കഷായത്തിൽ കരിമ്പിൻ നീരു ചേർത്തു മുരുക്കിൻ വേരു കത്തിച്ചുണ്ടാകുന്ന പഞ്ചസാര.
യവിഷ്ഠ
  • വിശേഷണം:
  • വളരെ ചെറിയ
യവിഷ്ഠൻ
  • ഉള്ളതിൽ ചെറിയ അനുജൻ
  • അഗ്നി
യവീയസ്സ്
  • വിശേഷണം:
  • എല്ലാവരിലും ഇളയ
യവീയസ്സ്
  • അനുജൻ
  • ചെറിയ യുവാവു് എന്നർത്ഥം.
യവ്യാ
  • യവം വിളയുന്നേടം
യശദം, ജശദം
  • നാകം
യശസ്കൻ
  • യശസ്സുള്ളവൻ
യശസ്കരീ
  • അടവതിയൻ
യശസ്വൽ
  • വിശേഷണം:
  • കീർത്തിയുള്ള. (സ്വാൻ
  • സ്വതി
  • സ്വൽ)
യശസ്വി
  • വിശേഷണം:
  • യശസ്സുള്ളവൻ. (സ്വീ
  • സ്വനി
  • സ്വി)
യശസ്വിനി
  • യശസ്സുള്ളവൾ
  • മറിക്കുന്നി
  • വലിയ വാലുഴവം
  • കീരിവള്ളി
  • ഋദ്ധി
  • കാട്ടുപരുത്തി
യശസ്സ്
  • കീർത്തി
  • ദിക്കുകളെ വ്യാപിക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കീർത്തി
    • സമജ്ഞാ.
യശഃപടഹം
  • ഒരു വാദ്യം
  • മദ്ദളം
  • നിഷാണ (നിസ്സാരണ) വാദ്യം. വീരവാണത്തിന്റെ പേർ എന്നു ചിലർ.
യശോദ
  • നന്ദന്റെ പത്നി
  • കൃഷ്ണന്റെ വളർത്തമ്മ
യശോദം
  • രസം
യഷ്ടാവു്
  • യാഗംചെയ്യുന്നവൻ
യഷ്ടി
  • ഭോഷൻ
  • ‘ഒട്ടുമകംപുറമില്ലാതുള്ളൊരു
    യഷ്ടീ ! നില്ലുനിനക്കെന്തറിയാം’
    — ഘോഷയാത്ര തുള്ളൽ
യഷ്ടി
  • വടി, തടി
  • ഗദ
  • മാല
  • മുത്തുമാല, മുത്തുമാലയുടെ ഇഴ
  • ഇരട്ടിമധുരം
  • വടികൊണ്ടുള്ള അടി
യഷ്ടികം
  • ഒരു പക്ഷി
യഷ്ടിത്വം
  • വഷളത്തം
യഷ്ടിമധു
  • ഒരങ്ങാടിമരുന്നു്
  • ഇരട്ടിമധുരം
യഷ്ടിഹേതികൻ
  • ഈട്ടിക്കാരൻ
യഷ്ടീകം
  • ഇരട്ടിമധുരം
യഷ്ടീമധുകം
  • ഇരട്ടിമധുരം
  • മധുവിനു സമം മധുരമുള്ള കോൽ എന്നർത്ഥം.
യാ
യാ
  • ലക്ഷ്മീ
യാ
  • പോവുക
  • അനങ്ങുക
  • നടക്കുക
യാഗം
  • ദേവകൾ പ്രസാദിപ്പാനായിട്ടു ചെയ്യുന്ന ഒരു കർമ്മം. ഇതിൽ യജിക്കപ്പെടുന്നതിനാൽ - ദേവന്മാർ പൂജിക്കപ്പെടുന്നതിനാൽ - ഈ പേർ വന്നു.
  • പര്യായപദങ്ങൾ:
    • യജ്ഞം
    • സവം
    • അദ്ധ്വരം
    • യാഗം
    • സപ്തതന്തു
    • മഖം
    • ക്രതു
യാഗശാല
  • യാഗംചെയ്യാനായിട്ടു കെട്ടിയുണ്ടാക്കുന്ന പുര
യാഗസന്താനൻ
  • ജയന്തൻ
യാചക
  • വിശേഷണം:
  • ഇരക്കുന്ന
  • ചോദിക്കുന്ന
യാചകൻ
  • ഇരക്കുന്നവൻ
  • സന്യാസി, ഭിക്ഷു
യാചകം
  • യാചന
  • ഇരക്കുന്നതു്
യാചന
  • ഇരക്കുക, ചോദിക്കുക
  • പര്യായപദങ്ങൾ:
    • യാച്ഞാ
    • അഭിശസ്തി
    • യാചനാ
    • അർത്ഥനാ
യാചനകൻ
  • യാചിക്കുന്നവൻ
യാചനക
  • വിശേഷണം:
  • യാചിക്കുന്ന
  • ഇരക്കുന്ന
  • ചോദിക്കുന്ന.
യാചനം
  • അപേക്ഷ
യാചിത
  • വിശേഷണം:
  • pഇരക്കപ്പെട്ട
  • ചോദിക്കപ്പെട്ട.
യാചിതകം
  • ഇരവൽ
  • യാചിച്ചുകിട്ടുന്നതു്
യാചിഷ്ണു
  • യാചിക്കശീലമുള്ളവൻ
യാച്ഞാ
  • ഇരക്കുക
യാജം
  • ചോറു്
  • ആഹാരം
യാജകം
  • മദം പൊട്ടിയ ആന
  • രാജാവിന്റെ ആന
യാജകൻ
  • യാഗം ചെയ്യുന്നവൻ
  • യജിക്കുന്നവൻ
യാജൻ
  • പുണ്യവാനായ ഒരു ബ്രാഹ്മണൻ
  • ഈ ബ്രാഹ്മണനെക്കൊണ്ടു ദ്രുപദരാജാവു് ഒരു യാഗം കഴിപ്പിച്ചു. ഒരു കോടി പശുക്കളാണ് ഇതിനു കൊടുത്തതു്. ദ്യുമ്നനും ദ്രൗപദിയും ബലിപീഠത്തിൽ നിന്നുണ്ടായവരാണു്.
യാജനം
  • യാഗം ചെയ്ക
യാജമാനം
  • യജമാനനാൽ ചെയ്യപ്പെടുന്ന ഒരു യാഗഭാഗം
യാജി
  • യാഗം കഴിക്കുന്ന ആൾ
  • യാഗം
യാജിനം
  • യാഗംചെയ്ക
യാജുഷം
  • തിത്തിരിപ്പുള്ളു്
യാജ്യ
  • വിശേഷണം:
  • യാഗം ചെയ്യപ്പെടുവാൻ തക്ക
  • പൂജിപ്പാൻ തക്ക.
യാജ്യൻ
  • പൂജയെ ഏൽപ്പാൻ യോഗ്യൻ
യാജ്യം
  • യാഗത്തിൽ കിട്ടുന്ന ദാനം
യാജ്ഞവല്ക്യൻ
  • ഒരു പ്രസിദ്ധനായ മഹർഷി
  • ശതപഥ ബ്രാഹ്മണം, യാജ്ഞവല്ക്യ സ്മൃതി, ബ്രഹദാരണ്യകം ഇവയുടെ കർത്താവു്. യോഗം സ്ഥാപിച്ചു.
യാജ്ഞസേനി
  • പാഞ്ചാലി
  • യജ്ഞസേനന്റെ മകൾ എന്നർത്ഥം.
യാജ്ഞികൻ
  • യാഗം ചെയ്യുന്നവൻ
യാജ്ഞികം
  • അരയാൽ
  • ചെങ്ങരിങ്ങാലി
  • പ്ലാശു
  • പച്ചനിറമുള്ള ദർഭ
യാത
  • വിശേഷണം:
  • പോയ
  • ലഭിച്ച
യാതനാ
  • നരക വേദന, അധികമായ വേദന
  • നാശത്തെ പ്രാപിക്കുന്നതു് എന്നർത്ഥം.ഉപദ്രവിക്കുന്നതു് എന്നുമാവാം.
