ഈ സംരംഭത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു് അനുഭവിച്ചതു് തെറ്റുതിരുത്തൽ ഘട്ടത്തിലാണു്. ഒരു നിഘണ്ടുവെന്ന നിലയ്ക്കു് ആവശ്യപ്പെടുന്ന തരത്തിലുള്ള, തൊഴിൽപരമായ ശുദ്ധിയോടുകൂടിയുള്ള തെറ്റുതിരുത്തൽ ഏതാണ്ടു് അസാദ്ധ്യമായിത്തന്നെ ഏതാനും കൊല്ലങ്ങൾ തുടർന്നു. അതിനു മാറ്റം വന്നതു് കാലടി ശങ്കരാചാര്യ സർവ്വകലാശാലയിലെ ഭാഷാദ്ധ്യാപികയായ പ്രൊ. ലിസ്സി മാത്യുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ഭാഷാസ്നേഹികളുടെ പ്രവർത്തനം മൂലമാണു്. നിഘണ്ടുവിനെ, മൂലത്തിന്റെ അഞ്ചു പുറങ്ങൾ മാത്രമുള്ള ചെറു പിഡിഎഫുകളായി വിഭജിച്ചു സ്മാർട്ട്‌ഫോണിൽ തെറ്റുകൾ ഹൈലൈറ്റ് ചെയ്യാൻ പാകത്തിനു് നൽകിയപ്പോൾ ഒട്ടനവധി പരിശോധകർ ഈ നൂതന തിരുത്തൽ പ്രക്രിയയിലേയ്ക്കു് ആകർഷിതരായി. കേവലം ഒരു ഭാഗം മാത്രമേ തിരുത്തിത്തന്നുള്ളു എങ്കിലും പ്രിയ നടൻ മമ്മൂട്ടി തന്ന ഊർജം വളരെ വലുതാണ്. വിവിധ രാജ്യങ്ങളിലിരുന്നു് പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർത്ഥികളും കൈക്കുഞ്ഞുള്ള അമ്മമാരും അടക്കമുള്ള സന്നദ്ധപ്രവർത്തകർ തിരുത്തി ഹൈലൈറ്റ് ചെയ്തുനല്കിയ പിഡിഎഫുകളിൽ നിന്നും പാഠസ്രോതസ്സിൽ തിരുത്തുകൾ നടത്തിയതു് റിവർ വാലിയിലെ ജീവനക്കാരായിരുന്നു. നാലുവട്ടം ഈ തിരുത്തൽ പ്രക്രിയ നടത്തുകയുണ്ടായി. അങ്ങനെ ശുദ്ധീകരിച്ച പാഠമാണു് എക്സ്‌എംഎൽ, എച്‌റ്റിഎംഎൽ എന്നീ രൂപങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിച്ചതു്. എങ്കിലും ഇനിയും തെറ്റുകൾ കണ്ടേയ്ക്കാം. അതു് തിരുത്തേണ്ടതു് വായനക്കാരന്റെ ഉത്തരവാദിത്വമാണെന്നു് സായാഹ്ന കരുതുന്നു.
തെറ്റുതിരുത്തൽ പരിശ്രമങ്ങളിൽ ഒട്ടനവധിപേർ പങ്കെടുക്കുകയുണ്ടായി. പണിക്കവീട്ടിൽ ഷംസുദ്ദീൻ (ചാവക്കാടു്), എസ് എ ശ്രീദേവി (തിരുവനന്തപുരം), ലളിതാ ഗൗരി (ഓസ്ട്രേലിയ), സി എം ലീല (പട്ടാമ്പി), ഷീജ അനിൽ (പെരിഞ്ഞനം) എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണു്. അഞ്ചു കൊല്ലം നീണ്ടുനിന്ന ഈ സംരംഭത്തിൽ മടുപ്പില്ലാതെ പങ്കെടുത്തു് വിജയിപ്പിച്ച എല്ലാ പ്രവർത്തകരോടും ഹാർദ്ദമായ നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം ഉപയോഗിക്കട്ടെ. (പങ്കെടുത്തവരുടെ ഒരു പട്ടിക അന്യത്ര ചേർത്തിട്ടുണ്ടൂ്.)