  • നരക ശിക്ഷ
  • പര്യായപദങ്ങൾ:
    • കാരണം
    • തീവ്രവേദന.
യാതനം
  • പ്രതികാരം ചെയ്യുക
യാതം
  • ആനയെ നടത്തിക്ക
യാതയാമ
  • വിശേഷണം:
  • പഴയ
  • അനുഭവിക്കപ്പെട്ട
  • ഉപഭോഗകാലം കഴിഞ്ഞു പോയതു് എന്നർത്ഥം.
  • പെരുമാറിയ
  • തള്ളപ്പെട്ട
യാതാവു്
  • ജ്യേഷ്ഠന്റെ ഭാര്യ അനുജന്റെ ഭാര്യയെ പറയുമ്പോഴും മറിച്ചു് അനുജന്റെ ഭാര്യ ജ്യേഷ്ഠന്റെ ഭാര്യയെ പറയുമ്പോഴും ഉപയോഗിക്കുന്ന വാക്കു്
  • ഭർത്താവിന്റെ സഹോദരന്റെ ഭാര്യ
  • ഗൃഹകർമ്മങ്ങളിൽ ഒരുമിച്ചു പ്രയത്നം ചെയ്യുന്നവർ എന്നർത്ഥം.
  • ‘ഭ്രാതൃവർഗസ്യഭാര്യാഃതു
    പരസ്പരം യതേരഃസ്യു’
  • ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാർ അന്യോന്യം യാതാക്കന്മാരാണ്.
  • വണ്ടിയോടിക്കുന്നവൻ
  • വഴിയാത്രക്കാരൻ, നടക്കുന്നവൻ
യാതീഫലം
  • ജാതിക്ക
യാതു
  • വിശേഷണം:
  • പോകുന്ന
യാതു
  • രാക്ഷസൻ
  • പാന്ഥൻ
  • വായു
  • സമയം
  • ഒരു ആയുധം
യാതുഘ്നം
  • ഗുഗ്ഗുലു
യാതുധാനൻ
  • രാക്ഷസൻ.
  • യാതു എന്ന പേരുധരിച്ചവൻ എന്നർത്ഥം. സ്വജാതിസ്നേഹം ഹേതുവായിട്ടു യാതുക്കളെ (രാക്ഷസന്മാരെ) പോഷിപ്പിക്കുന്നവൻ. (പാഠം-ജാതുധാനൻ)
  • സന്നിധാനമുള്ളവൻ (മായാവി)
യാതുധാനർ
  • നായ്
  • കഴുകൻ തുടങ്ങിയുള്ള ജന്തുക്കളുടെ ആകൃതിയിൽ ചരിക്കുന്ന ദുഷ്ടന്മാർ.
  • വായുപുരാണം അനുസരിച്ച് സുരസയിൽ കാശ്യപന്റെ മക്കൾ.
യാതൃകൻ
  • യാത്രക്കാരൻ
യാതൊന്നു
  • അതെന്നു പറയുന്ന വാക്കിനെ സംബന്ധിച്ചു വരുന്നത്
യാതൊരളവ്
  • യാതൊരു സമയം
  • എത്രത്തോളം
യാതൊരിക്കൽ
  • യാതൊരു സമയത്തിൽ
യാതൊരുത്തൻ
  • മുമ്പിൽ പറയപ്പെട്ടവൻ
യാതൊരുത്തി
  • മുമ്പിൽ പറയപ്പെട്ടവൾ
യാത്ര
  • പുറപ്പാട്, സഞ്ചാരം, പോക.
  • (അടിതോൽ എന്നതു നോക്കുക)
  • യാത്രയ്ക്കു കൊള്ളുന്നതും കൊള്ളരുതാത്തതുമായ ദിവസങ്ങൾ. അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവുട്ടം, ചതയം, ഉത്രിട്ടാതി, രേവതി ഈ നാളുകൾ കൊള്ളാം. ജന്മനക്ഷത്രങ്ങളും ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മിഥുനം ഈ രാശികളും പ്രതിപദം, ചതുർത്ഥി, ഷഷ്ടി, നവമി, ചതുർദശി, വാവു ഈ പക്കങ്ങളും ഗുളികവൃഷ്ടി ഗണ്ഡാന്തങ്ങളും യാത്രക്കു കൊള്ളുകയില്ലാ. നാലാമിടത്തു ചന്ദ്രനോടുകൂടിയ രാശിയും കൊള്ളുകയില്ല. ആറിലും പന്ത്രണ്ടിലും ചന്ദ്രനോടുകൂടിയ രാശിയും മധ്യമം. കിഴക്കോട്ടേക്കു ഞായറാഴ്ചയും, അഗ്നിക്കോണിലേക്കു ചൊവ്വാഴ്ചയും, തെക്കോട്ടേക്കു വ്യാഴാഴ്ചയും, നിരൃതിക്കോണിലേക്കു ബുധനാഴ്ചയും, പടിഞ്ഞാറോട്ടേക്കു വെള്ളിയാഴ്ചയും, വായുക്കോണിലേക്കു ശനിയാഴ്ചയും, വടക്കോട്ടേക്കു തിങ്കളാഴ്ചയും യാത്രപോകാൻ കൊള്ളുകയില്ല. അതുപോലെ തന്നെ നാളുകളിൽ കിഴക്കോട്ടേക്കു ഉത്രാടവും, തിരുവോണവും, തെക്കോട്ടേക്കു ഉത്രിട്ടാതിയും, അശ്വതിയും, വടക്കോട്ടേക്കു ഉത്രവും, അത്തവും നിഷിദ്ധമാകുന്നു. തോണിയിൽകൂടി പോകുന്നു എങ്കിൽ മകരം രാശികൊണ്ടു പുറപ്പെടരുത്. യാത്രപോയാൽ 9-ആം ദിവസത്തിലും 9-ആം മാസത്തിലും ഭവനത്തിൽ മടങ്ങിച്ചെല്ലരുത്. ചെന്ന മൂന്നാംദിവസം ഒരു ദിക്കിലേക്കും പോകരുത്. യാത്ര പുറപ്പെടുന്ന ദിക്കിലേക്കു നൂറു വിൽപ്പാടെങ്കിലും ചെന്നേ താമസിക്കാവൂ. വഴിയിൽ അഞ്ചു ദിവസത്തിലധികം താമസിച്ചാൽ വേറെ മുഹൂർത്തംകൊണ്ടു യാത്ര പുറപ്പെടണം. കേരളീയർ യാത്രക്കുയോഗിനീപഞ്ചകം മുതലായതുകളെ അധികം നോക്കിവരുമാറില്ല. അടിയന്ത്രയാത്ര വേണ്ടിവന്നാൽ നക്ഷത്രാദികളൊന്നും വിചാരിക്കാതെ പ്രഭാതത്തിൽ യാത്രപോകാം. കിഴക്കോട്ടു- ചൊവ്വാഴ്ചലാഭം.
    തെക്കൊട്ടു- തിങ്കൾ ധനാഗമം.
    ശനി
    പടിഞ്ഞാറോട്ടു- ബുധൻ കാര്യസിദ്ധി
    വ്യാഴം
    വടക്കോട്ടു ഞായർ ധാന്യലാഭം
    വെള്ളി
    ജന്മനക്ഷത്രം തുടങ്ങി യാത്രതിരിക്കുന്ന ദിവസത്തെ നക്ഷത്രം വരെ എണ്ണിയാൽ 1, 2, 9, 1൦, 11, 18, 19, 2൦, 27 ഈ ഒൻപതിൽ ഏതെങ്കിലും ഒന്നു വന്നാൽ മരണഭയവും 12, 13, 24, 25, 26, 27 ഇവയിൽ ഏതെങ്കിലും ഒന്നു വന്നാൽ ദുഃഖവും ഫലം. മറ്റുള്ള സംഖ്യ വന്നാൽ യാത്രക്കു വിരോധമില്ല.
  • വഴി (റോട്ടു്)
  • ഉപജീവനം
  • പര്യായപദങ്ങൾ:
    • പ്രജ്യാ
    • അഭിനിര്യാണം
    • പ്രസ്ഥാനം
    • ഗമനം
    • ഗമം
യാത്രക്കളി
  • കേരളത്തിലെ ഒരു കളി
  • ഇതു കേരളത്തിലുണ്ടായതു് കലിവർഷം 34൦ആ-നു ഇടക്കാണു്. ഇതിനെ ‘ശാസ്ത്രക്കളി’ എന്നും ‘പാനക്കളി’ എന്നും പറയുന്നുണ്ടു്. കളിയുടെ പ്രധാനാംഗങ്ങൾ ഇപ്പോൾ നാലു പാദം, പാന, ആംഗ്യങ്ങൾ, ഹാസ്യങ്ങൾ ഇവയാകുന്നു. ഈ കളീ നംപൂരിമാർക്കു വളരെ പ്രധാനമാണു്. ഒരു ഗാനം താഴെ ചേർക്കുന്നു.
  • ‘മൂട്ടകടിച്ചല്ലോ വലിയാന
          ത്തലവൻചത്തു
    മൂട്ടിൽകിടന്നൊരുമുതുകയ്യൻ
          പറന്നേപോയി.
          കാട്ടിൽകിടന്നരണ്ടെലികൂടി
          കടലുഴുതു
          കാലത്തിളവിത്തുവിതച്ചപ്പോ
          ഴടയ്ക്കാകാച്ചു’
യാത്രായോഗം
  • യാത്ര നോക്കുന്നതിനുള്ള നല്ല നേരം
യാത്രാശൂലം
  • യാത്രയെ സംബന്ധിച്ച ശൂലം
യാഥാകത്ഥ്യം
  • പരമാർത്ഥം
  • വാസ്തവം
യാഥാർത്ഥ്യം
  • യഥാർത്ഥത
  • വാസ്തവം
യാദവൻ
  • കൃഷ്ണൻ
  • യദുകുലസന്തതി
യാദവർ
  • യദുവിന്റെ സന്തതി
  • കൃഷ്ണന്റെ ജനനം ഈ കുലത്തിലാകുന്നു.
യാദവം
  • കന്നുകാലിക്കൂട്ടം
യാദവീ
  • ദുർഗ്ഗ
യാദസാംപതി
  • വരുണൻ
  • സമുദ്രം
യാദസ്പതി, യാദഃപതി
  • സമുദ്രം
  • വരുണൻ
  • യാദസ്സുകളുടെ (ജലജന്തുക്കളുടെ) നാഥൻ എന്നർത്ഥം.
യാദസ്സ്
  • ജലജന്തു
യാദാസ്തു
  • കാര്യവിവരം കുറിച്ചിട്ടുള്ള എഴുത്തു്
  • യാദാസ്തിനു ഇപ്പോൾ നടപ്പുള്ള പേർ ‘മഹസർ’ എന്നാകുന്നു.
യാദു
  • ജലം
യാദൃച്ഛിക
  • വിശേഷണം:
  • യദൃച്ഛയായുള്ള
യാദൃശ
  • വിശേഷണം:
  • യാതൊരുപ്രകാരമുള്ള (ശൻ
  • ശീ
  • ശം)
യാദോനാഥൻ
  • കടൽ
യാദാനിധി
  • സമുദ്രം
യാദോനിവാസം
  • ജലം
യാനകം
  • വാഹനം
യാനപാത്രം
  • കപ്പൽ
  • സമുദ്രത്തിലെ വള്ളവും മറ്റും
  • മരക്കലം.
  • പര്യായപദങ്ങൾ:
    • പോതം.
യാനം
  • യാത്ര. പോവുക
  • ആന, തേർ മുതലായ വാഹനം
  • സന്ധി മുതലായ 6-ഗുണങ്ങളിൽ ഒന്നു്. ഗമിക്കുന്ന ശത്രുവിന്റെ നേരെ യുദ്ധത്തിന്നായി ഒരുങ്ങിക്കൊണ്ടുള്ള പുറപ്പാടു്. (ആറു നയങ്ങളിൽ ഒന്നു്)
യാനമുഖം
  • തേർ മുതലായ വാഹനങ്ങളുടെ മുൻഭാഗം. യാനത്തിന്റെ മുഖം എന്നർത്ഥം
യാപക
  • വിശേഷണം:
  • കൊടുക്കുന്ന
യാപനം
  • കാലംകഴിക്ക
  • ഇരിപ്പ്
  • അയച്ചുകളക
യാപിക്കുന്നു
  • ഉപജീവനം കഴിക്കുന്നു
യാപ്യൻ
  • അധമൻ
യാപ്യ
  • വിശേഷണം:
  • ഹീനമായ
  • നിന്ദ്യമായ
  • ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട.
  • കാലം കഴിക്കപ്പെടുവാൻ തക്ക (യാപ്യം-വന്നുകൂടിയാൽ വിടാത്തതു് എന്നു ശബ്ദാർത്ഥം).
യാപ്യയാനം
  • ഒരുമാതിരി പല്ലക്കു്
  • അന്തോളം. യാപ്യന്മാരാൽ (അധമന്മാരാൽ) വഹിക്കപ്പെടുന്നതു് എന്നർത്ഥം
യാഭം
  • സ്ത്രീയും പുരുഷനും തമ്മിലുള്ള ക്രീഡ
യാമ
  • വിശേഷണം:
  • യമനെ സംബന്ധിച്ച.
യാമം
  • ഏഴരനാഴിക കൂടിയ സമയം. യാനം ചെയ്യുന്നതു് എന്നർത്ഥം.
  • അടക്കം, ക്ഷമ
  • പര്യായപദങ്ങൾ:
    • പ്രഹരം
യാമക്കോഴി
  • ഏഴരനാഴികവെളുപ്പിനു കണിശമായി കൂകുന്ന കോഴി
യാമഘോഷം
  • കോഴി
യാമവതീ
  • മഞ്ഞൾ
  • രാത്രി
യാമള(ല)ം
  • ഇരട്ട
യാമാർദ്ധം
  • യാമത്തിൽ പാതി
  • മൂന്നേമുക്കാൽ നാഴിക
യാമി
  • സഹോദരി
  • കുലസ്ത്രീ. സുഖം അനുഭവിക്കുന്നവൾ എന്നർത്ഥം
  • രാത്രി
  • മകന്റെ ഭാര്യ
യാമികൻ
  • യാമത്തിന്റെ മുറ കാക്കുന്ന കാവൽക്കാരൻ
യാമിനി
  • രാത്രി. യാമങ്ങൾ ഉള്ളതു് എന്നർത്ഥം
  • മഞ്ഞൾ
യാമിനീചര
  • വിശേഷണം:
  • രാത്രിയിൽ സഞ്ചരിക്കുന്ന.
യാമിനീചരൻ
  • വിശേഷണം:
  • രാക്ഷസനും മറ്റും.