ഈ ശബ്ദതാരാവലി പതിപ്പിലെ ഒരു പ്രധാനസവിശേഷത, വാക്കുകളുടെ പ്രയോഗക്ഷമത മനസ്സിലാക്കുവാനായി അന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യങ്ങൾ, ചമ്പുക്കൾ, ആട്ടക്കഥകൾ, തുള്ളൽ കൃതികൾ, മറ്റു ഗദ്യേതരഗ്രന്ഥങ്ങൾ, അമരകോശം, പാണിനീയം, ലീലാതിലകം, എന്നു തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളിൽ നിന്നു ഉദാരമായി ചേർത്തിട്ടുള്ള ഉദ്ധരണികളാണു്. കൂടാതെ ചില പദങ്ങൾക്കു് വിജ്ഞാനകോശസമാനമായ വിവരണങ്ങളാണു് ശ്രീകണ്ഠേശ്വരം നല്കിയിട്ടുള്ളതു്. കമ്പ്യൂട്ടറും അനുബന്ധ സാങ്കേതികവിദ്യയും, ഇന്റർനെറ്റ്, യാന്ത്രിക തെരച്ചിൽ എന്നിവയൊന്നും ഇല്ലാത്ത ഒരു കാലത്തിൽ അദ്ദേഹം നിഘണ്ടു നിർമ്മാണത്തിനു 34 കൊല്ലം ചെലവഴിച്ചുവെന്നതു് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഈ മനുഷ്യൻ മുടക്കിയ മനുഷ്യപ്രയത്നവും നേരിട്ട ഗാർഹികബാദ്ധ്യതകളുടെ സമ്മർദ്ദവും അസാധാരണമാണു്. ആമുഖക്കുറിപ്പിൽ ശ്രീകണ്ഠേശ്വരം പറയുന്നതു് കേൾക്കുക:
പില്ക്കാലത്തു് താരാവലിയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ ഇറക്കിയവർ ഈ മനുഷ്യപ്രയത്നത്തിനെ നിസ്സാരവല്ക്കരിച്ചുകൊണ്ടു് നിഘണ്ടുവിലെ വിലപ്പെട്ട ഉദ്ധരണികളും നീണ്ട വിവരണങ്ങളും വേണ്ടന്നു് വെച്ചു. ഇന്നത്തെ ശബ്ദതാരാവലി പതിപ്പുകളൊന്നും തന്നെ ശ്രീകണ്ഠേശ്വരത്തിനോടു നീതി പുലത്തുന്നില്ല എന്നതു കൂടാതെ, ഭാഷാചരിത്രത്തിൽ നിന്നു് ഒരു വിലപ്പെട്ട ഗ്രന്ഥത്തെ തമസ്ക്കരിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഗ്രന്ഥം നമുക്കുണ്ടായിരുന്നു എന്നതു് ഒരിക്കലും അറിയാൻ കഴിയാത്തത്ര, ചരിത്രം മായ്ച്ചുകളയുന്ന, തെറ്റാണു് വരും തലമുറയോടു് നമ്മൾ ചെയ്തതു്. ഈ തെറ്റു തിരുത്തുക എന്നതാണു് സായാഹ്നയുടെ പരിശ്രമങ്ങളുടെ പ്രധാനപ്രേരകം.
സായാഹ്നയുടെ ലെൿസോണമി സെർവ്വർ, 1917-ൽ പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ യഥാതഥ രൂപമാണു്. ഈ പതിപ്പു്, അക്ഷരത്തെറ്റുകൾ തിരുത്തുന്നതൊഴിച്ചാൽ അങ്ങനെ തന്നെ നിലനിറുത്തും. 60,450 വാക്കുകളാണു് (സ്വരാക്ഷരങ്ങൾ: 12,619; കവർഗ്ഗം: 9,113; ചവർഗ്ഗം: 3,821; ടവർഗ്ഗം: 112; തവർഗ്ഗം: 8,492; പവർഗ്ഗം: 13,465; യരലവ...ഴ: 12,828) ഈ കോർപ്പസ്സിലുള്ളതു്. സായാഹ്നയുടെ ശബ്ദതാരാവലി സംരംഭത്തിലൂടെ രൂപപ്പെട്ടുവന്ന അനുയോജ്യരായ വിദഗ്ദ്ധരടങ്ങുന്ന ഒരു പത്രാധിപസമിതി ഇപ്പോഴുള്ള കോർപ്പസ്സിന്റെ ഒരു പകർപ്പെടുത്തു് കാലോചിതമായ, ഭാഷാശാസ്ത്രസംബന്ധിയായ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ വാക്കുകൾ ചേർക്കുകയും സമകാലികവായനക്കാർക്കു് പ്രയോജനകരമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതുമാണു്. കൂട്ടത്തിൽ ദ്വിഭാഷ/ബഹുഭാഷാ നിഘണ്ടു ആയി മാറ്റാനുമുള്ള ആലോചനയുണ്ടു്. ഓൺലൈനിൽ നടക്കുന്ന ഈ പരിശ്രമങ്ങളിൽ താല്പര്യമുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാം.
ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് പ്രസാധനത്തിന്റെ നൂറാം വർഷത്തിലേക്കെത്തുകയാണ്. ഈ കാലയളവിൽ അന്നുണ്ടായിരുന്നതിൽ നിന്നു് നമ്മുടെ ദേശവും ഭാഷയും ബന്ധങ്ങളും ലിപിയും ഏറെ മാറിപ്പോയി. എന്നാൽ കാലവും സാങ്കേതികമികവും ആണ് ഈ വലിയ ജോലി ചുരുങ്ങിയ സമയം കൊണ്ടു തനതു ലിപിയിൽ തന്നെ പൂർത്തിയാക്കാൻ നമ്മെ സഹായിച്ചതു്. ഇതിന്റെ മനോഹാരിതയിൽ കെ എച്ച് ഹുസൈൻ രൂപകല്പനചെയ്ത് പേർത്തും പേർത്തും മിനുക്കിയെടുത്ത, ഈ വെബ് സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന രചന ഫോണ്ട് വഹിച്ച പങ്ക് സുപ്രധാനമാണു്.