യാമിനീചരം
  • ഗുഗ്ഗുലു
യാമിനീപതി
  • കർപ്പൂരം
  • ചന്ദ്രൻ
യാമിനീവിരഹം
  • ചക്രവാകപ്പക്ഷി
യാമീ
  • സഹോദരി
  • സുകൃതമുള്ള സ്ത്രീ
  • രാത്രി
  • തെക്കു്
  • പുത്രി
  • പുത്രന്റെ ഭാര്യ
യാമീരം
  • ചന്ദ്രൻ
  • രാത്രി
യാമുനം
  • ഒരു ശൈലം
  • സ്രോതോജ്ഞന, സൗവീരാഞ്ജനം. യമുനയിലുണ്ടായതു് എന്നർത്ഥം. ‘സുമ്മ’ എന്നു ഭാഷ കാണുന്നു
യാമേയൻ
  • ഉടപ്പുറന്നവളുടെ പുത്രൻ
യാമ്യ
  • വിശേഷണം:
  • തെക്കുള്ള
  • യമനെ സംബന്ധിച്ച
യാമ്യൻ
  • അഗസ്ത്യൻ
  • ശിവൻ
  • വിഷ്ണു
യാമ്യം
  • ചന്ദനം
യാമ്യാ
  • രാത്രി
  • തെക്കുഭാഗം
യായജൂകൻ
  • വീണ്ടും വിണ്ടും യാഗം ചെയ്യുന്നവൻ
യായാവര
  • വിശേഷണം:
  • തെണ്ടിനടക്കുന്ന
  • അലയുന്ന
യായാവരൻ
  • യോഗി
യായാവരം
  • അശ്വമേധത്തിനു തിരഞ്ഞെടുത്ത കുതിര
യാവ
  • വിശേഷണം:
  • യവത്തെ സംബന്ധിച്ച
യാവകം
  • യവം
  • മുതിര
  • പടുതോര, കൂടിച്ചേരുന്നതു് എന്നർത്ഥം
യാവ (ക)ം
  • അരക്കു്
യാവജ്ജീവം
  • ജീവപര്യന്തം
യാവത്തുക്കൾ
  • സകലങ്ങൾ
യാവന
  • വിശേഷണം:
  • യവനനെ സംബന്ധിച്ച
യാവന
  • ദിവസവൃത്തി കഴിച്ചൽ
യാവനം
  • അറബിക്കുന്തുരുക്കം
  • കുന്തുരുക്കം
  • അന്യധൂപദ്രവ്യങ്ങളോടു കൂടിച്ചേരുന്നതു് എന്നർത്ഥം. യവനദേശത്തിലുണ്ടായതു് എന്നർത്ഥം.
യാവനാളം
  • ചോളം
യാവം
  • അരക്കു്
  • കോലരക്കു്
  • വസ്ത്രാദികളിൽ ചായമായിട്ടും മറ്റും കൂടിച്ചേരുന്നതു് എന്നർത്ഥം. ചെമ്പഞ്ഞിച്ചാറായിട്ടും മറ്റും ഉപയോഗിച്ചുവരുന്നു.
യാവൽ
  • വിശേഷണം:
  • യാതൊരിടത്തോളമുള്ള
യാവൽ
  • യാതൊരിക്കൽ
  • എത്ര (യാവൽ = എത്ര. താവൽ = അത്ര)
  • ഏതുവരെ
  • എപ്പോൾ
യവാശൂകം
  • ചവർക്കാരം
യാവസം
  • ഒരുമാതിരി പുല്ലിന്റെ കൂമ്പാരം
യാഷ(സ)ം
  • വെൺകൊടിത്തൂവ
യാഷ്ടീകൻ
  • യഷ്ടിയുള്ള ഒരു യോദ്ധാവു്
  • യഷ്ടി (വടി) ആയുധമായിട്ടുള്ളവൻ. ഈട്ടിക്കാരൻ.
യാസം
  • കൊടുത്തുവ്വ
  • പരിശ്രമം, പ്രയത്നം
യാസ്കൻ
  • നിരുക്തത്തിന്റെ കർത്താവു്
യി
യിയക്ഷമാണൻ
  • യാഗം ചെയ്യുന്നതിനാഗ്രഹമുള്ളവൻ
യിയക്ഷു
  • വിശേഷണം:
  • ചെയ്യാനാഗ്രഹമുള്ള
യിയാനൻ
  • യാനം‌ ചെയ്യാൻ ഇച്ഛിക്കുന്നവൻ
യിയാസ
  • പോവാനുള്ള ആഗ്രഹം
യിയാസു
  • പോവാനഗ്രഹമുള്ള ആൾ
യിര(റ)ളി
  • മുതക്കു് (വിദാരീ)
യു
യുക്ത
  • വിശേഷണം:
  • യോജിക്കപ്പെട്ട, ശരിയായ, തക്ക
  • ചേർത്ത
  • ഉറപ്പിച്ച
യുക്തൻ
  • രാഗാദികളെ അടക്കിയിരിക്കുന്ന മഹർഷി
യുക്തം
  • യോജിച്ചതു്, ചേർന്നതു്
  • നാലു മുഴം കൂടിയ ഒരളവു്
  • ന്യായമായി കിട്ടുന്നതു്
  • ന്യായത്തോടു കൂടിയതു്
യുക്തരസ
  • ചിറ്റരത്ത
  • അരത്ത
  • യുക്തമായ രസത്തോടു കൂടിയതു് എന്നർത്ഥം
യുകതാ
  • ഒരു പച്ചമരുന്നു്
യുക്തി
  • യോജ്യത, യോജിപ്പിക്കൽ
  • ചേർച്ച
  • മര്യാദ
  • (മ) ഉത്തരമായി പറയുന്ന വാക്കു്
യുക്തിഭംഗം
  • യുക്തിയില്ലായ്ക
  • ചേർച്ചകേടു്
യുക്തിമൽ
  • വിശേഷണം:
  • യുക്തിയുള്ള
യുക്തിയുക്ത
  • വിശേഷണം:
  • യുക്തിയോടു ചേർന്ന
യുൿ
  • ഇരട്ട
യുൿ
  • ചീത്തയായി
യുഗകീലകം
  • നുകക്കുഴി
  • നുകകൈയ്
  • യുഗത്തിന്റെ (നുകത്തിന്റെ) കീലകം (ആണി).
യുഗന്ധരം
  • യുഗംകെട്ടുവാനുള്ള തണ്ടു്. യുഗത്തെ(നുകത്തെ)ധരിക്കുന്നതു് എന്നർത്ഥം
  • രഥാവയവ വിശേഷം
  • ഒരു പർവ്വതം
  • പര്യായപദങ്ങൾ:
    • കൂബരം
യുഗധർമ്മ ചതുഷ്ടയം
  • കൃതത്തിൽ ധ്യാനം
  • ത്രേതയിൽ യജനം
  • ദ്വാപരത്തിൽ പൂജ
  • കലിയിൽ കീർത്തനം (പക്ഷാന്തരം-കൃതത്തിൽ തപസ്സു്
  • ത്രേതയിൽ ആത്മജ്ഞാനം
  • ദ്വാപരയിൽ യാഗം
  • കലിയിൽ ദാനം)
  • ഇവ 4-ം.
യുഗപത്രകം
  • ഒരു വൃക്ഷം
  • മലയകത്തി
  • കൊങ്ങ
  • ഇരട്ടയായ ഇലയുള്ളതു് എന്നർത്ഥം
യുഗപത്രം
  • മുളംപ്ലാശു്
യുഗപദ്
  • ഒന്നായിട്ടു്
  • ഒരു കാലത്തു് (ഒരു നാൾ).
യുഗപാർശ്വഗൻ
  • പൂട്ടിത്തെളിഞ്ഞ കാള
  • നുകംവെച്ചു കരികെട്ടിയ കാള
  • യുഗത്തിന്റെ (നുകത്തിന്റെ) പാർശ്വത്തെ ഗമിക്കുന്നവൻ എന്നർത്ഥം.
യുഗപ്രളയം
  • യുഗാവസാനത്തിലുള്ള ചെറിയ പ്രളയം
യുഗം
  • ഇരട്ട
  • നുകം
  • ഋദ്ധി
  • വൃദ്ധി
  • നാലുമുഴം
  • കാലം
  • യോജിപ്പിക്കപ്പെടുന്നത് എന്നർത്ഥം. (കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം).(കല്പം, കാലപരിമാണ വിജ്ഞാനം ഇവ നോക്കുക). കലിയുഗം ആരംഭിച്ചതു് ക്രിസ്തുവിനു മുമ്പു് 31൦2-ആം വർഷം ഫെബ്രുവരി മാസം 13 -ആം തീയതിയാണ് എന്നു കാണുന്നു. ഒരു മഹായുഗം അല്ലെങ്കിൽ മന്വന്തരത്തിനു നാലു യുഗങ്ങൾ ഉണ്ടു്. അവയുടെ പേരും ദേവവർഷ പ്രകാരം ഉള്ള ദൈർഗ്ഘ്യവും ഓരോ യുഗത്തിന്റെയും മുമ്പും പിമ്പും ആ യുഗത്തിന്റെ പത്തിലൊരോഹരി കാലദൈർഗ്ഘ്യമുള്ള സന്ധ്യയും സന്ധ്യാംശവും താഴെ ചേർക്കുന്നു. 1. കൃതയുഗം– ദേവ വർഷപ്രകാരം ദൈർഘ്യം 4൦൦൦, സന്ധ്യാ – 4൦൦, സന്ധ്യാംശം 4൦൦ – 48൦൦ മഹാഭാരതത്തിൽ ഹനുമാന്റെ വിവരണം അനുസരിച്ചു് ഈ യുഗത്തിൽ നീതിയും ന്യായവും ശരിയായി നടന്നു. അസൂയ, പക, ദുഖം, വേദന, ഭയം, ക്രൂരത, ഇവയൊന്നും ഇല്ലായിരുന്നു. വേദം ഒന്നു്, മനുഷ്യായുസ്സു് 4൦൦൦ കൊല്ലം. 2. ത്രേതായുഗം– വർഷം 3൦൦൦. സന്ധ്യ 3൦൦. സന്ധ്യാംശം 3൦൦ – 36൦൦. ഈ യുഗത്തിൽ നീതി ന്യായങ്ങൾ കാലാംശം കുറഞ്ഞു. മനുഷ്യർക്കു് ആന്തരത്തോടുകൂടിയ പ്രവൃത്തികളാണുണ്ടായിരുന്നതു്.അവർ ബലികൾക്കു് വട്ടം കൂട്ടി. അവർക്കു് അക്കാലത്തു് ആയുസ്സ് 3൦൦൦ വർഷം. 3. ദ്വാപരയുഗം– വർഷം 2൦൦൦, സന്ധ്യ 2൦൦, സന്ധ്യാംശം 2൦൦ – 24൦൦. ഈ യുഗത്തിൽ നീതി ന്യായങ്ങൾ പകുതിയോളം കുറഞ്ഞു. അപൂർവ്വം ചിലരേ സത്യം ആചരിച്ചുള്ളൂ. അപ്പോൾ വേദങ്ങൾ 4. രോഗങ്ങൾ പിടിപെട്ടു മനുഷ്യായുസ്സ് 2൦൦൦ വർഷം മാത്രമായി. 4. കലിയുഗം– വർഷം 1൦൦൦, സന്ധ്യാ 1൦൦, സന്ധ്യാംശം 1൦൦ – 12൦൦. ഈ യുഗത്തിൽ നീതി ന്യായങ്ങൾ കാലംശം മാത്രം ശേഷിച്ചു് ദുർവ്വിചാരം മുതലായവ വർദ്ധിച്ചു മനുഷ്യായുസ്സ് ക്ഷയിച്ചു ക്ഷയിച്ചു ഒരു നിശ്ചയമില്ലാത്ത സ്ഥിതിയിലായി.
  • ഒരു ദേവവർഷം 36൦ മനുഷ്യവർഷം ആകുന്നു യുഗങ്ങളെ സംബന്ധിച്ചൊ അവയുടെ ദീർഘതയെപ്പറ്റിയൊ ഋഗ്വേദത്തിൽ ഒന്നും കാണുന്നില്ല. കൃതയുഗത്തിൽ ബ്രാഹ്മണരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നും ക്ഷത്രിയർ ത്രേതായുഗത്തിലാണു ഉണ്ടായതെന്നും കാന്നുന്നുണ്ട്.
യുഗ(ള)ം
  • ഇരട്ട
  • ജോടി
യുഗാദിപണ്ടിക
  • പുതിയ ആണ്ടു തുടങ്ങുന്ന നാളിൽ കൊണ്ടാടുന്ന ഉത്സവം
യുഗാദ്ധ്യക്ഷൻ
  • ശിവൻ
  • പ്രജാപതി
യുഗ്മഫലാ
  • വേലിപ്പരുത്തി
  • തേക്കിട
യുഗ്മം
  • ഇരട്ട, ജോടി
  • യോജിക്കുന്നത് എന്നർത്ഥം.
  • രണ്ട്
  • വൃത്തശാസ്ത്രത്തിൽ പദ്യത്തിനു നാലു പാദങ്ങൾ ഉള്ളതിൽ രണ്ടും നാലും പാദങ്ങൾ
യുഗ്മരാശി
  • എടവം
  • കർക്കടകം
  • കന്നി
  • വൃശ്ചികം
  • മകരം
  • മീനം ഇവ 6-ഉം (സൗമ്യങ്ങളാകുന്നു)
യുഗ്മവിപുലാ
  • ഒരു വൃത്തത്തിന്റെ പേർ
യുഗ്യം
  • തേരിൽ കെട്ടുന്ന കുതിര മുതലായവ
  • വാഹനം.
  • യോജിപ്പിക്കുന്നത് എന്നർത്ഥം
  • നുകത്തെ വഹിക്കുന്ന കാള
യുഗ്യവാഹൻ
  • വണ്ടിക്കാരൻ
യുഞ്ജാന
  • വിശേഷണം:
  • യോജിക്കുന്ന
യുഞ്ജാനൻ
  • തേർ നടത്തുന്നവൻ
  • യോഗാഭ്യാസമുള്ള ബ്രാഹ്മണൻ
യുത
  • വിശേഷണം:
  • കൂടിയ
  • ചേർന്നിരിക്കുന്ന
യുതകം
  • യോനിസംബന്ധം
  • സ്ത്രീധനം
യുതന്മാർ
  • വധൂവരന്മാർ
യുതം
  • നാലു മുഴം കൂടിയ ഒരളവ്
  • ചേർന്നിരിക്കുന്നത്
യുത്തു(യുൽ)
  • യുദ്ധം
യുദ്ധഭണ്ഡാരം
  • യുദ്ധസാമാനങ്ങൾ വയ്ക്കുന്ന സ്ഥലം
യുദ്ധം
  • പട
  • കലഹം.
  • സമ്യക്കാകുംവണ്ണം പ്രഹരിക്കുക എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ആയോധനം
    • ജന്യം
    • പ്രധനം
    • പ്രവിദാരണം
    • മൃധം
    • ആസ്ക്കന്ദനം
    • സംഖ്യം
    • സമീകം
    • സംപരായകം
    • സമരം
    • അനീകം
    • രണം
    • കലഹം
    • വിഗ്രഹം
    • സംപ്രഹാരം
    • അഭിസംപാതം
    • കലി
    • സംസ്ഫോടം
    • സംയുഗം
    • അഭ്യാമർദ്ദം
    • സമാഘാതം
    • സംഗ്രാമം
    • അഭ്യാഗമം
    • ആഹവം
    • സമുദായം
    • സംയത്ത്
    • സമിതി
    • ആജി
    • യുത്ത്.
യുദ്ധവൃദ്ധൻ
  • യുദ്ധംചെയ്തു നല്ല തഴക്കമുള്ളവൻ
യുദ്ധസാരം
  • കുതിര
യുധാജിത്ത്
  • കൈകേയിയുടെ സഹോദരൻ
  • ഒരു കേകയരാജാവ്
  • ഭരതന്റെ മാതുലൻ
യുധിഷ്ഠിരൻ
  • ധർമ്മപുത്രർ. (കുന്തിയുടെ മൂത്ത പുത്രൻ).
  • യുദ്ധത്തിൽ സ്ഥിരനായവൻ എന്നർത്ഥം.
  •       പാണ്ഡവരുടേയും പാഞ്ചാലിയുടേയും ഇന്ദ്രസ്വർഗ്ഗത്തിലേക്കുള്ള യാത്രാവിവരം മഹാഭാരതം (മഹാപ്രസ്ഥാനം) നോക്കുക. ധർമ്മപുത്രർക്കു പാഞ്ചാലിയിൽ പ്രതി വിന്ധ്യൻ എന്നും ദേവകിയിൽ യൗധേയൻ എന്നും രണ്ടു പുത്രന്മാരുണ്ടായിരുന്നു. ധർമ്മൻ, ധർമ്മരാജൻ, അജാതശത്രു എന്നിവയും അദ്ദേഹത്തിന്റെ പേരാണത്രെ. ദ്രോണനെ അധൈര്യപ്പെടുത്തുവാൻ വേണ്ടി അയാളുടെ പുത്രനായ അശ്വത്ഥാമാ മരിച്ചുപോയി എന്നു എല്ലാവരും കൂടി ഇദ്ദേഹത്തെക്കൊണ്ടു ഒരു കളവ് പറയിച്ചിട്ടുണ്ട്. മുൻപറഞ്ഞ നാമധേയത്തിൽ ഒരാനയെ കൊന്നിട്ടാണു ഇപ്രകാരം പറയിച്ചതു്. അശ്വത്ഥാമാവു മരിച്ചുപോയി എന്നല്ലാതെ ദ്രോണപുത്രനായ അശ്വത്ഥാമാവു മരിച്ചുപോയി എന്നു ധർമ്മപുത്രർ പറഞ്ഞില്ല. ഈ ചതി അദ്ദേഹം ധരിച്ചിരുന്നുമില്ല. (കുന്തി, പാണ്ഡവർ, ദ്രൗപദി എന്നിവ നോക്കുക).
യുയു
  • കുതിര
യുയുത്സാ
  • യുദ്ധത്തിനുള്ള ആഗ്രഹം
യുയുത്സു
  • വിശേഷണം:
  • ചെയ്യാനാഗ്രഹമുള്ള
യുയുത്സു
  • പോരാളി
  • ഒരു വൈശ്യസ്ത്രീയിൽ ധൃതരാഷ്ട്രർക്കു ജനിച്ച പുത്രൻ
  • ‘ധൃതരാഷ്ട്രനും പിന്നെ
    വൈശ്യസ്ത്രീപെറ്റിട്ടൊരു
    സുതനുമുണ്ടായ് വന്നു
    യുയുത്സുവെന്നു പേരായ്’
    — ഭാരതം
  • ധർമ്മപുത്രർ യുയുത്സുവിനെ ഇന്ദ്രപ്രസ്ഥത്തിൽ രാജാവാക്കിയുംവച്ചാണു രാജ്യം ത്യജിച്ചുപോയതു്. യുയുത്സു കൗരവപക്ഷത്തിൽ നിന്നു പാണ്ഡവപക്ഷത്തിൽ ചേർന്ന ആളാണു്.
  • ഗന്ധാരിയിൽ ധൃതരാഷ്ട്രർക്കു ജനിച്ച മറ്റൊരു പുത്രൻ
യുയുധാനൻ
  • ഇന്ദ്രൻ
  • സാത്യകി
  • യോദ്ധാവു്
യുവ
  • വിശേഷണം:
  • യൗവനമുള്ള
  • ശ്രേഷ്ഠതയുള്ള
യുവ
  • അറുപതിൽ ഒൻപതാമത്തെ വർഷം
യുവതി
  • യൗവനയുക്തയായ സ്ത്രീ
  • പുരുഷനോടുകൂടി ചേരുന്നവൾ എന്നർത്ഥം.
  • മഞ്ഞൾ
  • യുവതി, യൂനി — പതിനാറു വയസ്സിന്നു മേൽ നാല്പതു വയസ്സിന്നു താഴെയുള്ള സ്ത്രീ.
യുവനാശ്വൻ
  • ഒരു സൂര്യവംശരാജാവു്
  • ഗർഭം ധരിച്ചു മാന്ധാതാവിനെ പ്രസവിച്ചു.
യുവരാജൻ
  • ഇളയരാജാവു്
യുവാവു്
  • പതിനാറുവയസ്സു കഴിഞ്ഞവൻ
  • വൃദ്ധനാകാത്തവൻ
  • യൗവനയുക്തൻ
  • സ്ത്രീകളോടുകൂടി ചേരുന്നവൻ എന്നർത്ഥം. പന്ത്രണ്ടു വയസ്സിനുമേൽ ഇരുപത്തഞ്ചു വയസ്സിനകം പ്രായമുള്ളവനാണു യുവാവു് എന്നു കാണുന്നു.
യുഷ്മൽ
  • ‘നിങ്ങളുടെ’ എന്നുള്ള അർത്ഥത്തിൽ പദങ്ങളുടെ മുമ്പിൽ ചേർത്തു പ്രയോഗിക്കുന്നു
  • ഉദാ:യുഷ്മാദൃശന്മാർ = നിങ്ങളെപ്പോലെയുള്ളവർ.
യൂ
യൂകം, യൂകാ
  • പേൻ
യൂകാവാസം
  • ശാഖോടവൃക്ഷം
യൂതി
  • ഏകീകരണം
  • യോജിപ്പു്
യൂഥനാഥൻ
  • ആനത്തലവൻ
  • ആനക്കൂട്ടത്തിന്റെ നാഥൻ എന്നർത്ഥം.
യൂഥപൻ
  • ആനത്തലവൻ
  • ആനക്കൂട്ടത്തെ കാക്കുന്നവൻ എന്നർത്ഥം.
യൂഥം
  • മൃഗങ്ങളുടേയും പക്ഷികളുടേയും മറ്റും കൂട്ടം
  • സജാതീയങ്ങളായ തിര്യക്കുകളുടെ സമൂഹം. കൂട്ടിക്കലർന്നതു് എന്നർത്ഥം.
യൂഥിക
  • കുറുമുഴിമുല്ല
  • കൂട്ടമുള്ളതു്, അനേകം‌ വള്ളികൾ ഒന്നായി കൂടിപ്പിണഞ്ഞു കിടക്കുന്നതു് എന്നർത്ഥം.
  • വൻകുറുഞ്ഞി
  • പാട
യൂഥിക
  • അംപഴം
യൂദൻ
  • ജൂതവംശത്തിലുള്ളവൻ
യൂപകടകം
  • യജ്ഞസ്തംഭത്തിന്റെ മേലേ വളയം
  • (മുകളിൽ മരംകൊണ്ടു വളയമായി ഉണ്ടാക്കിവെയ്ക്കുന്ന ഒരു സാധനവിശേഷം.
യൂപകം
  • കാട്ടരയാലു്
യൂപദ്രു
  • കരിങ്ങാലി
യൂപം
  • യജ്ഞസ്തംഭം. (യൂവം എന്നും പാഠം കാണുന്നു)
  • ഇത്തിയാലു്
യൂപാഗ്രം
  • യജ്ഞസ്തംഭത്തിന്റെ മുകൾ
യൂഷം
  • പരിപ്പു മുതലായതുവെച്ചു് ഊറ്റിയ രസം
  • ഒരു കറി, പരിപ്പ്
  • ഒരു വൃക്ഷം, ഇൻഡ്യയിലുള്ള അമാറത്തി എന്ന വൃക്ഷം
  • ദ്രവം
യേ
യേന
  • എന്തുകൊണ്ടു്
  • ഏതിനാൽ
  • എങ്ങിനെ.
യേനകേനപ്രകാരേണ
  • വല്ലവിധത്തിലും.
യേശു
  • ക്രിസ്തുവിന്റെ ഒരു പേർ
യോ
യോക്ത്രം
  • നുകക്കയറു്. ഇതുകൊണ്ടു യോജിപ്പിക്കുന്നതിനാൽ ഈ പേർ വന്നു. അമിക്കയർ
യോഗകന്യാ
  • യശോദയുടെ ശിശു
  • യശോദ പ്രസവിച്ചപ്പോൾ വസുദേവർ കൃഷ്ണനെ അവിടെ കിടത്തിയുംവെച്ചു ഈ കുഞ്ഞിനെ എടുത്തു ദേവകിയുടെ അടുക്കൽ കിടത്തി. കംസൻ കൊല്ലുന്നതിനായി ശിശുവിനെ എടുത്തപ്പോൾ അതു മേല്പെട്ടു പൊങ്ങി മറഞ്ഞു. അപ്പോൾ ഈ ശിശു പറഞ്ഞ മൊഴി താഴെ ചേർക്കുന്നു.
  • ‘അരേ! ദുരാചാരനൃശംസകംസ!
    പരാക്രമം സ്ത്രീകളിലല്ലവേണ്ടു,
    തവാന്തകൻ ഭൂമിതലേജനിച്ചു
    ജവേന സർവത്രതിരഞ്ഞുകൊൾക’
    — ശ്രീകൃഷ്ണചരിതം
യോഗക്ഷേമം
  • ശരീരസൗഖ്യം
യോഗജ്ഞ
  • വിശേഷണം:
  • യോഗത്തെ അറിഞ്ഞ.
യോഗതാരക
  • ഒരു നക്ഷത്രത്തിലേ പ്രധാന താരക
യോഗജം
  • അകിൽ
യോഗദണ്ഡു്
  • യോഗാഭ്യാസ പരിശീലനത്തിന്നു വേണ്ട വടി
യോഗനിദ്ര
  • ഒരു യുഗാവസാനത്തിൽ വിഷ്ണുവിന്റെ ഉറക്കം
  • ആത്മധ്യാനത്തിൽ മുഴുകീട്ടു് ചുറ്റും നടക്കുന്ന സംഗതികളെ തീരെ അറിയാതെയിരിക്കുന്ന സ്ഥിതി. ധ്യാനത്തിൽ ലയിച്ചിട്ടുള്ള ഉറക്കം.
യോഗം
  • ഭാഗ്യം, യുക്തി
  • സമ്പത്തു്
  • തമ്മിൽ ചേർച്ച, യോജിക്കൽ, സംബന്ധം
  • ബ്രഹ്മധ്യാനം, ആത്മവിചാരം
  • കൂട്ടം
  • ഒരുമ്പാടു്, യുദ്ധാദികൾക്കു തയ്യാറാകുക, കവചബന്ധനം
  • നാലുപായങ്ങളിൽ ഒന്നു്, ഉപായം
  • സന്നാഹം
  • അവസാനം
  • കാര്യം
  • ഔഷധം
  • മന്ത്രവാദം
  • യോഗ്യത
  • പക്ഷം
  • ആയുധവർഗ്ഗം
  • സംയോജനം
  • ഇന്ദ്രിയങ്ങളെ അടക്കി ശരീരം ഇളകാതെയിരിക്ക, ചിത്തവൃത്തിനിരോധനം
  • ധ്യാനം
  • ഇരുപത്തേഴു നക്ഷത്രങ്ങൾക്കും കൂടെയുള്ള പേർ
  • വർദ്ധനം
  • പതഞ്ജലിയുടെ ദർശനങ്ങളിൽ ഒന്നു്. സാംഖ്യത്തിന്റെ ഒരു ഭാഗമായി എണ്ണുന്നു. ഇവ തമ്മിൽ വിശേഷബന്ധമൊന്നുമില്ല. പരമാത്മാവിൽ ചെന്നു ലയിപ്പാനുള്ള വഴിയെ പഠിപ്പിക്കുന്നു. (യോഗം = യോജിപ്പിക്കുന്നതു്)
  • കർമ്മയോഗം, ജ്ഞാനയോഗം ഇവയ്ക്കു യോഗദ്വയം എന്നു പേർ.
  • 12-വിധം യോഗങ്ങൾ-ജ്ഞാനയോഗം, ഹഠയോഗം, ലയയോഗം, നാദയോഗം, ശിവയോഗം, ബ്രഹ്മയോഗം, ജ്ഞാനയോഗം, അദ്വൈതയോഗം, നിരാലംബയോഗം, നിരാഭാസയോഗം, അഷ്ടാംഗയോഗം, രാജയോഗം.
യോഗപട്ടം
  • യോഗാഭ്യാസത്തിങ്കൽ യോഗികൾ കെട്ടുന്ന ഒരു വസ്ത്രം
യോഗപീഠം
  • യോഗികൾ ഇരിക്കുന്ന ആസനം
യോഗബലം
  • കൂട്ടക്കാരെക്കൊണ്ടുള്ള ബലം
  • സൗഭാഗ്യം
യോഗരംഗം
  • നാരകം
യോഗവാഹി
  • രസം
യോഗവിഷം
  • വിഷസബന്ധമായ വ്രണം
യോഗശക്തി
  • കൂട്ടുക്കാരെക്കൊണ്ടുള്ള ബലം
യോഗശാലി
  • വിശേഷണം:
  • എല്ലാസുഖങ്ങളും അനുഭവിക്കുന്നതിനു ഭാഗ്യമുള്ള (സ്ത്രീ-യോഗശാലിനി).
യോഗശാസ്ത്രം
  • യോഗാഭ്യാസത്തിന്റെ മുറകൾ അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥം
യോഗസാര(ക)ം
  • നാരകം
  • യോഗത്തിന്റെ ഉദ്ദേശം മനുഷ്യന്റെ ചിത്തവൃത്തികളെ നശിപ്പിച്ചു മനസ്സിനെ സ്വസ്ഥാനത്തിൽ നിറുത്തുകയാകുന്നു. ഇതിനു ഈശ്വരഭക്തി പ്രധാനം.
യോഗാഭ്യാസം
  • യോഗങ്ങളെ അഭ്യസിക്ക
  • യോഗാഭ്യാസത്തിന്റെ അംഗങ്ങൾ- യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി.
യോഗാഗ്നി
  • യോഗശക്തികൊണ്ടു തന്നത്താനെ സൃഷ്ടിക്കാവുന്ന അഗ്നി
യോഗാർത്ഥം
  • (വ്യാകരണത്തിൽ) ധാത്വർത്ഥം
യോഗാഷ്ടാംഗങ്ങൾ
  • യമം
  • നിയമം
  • ആസനം
  • പ്രാണായാമം
  • പ്രത്യാഹാരം
  • ധാരണ
  • ധ്യാനം
  • സമാധി. ഇവ 8-ം
യോഗാസനം
  • യോഗികൾ ഇരിക്കുന്ന ഇരിപ്പ്
യോഗിയാര്, യോഗിയാതിരി
  • അവരോധിക്കപ്പെട്ട മലയാളബ്രാഹ്മണരുടെ പേർ
  • തൃശ്ശിവാപേരൂര്, ഇരിങ്ങാലക്കുട, പെരുമനം, തൃത്താല, തളിപ്പറമ്പു, ശുകപുരം എന്നിവ മലയാളത്തിൽ അവരോധമുള്ള ക്ഷേത്രങ്ങളാണു്. ഇരിങ്ങാലക്കുടയിലും തളിപ്പറമ്പിലും നായർ വംശജൻ അവരോധിക്കപ്പെടുന്നു. അവരോധം കഴിഞ്ഞാൽ തച്ചുടയ കൈയ്മൾ എന്ന സ്ഥാനം ലഭിക്കും. മറ്റു ക്ഷേത്രങ്ങളിൽ മലയാളബ്രാഹ്മണരേയാണു് അവരോധിക്കുന്നതു്. അവർക്കുള്ള പേരാണു യോഗിയാര്, യോഗിയാതിരി എന്നു് മുമ്പു പറയപ്പെട്ടതു്.
യോഗി
  • വിശേഷണം:
  • യോഗമുള്ള.
യോഗി
  • യമനിയമാദിയോഗത്തോടുകൂടിയവൻ, യോഗാഭ്യാസമുള്ളവൻ
  • സന്യാസി
  • ഇന്ദ്രജാലക്കാരൻ
  • ശിവൻ
  • വിഷ്ണു
  • അർജുനൻ
  • യാജ്ഞവാല്ക്യൻ
  • നാരകം
യോഗിദണ്ഡ
  • ചൂരൽ
യോഗിനികൾ
  • ദുർഗ്ഗയാൽ സൃഷ്ടിക്കപ്പെട്ട (ദേവിയുടെ പരിചാരികമാരായ) എട്ടു സ്ത്രീകൾ
  • മാർജതി, കർപ്പൂരതിലകം, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡാ, മാതോലീ, നായകീ, ജയ (ശുഭാചാരാ) ഇവരെ കൂടാതെ സുലക്ഷണ, സുനന്ദ എന്നും രണ്ടു പേരുണ്ടു്.
  • യോഗിനീ
    ശതമഖേന്ദുഹുതാശനരക്ഷസാം യമജലേശസമീരണശൂലിനാം
    ദിവിഭുവിക്രമശഃപരിവർത്തതേ സിതതിഥിപ്രഥമാദിഷു യോഗിനി.
  • ശുക്ലതിഥികൾ കൃഷ്ണതിഥികൾ യോഗിനി ശുക്ലതിഥികൾ കൃഷ്ണതിഥികൾ യോഗിനി
    സ്ഥിതി സ്ഥിതി
    പ്ര. ഏകാദശി ഷഷ്ഠി കിഴക്കു് ഷഷ്ഠി പ്ര. ഏകാദശി പടിഞ്ഞാറു്
    ദ്വി. ദ്വാദശി സപ്തമി വടക്കു് സപ്തമി ദ്വി. ദ്വാദശി വായുക്കോണു്
    തൃ. ത്രയോദശി അഷ്ടമി അഗ്നി അഷ്ടമി തൃ. ത്രയോദശി ഈശമൂല
    ച. ചതുർദ്ദശി നവമി നിര്യതീ നവമി ച. ചതുർദ്ദശി ആകാശം
    പ. പൗർണ്ണമി ദശമി തെക്കു് ദശമി പ. അമാവാസി ഭൂമി
യോഗീശ്വരൻ
  • യോഗികളിൽ പ്രധാനി
  • ശിവൻ
യോഗീശ്വരി
  • കാട്ടുപാവൽ
യോഗേശൻ
  • ശിവൻ
  • യാജ്ഞവല്ക്യൻ
  • യോഗികളിൽ പ്രധാനി, സാംഖ്യാ തുടങ്ങിയുള്ള എല്ലാ യോഗത്തിലും നാഥനായുള്ളവൻ
യോഗേശ
  • ബ്രഹ്മാവിന്റെ നഗരം
യോഗേഷ്ടം
  • കാരീയം
  • ധാതു സംയോഗത്തിൽ – അവ കൂട്ടി വിളക്കുന്നതിൽ – ഇഷ്ടം എന്നർത്ഥം.
യോഗ്യ
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
  • യോഗത്തിനു കൊള്ളാവുന്ന
  • ശേഷിയുള്ള, ശക്തിയുള്ള
  • ചേർച്ചയുള്ള
യോഗ്യത
  • സാമർത്ഥ്യം
  • ചേർച്ച, യോജിപ്പ്
യോഗ്യം
  • ഋദ്ധി
  • യോഗത്തിൽ ഹിതം എന്നർത്ഥം.
  • കാട്ടുമുതിര
  • ഒരു പലഹാരം
  • ഒരു വാഹനം
  • ചന്ദനം
  • പാൽ
യോഗ്യഭാഗ്യം
  • യോഗ്യമായഭാഗ്യം
യോജന, യോജനം
  • നാലു ക്രോശം കൂടിയ ദൂരം, പത്തു നഴിക അകലം
  • ചിത്തസാമഗ്ര്യം
  • യോജിപ്പു്, നുകത്തിൽ പൂട്ടുക
  • കൂട്ടിച്ചേർക്കൽ
യോജനഗന്ധ
  • കസ്തൂരി
  • സീതാദേവി
  • സത്യവതി
യോജനപർണ്ണി
  • മഞ്ചട്ടി
യോജനവല്ലി
  • ഒരങ്ങാടിമരുന്നു്
  • മഞ്ചട്ടി
  • വളരെ നീളമുള്ള വള്ളിയുള്ളതു് എന്നർത്ഥം.
യോജനീയ
  • വിശേഷണം:
  • ചേർക്കത്തക്ക
യോജിക്കുന്നു
  • ചേരുന്നു
  • (സകര്‍മ്മകക്രിയ:യോജിപ്പിക്കുന്നു.)
യോജിപ്പു്
  • ചേർച്ച
  • അന്യോന്യം, സ്നേഹം
  • പുത്രനെ വിദ്യയിലും, കന്യകയെ നല്ല കുലത്തിലും, ബന്ധുവിനെ ധർമ്മത്തിലും, ശത്രുവിനെ ദുഃഖത്തിലും യോജിപ്പിക്കണം.
യോജ്യത
  • ചേർച്ച
  • ഇണക്കം
യോതു
  • അളവു്
യോത്രം
  • നുകക്കയറു്
  • അമിക്കയറു്
യോദ്ധാവു്, യോധൻ
  • യുദ്ധംചെയ്യുന്നവൻ
  • യുദ്ധവീരൻ
യോദ്ധ്യസന്ദ്രാവം
  • പോരിനു വിളി
യോധസംരാവം
  • യോദ്ധാക്കന്മാർ പരസ്പരം സ്പർദ്ധയോടുകൂടി ചെയ്യുന്ന പോർക്കുവിളി
  • യോധന്മാരുടെ ഒച്ച എന്നർത്ഥം.
യോഷിൽപ്രിയാ
  • മഞ്ഞൾ
യോനി
  • ഉല്പത്തിസ്ഥാനം പുരുഷലിംഗത്തോടുകൂടിച്ചേരുന്നതു് എന്നർത്ഥം
  • യോനിപ്പൊരുത്തം. പുരുഷൻ പുരുഷയോനി നക്ഷത്രത്തിലും, സ്ത്രീ സ്ത്രീയോനി നക്ഷത്രത്തിലും ജനിച്ചാൽ യോനിപ്പൊരുത്തം ഉത്തമമായും, സ്ത്രീപുരുഷന്മാർ ഇരുവരും സ്ത്രീയോനിനക്ഷത്രങ്ങളിൽ ജനിച്ചാൽ മദ്ധ്യമമായും, സ്ത്രീപുരുഷന്മാർ പുരുഷയോനി നക്ഷത്രങ്ങളിൽ ജനിച്ചാൽ അധമമായും ഭവിക്കുന്നു. പുരുഷൻ സ്ത്രീയോനി നക്ഷത്രത്തിലും, സ്ത്രീ പുരുഷയോനി നക്ഷത്രത്തിലും ജനിച്ചാൽ അത്യന്ത കഷ്ടവും ഫലമാകുന്നു. അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരുരുട്ടാതി ഇവ പുരുഷയോനി നക്ഷത്രങ്ങളും ശേഷം സ്ത്രീയോനി നക്ഷത്രങ്ങളുമാകുന്നു.
  • സ്ഥലം, സ്ഥാനം
  • ജലം.
യോനിരഞ്ജനം
  • ആർത്തവം
യോപനം
  • കുഴപ്പം
  • നശിപ്പിക്കൽ
യോഷണാ
  • യുവതി
യോഷാ
  • സ്ത്രീ
യോഷിതാ
  • സ്ത്രീ
യോഷിത്തു്
  • സ്ത്രീ
  • പുരുഷനെ അനുവർത്തിച്ചു നിൽക്കുന്നവൾ എന്നർത്ഥം.
യൗ
യൗതകം
  • സ്ത്രീധനം
യൗതവം
  • മാനം (അളവു മുതലായതു്)
യൗവതം
  • യൗവനമുള്ള സ്ത്രീകളുടെ കൂട്ടം
യൗവനകണ്ടകം
  • മുഖക്കുരു
യൗവനം
  • ബാല്യം കഴിഞ്ഞു വാർദ്ധക്യത്തിന്നു മുമ്പുള്ള സമയം
യൗവനാശ്വൻ
  • യുവനാശ്വന്റെ പുത്രനായ മാന്ധാതാവു്
യൗവരാജ്യം
  • യുവരാജാവിന്റെ സ്ഥാനം